ഒന്നേകാല്‍ വര്‍ഷം മുമ്പ്

ഒരു പ്രത്യേക അറിയിപ്പ് – കേരളത്തിലെ മുഴുവന്‍ ജീസസ് യൂത്തും പങ്കെടുക്കുന്ന ഓള്‍ കേരള നിധി കണ്ടെത്താന്‍ മത്സരം സംഘടിപ്പിക്കുന്നു. മുഴുവന്‍ ആളുകളെയും മത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

സംഘാടക സമിതി: കേരള ജീസസ് യൂത്ത് കൗണ്‍സില്‍.
നിബന്ധന: ജീസസ് യൂത്ത് മുന്നേറ്റത്തോടുള്ള കമ്മിറ്റ്‌മെന്റെടുത്തവര്‍ ആയിരിക്കണം.
പ്രായപരിധി: എല്ലാ പ്രായക്കാര്‍ക്കും.
യോഗ്യത: നിങ്ങളുടെ താത്പര്യം; അതാണ് ഏറ്റവും വലിയ യോഗ്യത.
സ്ഥലം: സെന്റ് തോമസ് കോളേജ് പാലാ. (പുതുക്കി നിശ്ചയിച്ചത്)
തീയതി: 2018 ഡിസംബര്‍ 27-29. (പുതുക്കി നിശ്ചയിച്ചത്)
സമ്മാനം: കണ്ടെത്തുന്ന നിധികള്‍ സ്വന്തമായി എടുക്കാം.

തത്സമയ കാഴ്ച

പാലാ സെന്റ് തോമസ് കോളേജ് അങ്കണം. ഭാരത സഭയുടെ അഭിമാനമായ വിശുദ്ധാത്മാക്കളുടെ പാദമുദ്രകള്‍ പതിഞ്ഞ മണ്ണ് മറ്റൊരു ആത്മീയാഘോഷത്തിന് വേദിയാകുന്നു. ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് കളിക്കളത്തില്‍ 4500 പേര്‍ അണിനിരന്നു. കൈക്കുഞ്ഞു മുതല്‍ ദമ്പതികള്‍ വരെ. ഒപ്പം വൈദികരും, സമര്‍പ്പിതരും. ഇവരെ ആറ് വിഭാഗങ്ങളാക്കി തിരിച്ചു അങ്കം തട്ടേല്‍ കേറി. നിയമങ്ങളുടെ ഭാരമില്ലാത്തതുകൊണ്ടുതന്നെ നിധി കണ്ടെത്താന്‍ ഒത്തുകൂടിയവര്‍ ആവേശത്തിലായിരുന്നു. നിമിഷങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്റെ ചൂടല്ല, മറിച്ച് സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രാര്‍ത്ഥനയുടെയും സൗരഭ്യം കളിക്കളത്തെ ചൈതന്യവത്താക്കി മാറ്റി. ദൈവസ്‌നേഹത്തിന്റെ അഗ്നിയില്‍ പരിശുദ്ധാത്മാവിന്റെ പ്രചോദനം അനുസരിച്ചു വന്നവരെല്ലാം നിധി തേടി തുടങ്ങി. 6 വര്‍ഷത്തെ വലിയ ഇടവേള ബന്ധങ്ങളുടെ വേരിനെ ബലപ്പെടുത്തിയത് വന്നവര്‍ക്കെല്ലാം ബോധ്യമായി. കണ്ടുമുട്ടിയവരെല്ലാം പ്രാര്‍ഥനയുടെ കരുത്തും മനസ്സിന്റെ ഐക്യവും പരസ്പരം പങ്കുവച്ചു. ഇളം തലമുറയ്ക്ക് ഇത് ആദ്യകാഴ്ചയായിരുന്നു. ന്യൂജനറേഷന്‍ കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ സ്‌നേഹത്തിന്റെ ചൂട് കൂടെനിന്നറിയാന്‍ കഴിഞ്ഞു. പഴയത്, പുതിയത് വേര്‍തിരിവില്ലാതെ എല്ലാവരും പരസ്പരം ഇടപഴകി. മുതിര്‍ന്നവരുടെ ആദ്യ ദൈവാനുഭവം ചോദിച്ചറിയുന്നതിന് കൗതുകം പൂണ്ട കുറെയധികം യൂത്തിനെയും കൗമാരക്കാരെയും അവിടെ കാണാമായിരുന്നു. തുടക്കം മുതല്‍ ചേര്‍ന്നുനിന്നവര്‍ വര്‍ഷങ്ങള്‍ക്കപ്പുറം പറഞ്ഞതും ഓര്‍ത്തെടുത്തതും വീഞ്ഞിന്റെ വീര്യവും രുചിയുമുള്ള പഴങ്കഥകളാണ്. സീനിയേഴ്‌സ് എല്ലാവരും തങ്ങളുടെ അന്നത്തെ തീക്ഷ്ണതയെ ഇനിയും ഊതിക്കത്തിക്കാനുള്ള ഊര്‍ജം നിറച്ചാണ് മടങ്ങിയത്.

സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവാ കേരള കോണ്‍ഫറന്‍സിനു തിരിതെളിച്ചു. ”സഭയുടെ പ്രഥമ പരമാധികാരിയും ഈശോയുടെ അപ്പസ്‌തോലനുമായ വിശുദ്ധ പത്രോസിനെപ്പോലെ യുവജനങ്ങള്‍ ക്രിസ്തുവിനെ പ്രഘോഷിക്കട്ടെ. മാറ്റത്തിന്റെ താക്കോല്‍ നിങ്ങളുടെ കൈയിലാണ്. നല്ല നാളേയ്ക്കുള്ള ധീരമായ ചുവടുകള്‍ വവ്ക്കുവാന്‍ യുവജനങ്ങളേ നിങ്ങള്‍ക്ക് കഴിയണം”- കര്‍ദിനാളിന്റെ വാക്കുകള്‍ ആവേശവും ആഹ്വാനവുമായിരുന്നു.

സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രണ്ടാം ദിനത്തില്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തു: ”കേരളസഭ ഈ ആത്മീയ കൂട്ടായ്മയെ ഓര്‍ത്തു സന്തോഷിക്കുന്നു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞു ധീരതയോടെ, വിശുദ്ധര്‍ തങ്ങള്‍ക്ക് ലഭിച്ച വിളിയോട് പ്രത്യുത്തരിച്ചതുപോലെ നിര്‍ഭയം സാക്ഷ്യം നല്കാന്‍ ഓരോ ജീസസ് യൂത്തിനും കഴിയട്ടെ. മറ്റുള്ളവര്‍ക്കു മുന്നില്‍ ഉത്തമ ക്രിസ്തു ശിഷ്യനായി നിങ്ങള്‍ മാതൃക കാണിക്കണം.” കേരളസഭയുടെ കരുതലും വാത്സല്യത്തോടെയുള്ള നിര്‍ദേശവും അവിടെ കൂടിയിരുന്ന മുഴുവന്‍ ആളുകള്‍ക്കും പിതാവിന്റെ വാക്കുകളില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞു. കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍. റാഫേല്‍ തട്ടില്‍ പങ്കുവച്ചതത്രയും നാളിതുവരെ മുന്നേറ്റത്തിനു ചെയ്യാന്‍ കഴിഞ്ഞ നന്മകളെക്കുറിച്ചായിരുന്നു.ആത്മാവില്‍ ആനന്ദിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള നിറമുള്ള ചിത്രങ്ങള്‍ പിതാവിന്റെ വാക്കുകളില്‍ കേള്‍ക്കാന്‍ കഴിഞ്ഞു.

കിഡ്‌സ്, പ്രീ-ടീന്‍സ്, യൂത്ത്, ഫാമിലി, വൈദികര്‍, സമര്‍പ്പിതര്‍ ഇങ്ങനെ ആറ് വിഭാഗങ്ങളുണ്ടായിരുന്നു. ഉച്ചവരെയുള്ള പ്രത്യേക സെഷനുകള്‍ക്കൊടുവില്‍ മുഴുവനാളുകളും പൊതുവേദിയില്‍ ഒത്തുചേരുന്നതായിരുന്നു പ്രോഗ്രാമിന്റെ രീതി. കേരളാ ജീസസ് യൂത്തിനെ സംബന്ധിക്കുന്ന ചര്‍ച്ചകളും ആരാധനയും ഒക്കെ ഈ സമയത്ത് നടന്നു.നിത്യാരാധന ചാപ്പലില്‍ നിന്നുമുയര്‍ന്ന പ്രാര്‍ഥനകള്‍ എല്ലാ ക്രമീകരണങ്ങള്‍ക്കും ജീവശ്വാസമായി. കലാസൃഷ്ടികള്‍ കാഴ്ചയ്ക്കപ്പുറം ഉള്‍ക്കാഴ്ച നിറച്ചു. അടുക്കളയില്‍ അധ്വാനിച്ചവരാരും പൊതുവെളിച്ചത്തിലെ പ്രഭ കണ്ടില്ല. അവരുടെ ത്യാഗത്തിന്റെ വില ആഹാരത്തിന്റെ സ്വാദു കൂട്ടി. ഏറ്റവും ഒടുവില്‍ അതുവരെ മ്യൂസിക് ടീമില്‍ പാടിയും ഡാന്‍സ് ചെയ്തും വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്നവരെയും റെക്‌സ് ബാന്‍ഡ് ടീം അവരുടെ കൂടെ വേദിയില്‍ വിളിച്ചുനിറുത്തി പാട്ടുപാടിയത് ആ കലാകാരന്മാര്‍ക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമായിരുന്നു. ചേര്‍ത്തുനിറുത്തി കരുതുന്ന, വളര്‍ത്തുന്ന മുന്നേറ്റത്തിന്റെ അടിസ്ഥാന സ്വഭാവത്തിന്റെ ഏറ്റവും വര്‍ണമുള്ള ഫ്രെയിമായി ആ കാഴ്ച.

തുടക്കം മുതല്‍ അവസാനം വരെയും ഒരേ പോലെ നിറഞ്ഞ ആവേശം. കോണ്‍ഫറന്‍സിന്റെ ഓരോ കോര്‍ണറും നിധി മറഞ്ഞിരിക്കുന്ന സങ്കേതങ്ങളായിരുന്നു. ആറ് സ്തൂപങ്ങളില്‍ അധിഷ്ഠിതമായ ജീവിത ശൈലിയില്‍ ഈ നിധികളത്രയും ഇനിയും തിളക്കമുള്ളതായി തീരും എന്നതില്‍ തര്‍ക്കമില്ല. എന്റെ ശബ്ദം ഈശോ ആദ്യം കേള്‍ക്കണം എന്ന നിഷ്‌കളങ്കതയോടെ പ്രാര്‍ഥിക്കുന്ന പ്രീ-ടീന്‍സും സ്വര്‍ഗത്തിലെ വലിയ അപ്പനോടൊപ്പം സ്വപ്നം കാണാന്‍ തുടങ്ങിയ കൗമാരക്കാരും സുവിശേഷം പങ്കുവയ്ക്കാനുള്ള ചോരത്തിളപ്പോടെ കളംവിട്ട യുവജനങ്ങളും വിശുദ്ധ ഭവനത്തെ കെട്ടിപ്പടുക്കുവാന്‍, അതിനൊരു കൈത്താങ്ങ് മറ്റുള്ളവര്‍ക്കും നല്‍കാന്‍ തീരുമാനമെടുത്ത കുടുംബങ്ങളും അല്മായരുടെ ചുവടുകള്‍ക്ക് അവരോടൊപ്പം ചേര്‍ന്ന് സഹകാരിയാകുവാനുള്ള തീരുമാനമെടുത്ത സന്യസ്തരും നിധിവേട്ടയിലെ വിജയികളായി. നിധി കിട്ടാത്തവരായി ആരുമുണ്ടായില്ല. സ്വര്‍ണം ഏതു രൂപത്തിലും വലുപ്പത്തിലും മൂല്യമുള്ളതുപോലെ 4500 പേരും കണ്ടെത്തിയ നിധികളുടെ മൂല്യം കണക്കാക്കുക പ്രയാസമാണ്. വരും നാളുകളില്‍ ആഗോളസഭയ്ക്ക് കേരളത്തിലെ ജീസസ് യൂത്ത് നല്കാനിരിക്കുന്ന വിലയേറിയ സമ്മാനത്തിന്റെ ആ ചെപ്പ് സ്വര്‍ഗത്തിന്റെ കൈയൊപ്പോടെ വിശുദ്ധമായി ഭവിക്കട്ടെ.

ഒത്തിരി പ്രാര്‍ഥിച്ചും ത്യാഗമെടുത്തും മറ്റുള്ളരിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ നമ്മള്‍ എടുത്തിരുന്ന ഔട്ട് റീച്ച്, പ്രോലൈഫ് തുടങ്ങിയ കാര്യങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ ദൈവാനുഭവം നല്‍കുന്നതായിരുന്നു. ഞാന്‍ ജോലി ചെയ്യുന്ന എഞ്ചിനിയറിംഗ് കോളേജിലെ കുട്ടികളെയുംകൂട്ടി ഇത്തരം കാര്യങ്ങള്‍ക്ക് ഇനി ഒരു തുടക്കം കുറിക്കുവാന്‍ എനിക്കൊരു പ്രചോദനം ലഭിച്ചു. മറ്റുള്ളവരുടെ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക, കുട്ടികളെ അവരോട് ചേര്‍ന്നുനിന്ന് കേള്‍ക്കുക ഇതൊക്കെയാണ് എന്നിലെ നിധികളായി ഞാന്‍ തിരിച്ചറിഞ്ഞത്”

സി. എമ്മ മേരി കൊല്ലം
(സോണല്‍ ആനിമേറ്റര്‍)

”കൂട്ടായ്മയുടെ ഊഷ്മളത വീണ്ടും അനുഭവിച്ചു. കാലം മാറുമ്പോഴും സാഹചര്യങ്ങള്‍ വ്യത്യാസപ്പെടുമ്പോഴും ഈശോയ്ക്കുവേണ്ടി വേല ചെയ്യുവാനുള്ള ആളുകളുടെ തീക്ഷ്ണത എന്നെ അത്ഭുതപ്പെടുത്തുന്നു. സ്‌നേഹത്തിന്റെ കൂട്ടായ്മയോടെ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുവാന്‍ പ്രാര്‍ഥിക്കുന്നു”

ബിജോ ജോയ് കാസര്‍ഗോഡ്
(മുന്‍ കെവൈസിടി കോ-ഓര്‍ഡിനേറ്റര്‍)

”കോഴിക്കോട് സോണിന്റെ മിഷന്‍ പ്രദേശമായ ഉത്തര്‍പ്രദേശിലേക്കൊരു മിഷന്‍ യാത്ര പോകണം. വേദന അനുഭവിക്കുന്നവര്‍ക്കൊരു നല്ല അയല്‍ക്കാരിയാകുവാന്‍ എനിക്കുള്ള വിളി ഞാന്‍ തിരിച്ചറിഞ്ഞു. എന്നിലെ മിഷണറി മറ്റുള്ളവര്‍ക്ക് ഈശോയെ കൊടുക്കുന്ന ചൂണ്ടു പലകയായി തീരുന്നതിനായി പ്രാര്‍ഥിക്കുന്നു”

എബിന ഫിലിപ്പ് കോഴിക്കോട്
(സോണല്‍ കൗണ്‍സില്‍ മെമ്പര്‍)

‘കോണ്‍ഫറന്‍സ് ഗ്രൗണ്ടില്‍ എഴുതിവച്ചിരുന്ന വാക്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു.Dreaming with Dad-  അപ്പനോട് ചേര്‍ന്ന് കിനാവ് കാണുക!! ഭാവിയെക്കുറിച്ചു കാണുന്ന സ്വപ്നങ്ങളെല്ലാം പിതാവായ ദൈവത്തിന്റെ സ്വപ്നങ്ങളോട് ചേര്‍ന്നുകാണുവാന്‍ ആഗ്രഹിക്കുന്നു; പ്രാര്‍ഥിക്കുന്നു. ഈ ബോധ്യം തന്നെയാണ് എനിക്ക് കിട്ടിയ നിധിയും. ഓരോ വ്യക്തിക്കും അതിനു കഴിയട്ടെയെന്ന്ആശംസിക്കുന്നു”

ഫാ. മാത്യു മുണ്ടക്കല്‍ കോതമംഗലം

‘നീണ്ട യാത്രക്കിടയില്‍ വഴിയില്‍ എവിടെയൊക്കെയോ വച്ചു മറന്നുപോയ പല കാരിസങ്ങളും എനിക്ക് തിരിച്ചുകിട്ടി. മിഷന്‍ ഒന്നുകൂടി മൂര്‍ച്ചകൂട്ടുവാന്‍ ആരാധന സഹായിച്ചു. എന്റെയുള്ളില്‍ ഒരു തീ ആളിക്കത്തുന്നുണ്ട്. ഈശോയുടെ ഉത്തമ മിഷണറിയായി വളരുവാന്‍ പ്രാര്‍ഥിക്കുന്നു.”

മഞ്ചു സാബി, തലശ്ശേരി
(മുന്‍ കെ.വൈ.സി.ടി മെമ്പര്‍)

ഈശോയോടൊപ്പമുള്ള യാത്രയ്ക്ക് വഴിവിളക്കാകുന്ന സെല്‍ ഗ്രൂപ്പുകളും എല്‍ഡറിങ്ങും പാസ്റ്ററിങ്ങും ഇനി മുടങ്ങാതിരിക്കട്ടെ. ഈശോയെ പിന്തുടരുന്ന ആളുകളുമായുള്ള സൗഹൃദം എന്നും കാത്തുസൂക്ഷിക്കണം. എന്റെ ജീവിതത്തിന്റെ നെടും തൂണായി ജീസസ് യൂത്ത് അടിസ്ഥാന ജീവിതശൈലി എന്നും ഉണ്ടാകും.”

മെര്‍ലിറ്റ് തോമസ് തൃശൂര്‍
(നോര്‍ത്ത് സെന്ററല്‍ സബ് റീജിയന്‍ ടാക്‌സ് കോ-ഓര്‍ഡിനേറ്റര്‍)

‘പ്രാര്‍ഥന കൂട്ടായ്മകളും ഗ്രൂപ്പകളും ദൈവവുമായുള്ള വ്യക്തി ബന്ധത്തിന് നിര്‍ണായക പങ്ക് നല്‍കുന്നുണ്ട്. കൂടുതല്‍ പ്രാര്‍ഥനാ കൂട്ടായ്മകള്‍ രൂപപ്പെടണം. അതില്‍ ഞാനൊരു സജീവപങ്കാളിയാകണം. എന്റെ ഉള്ളില്‍ തെളിഞ്ഞ ഈ ആഗ്രഹത്തെ വലിയ നിധിയായി തിരിച്ചറിഞ്ഞു പ്രാര്‍ഥിക്കുന്നു”

ഫാ. ഡിറ്റോ ദേവസ്സി

”നീണ്ട യാത്രക്കിടയില്‍ വഴിയില്‍ എവിടെയൊക്കെയോ വച്ചു മറന്നുപോയ പല കാരിസങ്ങളും എനിക്ക് തിരിച്ചുകിട്ടി. മിഷന്‍ ഒന്നുകൂടി മൂര്‍ച്ചകൂട്ടുവാന്‍ ആരാധന സഹായിച്ചു. എന്റെയുള്ളില്‍ ഒരു തീ ആളിക്കത്തുന്നുണ്ട്. ഈശോയുടെ ഉത്തമ മിഷണറിയായി വളരുവാന്‍ പ്രാര്‍ഥിക്കുന്നു.”

മഞ്ചു സാബി, തലശ്ശേരി
(മുന്‍ കെ.വൈ.സി.ടി മെമ്പര്‍)

ആക്ഷന്‍ സോങും ഗ്രൂപ്പ് ആക്ടിവിറ്റികളുമായി JYKC  ഒത്തിരി ഇഷ്ടമായി. വിശുദ്ധരുടെ ഇതുവരെയും കേള്‍ക്കാത്ത കഥകള്‍ കേട്ടു. ഏതുകാര്യം ചെയ്യുമ്പോഴും പരിശുദ്ധാത്മാവിനോട് ചേര്‍ന്ന് ചെയ്യുവാനുള്ള തീരുമാനമെടുത്തു.

എഡ്‌ന മരിയ പ്രസാദ് പുനലൂര്‍

നന്ദിയോടെ – 2017 ഒക്‌ടോബര്‍ മാസത്തില്‍ കോണ്‍ഫറന്‍സ് നടക്കുവാനുള്ള തീരുമാനം വരുകയും അതിന്റെ ജനറല്‍ കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കുകയും ചെയ്തതു മുതല്‍ ഒന്നേകാല്‍ വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഒടുവിലാണ് കോണ്‍ഫറന്‍സ് നടന്നത്. പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളും (പ്രകൃതി ക്ഷോഭം, ആളുകളുടെ അസൗകര്യം, വേദി മാറ്റം) കൃപയുടെ നീര്‍ച്ചാലായി പരിണമിച്ചു. ജീസസ് യൂത്ത് മുന്നേറ്റം ഒരു വലിയ കുടുംബമാണെന്നും കെട്ടുറപ്പുള്ള ഒറ്റ തറവാടാണെന്നും അനുഭവിച്ചറിയുന്നതിലെ സന്തോഷം ഈ കൂടിച്ചേരലില്‍ നിറഞ്ഞ മനസ്സോടെ ആസ്വദിച്ചു. ഇത്രയും നീണ്ട കാത്തിരിപ്പും പ്രതിസന്ധികളും വന്നപ്പോള്‍ പതറാതെ മുന്നേറുവാന്‍ പിന്തുണച്ച് കൂടെനിന്നവര്‍ നിരവധിയാണ്. അവരില്‍ എല്ലാ തലത്തിലുമുള്ളവരുണ്ട്. സഭാനേതൃത്വം, വൈദികര്‍, ആനിമേറ്റേഴ്‌സ്, സമര്‍പ്പിതര്‍, ടീനേജ് മുതല്‍ ഫാമിലി സ്ട്രീമില്‍ ഉള്ളവര്‍ വരെ. കേരളത്തിലെ ഈ കൂട്ടായ്മയുടെ ഒരുമയോടെയുള്ള അധ്വാനത്തെ അന്തര്‍ദേശീയ നേതൃത്വത്തിലുള്ളവര്‍ വരെ അഭിനന്ദിക്കാനിടയായത് ഈ പിന്തുണയുടെ ഫലമാണ്. വിതച്ചതും കൊയ്തതും നമ്മള്‍ തന്നെയാണ്. വിളയുടെ സമ്പന്നത ദൈവത്തിന്റെ അനുഗ്രഹമാണെന്ന് ഓര്‍ക്കുന്നു. ജീസസ് യൂത്ത് മുന്നേറ്റം ആത്മനവീകരണത്തിന്റെയും ചൈതന്യവത്തായ പുതുതുടക്കങ്ങളുടെയും പാതയിലേക്ക് കടക്കുന്നതിന്റെ ശുഭസൂചനയോടെയാണ് കോണ്‍ഫറന്‍സ് കൊടിയിറങ്ങിയത്. മാറ്റത്തിന്റെ അലയൊലികള്‍ അങ്ങിങ്ങുനിന്നു കേള്‍ക്കുന്നുണ്ടണ്ട്. കൂടുതല്‍ നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നു.

അലെന്റ് സി മാനുവല്‍ (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍)

ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ എം.ഫില്‍
വിദ്യാര്‍ഥിനിയായ ലേഖിക കെ.സി.വൈ.എം.-ന്റെ മുന്‍
സംസ്ഥാന സെക്രട്ടറിയും ജീസസ് യൂത്ത് കേരളാ കൗണ്‍സില്‍ അംഗവുമാണ്. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിലെ ജേര്‍ണലിസം അസി. പ്രൊഫസറായിരുന്നു.
elseenajoseph0@gmail.com