സ്വവര്‍ഗരതിയെ കുറ്റകൃത്യം അല്ലാതാക്കിയുള്ള വിധിയോട് എങ്ങനെ പ്രതികരിക്കുന്നു?

വിധി വന്നതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സി.ബി.സി.ഐ. പ്രസിഡന്റ് കൂടിയായ കര്‍ദിനാള്‍ ഓഷ്വാള്‍ഡ് ഗ്രേഷ്യസ് വളരെ വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. മറ്റു ലൈംഗിക ആകര്‍ഷണം (Sexual Orientation) ഉള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയെന്നത് കത്തോലിക്കാ സഭയുടെ അജണ്ടയല്ല. ആര്‍ട്ടിക്കിള്‍ 377, ബ്രിട്ടനിലെ 1553-ലെ ബഗറി ആക്ടിനെ പിന്‍പറ്റിയുണ്ടായ ഒരു നിയമമാണ്. സ്വവര്‍ഗ രതിക്കെന്നല്ല, ഓറല്‍ സെക്‌സിനടക്കം 10 വര്‍ഷംവരെ കിട്ടാവുന്ന ഈ ആക്ട് ബ്രിട്ടനില്‍ 1861-ല്‍ തന്നെ ഇല്ലാതായിരുന്നു.

സുപ്രീം കോടതി ഇപ്പോള്‍ അതില്‍ നിന്നും എടുത്തുമാറ്റിയത് തീര്‍ത്തും അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായ ഭാഗം തന്നെയാണ്. അതില്‍ ഈ വിധിയെ നല്ലൊരു ചുവടുവയ്പ്പാണ് കാണുന്നത്.

ഈ വിധിയില്‍ ധാര്‍മിക പ്രശ്‌നങ്ങള്‍ ഇല്ലേ?

നിയമം, ധാര്‍മികത ഇവരണ്ടും രണ്ടായിത്തന്നെ കാണേണ്ട വാക്കുകളാണ്. 377-ാം വകുപ്പ് വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ധ്വംസനമായിരുന്നു എന്നാണ് വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കുന്നത്. നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ സ്വവര്‍ഗരതിയെ കുറ്റമായി കാണുന്നത് നിയമപരമായി തെറ്റാണ്. നിയമം ഒരു സമൂഹത്തിന് ആവശ്യമായ ‘ക്രമം’ ഒരുക്കാനാണ് ശ്രമിക്കുന്നത്. ധാര്‍മികതയാവട്ടെ മനുഷ്യനെ അവനവന്റെ ഔന്നത്യത്തില്‍ എത്തിക്കാനും. ധാര്‍മികത ഓരോരുത്തരുടെയും വിശ്വാസ സംഹിതകള്‍ക്കനുസരിച്ചായിരിക്കും നിര്‍വചിക്കപ്പെടുക. ബഹുസ്വരമായ ഒരു സമൂഹത്തില്‍ ധാര്‍മികതയെക്കുറിച്ചു പല വീക്ഷണങ്ങളും ഉണ്ടാകും. അതെല്ലാം കണക്കിലാക്കി നിയമനിര്‍മാണം സാധ്യമല്ലല്ലോ. സ്വവര്‍ഗരതി നമ്മുടെ വിശ്വാസമനുസരിച്ചു ധാര്‍മികമായ തെറ്റാണ്. പക്ഷേ, അതുകൊണ്ടു അതു നിയമ വിരുദ്ധമാക്കണം എന്നു പറയാനാവില്ല.

സ്വവര്‍ഗരതി പ്രകൃതി വിരുദ്ധമല്ലേ?

പ്രകൃതി വിരുദ്ധം എന്ന് പറയുമ്പോള്‍ പ്രകൃതിയില്‍ കാണാത്തത് എന്നാണ് പലരും മനസ്സിലാക്കുന്നത്. അങ്ങനെയല്ല. സ്വവര്‍ഗരതി ചില മൃഗങ്ങളില്‍ കാണാറുണ്ട്. അസ്വഭാവികമാണ്, പക്ഷേ, പ്രകൃതി വിരുദ്ധം എന്ന പ്രയോഗം ശരിയായിരിക്കില്ല. മനുഷ്യനെ മറ്റു മൃഗങ്ങളുമായി പക്ഷേ, ഇക്കാര്യത്തില്‍ താരതമ്യം ചെയ്യാനാവില്ല. മൃഗങ്ങളില്‍ രക്തബന്ധം കണക്കിലെടുക്കാതെയുള്ള ലൈംഗികതയും കൊലയും ബലാല്‍സംഘവും ഒരേ വര്‍ഗത്തില്‍പ്പെട്ടവയെ ഭക്ഷണമാക്കുന്ന രീതിയുമൊക്കെയുണ്ട്. ഇതൊന്നും നമുക്ക് അംഗീകരിക്കാനാവില്ലല്ലോ. മനുഷ്യന്‍ മനനം ചെയ്യാന്‍ കെല്‍പ്പുള്ളവനാണ്. ജീവിതത്തിന്റെയും അതിന്റെ വ്യവഹാരങ്ങളുടെയും അര്‍ഥം കണ്ടെത്താനും അതിനനുസരിച്ചു ജീവിക്കാനും കഴിവുള്ളവന്‍.

സ്വവര്‍ഗരതി പാപമാകുന്നത് എങ്ങനെയാണ്?

മനുഷ്യനെ ലൈംഗിക വികാരങ്ങളുടെ അടിമയായല്ല അല്ല സഭ കാണുന്നത്. മറിച്ചു ദൈവിക പദ്ധതിക്കനുസരിച്ചു ലൈംഗികത എന്ന ദാനം ഉപയോഗിക്കാന്‍ കെല്‍പ്പുള്ളവരായിട്ടാണ്. രതിക്കു രണ്ടു ലക്ഷ്യങ്ങളാണ് ഉള്ളത്. 1. സ്‌നേഹത്തിന്റെ വളര്‍ച്ച, 2. പ്രത്യുത്പാദനം. ഇതിലേതെങ്കിലും ഒന്ന് അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യപ്പെടുമ്പോള്‍ അത് രതിയെക്കുറിച്ചുള്ള ദൈവപദ്ധതിയടെ ലംഘനമാണ്. അതിനാലാണ് സ്വവര്‍ഗരതി പാപമാകുന്നത്.

ഒരാള്‍ സ്വവര്‍ഗാനുരാഗി (Homosexual) ആകാനുള്ള കാരണം എന്താണ്?

സ്വവര്‍ഗാനുരാഗത്തിന്റെ കാരണങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ല എന്നുതന്നെ പറയേണ്ടിവരും. ചെറുപ്പകാലത്തു നേരിട്ട ലൈംഗിക ദുരുപയോഗം ചിലര്‍ കാരണമായി പറയാറുണ്ട്. പക്ഷേ, അതിനെ സാധൂകരിക്കാന്‍ വ്യക്തമായ പഠനങ്ങള്‍ ഇല്ല. അതുപോലെയാണ് ജന്മനാ ഉള്ള അവസ്ഥയാണ് എന്ന വാദവും. അതിനും വ്യക്തമായുള്ള തെളിവുകളില്ലെന്നതാണ് മനസ്സിലാക്കുന്നത്. കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ട ഒരു മേഖലയാണ് ഇത്.

സ്വവര്‍ഗാനുരാഗം ഒരു രോഗമാണോ? അത് ചികിത്സയിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കുമോ?

സാങ്കേതികമായി മാനസിക അസുഖമായി ഇപ്പോള്‍ ഇതിനെ കാണുന്നില്ല. അതിനു കാരണമായി പറയുന്നത് ഇത് ഒരാളില്‍ പ്രകടമായ രീതിയില്‍ വൈക്യലമോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടാക്കുന്നില്ല എന്നതാണ്. പക്ഷേ, അതും ചര്‍ച്ച ചെയേണ്ട നിരീക്ഷണമാണ്. പല ഗവേഷണ ഫലങ്ങളും ഈ നിരീക്ഷണത്തിന് എതിരുമാണ്. ചെറുപ്പത്തില്‍ ഇത്തരം പ്രവണത ഉണ്ടായിരുന്ന 80 ശതമാനം ആളുകളിലും പൂര്‍ണമായും മാറിയതായി ചില പഠനങ്ങള്‍ കാണിക്കുന്നുണ്ട്. ജന്തുവര്‍ഗത്തിലും ഇങ്ങനെ സംഭവിക്കുന്നുണ്ട്.

ഇത് ചികിത്സയുടെ രംഗത്ത് പ്രതീക്ഷ നല്‍കുന്നതാണ്. പക്ഷേ, ചികിത്സക്കായി ഒരു പ്രത്യേക തെറാപ്പിയോ മരുന്നോ ഇല്ല. ഇതിനായി മരുന്നുണ്ടെന്നു പ്രചരിപ്പിക്കുന്നവരുടെ ചതിയില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായവും ആത്മീയ വഴികാട്ടലും ക്ഷമയും, പ്രാര്‍ഥനയുമെല്ലാം ഗുണപ്പെടും.

സ്വവര്‍ഗരതി പാപമാണ് എന്ന സഭയുടെ പഠനത്തില്‍ വരും കാലങ്ങളില്‍ മാറ്റം വരുവാന്‍ സാധ്യതയുണ്ടോ? സ്വവര്‍ഗാനുരാഗികളോടുള്ള സഭയുടെ നിലപാട് എന്താണ്?

സ്വവര്‍ഗരതി പാപമാണ് എന്ന കാര്യത്തില്‍ മറിച്ചൊരു പഠനം സഭയില്‍ വരില്ല. അങ്ങനെ കാലത്തിനനുസരിച്ചു മാറുന്നതല്ല സഭാപഠനങ്ങള്‍. സഭ അങ്ങനെ പഠിപ്പിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. സ്വവര്‍ഗാനുരാഗികളോട് സഹാനുഭൂതിയോടെ പെരുമാറണം എന്നാണ് സഭ പഠിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ മാറ്റിനിറുത്തപ്പെടുന്ന അനേകരുണ്ട്. അവരെ ചേര്‍ത്തുനിറുത്താനാണ് സഭ ആഹ്വാനം ചെയ്യുന്നത്. വ്യത്യസ്തമായ ലൈംഗിക ചായ്‌വുള്ളവരെ സഹായിക്കാന്‍ ലോകത്തിന്റെ പല ഭാഗത്തും സഭ തദ്ദേശീയ മെത്രാന്‍ സമിതികളുടെ നേതൃത്വത്തില്‍ അജപാലകര്‍ക്കു പ്രത്യേകപരിശീലനം കൊടുക്കുന്നുണ്ട്. സഭയുടെ സാമൂഹിക പഠനങ്ങളെക്കുറിച്ചറിയാന്‍ ഇപ്പോള്‍ ലഭ്യമായഒരു നല്ല സ്രോതസ്സ് ഡുക്യാറ്റ്(docat)പുസ്തകമായും   ആപ്ലിക്കേഷനായും ഡുകാറ്റ് ലഭ്യമാണ്.

യുവാക്കള്‍ക്ക് ലൈംഗികതയെക്കുറിച്ചുള്ള സഭാ പഠനങ്ങളെക്കുറിച്ച് കാര്യമായ അറിവില്ല എന്നത് സത്യമാണ്, എന്തായിരിക്കും അതിന്റെകാരണം?

പഠനങ്ങള്‍ അവരിലേക്ക് എത്തുന്നില്ല എന്നത് തന്നെയാണ് കാരണം. ശരീരത്തിന്റെ ദൈവശാസ്ത്രം ((Theology of the Body)ലൈംഗികതയെക്കുറിച്ചുള്ള വി.ജോണ്‍ പോള്‍ രണ്ടാമന്റെ പഠനം 1980-കളില്‍ പുറത്തിറങ്ങിയിട്ടും ഇതുവരെ പലരുടെയും കൈകളില്‍ എത്തിയിട്ടില്ല. ലൈംഗികത ഇപ്പോഴും നമുക്ക് മൂടിവയ്ക്കപ്പെട്ട വിഷയമാണ്. അതു മാറണം. തുറന്ന ചര്‍ച്ചകളും മനോഹരമായ പഠനങ്ങളും നടക്കണം. സംശയങ്ങള്‍ ചോദിക്കാന്‍ അവസരങ്ങള്‍ ഉണ്ടാവണം. എങ്കിലേ ലൈംഗികതയെ അതിന്റെ പൂര്‍ണതയില്‍ മനസ്സിലാക്കാനും ആ ദൈവദാനത്തെ ജീവിതത്തില്‍ അതിന്റെ പൂര്‍ണതയില്‍ ആഘോഷമാക്കാനും സാധിക്കൂ.