പെരുമ്പാവൂര്‍ സ്വദേശിനിയായ ഡോ. സൂര്യ ദേവസി തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍നിന്നും എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ആലുവ കാര്‍മല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നു.

2012-ലാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള മെഡിക്കല്‍ കോണ്‍ഫറന്‍സ് പ്രൊഫിക്കസില്‍, പങ്കുചേരുന്നത്. അന്നുമുതലുള്ള വലിയ സ്വപ്നമായിരുന്നു പഠനശേഷംമിഷന്‍ ഡോക്ടറായി ശുശ്രൂഷ ചെയ്യണം എന്നുള്ളത്. അതിനുവേണ്ടി ഞാന്‍ എന്നെത്തന്നെയും മാതാപിതാക്കളെയും സമര്‍പ്പിച്ച് പ്രാര്‍ഥിക്കുവാന്‍ തുടങ്ങി. കര്‍ത്താവ് എനിക്കായി തെരഞ്ഞെടുത്ത് നല്‍കുന്ന ഏത് സ്ഥലത്തേക്കും പോകുവാനായി ഞാന്‍ പ്രാര്‍ഥിച്ച് ഒരുങ്ങിക്കൊണ്ടിരുന്നു.

2017 സെപ്തംബര്‍ മാസത്തില്‍ ഉദയസൂര്യന്റെ നാട്ടിലേക്ക് തമ്പുരാന്‍ എന്നെ അയച്ചു.അരുണാചല്‍ പ്രദേശിലെ പപ്പുംപരെ ജില്ലയിലെ മെന്‍ഗിയൊ എന്ന ഉള്‍നാടന്‍ ഗ്രാമപ്രദേശമാണ് നല്ലതമ്പുരാന്‍ എനിക്കായി നല്‍കിയത്. തലസ്ഥാന നഗരിയായ ഇറ്റാനഗറില്‍ നിന്ന് 8 മണിക്കൂര്‍യാത്ര ചെയ്യണം മെന്‍ഗിയൊയില്‍ എത്തിച്ചേരാന്‍. വളരെ പ്രാചീന രീതികളിലുള്ള ഗതാഗത വാര്‍ത്താ വിനിമയ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.കരുണ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലുള്ള ഗവണ്‍മെന്റിന്റെ ഹെല്‍ത്ത് സെന്ററിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. സൗകര്യങ്ങള്‍ വളരെ കുറവുള്ളഒരു പൊതുജനാരോഗ്യകേന്ദ്രം. എട്ടോളം ജോലിക്കാര്‍ ഇവിടെയുണ്ടെങ്കിലും ആരും തന്നെ സ്ഥിരമായി ജോലിക്ക് വന്നിരുന്നില്ല. അതുകൊണ്ട് എല്ലാക്കാര്യങ്ങളും ഞാന്‍ തന്നെ ചെയ്തു തുടങ്ങി. തൊട്ടടുത്ത ആശുപത്രിയിലേക്ക് 8 കിലോമീറ്റര്‍ ദൂരമുണ്ട്. അതുകൊണ്ട് അവിടുത്തെ ജനങ്ങള്‍ക്ക് നമ്മളൊരനുഗ്രഹമാണ്.

നടക്കുന്നതിടെ വഴിയില്‍ കണ്ടുമുട്ടുന്നവരോടും പരിസരവാസികളോടും അടുത്തിടപഴകാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായിരുന്നു. ഇവിടെയുള്ള ജനങ്ങള്‍ നിഷി ഗോത്രത്തില്‍പ്പെട്ടവരാണ്. അധികമാര്‍ക്കും ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ല. മുളകൊണ്ടാണ് അവര്‍ വീടുകള്‍ നിര്‍മിച്ചിരുന്നത്. അതിഥി സല്‍ക്കാരത്തില്‍ പേരുകേട്ടവരാണ് നിഷി ഗോത്ര വിഭാഗക്കാര്‍. അതിഥികളെ ആദരവോടെ അവര്‍ വരവേറ്റിരുന്നു. അവിടെ സേവനം ചെയ്തിരുന്ന വൈദികര്‍ അവരെ ആഴത്തില്‍ മനസ്സിലാക്കാനും ഭാഷ പഠിക്കാനുമെല്ലാം സഹായിച്ചിരുന്നു. ആറുമാസംകൊണ്ട് അവരുടെ ഗോത്രഭാഷ പഠിക്കുവാന്‍ സാധിച്ചു. കൂടുതല്‍ അടുത്തിടപെഴുകുവാന്‍ പിന്നീടെനിക്ക് സാധിച്ചു. അവരുടെ വേദനകളും പ്രാര്‍ഥനാവശ്യങ്ങളുമെല്ലാം ഭാഷ പഠിച്ചതോടെഅവര്‍ പങ്കുവച്ചുതുടങ്ങി. ഓരോ കുടുംബങ്ങളെയും അടുത്തറിയുവാനും അവര്‍ക്കുവേണ്ടി എന്റെ തമ്പുരാനോട് പ്രാര്‍ഥിക്കാനും നിരവധി സമയം ഞാന്‍ മാറ്റിവച്ചിരുന്നു.

കൂടുതല്‍ സമയവും മഴയാണ് മെന്‍ഗിയൊ ഗ്രാമത്തിന്റെ പ്രത്യേകത. ഈ സമയം മണ്‍റോഡുകളിലെല്ലാം ചെളി നിറയും.പലപ്പോഴും യാത്ര വളരെക്ലേശകരമാവും. വാഹനങ്ങളുടെ ചക്രങ്ങള്‍ ചെളിയില്‍ താഴ്ന്നുപോകും. നാട്ടുകാരെല്ലാം ചേര്‍ന്ന് വണ്ടി പൊക്കിയെടുക്കും. പരസ്പരം സഹായിക്കുന്ന നിഷ്‌കളങ്കമായ ഒരു ജനവിഭാഗത്തെ നമുക്കിവിടെ കാണാം. കത്തോലിക്കരെ കൂടാതെ മറ്റ് ക്രിസ്തീയ വിഭാഗങ്ങളും ഗ്രാമത്തിലുണ്ടണ്ട്. ഇവിടത്തെ ഇടവകപള്ളിയുടെ കീഴില്‍ 17 സബ്‌സ്റ്റേഷനുകള്‍ ഉണ്ട്. എല്ലായിടത്തും പോകാനുള്ള കൃപ കര്‍ത്താവ് തന്നു. വൈദികരോടും  സ്റ്റേഴ്‌സിനോടും ചേര്‍ന്ന് അമ്മമാരും, യുവജനങ്ങളും കുട്ടികളുമെല്ലാം സംഘം ചേര്‍ന്ന് കിലോമീറ്ററുകള്‍ നടന്നാണ് പള്ളികളില്‍ പോവുക. ഒത്തൊരുമിച്ചുള്ള ഇത്തരം യാത്രകള്‍ ഒരു ആഘോഷമാണ്. ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുമ്പോഴെല്ലാം മരുന്നുകള്‍കൂടി കൈയില്‍ കരുതും. ശുചിത്വ കാര്യങ്ങളില്‍ തീരെ ശ്രദ്ധ കുറവുള്ളവരാണ് ഇവിടത്തുകാര്‍. അതുകൊണ്ടുതന്നെ പല സ്ഥലങ്ങളിലും ബോധവത്ക്കരണ ക്ലാസ്സുകളും നടത്തിയിട്ടുണ്ട്.

ക്രിസ്തുമസും, ഈസ്റ്ററുമാണ് അവരുടെ പ്രധാന ആഘോഷങ്ങള്‍. ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികളാണുള്ളത്.പാട്ടു പാടിയും നൃത്തം ചെയ്തും കര്‍ത്താവിന്റെ തിരുനാളുകള്‍ അവര്‍ കൊണ്ടാടും.നാട്ടിലുള്ള മാതാപിതാക്കളെയും ഒരിക്കല്‍ ഇവിടെ കൊണ്ടുവന്നു. എന്റെ ഏറ്റവും ചെറിയ ആഗ്രഹങ്ങള്‍ പോലും തമ്പുരാന്‍ അനുവദിച്ചുതന്നു. കര്‍ഷക സമൂഹമാണ് നിഷി ഗോത്ര വിഭാഗക്കാര്‍. ഭക്ഷ്യാവശ്യത്തിനുള്ളവയെല്ലാം അവര്‍ സ്വയം കൃഷിചെയ്തുണ്ടാക്കും. ലളിതമായ ഭക്ഷണ ശീലമാണ് നിഷി വിഭാഗക്കാരുടേത്. വിദ്യാഭ്യാസം, ചികിത്സ ഇവയെല്ലാം അവരെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയാണ്. ഗവണ്‍മെന്റ് സ്‌കൂളുകള്‍ ഉണ്ടെങ്കിലും അധ്യാപകരും കുട്ടികളുമെല്ലാം കൃഷിപ്പണികള്‍ക്ക് പോകും.

ബഹുഭാര്യാത്വവും ശൈശവ വിവാഹവും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നു.പെണ്‍കുട്ടികള്‍ മാത്രമുള്ള അമ്മ ശപിക്കപ്പെട്ടവളായാണ് സമൂഹം കരുതുന്നത്. അവര്‍ക്കിടയിലെ ഏറ്റവും വിലപിടിപ്പുള്ള ‘സാധനം’ പെണ്‍കുട്ടിയാണ്. പെണ്‍കുട്ടിയെ വിറ്റിട്ട് മിഥുന്‍ (ഇമവെ) മേടിക്കുന്നു. വിവാഹ സമ്പ്രദായത്തിലെ ‘ബാര്‍ട്ടര്‍ സിസ്റ്റം’ എന്നാണിതറിയപ്പെടുന്നത്.

ഒരു വര്‍ഷത്തെ മിഷന്‍ അനുഭവം വളരെയേറെ ധൈര്യം എനിക്കുതന്നു.

ജീവിതത്തില്‍ സന്തോഷമുണ്ടാകാന്‍ ഒരുപാട് സൗകര്യങ്ങളും സാഹചര്യങ്ങളും

വേണ്ട എന്ന് ഇവരുടെ നിഷ്‌ക്കളങ്കമായ ചിരി എന്നെ പഠിപ്പിച്ചു.ലളിതമായ

ജീവിതശൈലിയും സഹജീവികളോട് കൂടുതല്‍ സ്‌നേഹവും കാരുണ്യവും

കാണിക്കുവാന്‍ മിഷന്‍ അനുഭവം വഴി തുറന്നുതന്നു.

വര്‍ഷങ്ങള്‍കൊണ്ട് അവര്‍ക്കിടയിലെ അനാചാരങ്ങള്‍ ഒരുപാട് കുറഞ്ഞിട്ടുണ്ട്. 35 വര്‍ഷത്തെ ക്രൈസ്തവ പാരമ്പര്യമാണ് ഈ സമൂഹത്തിനുള്ളത്. ഇവരുടെ വിശ്വാസ തീക്ഷ്ണത നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ആരെങ്കിലും രോഗി ആയാല്‍ എല്ലാവരും ആ വീട്ടില്‍ ഒരുമിച്ചുകൂടി രോഗശാന്തിക്കുവേണ്ടി പ്രാര്‍ഥിക്കും. ആദിമ ക്രൈസ്തവ സഭയില്‍ ഉണ്ടായിരുന്ന കൂട്ടായ്മയുടെ അനുഭവം ഇവര്‍ക്കിടയിലും ഉണ്ട്. കുടുംബക്കാര്‍ വീട്ടില്‍ ഇല്ലെങ്കിലും വിശക്കുന്നവര്‍ക്ക് ഏതുവീട്ടിലും കയറി ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കിടയിലുണ്ട്.എന്റെ വിശ്വാസം വര്‍ധിപ്പിക്കാന്‍ ഈ ഒരു വര്‍ഷക്കാലം സഹായിച്ചു. കരിയര്‍ എങ്ങനെയായിരിക്കണമെന്നുള്ള വ്യക്തമായ ധാരണ ലഭിച്ചതും ഈ സമയത്താണ്. മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കഴിയുമോയെന്ന പേടി എന്നെ പിന്‍തുടര്‍ന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ മിഷന്‍ അനുഭവം വളരെയേറെ ധൈര്യം എനിക്കുതന്നു. ജീവിതത്തില്‍ സന്തോഷമുണ്ടാകാന്‍ ഒരുപാട് സൗകര്യങ്ങളും സാഹചര്യങ്ങളും വേണ്ട എന്ന് ഇവരുടെ നിഷ്‌ക്കളങ്കമായ ചിരി എന്നെ പഠിപ്പിച്ചു.ലളിതമായ ജീവിതശൈലിയും സഹജീവികളോട് കൂടുതല്‍ സ്‌നേഹവും കാരുണ്യവും കാണിക്കുവാന്‍ മിഷന്‍ അനുഭവം വഴി തുറന്നുതന്നു.

എനിക്ക് മുന്നേ ഇവിടെ വന്നുപോയ മിഷണറിമാരുടെയും വൈദികരുടെയും അനുഭവങ്ങളും പലപ്പോഴും പ്രചോദനമേകിയിട്ടുണ്ട്. ഇവര്‍ക്കുവേണ്ടണ്ടി ജീവിതം ഉഴിഞ്ഞുവച്ച വിശുദ്ധരായ നിരവധി വൈദികരെ കണ്ടുമുട്ടാനും സാധിച്ചു. ഗോത്രജനതയുടെ മുമ്പില്‍ അഹോരാത്രം കഷ്ടപ്പെട്ടവര്‍. ഇപ്പോഴും ഏറെ വേദനകള്‍, ത്യാഗങ്ങള്‍ സഹിക്കുന്നവര്‍. ഇപ്പോള്‍ ദേവാലയത്തെയും ദൈവികരെയും ചുറ്റിപ്പറ്റിയാണ് ഈ ജനതയുടെ ജീവിതം. വൈദികരോട് നാം ങ്ങനെ പെരുമാറണമെന്ന് നിരക്ഷരരായ ഈ ജനത കാണിച്ചുതരും. എന്റെ തമ്പുരാനെ ഇതാ ഞാന്‍ എന്നു പറഞ്ഞു കഴിയുമ്പോള്‍ അവന്‍ നമുക്ക് വലിയ വിലതരും. അനുഭവിച്ചറിഞ്ഞു ഈ ഒരുവര്‍ഷം.