‘ദൈവം പലപ്പോഴും ശുഭകാര്യങ്ങളില്‍ നമുക്ക് തീരെ പരിചിതമല്ലാത്ത ആളാണ്. എന്നാല്‍, പരിഹരിക്കാനാവാത്ത, മനസ്സിലാക്കാനാനാത്ത എന്തൊക്കെയോ കാര്യങ്ങള്‍. ചില്ലുപാത്രങ്ങള്‍ ഉടയും പോലെ പൊടിഞ്ഞുവീഴുമ്പോള്‍ നമ്മള്‍ അയാളെ പരിചയപ്പെടുന്നു”

ബോബി ജോസ് കട്ടിക്കാട്ടിലച്ചന്‍ മനുഷ്യന് ദൈവത്തോടുള്ള സമീപനത്തെക്കുറിച്ച് നിരീക്ഷിക്കുമ്പോള്‍ പറഞ്ഞു തുടങ്ങുന്നതിങ്ങനെയാണ്. എന്തോ, ഈ നിരീക്ഷണം എനിക്കും വല്ലാതെ ഇഷ്ടമായി. ജീസസ് യൂത്തും വളര്‍ന്നുവന്ന ക്രൈസ്തവ ജീവിത പശ്ചാത്തലവുമൊക്കെ ദൈവത്തെ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. അതൊക്കെയും ജീവിതചര്യയുടെ ഭാഗമാക്കി ഞാന്‍ കണക്കാക്കിയിരുന്നു. രക്തത്തിലലിഞ്ഞ ജീവിതശൈലിയായി ഈ ക്രിസ്തു എനിക്ക് അനുഭവപ്പെടുന്നതിന് ഈ ജീവിതാവസ്ഥ അനിവാര്യതയായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ നന്ദി പറയാന്‍ വാക്കുകള്‍ തികയാതെ പോകുന്ന അനുഭവം.

കാസര്‍ഗോഡ് ജില്ലയിലാണ് എന്റെ വീട്. പപ്പായും അമ്മയും പെങ്ങളും അടങ്ങുന്ന അണുകുടുംബം. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച് ജോലിക്കായി ഞാനും പേര്‍ഷ്യക്ക് (ഗള്‍ഫ്) വണ്ടി കയറി. മണലാരണ്യത്തില്‍ നിന്നും എനിക്കുള്ള നിധിയെ കണ്ടെത്താന്‍ ആഗ്രഹിച്ചുതന്നെ ആയിരുന്നു യാത്ര. ലക്ഷ്യം തെറ്റിയില്ല. ആഗ്രഹംപോലെ നല്ല ജോലി കിട്ടി. തിരക്കിട്ട ജീവിതം. സന്തോഷത്തോടെ ജോലി ചെയ്യുന്നതായിരുന്നു എന്റെ ശൈലി. അതുകൊണ്ടുതന്നെ ജോലി ഒരിക്കലും ‘ജോലി’ ആയി തോന്നിയില്ല, ആസ്വദിച്ചുതന്നെ കാര്യങ്ങള്‍ ചെയ്തു. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ ദൈവാനുഗ്രഹം കൊണ്ട് പുതിയൊരു സ്ഥാപനത്തില്‍ ജോലി കിട്ടി. പഴയസ്ഥാപനത്തോട് ഗുഡ്‌ബൈ പറഞ്ഞ് നാട്ടിലേക്ക് തിരിച്ചു. ഇനി പുതിയ വിസ, പുതിയ സ്ഥലം. മനസ്സില്‍ തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു. അതുവരെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ എല്ലാവരുടെയും സ്‌നേഹം ആവോളം മേടിച്ചാണ് അവിടെനിന്നും പടിയിറങ്ങിയത്. നിന്ന സമയത്ത് സമ്പാദിച്ച സല്‍പേര് പിന്നീടെന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്. അതിലേക്ക് വരാം.

അടുത്ത വിസയ്ക്കു മുമ്പായി നാട്ടില്‍ എത്തുമ്പോള്‍ വീട്ടില്‍ ചില ഭാരിച്ച കാര്യങ്ങള്‍ എന്നെ കാത്തിരിപ്പുണ്ട്. കൂലിപ്പണിക്ക് പോകുന്ന പപ്പയ്ക്ക് പണിസ്ഥലത്ത് വച്ചുണ്ടായ അപകടം – വീടുപണിക്കിടെ കെട്ടിടത്തിന്റെ ചെറിയൊരു ഭാഗം അടര്‍ന്നുവീണ് ഒരു കൈ പൂര്‍ണമായും തൊലിപോയി ദശ വിണ്ടുകീറിപ്പോയി. ചികിത്സയും മൂന്നുമാസത്തെ പരിപൂര്‍ണ വിശ്രമവും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പെങ്ങള്‍ക്ക് (ഞങ്ങള്‍ ഇരട്ടകളാണ്) ആദ്യത്തെ പ്രസവത്തിന് സമയമടുത്തിരുന്നു. ഇതിനിടയിലാണ് ഞാന്‍ വീട്ടില്‍ എത്തുന്നത്. എന്റെ കാലിന് ഇടയ്ക്കിടെ തരിപ്പ് പോലെ തോന്നാറുണ്ട്. അതിങ്ങനെ കൂടിവന്നാല്‍ ചിലപ്പോള്‍ നടക്കാന്‍ പറ്റാതാകും. അതൊരു വലിയ കാര്യമായി ഞാന്‍ പരിഗണിച്ചിരുന്നില്ല. എങ്കിലും പുതിയ സ്ഥലത്തെ ഇന്റര്‍വ്യൂവില്‍ ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അഭിമുഖം നടത്തിയത് ഒരു മലയാളി മാനേജരായിരുന്നു. അദ്ദേഹം ആദ്യമൊന്ന് വിസമ്മതിച്ചെങ്കിലും പിന്നീട് ഉപാധികളോടെ സമ്മതിച്ചു. നാട്ടില്‍ ചെന്ന് മെഡിക്കല്‍ ചെക്കപ്പ് നടത്തി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് മനസ്സിലായാല്‍ ആ റിപ്പോര്‍ട്ട് അയച്ചാല്‍ മതി. ഇത്രയും പറഞ്ഞ് അദ്ദേഹം എനിക്ക് ജോലിക്കുള്ള ഓഫര്‍ ലെറ്റര്‍ തന്നു. ജോലിക്ക് മുമ്പുള്ള ഓറിയന്റേഷനില്‍ ഞാന്‍ പങ്കെടുക്കുമ്പോള്‍ അവര്‍ക്ക് മനസ്സിലായി, എനിക്ക് നടക്കാന്‍ പ്രയാസം ഉണ്ടെന്ന്.

തിരികെ നാട്ടിലെത്തി വൈകാതെ ഡോക്ടറെ കാണാന്‍ പോയി. പരിശോധിച്ചശേഷം ഡോക്ടര്‍ പറഞ്ഞു: സ്‌പൈനല്‍ കോഡില്‍ ട്യൂമര്‍ ബാധിച്ചിരിക്കുന്നതാണ്. മാത്രമല്ല അത് പടര്‍ന്ന് ശ്വാസകോശത്തെയും ബാധിച്ചിരിക്കുന്നു. സര്‍ജറി മാത്രമാണ് മാര്‍ഗം. എന്നാല്‍ അത് എത്രത്തോളം വിജയിക്കും എന്ന് പറയാനാകില്ല. വിജയിച്ചില്ലെങ്കില്‍ ശരീരമാകെ തളര്‍ന്ന് കിടപ്പിലാകും. ഡോക്ടര്‍ പറഞ്ഞത് കേട്ടപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറിയ അവസ്ഥയായിരുന്നു. മംഗലാപുരത്ത് പോയി മറ്റൊരു ഡോക്ടറേയും കാണിച്ചു. അദ്ദേഹം പറഞ്ഞതും ഇതേ കാര്യം. സര്‍ജറി ചെയ്യാനും ചെയ്യാതിരിക്കാനും പറ്റാത്ത അവസ്ഥ. മേജര്‍ ഓപ്പറേഷനാണ്.നല്ലൊരു തുക ചെലവാകും. ജോലി നിലവിലില്ല. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശം. പപ്പ ജോലിക്ക് പോയി തുടങ്ങിയിട്ടേ ഉള്ളൂ. വരുമാനമൊന്നും ഇല്ല. പെങ്ങളുടെ പ്രസവസമയം അടുക്കുന്നു. നിലവില്‍ പറഞ്ഞിരിക്കുന്ന ജോലി നഷ്ടപ്പെടും എന്ന കാര്യം എനിക്ക് ഉറപ്പായി. എല്ലാം കൈയില്‍ നിന്നുംപോയ അവസ്ഥ. മനസ്സിന്റെ അവസ്ഥ തുറന്നു പറയാന്‍ പോലും ആരുമില്ലാതെ വിങ്ങുവായിരുന്നു. രണ്ടും കല്പിച്ച് ഓപ്പറേഷന് സമ്മതിച്ചു. മൂന്നുനാല് ഡോക്ടര്‍മാര്‍ ചേര്‍ന്നു ചെയ്ത സര്‍ജറി ദൈവത്തിന്റെ കൃപയില്‍ വിജയകരമായി പൂര്‍ത്തിയായി. ആദ്യം ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും എന്റെ സ്ഥിതി അറിഞ്ഞ അവര്‍ സ്വമനസ്സാ പിരിവെടുത്ത് എനിക്ക് എഴുപതിനായിരം രൂപ അയച്ചുതന്നിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് അവര്‍ക്ക് തോന്നിയ സംതൃപ്തിയാണ് ഇത് അവരെക്കൊണ്ട് ചെയ്യിച്ചത്. ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളില്‍ ചിലരുടെയും സഹായം ലഭിച്ചു. എല്ലാം ഭംഗിയായി കഴിഞ്ഞു. തുടര്‍ചികിത്സയ്ക്കിടെ ഡോകടര്‍പറഞ്ഞിങ്ങനെ ”ഇത് ഇനിയും വരാന്‍ സാധ്യതയുണ്ട്. ശരീരത്തിന് നല്ല വിശ്രമവും കരുതലും കൊടുക്കുകതന്നെ വേണം. ജോലികള്‍ പരമാവധി ഒഴിവാക്കണം. ജോലി ചെയ്യുന്നത് രോഗത്തെ വീണ്ടും വിളിച്ചു വരുത്തുമെന്ന വാക്ക് കുറച്ചൊന്നുമല്ല എന്നെ തളര്‍ത്തിയത്.മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച് നിലവില്‍ ജോലി വാഗ്ദാനം ചെയ്തിരിക്കുന്ന സ്ഥാപനത്തിലേക്ക് കത്തയച്ചു. കുറച്ചുനാളത്തെ വിശ്രമത്തിനൊടുവില്‍ സ്ഥാപനമെന്നെ തിരികെ വിളിച്ചു. അങ്ങനെ ജോലിക്ക് പ്രവേശിച്ചു.

അന്താരാഷ്ട്ര ശൃംഖലയുള്ള ഹോട്ടലാണ്. ജോലി അല്പം കഠിനമാണ്. ചുറുചുറുക്കോടെ ജോലി ചെയ്യണം, നിസ്സാര വീഴ്ചപോലും പാടില്ല. ഓള്‍വെയ്‌സ് പെര്‍ഫെക്ട്! അതായിരിക്കണം ഓരോ ജീവനക്കാരനും. എന്റെ ആരോഗ്യസ്ഥിതിക്ക് വെല്ലുവിളിയായ ജോലി. ആദ്യത്തെ ഒരുവര്‍ഷം നമുക്ക് പരീക്ഷണ കാലമാണ്. വീഴ്ചകള്‍ പറ്റിയാല്‍ അത് കാണിച്ച് കമ്പനി നമുക്ക് കോച്ചിങ്ങ് ലെറ്റര്‍ അടിക്കും. മൂന്ന് കോച്ചിങ്ങ് ലെറ്ററില്‍ കൂടുതലായാല്‍ ജോലി പോകും. ജോലിക്ക് കയറി ആദ്യ രണ്ടുമാസത്തിനുള്ളില്‍ എനിക്ക് കോച്ചിങ്ങ് ലെറ്റര്‍ കിട്ടി. ഭയന്നുവിറച്ചാണ് മുന്നോട്ട് പോകുന്നത്. ഷാര്‍ജയില്‍ ആയിരുന്നപ്പോള്‍ വെള്ളിയാഴ്ചകളില്‍ കിട്ടുന്ന ഒഴിവിന് ജീസസ് യൂത്ത് ഗ്രൂപ്പില്‍ നിന്നും ഊര്‍ജം സംഭരിച്ച് മുന്നോട്ടു പോയിരുന്ന എനിക്ക് ഇവിടെ യാതൊരു ആശ്വാസവുമില്ലാത്ത അവസ്ഥ. വെള്ളിയാഴ്ചയാണ് ഏറ്റവും തിരക്ക്. എട്ടാം മാസത്തില്‍ രണ്ടാമത്തെ കോച്ചിങ്ങ് ലെറ്ററായി. ജോലി നഷ്ടപ്പെടും എന്ന കാര്യത്തില്‍ ഇനി കൂടുതലായി വേറെ തെളിവൊന്നും വേണ്ടിയിരുന്നില്ല. തളര്‍ന്നും മനസ്സുവിഷമിച്ചും ജോലിയില്‍ തുടര്‍ന്നു. പിന്നീടുള്ള നാലുമാസം കോച്ചിങ്ങ് ലെറ്റര്‍ ഒന്നും ലഭിക്കാതെ കടന്നുപോയി. അങ്ങനെ അവിടത്തെ ജോലി ഉറപ്പായി.

ജോലിക്കിടയിലെ ഭാരം കുറയ്ക്കുന്നതിന് ഞാന്‍ ചെയ്തിരുന്നത് സംഗീതോപകരണങ്ങള്‍ വായിക്കുകയാണ്. തബല, ഡ്രംസ് ഒക്കെ വായിക്കും. കുറേസമയം അങ്ങനെ കടന്നുപോകും. ഓരോ ദിവസത്തെയും ഭാരത്തെ ഞാന്‍ ഇറക്കി വച്ചിരുന്നത് ദൈവദത്തമായ ഈ കഴിവിലൂടെയാണ്. ദൈവത്തെ മഹത്വപ്പെടുത്തി കിടന്നുറങ്ങും. പിറ്റേന്ന് വീണ്ടും ജോലിയിലേക്ക്. രണ്ടുവര്‍ഷം കഴിഞ്ഞു കമ്പനിയുടെ വലിയൊരു മീറ്റിംഗ് നടക്കുന്നു. പ്രമുഖരൊക്കെയുണ്ട്. എന്തോ അതില്‍ പങ്കെടുക്കാന്‍ എനിക്ക് തോന്നിയില്ല. കമ്പനി മികച്ച ജീവനക്കാരനുള്ള ഫൈവ്സ്റ്റാര്‍ അവര്‍ഡൊക്കെ പ്രഖ്യാപിക്കുന്ന പ്രധാനപ്പെട്ട മീറ്റിംഗാണ്. (ഫൈവ്സ്റ്റാര്‍ അവാര്‍ഡെന്നാല്‍ ഞങ്ങളുടെ ജോലിയിലെ ഏറ്റവും വിശിഷ്ടമായ അംഗീകാരമാണ്. അത്ര മിടുക്കരായ ജോലിക്കാരന് മാത്രം ലഭിക്കുന്ന ഒന്ന്). മീറ്റിംഗ് ഒരു വഴിക്ക് നടക്കുന്നു. ഞാന്‍ എന്റെ കാര്യങ്ങളുമായി മുന്നോട്ട് പോയി. കുറേ കഴിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകരൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ ഒടുവില്‍ ഞാനും പോയിരുന്നു. എനിക്ക് മനസ്സിലായതും ആകാത്തതുമായ കുറേ കാര്യങ്ങള്‍. മീറ്റിംഗിനോടുവിലായി ഫൈവ്സ്റ്റാര്‍ അവര്‍ഡും പ്രഖ്യാപിച്ചു.ആള്‍ക്കൂട്ടത്തോടൊപ്പം ഞാനും കൈയടിച്ചു. പിന്നീടാണ് മനസ്സിലായത് പ്രഖ്യാപിച്ച പേര് എന്റെ തന്നെയാണെന്ന്! അര്‍ഹതയില്ലെന്ന് നൂറുശതമാനവും ബോധ്യമുള്ളതുകൊണ്ട് ആദ്യം നിരസിച്ചു. നിര്‍ബന്ധത്തിന് വഴങ്ങി അവാര്‍ഡ് സ്വീകരിച്ചു. ഉള്ളിലെ ഈശോയോട് അറിയാതെ ചോദിച്ചുപോയി. ”ഇത്ര സ്‌നേഹിക്കാന്‍ എന്ത് വേണം?”

ഇന്ന് എന്റെ ആരോഗ്യസ്ഥിതി പൂര്‍ണമായും മനസ്സിലാക്കിയ പെണ്‍കുട്ടിയെ എനിക്ക് ഇണയായി ദൈവം തന്നു. കൈവിട്ടുപോയെന്ന് കരുതിയിടത്തുനിന്നും അനുഗ്രഹത്തിന്റെ വസന്തം തന്നു. സീറോ ആയ എന്നെ ജോലിസ്ഥലത്ത് പഞ്ചനക്ഷത്രങ്ങള്‍കൊണ്ട് ദീപ്തമാക്കി.