സഹ്യപര്‍വതത്തില്‍ നിന്ന് ഉത്ഭവിച്ചു മധ്യകേരളത്തിലൂടെ 244 കിലോമീറ്റര്‍ ദൂരം ഒഴുകി പശ്ചിമതീരത്തു ചേരുന്ന പെരിയാര്‍-ഞങ്ങളുടെ ആലുവാപ്പുഴ. കേരളത്തിലെ നീളംകൂടിയ നദികളില്‍ ഒന്ന്. കേരളത്തിന്റെ ജീവനാഡി. പ്രശാന്തസുന്ദരമായി ഒഴുകുന്ന ആ നദീതീരത്താണ് മൂന്നു വര്‍ഷമായി ഞങ്ങളുടെ കുടുംബത്തിന്റെ താമസം. മുന്‍പ് പലതവണ പെരിയാറിന്റെ തീരത്തുകൂടി നടന്നപ്പോഴോ, നദീതീരത്തെ സുഖകരമായ കാറ്റിന്റെ താളങ്ങള്‍ കേട്ടപ്പോഴോ, വെള്ളത്തിന്റെ തിളക്കമേറിയ ഓളങ്ങള്‍ കണ്ണില്‍ പ്രതിഫലിക്കുന്നത് ആസ്വദിച്ചപ്പോഴോ, പ്രളയത്തിന്റെ കയ്‌പേറിയ അനുഭവങ്ങള്‍ ഈ പുഴ സമ്മാനിക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയില്ല.

Image result for floodപ്രളയമെന്ന പ്രതിഭാസത്തെക്കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും അതിന്റെ തീവ്രത അനുഭവിച്ചു തുടങ്ങിയ ദിവസമായിരുന്നു 2018 ഓഗസ്റ്റ് 15. പ്രളയഭീകരത ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു പ്രദേശമായിരുന്നു ഞങ്ങളുടേത്. പുലര്‍ച്ചെ 1.30 മുതല്‍ തന്നെ അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ ”പെരിയാറിന്റെ തീരത്ത് ഉള്ളവര്‍ അതീവജാഗ്രത പാലിക്കുക” എന്ന നിര്‍ദേശവുമായി നാടിനെ ശബ്ദമുഖരിതമാക്കിത്തുടങ്ങി. എന്നാല്‍, ഞങ്ങളുടെ വീട്ടില്‍ ഒരിക്കലും വെള്ളം കയറില്ല എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷേ, ഓരോ മണിക്കൂറും കഴിയുമ്പോഴും, ന്യൂസ് ചാനലുകളില്‍ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ഡാമിന്റെ ഓരോ ഷട്ടറുകള്‍ തുറക്കുമ്പോഴും മനസ്സില്‍ ഭയത്തിന്റെ വിത്തുകള്‍ ഒന്നൊന്നായി മുളച്ചുപൊങ്ങുന്നത് ഞങ്ങള്‍ അറിഞ്ഞു. ആശങ്കയും പ്രത്യാശയും മാറി മാറി വന്ന മുഹൂര്‍ത്തങ്ങളില്‍ പ്രാര്‍ഥനയോടെ ഞങ്ങള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നു.

വെള്ളത്തിന്റെ അളവ് എത്രയായി എന്നറിയാന്‍ പെരിയാറിന്റെ അടുത്ത് ഞങ്ങള്‍ ഇടയ്ക്കിടക്ക് നോക്കിക്കൊണ്ടണ്ടിരുന്നു. അപ്പോഴേക്കും മണപ്പുറം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ഉച്ചയോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി. കൂടുതല്‍ വെള്ളം കയറാന്‍ തുടങ്ങി. എന്തുചെയ്യണം എന്നു മനസ്സിലാകാത്ത നിമിഷങ്ങള്‍. വീട്ടില്‍ ഉള്ള കുറച്ചു സാധനങ്ങള്‍ പായ്ക്ക് ചെയ്ത്, ബാക്കി എല്ലാം വീട്ടില്‍ തന്നെ ഉപേക്ഷിച്ചു അഭയത്തിനായി കാറില്‍ ഞങ്ങള്‍ ബന്ധുവിന്റെ വീട്ടിലേക്കു തിരിച്ചു.ജീവന്‍ എങ്കിലും രക്ഷിക്കാന്‍ ഉള്ള ഓട്ടത്തില്‍ ആയിരുന്നു ആ സമയം. വഴി മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഞങ്ങളുടെ വണ്ടിയുടെ പകുതിവരെ വെള്ളം കയറി. എങ്ങനെയും രക്ഷപെടണം എന്ന ചിന്തമാത്രമായിരുന്നു അപ്പോള്‍. കര്‍ത്താവിന്റെ അനുഗ്രഹംകൊണ്ടു ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി. ഇപ്പോഴും ആ മണിക്കൂറുകളെക്കുറിച്ചു ഭയത്തോടെ മാത്രമേ ഓര്‍മിക്കാന്‍ കഴിയുന്നുള്ളൂ.

പിന്നെയുള്ള ദിവസങ്ങളില്‍ വീടിനു എന്തു സംഭവിച്ചുകാണും എന്ന ആകുലതയായിരുന്നു. മഴയൊക്കെ കുറഞ്ഞു വെള്ളം താഴ്ന്നപ്പോള്‍ ഏറെ ആശങ്കയോടെയാണ് ഞങ്ങള്‍ തിരികെ വന്നത്. വീടിന്റെ അവസ്ഥ കണ്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരും ശരിക്കും ഞെട്ടി. ചെളിയും വെള്ളവും കയറി സാധനങ്ങള്‍ ഒക്കെ നശിച്ചുകിടക്കുന്നു. ഒരു നിമിഷം എന്തുചെയ്യണം എന്ന് അറിയാതെ ഞങ്ങള്‍ പകച്ചു Image result for flood in kerala 2018നിന്നു. ഇതെല്ലാം എങ്ങനെ ശരിയാക്കുമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ലായിരുന്നു. പക്ഷേ, പിന്നീട് ബന്ധുക്കളുടെയും കൂട്ടുകാരുടെയുമൊക്കെ സഹായത്തോടെ സാവധാനം എല്ലാം പഴയതുപോലെ തിരികെ കൊണ്ടുവരാന്‍ സാധിച്ചു. പ്രളയത്തിന്റെ ആഘാതം അനുഭവിച്ചവരുടെ കൂടെ നില്‍ക്കാനും, അവരുടെ കണ്ണുനീര്‍ ഒപ്പാനും എന്റെ അനുഭവങ്ങള്‍ എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ജീസസ് യൂത്തിന്റെ സംരംഭമായ ‘നല്ല അയല്‍ക്കാരന്‍’പ്രൊജക്റ്റിനെക്കുറിച്ച് കേള്‍ക്കുന്നത്. എനിക്ക് ഉണ്ടായ ദു:ഖം മറക്കാനും എന്നെപ്പോലെ ദു:ഖമനുഭവിച്ചവരുടെ കൈകള്‍ കോര്‍ത്തു മുന്നോട്ടു നടക്കാനും കര്‍ത്താവു തന്ന ഒരു മനോഹരമായ ഒരു അവസരമായി അത് എനിക്ക് തോന്നി. റിലീഫ് ക്യാമ്പില്‍ നിന്നപ്പോഴും ക്ലീനിംഗിനുവേണ്ടി ഓരോ വീടുകളില്‍ പോയ
പ്പോഴും, അവര്‍ക്കുണ്ടായ ദുരന്തം ഞങ്ങളുമായി പങ്കുവച്ചപ്പോഴും, എളുപ്പത്തില്‍ അവരുടെ വേദന മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. എന്നെപ്പോലെ അല്ലെങ്കില്‍ അതിലും അധികം വേദന അനുഭവിക്കുന്നവരാണ് എനിക്ക് ചുറ്റുമുള്ളവര്‍ എന്ന സത്യം മനസ്സിലായി.നമുക്ക് ചുറ്റും ഉള്ളവരെ കാണാനോ കേള്‍ക്കാനോ അറിയാനോ ശ്രമിക്കാതെ പലതിന്റെയും മറവുകളില്‍ ഒളിച്ചുവച്ചിരുന്ന നമ്മുടെ ഹൃദയങ്ങളെ വെള്ളപ്പൊക്കം എന്ന ദുരന്തത്തിലൂടെ കര്‍ത്താവു മനുഷ്യത്വം തുടിക്കുന്നവയാക്കി മാറ്റുകയായിരുന്നു എന്നു തിരിച്ചറിഞ്ഞു.

പ്രളയം ഒരു പാഠപുസ്തകമായിരുന്നു. നമ്മള്‍ കെട്ടിപ്പടുക്കുന്ന സാധനങ്ങളോ, നേടിയെടുക്കുന്ന നേട്ടങ്ങളോ ഒന്നും ശാശ്വതമല്ല എന്നതായിരുന്നു അതിലെ പ്രധാനപാഠം.