പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ചതല്ല. പക്ഷേ, എന്റെ നിദ്രയുടെ ശാന്തതയെ ഹനിക്കുംവിധം ഈ അനുഭവം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു. അതുകൊണ്ട് എഴുതുകയാണ്.

അന്ന് ക്യാമ്പ് ആരംഭിച്ചിട്ട് നാലാം ദിവസം. ”അക്കാ, നാന്‍ ഗര്‍പ്പമാക ഇരുക്കിറേനെന്റ്രു നിനക്കിറേന്‍, റൊമ്പ സര്‍ദ്ദിയും സ്സീണവും. ആണാ, ഇന്ത വിഷയം എന്നുടെ കണവര്‍ക്കിട്ടെ സൊല്ലക്കൂടാത്; ഏണാല്‍, ഇന്ത കൊഴന്തയെ എനക്ക് വേണ്ട, അബോര്‍ഷന്‍ പണ്ണണം” (ഞാന്‍ ഗര്‍ഭിണിയാണെന്ന് തോന്നുന്നു ചേച്ചീ, നല്ല ഛര്‍ദ്ദിയും ക്ഷീണവുമുണ്ട്. എന്നാല്‍ ഈ വിഷയം എന്റെ ഭര്‍ത്താവിനോട് പറയരുത്. കാരണം, ഈ കുഞ്ഞിനെ എനിക്കു വേണ്ട, അബോര്‍ഷന്‍ ചെയ്യണം). വിശാലമായ ആ ബ്ലോക്കിന്റെ കോണിപ്പടികള്‍ക്കരുകിലേക്ക് ആരും കാണാതെ മാറ്റി നിറുത്തി, മലയാളവും തമിഴും ഇടകലര്‍ന്ന തീര്‍ത്തും ദഹനപ്രദമല്ലാത്തൊരു ഭാഷയില്‍ ആ തമിഴ് പെണ്‍കുട്ടി പറഞ്ഞു. പെട്ടെന്ന് എന്റെ കാതുകള്‍ മുതല്‍ തലച്ചോര്‍വരെ അതിശക്തമായൊരു വെള്ളപ്പൊക്കം ഉയര്‍ന്നു പൊങ്ങുന്നതായി എനിക്കു തോന്നി. എന്തു പറയണം, എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു നിന്നു. എന്റെയൊപ്പം, അല്ലെങ്കില്‍ എന്നെക്കാള്‍ ഇളപ്പം മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയുടെ വിവാഹം 17-ാം വയസ്സിലായിരുന്നു. ആദ്യത്തെ കുഞ്ഞിന് ഒരു വയസ്സ് പൂര്‍ത്തിയായത് രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ്. ”ചേച്ചിക്കറിയാമല്ലോ അമ്മയ്ക്ക് വയറിലെ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ഇന്ന് ഇരുപതു ദിവസം മാത്രമേ ആയിട്ടുള്ളൂ. ചേട്ടനാണെങ്കില്‍ ജോലിക്ക് പോകാനിനി എന്തായാലും താമസമുണ്ടണ്ടാകും. എന്റെ അമ്മായിയമ്മയ്ക്ക് എന്നെ ഇഷ്ടമല്ലാത്തതുകൊണ്ട് ഞങ്ങള്‍ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇനി എന്തായാലും അത് നടക്കില്ല. ഞാനിന്ത കൊഴന്തയെ നശിപ്പിക്കല്ലേന്നാല്‍ എന്നുടെ മൂത്ത പിള്ളയുടെ പാലുകുടി മുടങ്ങും, അവളെ നോക്കാന്‍ യാരുമില്ലാതാകും. അമ്മയ്ക്കു സുഖമായിരുന്നെങ്കില്‍ എനക്ക് ഇവളോം കവലൈ ഉണ്ടാകില്ലായിരുന്നു. ഇന്ത കാര്യം ദയവു സെയ്ത് ചേട്ടനോട് പറയല്ലെ ചേച്ചീ, ചേട്ടന്‍ എനിക്ക് വയറ്റിലുണ്ടെന്നറിഞ്ഞാല്‍ ഒരിക്കലും നശിപ്പിക്കാന്‍ സമ്മതിക്കമാട്ടെ”. അവള്‍ പൊട്ടിക്കരഞ്ഞു. സ്വന്തം അബദ്ധ ചിന്തകള്‍ക്കപ്പുറം യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനുള്ള മാനസിക വളര്‍ച്ച, ആ കുട്ടിക്കു പൂര്‍ണമായും നഷ്ടപ്പെട്ടതായി എനിക്കു തോന്നി. ദൈവമേ, ഒരു കുഞ്ഞുജീവന്‍ നശിപ്പിക്കാനുള്ള കരാറിനു സാക്ഷിയാകാനാണ് ഈ പെണ്‍കുട്ടി എന്നോടു പറയുന്നത്. ഇല്ല, എനിക്കിതിനെങ്ങനെ കൂട്ടുനില്‍ക്കാനാകും?

Related imageമനസ്സിലായി. പക്ഷേ,ഇപ്പോള്‍ അറിയേണ്ടണ്ടത് ഈ പെണ്‍കുട്ടി ഉറപ്പായും ഗര്‍ഭിണിയാണോ അല്ലയോ എന്നാണ്. ഒരു ഉള്‍വിളിപോലെ ഞാന്‍ ആ നിമിഷം അവളെയുംകൂട്ടി സോഫ്റ്റ് വെയര്‍ ബ്ലോക്കിന്റെ മുമ്പിലേക്ക് നടന്നു ബാഗില്‍നിന്നും ഫോണ്‍ ധൃതിയിലെടുത്ത് മെയിന്‍ കോ-ഓര്‍ഡിനേറ്റേഴ്‌സായ മറ്റു രണ്ടു സുഹൃത്തുക്കളെ വിളിച്ചു വരുത്തി, കാര്യങ്ങള്‍ അവതരിപ്പിച്ചു.ഞാനിപ്പോള്‍ പ്രെഗ്നന്‍സി കിറ്റ് വാങ്ങിക്കൊണ്ടുവരാമെന്നു പറഞ്ഞ് ധൃതിയില്‍ പോയി വാങ്ങി വന്ന് അത് എന്റെ കൈകളിലേക്ക് തരുമ്പോള്‍ അതിലൊരു സുഹൃത്ത് പറഞ്ഞു. ”എടോ നമുക്കിപ്പോള്‍ ഒരു കാര്യം മാത്രമേ ചെയ്യാനാകൂ, ടെസ്റ്റ് നെഗറ്റീവ് ആകണേയെന്ന് പ്രാര്‍ഥിക്കുക മാത്രം; അല്ലാതെ അബോര്‍ഷന്‍ നമുക്കൊരിക്കലും സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുന്ന കാര്യമല്ലല്ലോ”. ഇടയ്ക്ക് തുടരെത്തുടരെ വന്ന കോളുകള്‍ നിമിത്തം മറ്റേ സുഹൃത്തിന് തിരികെ പോകേണ്ടി വന്നു. ടെസ്റ്റ് ചെയ്യാനായി ടോയ്‌ലറ്റിനുള്ളില്‍ കയറി ആ തമിഴ് പെണ്‍കൊടി വാതിലടച്ചു. എന്റെ ഹൃദയമിടിപ്പ് വര്‍ധിച്ചുകൊണ്ടേയിരുന്നു. ടെസ്റ്റ് നെഗറ്റീവാകണമെയെന്ന് ഞാന്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. പെട്ടെന്ന് വാതില്‍ തുറന്നു. ”പോസിറ്റീവ് ആണു ചേച്ചീ, ഞാന്‍ പ്രെഗനന്റ് ആണ്”. തകര്‍ന്ന മനസ്സോടെ അവള്‍ ഇറങ്ങി വന്നു. പിന്നെ ഞാനൊന്നും ചിന്തിച്ചില്ല, എങ്ങനെയെങ്കിലും ആ കുഞ്ഞു ജീവന്‍ രക്ഷിക്കുക മാത്രമായി ലക്ഷ്യം. വീണ്ടും ഫോണെടുത്ത് സുഹൃത്തിനെ വിളിച്ച് കാര്യം അറിയിച്ച് ആ പെണ്‍കുട്ടിയെയും കൂട്ടി ഞങ്ങള്‍ മെഡിക്കല്‍ ക്യാമ്പിലേക്ക് നടന്നു നീങ്ങി.

ഒപ്പമുള്ള സുഹൃത്ത് മുമ്പേ നടന്ന് ഗൈനക്കോളജിസ്റ്റിനോട് കാര്യങ്ങളെല്ലാം വിവരിച്ചു. ചിലപ്പോള്‍, അവള്‍ക്കിപ്പോള്‍ വേണ്ടത് മാനസികമായൊരു ബലമാണെന്നും, അത് ഞങ്ങളെക്കാള്‍ ഉപരി ഒരു ഡോക്ടര്‍ പറഞ്ഞു നല്‍കുമ്പോഴാണ് ലഭിക്കുക എന്ന് തോന്നിയിട്ടാകാം.

”ഇക്കാര്യം അവളുടെ ഭര്‍ത്താവിനോട് പറഞ്ഞാലോ? പക്ഷേ, അങ്ങനെ ചെയ്താല്‍ ആ കുട്ടി തെറ്റായി എന്തെങ്കിലും സ്വയം ചെയ്യുമോ?” ആയിരം ചോദ്യങ്ങള്‍ എന്റെ മനസ്സിലേക്ക് ഇരച്ചു കയറി. പെട്ടെന്നാണ് കുഞ്ഞാന്റിയുടെ കോള്‍, ”എന്താടീ കുഞ്ഞേ ഇത്, നീ വാ, ചേട്ടായീടെ കല്യാണമല്ലേ നാളെ”. ”ഇല്ല കുഞ്ഞാ, കുഞ്ഞ എല്ലാരോടും പറഞ്ഞേയ്ക്കൂ എന്നോടു ദേഷ്യപ്പെടരുത്” എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

മനസ്സില്ലാ മനസ്സോടെ ഡോക്ടറുടെ മറുപടിയില്‍ തീര്‍ത്തും അതൃപ്തയായി ആ പെണ്‍കുട്ടിനടന്നുവന്നു. അപ്പോള്‍ നിശ്ശബ്ദതയുടെ മൂടുപടം അണിയുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി. തിരിച്ച് അവളെ മുറിയിലേക്ക് കൊണ്ടുവന്ന് കിടത്തി.

രാത്രിയുടെ നിഗൂഢതയില്‍ എന്റെ ഹൃദയാന്തര്‍ഭാഗത്തെ വെള്ളച്ചാട്ടത്തിന് ശക്തി കൂടിക്കൂടി വരുന്നതായി എനിക്കു തോന്നി. ആ പെണ്‍കുട്ടി എങ്ങനെയെങ്കിലും ഭര്‍ത്താവിനോട് കാര്യങ്ങള്‍ പങ്കുവച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു. എന്റെ മനസ്സിലെ ചിന്തകളും വേദനകളും മുഴുവന്‍ ആ പെണ്‍കുട്ടിയുടെ വയറ്റില്‍ വളരുന്ന കുഞ്ഞു ജീവനെക്കുറിച്ച് ഓര്‍ത്തിട്ടായിരുന്നു.

പിറ്റേന്ന് ബി.പി. കുറഞ്ഞ ഒരു സ്ത്രീയെ ഹോസ്പിറ്റലിലേക്ക് അര്‍ജന്റായിട്ട് കൊണ്ടു പോകണമെന്ന് മറ്റൊരു സുഹൃത്ത് വോളന്റിയര്‍ പറഞ്ഞപ്പോള്‍ എനിക്കുറപ്പായിരുന്നു, അത് അവള്‍ തന്നെയായിരിക്കുമെന്ന്. എന്റെ സംശയം തെറ്റിയില്ല. ”ഞാനീ കേസ് അറ്റന്റ് ചെയ്‌തോട്ടേ”, എന്ന എന്റെ ചോദ്യത്തിന് യാതൊരു സങ്കോചവും കൂടാതെ ആ സുഹൃത്ത് തലയാട്ടി. ആംബുലന്‍സില്‍ ആ പെണ്‍കുട്ടിക്കും ഭര്‍ത്താവിനുമൊപ്പം ആശുപത്രിയിലേക്ക് പോകുമ്പോള്‍ അവള്‍ അക്കാര്യം സ്വന്തം ഭര്‍ത്താവിനോട് പറഞ്ഞിട്ടുണ്ടണ്ടാകണെമേയെന്ന് ഞാന്‍ വീണ്ടും പ്രാര്‍ഥിച്ചു. ലേബര്‍ റൂമിനകത്തേക്ക് ബി.പി. കുറഞ്ഞതുമൂലം ട്രിപ്പിടാനായി കയറ്റുന്നതിനു മുമ്പ് ഞങ്ങള്‍ രണ്ടും മാത്രം കയറിയപ്പോള്‍ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞോ എന്നു ഞാന്‍ ചോദിച്ചു. ”സൂചിപ്പിച്ചിരുന്നു ചേച്ചീ”, എന്ന അവളുടെ മറുപടി പ്രളയത്തെ അതിജീവിച്ച ഭൂമിയില്‍ വീണ്ടും പച്ചപ്പിന്റെ നാമ്പുകള്‍ ഉത്ഭവിക്കുന്ന സുഖമാണ് എനിക്കു നല്‍കിയത്. പക്ഷേ, അവരുടെ രണ്ടുപേരുടെയും മുഖത്തേയ്ക്ക് ഞാന്‍ നോക്കിയപ്പോള്‍ ഒമ്പതു മാസങ്ങള്‍ക്കുശേഷം ഒരു കുഞ്ഞുകൂടി തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും എന്ന സന്തോഷത്തിനു പകരം ആശങ്കയുടെ രണ്ടു കാര്‍മേഘങ്ങളെയാണ് ഞാനവിടെ കണ്ടത്. ആ ആശുപത്രി വരാന്തയിലൂടെ അന്നേരം വീശിയ കാറ്റിനു മനോവേദനയുടെ ഗന്ധമായിരുന്നു.

കാര്‍മേഘങ്ങളൊഴിഞ്ഞു വേഗം മാനം തെളിയട്ടെ. അവരുടെ ജീവിതത്തില്‍ ഒരു പുത്തന്‍ പ്രകാശോദയമായി ആ കുഞ്ഞുനക്ഷത്രം ഭൂമിയിലവതരിക്കട്ടെ.നമുക്കും പ്രാര്‍ഥിക്കാം.

ഇത് ഒരു തമിഴ് പെണ്‍കുട്ടിയുടെയും അവള്‍ക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും കഥ മാത്രം. ഇങ്ങനെപ്രളയത്താല്‍ വീര്‍പ്പുമുട്ടിയ അയ്യായിരത്തോളം വരുന്ന ക്യാമ്പിലെ അന്തേവാസികള്‍ക്ക് പറയാനുണ്ടണ്ടായിരുന്നത് വിവിധങ്ങളായ കദനകഥകളായിരുന്നു. അതിദാരുണമായ അനേകം ജീവിതപ്രളയകഥകള്‍.

(നിയമ വിദ്യാര്‍ഥിനിയാണ് ലേഖിക)