എന്റെ ക്രിസ്മസ് ഓര്‍മകളില്‍ തിളങ്ങി നില്‍ക്കുന്നത് രാവിലെയുള്ള മുടങ്ങാത്ത കുര്‍ബാനകളാണ്. കൊച്ചു കൊച്ചു സങ്കടങ്ങളെല്ലാം എണ്ണിപ്പെറുക്കി ഈശോയ്ക്കുള്ള സമ്മാനമാക്കും. ഇറച്ചിയും മീനും വലിയ താത്പര്യമുള്ളവയല്ലാതിരുന്നതിനാല്‍ ചോക്ക്‌ലേറ്റിനായിരുന്നു നോമ്പ്- ഒഴിച്ചുകറിയില്ലാതെ ചോറുണ്ണാന്‍ ബുദ്ധിമുട്ടാണെന്നു തോന്നിയപ്പോള്‍ ഒരിക്കലതു നോമ്പെടുത്തു. വാച്ചില്ലാതെ നടക്കാന്‍ പറ്റില്ല എന്നു തോന്നിയപ്പോള്‍ അതും നോമ്പിലായി. എന്തു നോമ്പെടുക്കണം എന്നത് അന്നത്തെ ഒരു പ്രധാന ചിന്താവിഷയമായിരുന്നു. മറ്റൊരു പ്രധാന കാര്യമായിരുന്നു ക്രിസ്മസിനു തൊട്ടുമുമ്പുള്ള കുമ്പസാരം. ഉണ്ണീശോ വരുമ്പോള്‍ എന്റെ ഹൃദയമാകുന്ന പുല്‍ക്കൂട് വൃത്തിയായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ക്രിസ്മസിനു മുമ്പ് അടുത്ത വീടുകളിലെ കുട്ടികളെക്കൂട്ടി അയല്‍പക്കങ്ങളില്‍ കരോളിനു പോയതും പപ്പായുമൊന്നിച്ച് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഉണ്ടാക്കിയതും കമ്പിത്തിരിയും പൂത്തിരിയും കത്തിച്ചതും മിഷന്‍ ലീഗിന്റെ ക്രിസ്മസ് ട്രീ നിറയെ സമ്മാനങ്ങള്‍ തൂക്കി അതില്‍ നിന്നും ഒന്നുരണ്ടെണ്ണം വാങ്ങുന്നതും പാതിരാകുര്‍ബാനയ്ക്കു പോയി, ഉണ്ണീശോയ്ക്ക് ഒരു മുത്തവും കൊടുത്ത് വീട്ടില്‍ വന്ന് കേക്കു മുറിച്ചു കഴിക്കുന്നതുമൊക്കെ ക്രിസ്മസിന്റെ മധുരമുള്ള ഓര്‍മകളാണ്. കുടുംബക്കൂട്ടായ്മയില്‍ പുല്‍ക്കൂടു മത്സരം വന്നപ്പോള്‍ പശുക്കിടാവിനെ പുല്‍ക്കൂടിനടുത്തു നിറുത്തി പന്തം കത്തിച്ച് ലൈറ്റുമിട്ട് സമ്മാനം മേടിച്ചതും ഓര്‍മ വരുന്നു. ഡിസംബര്‍ 15 മുതല്‍ ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമായി ക്രിസ്മസ് കാര്‍ഡുകള്‍ വാങ്ങി പോസ്റ്റോഫീസില്‍ അതുമായി പോകുന്നതും ഇന്ന് ഒരോര്‍മ മാത്രം.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുടുംബവും ജോലിയുമായി തിരക്കുകളില്‍ മുഴുകുമ്പോള്‍ ക്രിസ്മസ് ഒന്നോ രണ്ടോ ദിവസങ്ങളിലേക്ക് ചുരുങ്ങി. ഇറച്ചിയും മീനും നോമ്പായി കഴിക്കുന്നില്ല എന്നതൊഴിച്ചാല്‍ നോമ്പ് ഒരു ചിന്താവിഷയമല്ലാതായി. വീണ്ടുമൊരു ക്രിസ്മസ് ആഗതമാകുമ്പോള്‍ കുറച്ചു ദിവസങ്ങളായി നോമ്പ് എന്റെ ചിന്താവിഷയമാണ്. ഇപ്രാവശ്യം എന്താണ് എനിക്ക് ത്യാഗമായി നല്‍കാനുള്ളത്? ഇറച്ചിയും മീനും വേണ്ടെന്നു വയ്ക്കാം; പക്ഷേ, അതിനേക്കാളധികമായി ഞാന്‍ നീക്കിവയ്‌ക്കേണ്ടത് എന്റെ സമയമാണെന്ന് എനിക്കു തോന്നി. സോഷ്യല്‍ മീഡിയ എനിക്കൊരു ഹരമല്ല. പക്ഷേ, എന്റെ തിരക്കുകളില്‍ നിന്ന് അല്പം സമയം എനിക്ക് ഈശോയ്ക്കു മാത്രമായി മാറാന്‍ കഴിഞ്ഞാല്‍ അത് ഉണ്ണീശോയ്ക്ക് ഒരു നല്ല സമ്മാനമാകും. ബസ്സില്‍ കയറിയിട്ട് ‘ഇരുന്നാല്‍’ സമയം പോകുമെന്നു വിചാരിക്കുന്ന നമ്പൂതിരിക്കഥകളിലെ നായകനെപ്പോലെയാണ് ഞാന്‍. ഒരു പതിനഞ്ചു മിനുട്ട് (പല പ്രാവശ്യമായിട്ടെങ്കിലും) എനിക്ക് മാറ്റിവയ്ക്കാന്‍ കഴിയും, എന്റെ ഓഫീസിന്റെ തൊട്ടടുത്തുള്ള ദിവ്യകാരുണ്യ സന്നിധിയില്‍ ചെലവഴിക്കാന്‍. രാവിലെ ഒരല്‍പം നേരത്തെ എണീറ്റാല്‍ മുടങ്ങാതെ എനിക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിയും. വല്ലപ്പോഴും കഫെറ്റേരിയയില്‍ കാപ്പി കുടിക്കാന്‍ പോകുമ്പോള്‍ ഞാന്‍ നോട്ടമിടുന്ന രണ്ടു വിഭവങ്ങളുണ്ട്- സുഖിയനും, നെയ്യപ്പവും. അതുമിരിക്കട്ടെ, തണുപ്പത്ത് ഉണ്ണീശോയ്ക്ക് ഒരു ചൂട് സമ്മാനം. ഒരാള്‍ക്കെങ്കിലും ഒരു കൈ സഹായം മറക്കാതെ ചെയ്യുന്നു. പള്ളിയിലെ കരോള്‍ സംഘത്തോടൊപ്പം കുറച്ചു വീടുകളിലെങ്കിലും കുടുംബമായി പോയി കരോള്‍ പാടണം. നന്നായി ഒരുങ്ങി കുമ്പസാരക്കൂടിനടുത്ത് അണയണം. ഉണ്ണീശോയെ, ഈ ക്രിസ്മസ് എനിക്കും എന്നോടൊപ്പമുള്ളവര്‍ക്കും ഓജസ്സുള്ള ക്രിസ്മസായി മാറ്റണേ.