വംബര്‍ മാസം അവസാനത്തിലും വലിയ നോമ്പ് തുടങ്ങുന്നതിനു മുമ്പും നോമ്പെടുക്കുന്നതിനെക്കുറിച്ച് എന്നെ ഓര്‍മിപ്പിക്കുന്ന ഒരു സുഹൃത്തുണ്ട്.നോമ്പിന്റെ നാളുകളില്‍ മധുരം ഉപേക്ഷിക്കാം എന്ന് കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ ഒന്നിച്ചാണ് തീരുമാനിച്ചത്. എനിക്കതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല അത്. എന്നും രാവിലെയുള്ള മധുരമുള്ള കട്ടന്‍കാപ്പി ഉപേക്ഷിക്കുക എന്നതായിരുന്നു കഠിനം. പിന്നെ പതിയെപ്പതിയെ വിത്തൗട്ട് ചായ ഒരു ശീലമായി. നോമ്പ് കഴിഞ്ഞ് ഞാന്‍ പഴയ രീതിയിലേക്ക് പിന്മാറിയെങ്കിലും സുഹൃത്ത് മധുരം ഉപേക്ഷിച്ചുള്ള നോമ്പ് തുടര്‍ന്നു. അദ്ദേഹം തന്റെ വീടിന്റെ പണി തുടങ്ങിയതിനാല്‍ അത് തീരുന്നതുവരെ മധുരം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

കെയ്‌റോസ് മാസികയുടെ എഡിറ്റോറിയലില്‍ എഴുതാനുള്ള പ്രസക്തിയൊന്നും എന്റെ മധുരം ഉപേക്ഷിക്കല്‍ നോമ്പിനില്ല. പക്ഷേ, എന്റെ ജീവിതത്തെ കുറച്ചുകൂടി ക്രമപ്പെടുത്താന്‍ സഹായിക്കുന്ന മറ്റു ചില ഉപേക്ഷിക്കലുകളെക്കുറിച്ച് കൃത്യതയോടെ ഓര്‍മിപ്പിക്കാന്‍ അത് സഹായിക്കുന്നുണ്ടെന്ന് തോന്നുന്നു.

എല്ലാവരും നമ്മളെയൊക്കെ സ്‌നേഹിക്കുകയും, അംഗീകരിക്കുകയും ബഹുമാനിക്കുകയും ആദരവോടെ സ്വീകരിക്കുകയും താത്പര്യത്തോടെ കേള്‍ക്കുകയും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്ന് മോചനം നേടാന്‍ കാലിത്തൊഴുത്തിന്റെയും അവിടെ പിറന്ന ഉണ്ണിയേശുവിന്റെയും ഓര്‍മകള്‍ സഹായിക്കുന്നുണ്ട്.

അര്‍ഹിക്കുന്നതും അല്ലാത്തതുമായ കുറ്റപ്പെടുത്തലുകളും; പരിഹാസങ്ങളും, നിസ്സഹകരണവും, തിരസ്‌കരണവും പൊട്ടിത്തെറികളില്ലാതെ സ്വീകരിക്കുവാന്‍ ബേത്‌ലെഹെമില്‍ തിരസ്‌കൃതരായി നടന്നുനീങ്ങിയ തിരുക്കുടുംബം പ്രേരിപ്പിക്കുന്നുണ്ട്.

അസൂയ, കുശുമ്പ് എന്നിങ്ങനെയൊക്കെയുള്ള പഴഞ്ചന്‍ കാര്യങ്ങള്‍ എന്റെ ഡിക്ഷ്ണറികളില്‍ പോലുമില്ല എന്ന് ഭാവിക്കുമ്പോഴും, കൂട്ടത്തിലുള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, പുറത്താരും കാണുന്നില്ലെങ്കിലും അഭിനയത്തിന്റെയൊക്കെ പരിഷ്‌കൃത വാക്കുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും അകത്തെവിടെയോ തോന്നുന്ന അസ്വസ്ഥതയ്ക്ക് മറ്റെന്തെങ്കിലും പേര് വിളിക്കാന്‍ പറ്റുമോ? എല്ലാ അധമവികാരങ്ങളും മനസ്സില്‍ കുത്തിനിറച്ചു വച്ചിട്ട്, എല്ലാം മറച്ചു വയ്ക്കാനായി പ്ലാസ്റ്റിക്പുഞ്ചിരിയും തേനൂറുന്ന വാക്കുകളും പുറത്തെടുക്കുന്നതിനെയാണോ ആധുനിക സംസ്‌കാരം എന്നൊക്കെ പറയുന്നത്?

ഈ ക്രിസ്മസിനും മധുരം ഉപേക്ഷിക്കാന്‍ തന്നെയാണെന്റെ തീരുമാനം. അതോടൊപ്പം ഒരു പ്രാര്‍ഥനായാണുള്ളത്. എല്ലാത്തരം ആഗ്രഹങ്ങള്‍ക്കും അതിര് വയ്ക്കാനാവണം എന്നുള്ളത്, അനാവശ്യമായിപ്പോലും കുറ്റപ്പെടുത്തപ്പെടുന്നതില്‍ അസ്വസ്ഥമാകരുതെന്ന്, മറ്റുള്ളവരുടെ നേട്ടങ്ങളില്‍ ഉള്ളുതുറന്ന് സന്തോഷിക്കാനാവണമെന്ന്.ഓരോ മിഠായി ഭരണികളും, ബേക്കറികളിലെ പലഹാരങ്ങള്‍ നിറഞ്ഞിരിക്കുന്ന ചില്ലലമാരകളും, മധുരമുള്ള കട്ടന്‍ കാപ്പികളും ഞാനിനിയും ആയിത്തീരേണ്ടതിനെക്കുറിച്ച് എന്നെ വീണ്ടും, വീണ്ടും ഓര്‍മിപ്പിക്കുന്ന ഒരു മാസമാകട്ടെ 2018-ലെ ഡിസംബര്‍; നിങ്ങളെയും.കെയ്‌റോസിന്റെ വായനക്കാര്‍ക്കേവര്‍ക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍ നേരുന്നു.

സ്‌നേഹപൂര്‍വം,