കുറച്ചു നാളുകള്‍ക്കു മുമ്പ് ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിലെ ഉയര്‍ന്ന മേലധികാരിയുമായി സംസാരിച്ചിരുന്നു. സംസാരത്തിനിടയ്ക്ക് ആത്മീയ ജീവിതത്തിലെ ചില കാര്യങ്ങള്‍ കടന്നുവന്നു. നല്ല ദൈവവിശ്വാസമുള്ള പാശ്ചാത്തലമാണ് ചെറുപ്പത്തില്‍ ഉണ്ടായിരുന്നതെങ്കിലും ജോലിക്കു കയറിയശേഷം പ്രാര്‍ഥനയും ആത്മീയജീവിതവും നന്നേ കുറഞ്ഞുപോയി എന്നതായിരുന്നു ആ വ്യക്തിയുടെ വിഷമം. മുന്‍പൊക്കെ ഏറെ പ്രാര്‍ഥിക്കുകയും ആത്മീയ കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ പ്രഥമസ്ഥാനം നല്കുകയും ചെയ്തിരുന്നുവെങ്കിലും, ഇപ്പോള്‍ അവ തീരെ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലത്രേ..!!

ഇതു കേട്ടപ്പോള്‍ ഞാനും പലപ്പോഴും അനുഭവിക്കുന്ന ഒരു പ്രശ്‌നം തന്നെയാണല്ലോ ഇതെന്നു എനിക്കു തോന്നി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അതിനൊരു പോംവഴി വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും ഞാന്‍ കണ്ടെത്തി.

”നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശു വഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍” (കൊളോ 3:17).

Image result for happy personപൗലോസ് അപ്പസ്‌തോലന്‍ പരിശുദ്ധാത്മാവിനാല്‍ നമുക്ക് പരിചയപ്പെടുത്തുന്ന ഉപദേശമാണ് മേല്‍പറഞ്ഞ തിരുവചനം. നാം ഒരു കാര്യം പറയാനോ പ്രവര്‍ത്തിക്കാനോ തുടങ്ങും മുന്‍പ് അക്കാര്യം ‘യേശുവിന്റെ നാമത്തില്‍ ചെയ്യുന്നു’ എന്ന് മനസ്സില്‍ പറഞ്ഞു തുടങ്ങുക. അപ്പോള്‍ നാം പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങള്‍ പിതാവായ ദൈവം സ്വീകരിക്കും എന്നതു മാത്രമല്ല, നമ്മുടെ ഓരോ വാക്കും പ്രവര്‍ത്തിയും ഒരുഗ്രന്‍ പ്രാര്‍ഥനയായി മാറുകയും ചെയ്യും. പ്രാര്‍ഥിക്കാന്‍ തീരെ സമയം കണ്ടെത്താന്‍ പറ്റാത്തവര്‍ക്കുപോലും അപ്പോള്‍ ഏറെ പ്രാര്‍ഥിക്കാം എന്നതാണ് അതിന്റെ സവിശേഷ ഗുണം.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പുതപ്പു മടക്കി വയ്ക്കുമ്പോള്‍, പല്ലു തേയ്ക്കുമ്പോള്‍, പ്രഭാതകൃത്യം ചെയ്യുമ്പോള്‍, ഭക്ഷണം ഒരുക്കുമ്പോള്‍, കഴിക്കുമ്പോള്‍, യാത്ര ചെയ്യുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ സംവദിക്കുമ്പോള്‍, ജോലിയില്‍ പ്രവേശിക്കുമ്പോള്‍, അനുമോദിക്കപ്പെടുമ്പോള്‍, ആകുലപ്പെടുമ്പോള്‍, വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, പഠിക്കുമ്പോള്‍, പാടുമ്പോള്‍, കരയുമ്പോള്‍, ചിരിക്കുമ്പോള്‍, ഉറങ്ങുമ്പോള്‍, എല്ലായ്‌പ്പോഴും നമുക്ക് ഇവ്വിധം യേശുവിന്റെ നാമത്തില്‍ ചെയ്യാം. ഒപ്പം നാം പോലുമറിയാതെ നമുക്ക് പ്രാര്‍ഥിക്കാം. സകലതും യേശുവേ നിന്റെ നാമത്തില്‍, നിന്റെ മഹത്വത്തിനായി; ഹാ! എത്ര സുന്ദരം!!