Spread the love

മനോഹരമായ പല വാക്കുകളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണീ കാലഘട്ടത്തിന്റെ ഒരു പ്രത്യേകത. അതിലൊരു വാക്ക് പുരോഗമനം എന്നതാണ്.

നമ്മുടെ രാജ്യത്തെങ്ങും ചലനമുണ്ടാക്കിയ, ചരിത്രപ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന ചില കോടതി വിധികളുടെ പശ്ചാത്തലത്തിലാണീ കുറിപ്പ്. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത നിയമപരമായി തെറ്റല്ല എന്ന വിധിയാണതിലൊന്ന്. വിവാഹത്തിനുപുറത്തുള്ള ലൈംഗികതയുമായി ബന്ധപ്പെട്ടും മേല്‍പറഞ്ഞ തരത്തിലുള്ള സുപ്രീം കോടതി വിധിയുണ്ടായതാണ് രണ്ടാമത്തെ കാര്യം.

രണ്ട് വിഷയങ്ങളിലും കോടതി പരിഗണിച്ച നിയമപരമായ കാര്യങ്ങളില്‍ ചില ശരികളുണ്ടെങ്കിലും, ഈ വിധികള്‍ ധാര്‍മികമായും, മൂല്യങ്ങളുടെ തലത്തിലും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുറപ്പിന്റെ പശ്ചാത്തലത്തിലും ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാനിടയാക്കും എന്നതില്‍ സംശയമേതുമില്ല.

പക്ഷേ, ഈ വിധികള്‍ പത്ര മാസികകളിലും ടി.വി.യിലും സോഷ്യല്‍ മീഡിയയിലും കൊട്ടിഘോഷിക്കപ്പെട്ടത് ഏറെ പുരോഗമനാത്മകം എന്ന നിലയിലാണ്. ‘പുരോഗമനപരം’, ‘സ്വാതന്ത്ര്യപ്പുലരി’ എന്നൊക്കെയുള്ള വെണ്ടക്കാ തലക്കെട്ടുകളാണ് കണ്ടത്.

പരസ്പര പൂരകങ്ങള്‍ എന്ന നിലയില്‍ ദൈവം സൃഷ്ടിച്ചസ്ത്രീയും പുരുഷനും പരസ്പരം സ്‌നേഹിച്ച് ഒരു ശരീരവും കുടുംബവുമാകുകയും കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്യുന്നതിനു പകരം രണ്ട് പുരുഷന്മാര്‍ അല്ലെങ്കില്‍ രണ്ട് സ്ത്രീകള്‍ ലൈംഗിക പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും, വിവാഹിതരെന്ന് അവകാശപ്പെടുകയും ചെയ്യുന്നതിനെ ‘ദുരന്തം’, ‘പ്രതിലോമകരം’, ‘അപകടം’ എന്നൊക്കെ വിശേഷിപ്പിക്കുന്നതിനു പകരം പുരോഗമനം എന്നു പറയുന്നത് എന്തൊരു വെളിവുകേടാണ്.

ഭ്രാന്താണ് ശരി/സാധാരണം എന്ന് പറയുന്നതു പോലെയല്ലേ അത്.

രണ്ട് കാലുകളില്‍ നടക്കേണ്ട മനുഷ്യരില്‍ ചിലര്‍ തലകുത്തി നടന്നാലത് ആകാംഷയും, കൗതുകവും സ്രൃഷ്ടിക്കുമെന്നത് തീര്‍ച്ച. പക്ഷേ, തലകുത്തി നില്ക്കുന്നതാണ് പുരോഗമനപരം, വിപ്ലവാത്മകം, സ്വാതന്ത്ര്യപ്പൊന്‍പുലരിഎന്നൊക്കെ വിശേഷിപ്പിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്.

ഇന്നത്തെ കാലത്ത് പുരോഗമന വാദിയാകാന്‍ ഏറ്റവുംഎളുപ്പമുള്ള മാര്‍ഗം ദൈവവിശ്വാസത്തെയും, മതനേതാക്കളെയും തള്ളിപ്പറയുക എന്നതാണ്. എന്ന് തള്ളിപ്പറയുന്നോ അന്ന് മുതല്‍ പുരോഗമനവാദി ലേബല്‍കിട്ടും. പക്ഷേ, രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ സമീപനം അങ്ങനെയല്ല. നേതാക്കന്മാരെ വിമര്‍ശിക്കുകയോ,ആശയങ്ങളെ എതിര്‍ക്കുകയോ ചെയ്യുന്നവന്‍ പാര്‍ട്ടി വിരുദ്ധനും, കുലംകുത്തിയുമൊക്കെയാണ്. പാര്‍ട്ടി വിരുദ്ധനെങ്കില്‍ ഏത് വിധത്തിലും നശിപ്പിക്കപ്പെടണം. സഭാ/മത വിരുദ്ധനെങ്കില്‍ ഏത് വിധത്തിലും സംരക്ഷിക്കപ്പെടണം.

ഗീബല്‍സിന്റെ തത്ത്വമനുസരിച്ച്, ഒരു നുണ ആയിരംതവണ ആവര്‍ത്തിച്ചാല്‍, സ്വന്തമായി വിലയിരുത്തല്‍ നടത്താത്ത അനേകര്‍ അത് സത്യമായി കരുതും. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വാര്‍ത്താമാധ്യമങ്ങളില്‍ തുടരെത്തുടരെ ‘പുരോഗമനപരം’ ‘വിപ്ലവാത്മകം’ എന്നൊക്കെ കേട്ടുകേട്ട് അത് ശരിയാണെന്ന് പലരും കരുതിപ്പോകും എന്നതാണ് പ്രശ്‌നം.

തിന്മ പടരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം, നല്ല മനുഷ്യരുടെ നിശ്ശബ്ദതയാണെന്ന് കേട്ടിട്ടുണ്ട്. നന്മ നിലനില്ക്കണമെന്ന് കരുതുന്നവരെല്ലാം, സജീവമായി രംഗത്തിറങ്ങേണ്ട കാലമാണിത്.

സ്‌നേഹപൂര്‍വം,


Spread the love