ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍, അസാധാരണമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോയത്. പതിന്നാലു ലക്ഷത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിക്കാന്‍ ഇടയാകത്തക്ക വിധത്തില്‍ തീവ്രമായ മഴയും ഡാമുകളുടെ തുറക്കലും കാരണം, ദുരന്തമെന്ന് വിശേഷിപ്പിക്കത്തക്ക വിധത്തില്‍ വലിയ വെള്ളപ്പൊക്കമാണുണ്ടായത്.

ലോകമെമ്പാടുമുള്ള മലയാളികളുടെ ഉള്ളില്‍ ഉറഞ്ഞുകിടന്ന നന്മയുടെ മലവെള്ളപ്പാച്ചിലിനുള്ള അവസരമായി ഈ വെള്ളപ്പൊക്കം മാറി എന്നത് ആഹ്ലാദകരമായ മറ്റൊരു കാര്യം.

ഞാന്‍ എന്റെ (ഇടുക്കി, കുട്ടിക്കാനം മരിയന്‍ ഓട്ടോണമസ്) കോളജിലെ വിദ്യാര്‍ഥികളുടെ കാര്യം പറയാം. മഴക്കെടുതിമൂലം ഓണാവധിക്കു മുമ്പുതന്നെ കോളജ് അവധിയായി. വിദ്യാര്‍ഥികളെല്ലാം വീടുകളിലേയ്ക്ക് പോയി. എങ്കിലും ധാരാളംപേര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി അറിയുന്നുണ്ടായിരുന്നു.

അവധിക്കിടയില്‍ അധികാരികളുടെ അനുവാദം വാങ്ങി കുട്ടികള്‍ക്ക് ഒരു സന്ദേശമയച്ചു. കുട്ടനാട്ടില്‍ വെള്ളം കയറി വാസയോഗ്യമല്ലാതായ വീടുകള്‍ വൃത്തിയാക്കുന്ന സന്നദ്ധസേവന പ്രവര്‍ത്തനത്തിന് അവസരമുണ്ട്. പ്രതീക്ഷകള്‍ക്കപ്പുറത്ത് 36 വിദ്യാര്‍ഥികള്‍ മുന്നോട്ടുവന്നു. രണ്ടു ദിവസങ്ങള്‍ കഠിനാധ്വാനത്തിന്റെ സമയമായിരുന്നെങ്കിലും, പങ്കെടുത്തവര്‍ക്കെല്ലാം ആത്മസംതൃപ്തിയും നല്കുന്നതായിരുന്നു.

ഓണാവധിക്കുശേഷം ക്ലാസ്സു തുടങ്ങിയ ആദ്യത്തെ ദിവസം. കോളജ് യൂണിയന്‍ നേതാക്കള്‍ ക്ലാസ്സ് പ്രതിനിധികളുടെ യോഗം വിളിച്ച് ഇനിയും സന്നദ്ധ പ്രവര്‍ത്തനത്തിന് അവസരമുണ്ടെന്നറിയിച്ചു. മൂന്നാം ദിവസം ശനിയാഴ്ച രാവിലെ രണ്ടു ബസ്സ് നിറയെ വിദ്യാര്‍ഥികള്‍ കുട്ടനാടിനും പന്നിയാര്‍കുട്ടിക്കുമായി പുറപ്പെട്ടു.ജീസസ് യൂത്തിന്റെ ‘നല്ല അയല്‍ക്കാരന്‍’ പ്രവര്‍ത്തകര്‍ പ്രാദേശിക സഹായം നല്കാനും, ഭക്ഷണ, താമസ സൗകര്യങ്ങള്‍ ക്രമീകരിക്കാനുമുണ്ടായിരുന്നു. പ്രതിരോധ മരുന്നുകള്‍, സുരക്ഷാ നിര്‍ദേശങ്ങള്‍, സര്‍ക്കാര്‍ സംവിധാനവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍, പങ്കാളിത്ത സര്‍ട്ടിഫിക്കേറ്റ് എന്നിവയെല്ലാം ‘നല്ല അയല്‍ക്കാരന്‍’ക്രമീകരിച്ചു. മൂന്നു ഗ്രൂപ്പുകളിലായി മരിയന്‍ കോളജില്‍ നിന്ന് അധ്യാപകരുള്‍പ്പെടെ 140 പേര്‍. കോളജില്‍ തിരിച്ചെത്തി അന്വേഷിച്ചപ്പോള്‍ പുതിയ തലമുറയുടെ നന്മ വെളിവാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കിട്ടി. 1800 വിദ്യാര്‍ഥികളില്‍ കുറഞ്ഞത് 400 പേരെങ്കിലും ഏതെങ്കിലും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് മറ്റുള്ളവര്‍ക്കുവേണ്ടി അധ്വാനിച്ചപ്പോള്‍ ലഭിച്ച ആത്മസംതൃപ്തിയുടെ അനുഭവങ്ങള്‍.

ഇത് കുട്ടിക്കാനത്തെ മരിയന്‍ ഓട്ടോണമസ് കോളജിന്റെ മാത്രം കാര്യമല്ലെന്നത് തീര്‍ച്ച. കൈയും മെയ്യും മറന്ന്, പതിനായിരക്കണക്കിന് യുവജനങ്ങള്‍ നല്ലത് ചെയ്യാന്‍ ഈ ദിനങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. യുവജനങ്ങളുടെ നന്മയ്ക്കായുള്ള ദാഹവും, തങ്ങളുടെ കഴിവുകളും, സാധ്യതകളും മറ്റുള്ളവര്‍ക്കായി മടിയില്ലാതെ സമര്‍പ്പിക്കാനുള്ള മനസ്സും നാം ശ്രദ്ധിച്ചേ തീരൂ.

ഇതൊരു സാധ്യതയാണ്. അനേകരുടെ ജീവിതങ്ങളെ, നല്ലതിന്റെ വഴിയില്‍ സ്വാധീനിച്ചേക്കാവുന്ന, യുവജന ശുശ്രൂഷാ രംഗത്തുള്ളവര്‍ തീര്‍ച്ചയായും പ്രയോജനപ്പെടുത്തേണ്ട വലിയൊരു സാധ്യത. ഇത് തുടരണം, ‘നല്ല അയല്ക്കാരന്‍’ തുടരണം.