ജീസസ് യൂത്ത് ഇന്റര്‍നാഷണലിന്റെ മുന്‍ കോ-ഓര്‍ഡിനേറ്ററും കോതമംഗലം രൂപതയുടെ പി.ആര്‍.ഒ.യും അറിയപ്പെടുന്ന പ്രഭാഷകനും സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമാണ് അഡ്വ.റൈജു വര്‍ഗീസ്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ നാനാജാതി മതസ്ഥരായ നാട്ടുകാരുടെയും രാഷ്ട്രീയ-സഭാനേതൃത്വങ്ങളുടെയും ശ്രദ്ധനേടിയെടുത്ത ജീസസ് യൂത്ത് ‘നല്ല അയല്‍ക്കാരന്‍’ പ്രൊജക്ടിന്റെ പ്രചോദനകേന്ദ്രവും മുന്‍നിരസാന്നിധ്യവുമായിരുന്നു ഇദ്ദേഹം. സെപ്തംബര്‍ 18 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്കാണ് പല മീറ്റിംഗുകള്‍ക്കായി തിരുവനന്തപുരത്തേക്കു പോകുന്ന റൈജു വര്‍ഗീസിന്റെ കാറില്‍ ഞാന്‍ കോട്ടയത്തുനിന്നും കയറിയത്. പിറ്റേന്ന് പുലര്‍ച്ചെ 3:30-ന് ഏറ്റുമാനൂരില്‍ ഇറങ്ങുന്നിതിനിടയില്‍ ‘നല്ല അയല്‍ക്കാരനില്‍’ തുടങ്ങി സ്വന്തം ജീവിതവീക്ഷണങ്ങള്‍, അനുഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ദീര്‍ഘമായി റൈജു സംസാരിച്ചു. അതിലെ പ്രസക്തഭാഗങ്ങള്‍:

നല്ല അയല്‍ക്കാരനിലേക്ക്എത്തുന്നത് എങ്ങനെയാണ്?

ആദ്യഘട്ട വെള്ളപ്പൊക്കം മുതല്‍ എന്റെ മനസ്സില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു തോന്നി. അതിനാല്‍ വെള്ളപ്പൊക്കത്തിന്റെ ആരംഭത്തില്‍ തോന്നിയ ചില ചിന്തകള്‍ അന്നത്തെ ഒരു മീറ്റിംഗില്‍ ഒപ്പമുണ്ടായിരുന്നവരോട് പങ്കുവയ്ക്കുകയും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി തൊട്ടടുത്ത ദിവസംതന്നെ കേരളത്തിലെ ഏതാനും പ്രധാന ലീഡേഴ്‌സിനെ ഒരുമിച്ചുകൂട്ടുകയും ചെയ്തു. ബാക്കിയെല്ലാം ‘നല്ല അയല്‍ക്കാരന്‍’ രചിച്ച ചരിത്രമാണ്. ജീസസ് യൂത്തിലെ തുടക്കങ്ങളെല്ലാം വ്യക്തികള്‍ക്ക് ആത്മാവ് നല്‍കുന്ന പ്രചോദനങ്ങളോടുള്ള മുന്നേറ്റത്തിന്റെ മുഴുവന്‍ പ്രത്യുത്തരത്തില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. ‘നല്ല അയല്‍ക്കാരന്റെ’ തുടക്കത്തിന് ഞാന്‍ അത്തരത്തില്‍ ഒരു ഉപകരണമായെന്നു മാത്രം. ജീസസ് യൂത്ത് കേരളാ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് എം.കെ, ബേര്‍ളി ഏണസ്റ്റ്,ഇ.എക്‌സ്. ജെയിംസ്, ബാബു ജോണ്‍, സാബു ജോസഫ്, സിന്‍ജോ പി.കെ, ജോഷി മാത്യു, ലിയോ തദേവൂസ്, പ്രെയ്‌സ് കുര്യാക്കോസ്, ഗിനിസ് ഫ്രാന്‍ സിസ്, ജിന്‍സ് ജോസഫ് എന്നിങ്ങനെ നിരവധിപേര്‍ തുടക്കംമുതലേ കൂടെയുണ്ടായിരുന്നു. കേരളമെമ്പാടുമുള്ള ജീസസ് യൂത്ത് അംഗങ്ങളുടെയും സോണല്‍ ടീം നേതൃത്വങ്ങളുടെയും ഐക്യവും സഹകരണവുമാണ് നല്ല അയല്‍ക്കാരന്റെ പ്രവര്‍ത്തനമികവിനു പിന്നിലുള്ളത്. ചങ്ങനാശ്ശേരി ജീസസ് യൂത്ത് കുട്ടനാട്ടിലും പത്തനംതിട്ടയിലും നടത്തിയ ഇടപെടലുകള്‍ വളരെ ശ്രദ്ധേയമാണ്.

ഇത്രമാത്രം വെല്ലുവിളികള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാനും നിസ്വാര്‍ഥമായി പ്രതിബദ്ധതയോടെ നിലകൊള്ളാനും സാധിക്കുന്ന വിധത്തില്‍ രൂപപ്പെട്ടത് എങ്ങനെയാണ്?

നാടിന്റെ നന്മകളും കുടുംബ പശ്ചാത്തലവും ഈ കാര്യത്തില്‍ സഹായിച്ചിട്ടുണ്ട്. പപ്പ മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ നിരന്തരം ഇടപെടുന്ന ഒരാളാണ്.പരസ്പരം സഹായിച്ച് ഒരുമിച്ചു ഐക്യത്തോടെ പുലരുന്ന നാടും നാട്ടുകാരുമാണ് എന്റേത്. എന്നാല്‍ തികച്ചും പ്രതിബദ്ധത നിറഞ്ഞ ശൈലിയിലേയ്ക്ക് ഞാന്‍ രൂപപ്പെട്ടത് ജീസസ് യൂത്തില്‍ നിന്നു ലഭിച്ച പരിശീലനത്തിലൂടെയാണ്. ക്യാമ്പസ് പ്രവര്‍ത്തനങ്ങളിലൂടെയാണ് ഞാന്‍ വളര്‍ന്നതെങ്കിലും ഔട്ട്‌റീച്ച് മിനിസ്ട്രിയിലൂടെ ലഭിച്ച കരുത്താണ് കൂടുതല്‍ പക്വതയേ
കിയത്. പുതുവൈപ്പിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയിലും എറണാകുളത്ത് ഉദയാ കോളനിയിലും വടക്കാഞ്ചേരി കുഷ്ഠരോഗ കോളനിയിലും അടിമാലിയിലെ ആദിവാസിക്കുടിയിലും നടന്ന വിവിധ ക്യാമ്പുകളിലൂടെ ലഭിച്ച അനുഭവങ്ങള്‍ എന്നെ കൂടുതല്‍ വളര്‍ത്തി. റവ.ഫാ.ജോര്‍ജ്ജ് കുറ്റിക്കലച്ചന്റെ ആകാശപ്പറവകളുടെ തെരുവു ധ്യാനത്തിലും സഹായിക്കാന്‍ ഇടവന്നിട്ടുണ്ട്. അക്കാലത്ത് പങ്കെടുത്ത സീനിയര്‍ ഇവാഞ്ചലൈസേഴ്‌സ് ട്രെയിനേഴ്‌സ് ട്രെയിനിങ്ങ് (SETT) നല്‍കിയ ഉള്‍ക്കാഴ്ചകളും പ്രധാനമാണ്. ഇതെല്ലാമാണ് കര്‍ത്താവായ യേശുവിനെ അനുഭവിക്കാനും ഒരിക്കലും മടുക്കാതെ അവനോടു ചേര്‍ന്നുനിന്നു വളരാനുമുള്ള ബോധ്യങ്ങള്‍ എന്നിലുറപ്പിച്ചത്. പാവങ്ങളുടെയും ആവശ്യക്കാരുടെയും പക്ഷം ചേരുന്നതിലൂടെയാണ് ഇതു സാധിക്കേണ്ടതെന്ന തിരിച്ചറിവ് ലഭിച്ചു. ആവശ്യക്കാരെ അകമഴിഞ്ഞു സഹായിക്കാനും അവര്‍ക്കുവേണ്ടി എവിടെ കൈ നീട്ടാനും യാതൊരു മടിയുമില്ലാത്ത മുതിര്‍ന്ന ജീസസ് യൂത്ത് ലീഡേഴ്‌സിനെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. റവ.ഫാ.എബ്രഹാം പള്ളിവാതുക്കല്‍, ഡോ. എഡ്വേര്‍ഡ് എടേഴത്ത്,പ്രൊഫ. സി.സി. ആലീസുകുട്ടി, ബേബി ചാക്കോ, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, മനോജ് സണ്ണി,പ്രൊഫ. വി.എം.ജോര്‍ജ്, സി. ആലീസ് പ്രസന്ന,ഇ.എക്‌സ്.ജെയിംസ് എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്ത നിരവധി വ്യക്തികളുടെ സ്വാധീനവും പ്രോത്സാഹനവും എന്റെ രൂപപ്പെടലിനു പിന്നിലുണ്ട്.

തിരക്കുകള്‍ക്കിടയില്‍ വീട്ടിലെ ഉത്തരവാദിത്വങ്ങളും മറ്റു കാര്യങ്ങളും എങ്ങനെയാണ് ക്രമീകരിക്കുന്നത്?

ദൈവകൃപ ഒന്നു മാത്രമാണ് എന്നെ അതിനു സഹായിക്കുന്നത്. കാരണം ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അനവധിപേരെ അവിടന്ന് എനിക്കു കൂട്ടിച്ചേര്‍ത്തു തരാറുണ്ട്. കുടുംബത്തിനുള്ളിലും അതങ്ങനെതന്നെയാണ്. വളരെ മുമ്പ് മുതല്‍ ഞാന്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളുടെയും നന്മകള്‍ മനസ്സിലാക്കി കൂടെ നിന്നവരാണ് അപ്പനും അമ്മയും. ഇന്ന് ജീവിതപങ്കാളിയായ ദീപയും മൂന്നു മക്കളും ഇതേ രീതിയില്‍ പിന്തുണ നല്കുന്നുണ്ട്. 2013 ഓഗസ്റ്റ് 21-ന് അമ്മ മരിച്ചതുമുതല്‍ ആ സ്ഥാനംകൂടി ഏറ്റെടുത്ത് എന്റെയും പപ്പയുടെയും കുട്ടികളുടെയും എല്ലാ കാര്യങ്ങളും അവള്‍ സ്‌നേഹപൂര്‍വം പരാതികളില്ലാതെ നിറവേറ്റുന്നു. വിവാഹദിവസത്തെ ഒരു സംഭവം ഓര്‍മയിലുണ്ട്; ദീപയുടെ പക്ഷത്തുനിന്നുമെത്തിയ വിരുന്നുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്റെ വീട്ടിലുള്ളപ്പോള്‍ കല്യാണവേഷത്തിന്റെ കോട്ടു മാത്രം ഊരിമാറ്റിനാട്ടിലെ ഒരു ശവസംസ്‌കാരച്ചടങ്ങിനു പോയ അനുഭവമാണത്. എല്ലാവരോടും വിവരം പറഞ്ഞ് ഒരുമിച്ച് പ്രാര്‍ഥിച്ചശേഷം ഞാന്‍ മാത്രം ഇറങ്ങി! വിവാഹാലോചനയുടെ തുടക്കത്തില്‍ത്തന്നെ എന്റെ പ്രതിബദ്ധതകളെക്കുറിച്ച് ദീപയോട് സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു സംഭവം മറക്കാനാവാത്ത താണ്. കേരളമെമ്പാടുമുള്ള പ്രളയസംബന്ധിയായ യാത്രകളും മീറ്റിംഗുകളുംമൂലം ആഗസ്റ്റ് 11 മുതല്‍ സെപ്റ്റമ്പര്‍ 17 വരെയുള്ള രാത്രികളില്‍ കഷ്ടിച്ച് മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രമേ ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഏഞ്ചലീന, ക്ലാര, ഫ്രാന്‍സിസ് എന്നിങ്ങനെ മൂന്നു മക്കളാണെനിക്ക്. സ്‌കൂള്‍ തുറവിക്കുശേഷം രണ്ടാമത്തെ മകള്‍ ക്ലാസ്സിലെത്തിയപ്പോള്‍ ഒരുകുട്ടി യൂണിഫോമിടാതെ പല ദിവസങ്ങളിലും ഒരേ ഉടുപ്പുതന്നെ ഇടുന്നത് ശ്രദ്ധയില്‍ പ്പെട്ടു. ചോദിച്ചപ്പോഴാണ് വീട്ടില്‍ വെള്ളം കയറിയതിന്റെ ഫലമായി അവള്‍ക്ക് ഒരു ഉടുപ്പേയുള്ളൂ എന്നറിയുന്നത്. അന്ന് ആ കുട്ടിയുടെ ഡ്രസ്സിന്റെ സൈസ് കൂടി ചോദിച്ചു മനസ്സിലാക്കിയിട്ടാണ് ക്ലാര വീട്ടില്‍ വന്നത്. അച്ച വരണമെന്നും ആ കുട്ടിക്ക് ഉടുപ്പു വാങ്ങിത്തരണമെന്നും അവള്‍ ആവശ്യപ്പെട്ടു. നിര്‍ബന്ധംമൂലം തിരക്കിനിടയിലും ഒരു ദിവസം കാലത്ത് ദീപയും ഞാനും ക്ലാരയ്‌ക്കൊപ്പം പോയി ഉടുപ്പുവാങ്ങുകയും സ്‌കൂളില്‍ ചെന്ന് അവളുടെ കൂട്ടുകാരിക്ക് കൊടുക്കുകയും ചെയ്തു. വൈകിട്ട് നന്ദി പറയാനായി ആ കുട്ടിയുടെ അമ്മ ഭാര്യയെ വിളിച്ചപ്പോഴാണ് അവര്‍ക്കുണ്ടായ ദുരിതങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനിടയായത്. അപ്പോള്‍ അവര്‍ക്ക് കുറേ സാധനങ്ങള്‍കൂടി വാങ്ങിക്കൊടുക്കണമെന്നായി ക്ലാര. എന്തായാലും ഞാനും ദീപയും പിറ്റേന്ന് മകള്‍ക്കൊപ്പം ആ വീട്ടില്‍ എത്താനിടയായതോര്‍ക്കുമ്പോള്‍ എനിക്ക് ഏറെ സന്തോഷം തോന്നുന്നു. മൂത്ത മകള്‍ ഏഞ്ചലീനയും ആറു വയസ്സുകാരന്‍ പ്രാഞ്ചിയുമെല്ലാം ഇതേ വഴിയില്‍ തന്നെയാണ് നടക്കുന്നത്. നമ്മുടെ പ്രവൃത്തികള്‍ മക്കളിലും കൂടി പ്രതിഫലിക്കുന്ന കാഴ്ച ആനന്ദകരമാണ്. അവര്‍ ഭാവിയില്‍ എന്തുചെയ്യുമെന്ന് അറിയില്ലെങ്കിലും എനിക്ക് ഇപ്പോള്‍ വളരെ സംതൃപ്തിയാണുള്ളത്.

സാമൂഹ്യ-രാഷ്ട്രീയ-സഭാരംഗത്തെ മറ്റ് അനുഭവങ്ങള്‍ എന്തൊക്കെയാണ്?

സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍പു തന്നെ ഉണ്ടായിരുന്നെങ്കിലും ജീസസ് യൂത്ത് പരിശീലനങ്ങള്‍ കൂടി ലഭിച്ചതോടെയാണ് എന്റെ വ്യക്തിപരമായ ഒരു വിളിയായി ഇതിനെ തിരിച്ചറിയാന്‍ സാധിച്ചതെന്നു പറഞ്ഞല്ലോ. ലോ കോളേജ് പഠനകാലത്ത് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കു കടന്നു വരാനുള്ള ക്ഷണവും പ്രേരണയുമുണ്ടായിരുന്നു. പക്ഷേ, കാമ്പസ് മിനിസ്ട്രിയും പ്രാര്‍ഥനാ ഗ്രൂപ്പുമൊക്കെ പ്രധാന മുന്‍ഗണനകളായിരുന്നതിനാല്‍ മറ്റു വേദികളില്‍നിന്ന് പിന്‍വാങ്ങുകയാണുണ്ടായത്. നാട്ടിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായി വ്യക്തിപരമായും കക്ഷിഭേദമില്ലാതെയും അടുപ്പം സൂക്ഷിക്കാറുണ്ട്. കോര്‍പറേറ്റ് ബാങ്ക് ബോര്‍ഡ് മെമ്പറായി സേവനം ചെയ്യാന്‍ കഴിഞ്ഞത് സന്തോഷകരമായ ഒരനുഭവമായിരുന്നു. ക്ലബ്ബുകളുടെ ആഘോഷ പരിപാടികളിലും മറ്റു പൊതുകാര്യപ്രസക്തമായ എല്ലാരംഗങ്ങളിലും ഇടപെടാന്‍ ശ്രമിക്കാറുണ്ട്. റവ. ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ രൂപതാ ഡയറക്ടറായിരുന്ന കാലത്ത് കോതമംഗലത്തെ കെ.സി.വൈ.എം. പ്രസ്ഥാനത്തില്‍ ഞാന്‍ സജീവമായിരുന്നു. അന്നത്തെ അനുഭവങ്ങള്‍ പൊതുപ്രവര്‍ത്തന മേഖലയില്‍ ഏറെ സഹായിച്ചിട്ടുണ്ട്. കുറേ വര്‍ഷങ്ങളായി രൂപതയുടെ പി.ആര്‍.ഒ. എന്ന നിലയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതും പൊതുരംഗത്തോടുള്ള പ്രതിബദ്ധതയാണ്. പരമാവധി നന്മ വളര്‍ത്താനും സാമൂഹികമായ ഇരുട്ടകറ്റാനും കഴിയാവുന്നതൊക്കെ കാര്യക്ഷമതയോടെ ചെയ്യാനാണ് ഞാന്‍ പരിശ്രമിക്കുന്നത്.

പ്രളയക്കെടുതികളെയും പുനരധിവാസ പ്രവര്‍ത്തനങ്ങളെയും വളരെ അടുത്തുനിന്നുകാണുന്ന ഒരാള്‍ എന്ന നിലയില്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുന്നു?

ഞാന്‍ ഉള്‍പ്പെടുന്ന സഭാംഗങ്ങളായ വ്യക്തികളുടെ ചില കുറവുകള്‍ മൂലം സഭയുടെ മുഖത്ത് കളങ്കമേല്‍ക്കുന്ന നാളുകളാണിത്. എങ്കിലും പ്രളയബാധിത പ്രദേശങ്ങളില്‍ സഭ ചെയ്യുന്ന ഒട്ടനവധി കാര്യങ്ങളെ ആര്‍ക്കും മറക്കാനോ പകരം വയ്ക്കാനോ കഴിയില്ല. മത-സമുദായ-രാഷ്ട്രീയ ഭേദങ്ങളില്ലാതെ എല്ലാവരോടും കൈകോര്‍ത്തുനിന്ന് രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസ പദ്ധതികളിലും സജീവഭാഗധേയത്വം വഹിക്കാന്‍ സഭയ്ക്കു കഴിഞ്ഞു. ഓരോ പ്രദേശങ്ങളിലായി വിവിധ രൂപതകളുടെയും ഇടവകകളുടെയും നേതൃത്വത്തില്‍ സമുദായ സങ്കുചിത പ്രവണതകളില്ലാതെ സകല പ്രദേശവാസികള്‍ക്കും സഹായമെത്തിക്കാന്‍ സഭ ശ്രദ്ധിച്ചിട്ടുണ്ട്. കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍പോലും ചങ്ങനാശ്ശേരി അതിരൂപതയുടെ ഔദ്യോഗിക സഭാസംവിധാനങ്ങളും അല്മായ സംഘടനകളും ചെയ്യുന്ന നിരവധി കാര്യങ്ങള്‍ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നു. ഗവണ്‍മെന്റ് ഉള്‍പ്പെടെ മറ്റ് ഏജന്‍സികളോടു കൈകോര്‍ത്ത് ചിലയിടങ്ങളില്‍ അദൃശ്യമായി നിന്നും സഭ അവിശ്രാന്തം പ്രവര്‍ത്തിക്കുന്നുണ്ട്.

യുവതലമുറയോട് എന്താണ് പറയാനുള്ളത്?

പ്രളയകാല സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് നന്മയുടെ ഒരു വിപ്ലവമാണ്. വര്‍ഗീയ-രാഷ്ട്രീയ കൊലപാതകങ്ങളും ധനിക-ദരിദ്രവ്യത്യാസങ്ങളും മറന്ന് ക്യാമ്പുകളില്‍ ഒരു കൂരയ്ക്കു കീഴില്‍ ആളുകള്‍ ഓടിക്കൂടി. ഈ സാഹോദര്യത്തിന്റെയും നന്മയുടെയും വക്താക്കളായി ജീവിക്കാന്‍ നമുക്ക് കടമയുണ്ട്. ആളുകളുടെ ഉള്ളില്‍ എത്ര നന്മയുണ്ടെങ്കിലും ആദ്യ ചുവടുവയ്ക്കാന്‍ പലപ്പോഴും ആരുമില്ലാതെ പോകുന്നു. നല്ല നേതൃത്വങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. അര്‍ഹിക്കുന്നവരില്‍ സഹായമെത്തിക്കാന്‍ വിശ്വാസ്യതയുള്ള എന്‍.ജി.ഒ.കള്‍, ട്രസ്റ്റുകള്‍, ക്ലബ്ബുകള്‍ ഇവയും ആവശ്യമാണ്.’നല്ല അയല്‍ക്കാരന്‍’ പ്രോജക്ടിലുള്ള വിശ്വാസംകൊണ്ട് ധാരാളം പേര്‍ നമ്മിലൂടെ സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്. സ്വന്തം ആവശ്യങ്ങളെ പരിമിതപ്പെടുത്തുകയും ഉപഭോഗം കുറയ്ക്കുകയും വേണമെന്ന പാഠവും ഗൗരവമായി എടുക്കേണ്ടതാണ്. പ്രളയം കഴിഞ്ഞു വീടുകളില്‍ തിരികെ കയറിയ എന്റെ ബന്ധുക്കളില്‍ പലരും കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. പാത്രം കഴുകാന്‍ പോലും ഒരു തുള്ളി കിട്ടാനില്ല; എങ്ങും മലിനജലം മാത്രം. ആ അനുഭവം കേട്ടതില്‍ പിന്നെ ഞാന്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ കുളിക്കാന്‍ ശീലിച്ചു. ഒരു മഗ്ഗ് വെള്ളമെങ്കിലും പതിവായി മിച്ചം വരാറുണ്ടെന്നതാണ് സത്യം!

ഉപേക്ഷയെന്ന പാപത്തെക്കുറിച്ചുള്ള അവബോധമാണ് മറ്റൊന്ന്. ചെയ്യാവുന്ന നന്മകള്‍ കൈവിട്ടു കളയരുത്.അര്‍ഹതയുള്ളവരില്‍ നിന്ന് മുഖം തിരിക്കരുത്. വീട്ടിലെ അലമാരകളിലുള്ള ഉപയോഗിക്കാത്ത വസ്ത്രങ്ങളും പാത്രങ്ങളും ആവശ്യക്കാരിലെത്തിക്കാന്‍ കഴിയണം. സൗഹൃദക്കൂട്ടങ്ങളെ നന്മയ്ക്കായി പരിണമിപ്പിക്കണം. ജീസസ് യൂത്ത് മറ്റൊന്നുകൂടി പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ട്. വ്യക്തിപരമായ എന്തെങ്കിലും കാര്യലാഭത്തിനല്ല സേവനം ചെയ്യേണ്ടത്. ക്രിസ്തുവിനെ പ്രതിയാവണം നമ്മുടെ പ്രവൃത്തികള്‍. ആവശ്യക്കാരില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയണം. തടവുകാരനിലും രോഗിയിലും വിശക്കുന്നവനിലും നഗ്നനിലുമെല്ലാം അവിടത്തെ തിരുമുഖം കണ്ടു സഹായിക്കാന്‍ സാധിക്കട്ടെ. ആവശ്യക്കാരനായി മുമ്പില്‍ വരുന്നവന് മതിയാവോളം കൊടുക്കേണ്ടതുണ്ട്.

റൂമിലെത്തിയശേഷം പുലര്‍ച്ചെ അഞ്ചേകാലിന് വിളിക്കുമ്പോഴും റൈജു വര്‍ഗീസ് മൂവാറ്റുപുഴ എത്തിയതേയുള്ളൂ. കണ്ണുതിരുമ്മി വണ്ടിയോടിച്ച് ആറുമണി കഴിഞ്ഞേ വീട്ടിലെത്തി തലചായ്ക്കാന്‍ വഴിയുള്ളൂ.കാലത്ത് ഒമ്പതു മണിക്കെങ്കിലും അടുത്തയാത്ര ആരംഭിച്ചിട്ടുമുണ്ടാകും. രാവിലെ പത്തുമണിക്ക് ആരെയോ നേരില്‍ക്കാണാമെന്ന് തലേന്ന് ഫോണിലൂടെ ഉറപ്പുകൊടുക്കുന്നത് കേട്ടിരുന്നു! ഈ ‘നല്ല അയല്‍ക്കാരന്‍’ തന്റെ ദൗത്യനിര്‍വഹണത്തിനായുള്ളസഞ്ചാരം തുടരുകയാണ്.

ലേഖകന്‍ ജീസസ് യൂത്ത് കേരളാ ടീമിന്റെ മുന്‍ കോ-ഓര്‍ഡിനേറ്ററും, ആലപ്പുഴ മുട്ടാര്‍ സെ. ജോര്‍ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനും,മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനുമാണ്.
jobysmile@gmail.com