പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. ”വെറും ആഗ്രഹം മാത്രം” ഈ ആഗ്രഹത്തിനു പുറകില്‍ ഒരു സൂപ്പര്‍ ദുരാഗ്രഹവും ഉണ്ടായിരുന്നു. കണക്ക് പരീക്ഷയായിരുന്നു അന്തകാലഘട്ടത്തിലെ വില്ലന്‍ (കാലം പോകുംതോറും വില്ലന്മാര്‍ മാറിക്കൊണ്ടിരിക്കും). കണക്ക് പരീക്ഷയില്‍ എട്ടു നിലയില്‍ പൊട്ടും എന്നുറപ്പുള്ളതുകൊണ്ട് എങ്ങനെങ്കിലും പള്ളിയില്‍ പോയി പ്രാര്‍ഥിച്ച് കര്‍ത്താവിനെക്കൊണ്ട് പരീക്ഷ പാസ്സാക്കി എടുക്കണം, ഇതാണ് ആ ദുരാഗ്രഹം. ഈ പാവപ്പെട്ട ദുരാഗ്രഹത്തിനുപോലും അഞ്ചുദിവസത്തിനപ്പുറത്തേക്ക് മുടങ്ങാതെ വി.കുര്‍ബാനക്ക് കൊണ്ടുപോകാനായില്ല എന്നതാണ് യാഥാര്‍ഥ്യം. വി.കുമ്പസാരം മാസത്തിലൊരിക്കല്‍ മുറപോലെ പേടിച്ചും വിറച്ചും, അറിയുന്ന വൈദികരാണെങ്കില്‍ മുങ്ങി നടന്നും എങ്ങനെയെങ്കിലും ആ കടത്തൊന്ന് കടക്കുന്നതായിരുന്നു സ്‌കൂള്‍ കാലഘട്ടം.

യൗവനത്തിലേക്ക് ചുവടുവച്ച് തുടങ്ങിയപ്പോഴാണ് ഈശോയുടെ സ്‌നേഹവും കരുതലുമെല്ലാം കുടുംബത്തിലൂടെയും ജീസസ് യൂത്ത് മൂവ്‌മെന്റിലൂടെയും സുഹൃത്തുക്കളിലൂടെയുമൊക്കെ തിരിച്ചറിയാന്‍ തുടങ്ങിയത്.

മധുരപ്പതിനേഴിന്റെ അവസാനങ്ങളിലാണ് ഈശോയോട് ഒരു കുഞ്ഞു സ്‌നേഹംതോന്നി രാവിലെ വി.കുര്‍ബാനയ്ക്ക് പോയത്. പിന്നീടുള്ള ദിവസങ്ങളില്‍ അലസതയോടും ഉറക്കച്ചടവിനോടും ക്ഷീണത്തിനോടും സ്വാര്‍ഥതയോടുമൊക്കെ പടവെട്ടി കുര്‍ബാനയ്ക്ക് പോകുന്നത് തുടര്‍ന്നു. മനുഷ്യന്റെ വീഴ്ചകളിലും ഇത്രമാത്രം സ്‌നേഹിച്ചത് ക്രിസ്തു മാത്രമായത് കൊണ്ടുതന്നെ ഇടറിപ്പോയപ്പോഴെല്ലാം ക്രിസ്തു ഇരിക്കുന്ന കൂട്ടിലേക്ക് ഓടിച്ചെല്ലാറുണ്ട്. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും അതിജീവനത്തിന്റെ വഴിവെട്ടി തന്നത് എന്നെ സംബന്ധിച്ച് വി.കുര്‍ബാനയും വി.കുമ്പസാരവുമാണ്.

പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍ 2 ആഴ്ച ഇടവിട്ടുള്ള കുമ്പസാരങ്ങളും 10 വര്‍ഷങ്ങള്‍ക്കുമീതെ തുടര്‍ന്നുകൊണ്ട് പോകുന്ന അനുദിന വി.ബലിയര്‍പ്പണവും പ്രസാദകരാവസ്ഥ വീണ്ടെടുക്കാന്‍ ദിവസങ്ങള്‍ ഇടവിട്ടുള്ള കുമ്പസാരവും ഈശോയുടെ കരുണയില്‍ കൂടുതല്‍ ആശ്രയിക്കാന്‍ എന്നെ പഠിപ്പിക്കുന്നുണ്ടായിരുന്നു. സന്തോഷത്തിന്റെ ഉച്ചസ്ഥായിയില്‍ നില്ക്കുമ്പോഴും സങ്കടങ്ങളുടെയും സഹനങ്ങളുടെയും തിരസ്‌ക്കരണങ്ങളുടെയും ആഴത്തിലോട്ട് വലിച്ചെറിയപ്പെടുന്നു എന്ന് തോന്നിപ്പോകുമ്പോഴെല്ലാം ഈ രണ്ടു കൂദാശകള്‍ ജീവിതത്തെ വല്ലാതെ ബലപ്പെടുത്തിയിട്ടുണ്ട്, ധൈര്യപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിന്റെ മേഖലകളില്‍ ചോദ്യം ചെയ്യപ്പെടുന്ന സമയങ്ങളിലും ഒറ്റയ്ക്ക് ജീവിതത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടണ്ടി വരുമ്പോഴുമെല്ലാം ഈശോയുടെ കരുണ വി.ബലിയിലൂടെയും വി.കുമ്പസാരത്തിലൂടെയും ഒത്തിരി ആശ്വസിപ്പിച്ചിട്ടുണ്ട്. എന്റെ നട്ടെല്ല് നിവര്‍ത്തി നിര്‍ത്തിയിട്ടുണ്ട്.

മേല്‍പറഞ്ഞതുപോലെ ഈശോയുടെ കാരുണ്യത്തിലേയ്ക്ക് ഞാന്‍ എന്നും തിരിഞ്ഞു നടക്കാറുണ്ട് എന്ന് ആത്മാഭിമാനത്തോടെ എഴുതുന്നുണ്ടെങ്കിലും എന്റെ മനസ്സ് അല്പം എന്നെ ഭാരപ്പെടുത്തുന്നുണ്ട്. കാരണം, അധികം ലഭിച്ചവനില്‍ നിന്ന് കര്‍ത്താവ് അധികം പ്രതീക്ഷിക്കുന്നു. അതില്‍ എത്രത്തോളം നീതിപുലര്‍ത്താന്‍ സാധിച്ചു എന്നത് എനിക്ക് അറിഞ്ഞുകൂടാ. ”ഹൃദയം കാണുന്നവന്‍ എന്റെ ഹൃദയത്തെ അളക്കട്ടെ”. ഉപാധികളില്ലാതെ ക്രിസ്തു ഇന്നും നമ്മെ സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളം തന്നെയാണ് വി.കുര്‍ബാനയും വി.കുമ്പസാരവും. ബോബി അച്ചന്റെ വാക്കുകള്‍ കടമെടുത്ത് എഴുതട്ടെ: ‘നിന്റെ മിഴികളില്‍ നോക്കി
നില്‍ക്കാനുള്ള കൃപയാണ് വിശുദ്ധി എന്ന് ഞാന്‍ അറിയുന്നു; ഒപ്പം എനിക്കതിനാവില്ല എന്നും. എന്നിട്ടും ഞാന്‍ സ്വപ്നം കാണാന്‍ ധൈര്യപ്പെടുന്നു, വീണും ഇടറിയുമൊക്കെ ഞാന്‍ പടവുകള്‍ ചവിട്ടി നിന്റെ മലമുകളിലേക്കെത്തുമെന്ന്’.

ഇടറുമ്പോഴും തളരുമ്പോഴും വിശുദ്ധിയിലും വിശ്വാസത്തിലും നിലനില്‍ക്കാനും അതില്‍ അഭിവൃദ്ധിപ്പെടാനും അനുദിന വി.ബലിയും കൂടെക്കൂടെയുള്ള കുമ്പസാരങ്ങളും നമ്മെ ബലപ്പെടുത്തും; തീര്‍ച്ച! അധികം ലഭിച്ചവനോട് അധികം ചോദിക്കും എന്നുള്ള ഒരു അങ്കലാപ്പ് ഉള്ളിലുണ്ടെങ്കിലും, അവിടത്തെ കാരുണ്യം അതിനേക്കാള്‍ വലുതാണല്ലൊ എന്നതില്‍ മനസ്സ് ആശ്വസിക്കപ്പെടുന്നുണ്ട്!!!

ജീവിതവിശുദ്ധിയിലും വിശ്വാസത്തിലും വളരാന്‍ സ്‌നേഹത്തില്‍ ഇനിയും വി.കുര്‍ബാനയും വി.കുമ്പസാരവും ഇനിയും നമ്മെ ശക്തിപ്പെടുത്തട്ടെ. പ്രത്യാശയോടെ മുന്നേറാം.. ആമ്മേന്‍.

     

രഹന ഫ്രാന്‍സീസ്