ചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത ദുരന്തനാളുകളില്‍ക്കൂടി കേരളക്കര കടന്നുപോയപ്പോഴും പ്രതീക്ഷയും പ്രത്യാശയും പകരുന്ന അനേകം വാര്‍ത്തകള്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. അനേകായിരങ്ങളാണ് സ്വന്തം സുഖസൗകര്യങ്ങള്‍ മാറ്റിവച്ച് മറ്റുള്ളവരുടെ ദുരിതമകറ്റാനായി രംഗത്തിറങ്ങിയത്.

ശ്രദ്ധയില്‍പെട്ട ചില കുറിപ്പുകള്‍ പകര്‍ത്തട്ടെ, മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭീകര പ്രളയത്തില്‍ക്കൂടി കടന്നുപോയ ഒരു ചെന്നൈക്കാരന്റെ വാക്കുകള്‍: ”മഴ തുടങ്ങിയപ്പോള്‍ നിങ്ങളുംസന്തോഷിച്ചിട്ടുണ്ടാകാം. വെള്ളത്തിന്റെ അളവ് കൂടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അത് പരിധി വിടുന്നതുവരെ ഞങ്ങളെപ്പോലെതന്നെ. അതിനുശേഷമാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം.

അതിനുശേഷം തുടര്‍ച്ചയായി ചെന്നൈ നഗരത്തെ മഴ വിഴുങ്ങിയപ്പോള്‍ ഞങ്ങള്‍ മരവിച്ചുപോയി. സഹായത്തിനായി അലമുറയിട്ടു, നെഞ്ചത്തടിച്ചു. അന്ന് നിങ്ങളും ഞങ്ങള്‍ക്കായി സഹായമേകി. എന്നാല്‍ നിങ്ങള്‍ മലയാളികളോ, മൂന്നുമാസമായി തുടരുന്ന മഴയെത്തുടര്‍ന്ന് വരുന്ന ദുരന്തം നിങ്ങള്‍ മുന്നില്‍ക്കണ്ടു. പരസ്പരം ട്രാളിയും, തമാശിച്ചും സമയം കളഞ്ഞിരുന്ന ഫേസ് ബുക്കും വാട്‌സാപ്പും നിങ്ങള്‍ നിങ്ങളുടെ കണ്‍ട്രോള്‍ റൂമുകളും ഇന്‍ഫര്‍മേഷന്‍ സെന്ററുകളുമാക്കി. നിങ്ങള്‍
ആര്‍ക്കുവേണ്ടിയും കാത്തു നിന്നില്ല. അയല്‍ക്കാരോ, കേന്ദ്രമോ വരുന്നതുവരെ അടങ്ങിയിരുന്നതുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കൂടെയുള്ളവരെ രക്ഷപെടുത്താന്‍, സഹായിക്കാന്‍, അതിനുവേണ്ടി നിങ്ങളുടെ സഹോദരങ്ങള്‍ വിദേശത്തുപോലും ഉറക്കമിളച്ചു.

നിങ്ങള്‍, നിങ്ങള്‍ക്കിടയില്‍ത്തന്നെ പരിഹാരങ്ങള്‍ തേടുകയായിരുന്നു. നിങ്ങള്‍ക്ക് എങ്ങനെ ഇത് സാധിക്കുന്നു. ഏത് ദുരന്തം വന്നാലും സംഘടിതമായി പ്രതിരോധിക്കാന്‍ നിങ്ങള്‍ എവിടന്ന് പഠിച്ചു. നിങ്ങള്‍ നിപ വൈറസിനെ പ്രതിരോധിച്ചത് ലോകം കണ്ടതാണ്. ഇന്ത്യയില്‍ മറ്റെവിടെയായാലും ഈ അവസ്ഥയില്‍ മൂന്ന് മാസമല്ല, മൂന്ന് ദിവസം പോലും പിടിച്ചു നില്ക്കാന്‍ കഴിയുമായിരുന്നില്ല.

ഭൂപടത്തില്‍ നിങ്ങള്‍ രാജ്യത്തിന്റെ താഴെയാണെങ്കിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും എന്നതു പോലെ പ്രവൃത്തികള്‍കൊണ്ട് ഇന്ത്യാ മഹാരാജ്യത്ത് എന്തിനെക്കാളും ഉയരത്തിലാണ്. പ്രതികരിക്കുക, പ്രതിരോധിക്കുക, ജീവിച്ചു കാണിക്കാനായി മരണം വരെ പോരാടുക എന്നത് നിങ്ങളുടെ രക്തത്തിലുള്ളതാണ്. ഇന്ത്യ മുഴുവന്‍ നിങ്ങളുടെ നഃസ്ഥിതിയുള്ളവരായിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.”

ബോട്ട് ചുമന്നു പോകുന്നതും, കഴുത്തൊപ്പം വെള്ളത്തില്‍ മനുഷ്യരെ തോളിലേറ്റി വരുന്നതുമായ ദൈവത്തെ ഞാന്‍ കണ്ടു. ഒത്തിരി സന്തോഷമുണ്ട്. അധികാരം, സമ്പത്ത്, സ്വാധീനം ഇതെല്ലാം വേഗം ഒലിച്ചുപോകാവുന്നതാണെന്ന തിരിച്ചറിവുകള്‍ ഞാന്‍ കണ്ടു. മറ്റുള്ളവന്റെ വേദനയില്‍ വിങ്ങിപ്പൊട്ടുന്ന, ഏതറ്റം വരെയും സഹായിക്കാന്‍ ഇറങ്ങിച്ചെല്ലുന്ന മനുഷ്യനെക്കണ്ട് ദൈവം സന്തോഷിച്ച സമയമായിരിക്കണം ഇത്. കൊല്ലത്തും തിരുവനന്തപുരത്തും നിന്നും വന്ന സഹോദരങ്ങളേ, നിങ്ങള്‍ ഈ ചെങ്ങന്നൂരും ചാലക്കുടിയിലുമൊക്കെ വന്നു കാട്ടണതു കണ്ടപ്പോള്‍ സത്യമായിട്ടും, ഈ ലോകത്തെ മനുഷ്യ നന്മയുടെ പൂമരങ്ങളെയാണ് കണ്ടത്. ഈ ദിനങ്ങളില്‍ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായി.

വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെയും കരുതലിന്റെയും അനുഭവങ്ങള്‍ക്കിടയിലും ചില ദുഷ്ടര്‍ കേരളത്തിലെ മലയോരങ്ങളില്‍, കഠിന സാഹചര്യങ്ങളില്‍ കഷ്ടപ്പെട്ട് കൃഷി ചെയ്യുന്ന കര്‍ഷകരെ കുറ്റവാളികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നത് ഏറെ ദുഷ്‌കരമായി. ആഗോളതാപനവും, ഒഡീഷയിലെ ന്യൂനമര്‍ദവും ഉണ്ടാക്കിയത് അവരാണത്രേ.

തിരിച്ചറിവിന്റെ മണമുള്ള ഒരു കുറിപ്പുകൂടി: ”ഞാന്‍ ചെങ്ങന്നൂരുകാരനായ ഒരു അധ്യാപകനാണ്.
മൂന്ന് ദിവസം ഞാനും കുടുംബവും മരണത്തെ മുഖാഭിമുഖം കണ്ടു. മഴവെള്ളം പാഞ്ഞുവന്ന് വീടിന്റെ താഴത്തെ നിലയില്‍ നിറഞ്ഞു. ഞങ്ങള്‍ പ്രാര്‍ഥനയോടെ കാത്തിരുന്നു. കുട്ടികള്‍ വിശന്ന് തളര്‍ന്നു. ഇന്നുരാവിലെ ഞങ്ങളെ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. ഓഖി ദുരന്തമുണ്ടായപ്പോള്‍ ഒരു പൈസപോലും ഞാന്‍ സഹായം ചെയ്തില്ല. 100 രൂപ കൊടുത്ത ഭാര്യയോട് ദേഷ്യപ്പെട്ടു. കൊല്ലത്തു നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ എന്നെയും ഭാര്യയെയും, മക്കളെയും ചുമലില്‍ എടുത്ത്, ബോട്ടില്‍ കിടത്തി കരയിലെത്തിച്ചു. അവര്‍ക്കൊരു ദുരന്തം വന്നപ്പോള്‍ ഞാന്‍ മുഖം തിരിച്ചു നിന്നു. പക്ഷേ അവരാണിപ്പോള്‍ ഞങ്ങളെ രക്ഷിച്ചിരിക്കുന്നത്. അപമാനഭാരം കൊണ്ട് എന്റെ തല കുനിഞ്ഞുപോകുന്നു.”

സ്‌നേഹപൂര്‍വം,

ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍

kairosmag@gmail.com