Spread the love

കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ മുഖപത്രമായ ജീവജ്വാലയുടെ 1994 നവംബര്‍ ലക്കം ജീസസ് യൂത്ത് സ്‌പെഷ്യലായിരുന്നു. 52 പേജില്‍ കവര്‍ ഉള്‍പ്പെടെ മുഴുവനും ജീസസ് യൂത്ത് വിശേഷങ്ങള്‍

അനുഭവക്കുറിപ്പുകളും മിനിസ്ട്രി വിശേഷങ്ങളും എല്ലാം ഉള്‍പ്പെടുത്തിയാണ് അബ്രാഹം പള്ളിവാതുക്കല്‍ അച്ചന്‍ ചീഫ് എഡിറ്ററായിരുന്ന മാസിക അന്ന് പുറത്തിറങ്ങിയത്.

ഇന്ന് ജീസസ് യൂത്ത് ഫോര്‍മേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മനോജ് സണ്ണിയുടെ അന്നത്തെ
പ്രധാന പ്രവര്‍ത്തന മേഖല മ്യൂസിക് മിനിസ്ട്രിയായിരുന്നു. ജീസസ് യൂത്ത് സ്‌പെഷ്യല്‍ ജീവജ്വാലയില്‍ മനോജ് സണ്ണി സംഗീത ശുശ്രൂഷയെക്കുറിച്ചെഴുതിയ കുറിപ്പിന്റെ തലക്കെട്ട് ‘ഏറ്റവും നല്ലത് ഏറ്റവും മനോഹരമായി ദൈവത്തിന്’ എന്നതായിരുന്നു. അടുത്തയിടെ ഫ്രാന്‍സിസ് മാര്‍പാപ്പ കായികരംഗവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ രേഖയുടെ പേര് ”Giving the best of yourself”’ (നിങ്ങളുടെ ഏറ്റവും നല്ലത് നല്കൂ) എന്നതാണ്. രണ്ട് തലക്കെട്ടുകളും തമ്മില്‍ ആശയത്തിലും രൂപത്തിലും ചില സാമ്യങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. കായികരംഗവുമായി ബന്ധപ്പെട്ട ക്രൈസ്തവ വീക്ഷണം വ്യക്തമാക്കുന്ന വത്തിക്കാന്‍ രേഖ തയ്യാറാക്കുകയും വിലയിരുത്തുകയും ചെയ്ത സമിതിയില്‍ ജീസസ് യൂത്തിന്റെ പ്രഥമ ദേശീയ, അന്തര്‍ദേശീയ കോ-ഓര്‍ഡിനേറ്ററും, ദേശീയ ഷൂട്ടിങ് ചാമ്പ്യനും, ദേശീയ റെക്കോര്‍ഡുടമയുമായിരുന്ന മനോജ് സണ്ണിയും അംഗമായിരുന്നു. മനോജ് സണ്ണിയുടെ പിതാവ് പ്രൊഫസര്‍ സണ്ണി തോമസ് അതിപ്രഗത്ഭരായ കായിക പരിശീലകര്‍ക്ക് രാഷ്ട്രം സമ്മാനിക്കുന്ന ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ്. അനേക വര്‍ഷങ്ങളില്‍ അദ്ദേഹം ദേശീയ ഷൂട്ടിങ് ടീമിന്റെ കോച്ചായിരുന്നു. 2018 ജൂണ്‍- ജൂലൈ മാസങ്ങളിലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെയും ഒക്‌ടോബറില്‍ വരാനിരിക്കുന്ന യുവജന കേന്ദ്രീകൃതമായ മെത്രാന്മാരുടെ ആഗോള സിനഡിന്റെയും പശ്ചാത്തലത്തിലാണ് മാര്‍പാപ്പ കായിക രംഗവുമായി ബന്ധപ്പെട്ട പഠനരേഖ പുറത്തിറക്കിയിരിക്കുന്നത്.

യുവജന ശുശ്രൂഷയുമായി ബന്ധപ്പെട്ടവരെല്ലാം ഏറെ ആദരവോടും, അഭിമാനത്തോടും സന്തോഷത്തോടുംകൂടെയാണ് മാര്‍പാപ്പയുടെയും ആഗോളസഭയുടെയും ഈ പരിശ്രമങ്ങളെ നോക്കിക്കാണുന്നത്. ഇന്നത്തെയും നാളത്തെയും സഭയുടെ ജീവിതത്തില്‍ യുവജനങ്ങളുടെ വര്‍ധിച്ച പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള നടപടികളാണിത്. പരമ്പരാഗത രീതികള്‍ മാറ്റിവച്ചുകൊണ്ട് സാധ്യമായ മാര്‍ഗങ്ങളെല്ലാം ഉപയോഗിച്ച് ചെറുപ്പക്കാരുടെ ഭാഷ സംസാരിക്കാനും അവരെ പിന്‍ചെല്ലാനുമുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരമൊരു സമീപനം നമ്മുടെ നാട്ടിലും ആവശ്യമുണ്ട്. പതിവുശൈലികള്‍ക്കും പ്രവര്‍ത്തനരീതികള്‍ക്കുമപ്പുറം മുഴുവന്‍ ചെറുപ്പക്കാരെയും ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള സമീപനങ്ങള്‍ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. യുവജന പരിശീലന/രൂപീകരണരംഗത്ത് പുത്തന്‍ പരീക്ഷണങ്ങള്‍ നടക്കണം. വ്യവസായ/ബിസിനസ്സ് മേഖലയിലാകെ പ്രബലപ്പെട്ടുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പ്, ഇന്നവേഷന്‍ സംസ്‌ക്കാരം യുവജന രൂപീകരണ രംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലും ആവശ്യമുണ്ട്. ”ഏറ്റവും നല്ലത് ദൈവത്തിന് നല്കാന്‍” മുഴുവന്‍ യുവജന സമൂഹത്തെയും തയ്യാറാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ക്കായി കാത്തിരിക്കാം.

സ്‌നേഹപൂര്‍വം

ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍
kairosmag@gmail.com


Spread the love