“സഭ ഒരു വിനോദ നൗകയല്ല; അതൊരു ലൈഫ് ബോട്ടാണ്” രസിപ്പിക്കുന്നവരെ ആവശ്യമില്ല. കപ്പിത്താന്‍ മുതല്‍ പാചകക്കാരന്‍ വരെ, ആത്മാക്കളുടെ രക്ഷയ്ക്കു സകലരുടേയും സേവനം ആവശ്യമായിരിക്കുന്നു. നഷ്ടപ്പെട്ടവരെ അന്വേഷിക്കാത്ത സഭ സ്വയം നഷ്ടപ്പെട്ടിരിക്കുന്നു.”
(അഗ്നിയാലുള്ള സുവിശേഷീകരണം – റെയ്‌നാര്‍ഡ് ബോങ്കെ)

”ദൈവത്തിന് അസ്തിത്വമുണ്ടോ”? ഗുരു ചോദിച്ചു.
”ഉണ്ട്” ശിഷ്യന്മാര്‍ ഒന്നിച്ചു മറുപടി പറഞ്ഞു.
”തെറ്റ്” ഗുരു പറഞ്ഞു.
”’ഇല്ല” ശിഷ്യന്മാര്‍.
”അതും തെറ്റ്” ഗുരു.
”എന്താണ് ഉത്തരം” ശിഷ്യന്മാര്‍ ചോദിച്ചു.
”ഉത്തരമില്ല”
”എന്തുകൊണ്ട്”?
”ചോദ്യമില്ല, അതു കൊണ്ട് തന്നെ” ഗുരു പറഞ്ഞു.
പിന്നീട് ഗുരു വിശദീകരിച്ചു: ”ചിന്തയ്ക്കും വാക്കിനും അതീതമായവനെപ്പറ്റി ഒന്നും പറയാനാവില്ലെങ്കില്‍ എങ്ങനെയാണ് അവനെപ്പറ്റി എന്തെങ്കിലും ചോദിക്കാനാവുക”?

ഒരു മലയാളി വൈദികന്‍ ജര്‍മനിയിലെ തന്റെ പഠന കാലത്ത് ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഒരു കുടുംബവുമായി വളരെ അടുത്തിടപഴകാന്‍ ഇടവന്നു. തനിക്കിറങ്ങാനുള്ള സ്ഥലമായപ്പോള്‍ ഓമനത്തമുള്ള അവരുടെ ഇളയ കുഞ്ഞിന് വേണ്ടി ഒന്ന് പ്രാര്‍ഥിച്ചിട്ട് ഇറങ്ങാമെന്ന് കരുതിയപ്പോള്‍ അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ട് ആ കുടുംബം അതിനെ എതിര്‍ത്തു. ക്രിസ്ത്യാനികളാണെങ്കിലും അവര്‍ ദൈവത്തിലും, പ്രാര്‍ഥന യിലും വിശ്വസിക്കുന്നില്ലെന്നും; കുഞ്ഞ് വളര്‍ന്ന് കഴിഞ്ഞ് വിശ്വസിക്കണോ, വേണ്ടയോ എന്ന് തീരുമാനമെടുക്കട്ടെ എന്നുമായിരുന്നു അവരുടെ നിലപാട്.Image result for parents with teens

മേലുദ്ധരിച്ച ആന്റണി ഡിമെല്ലോയുടെ കഥയും, മലയാളി വൈദികന്റെ അനുഭവവും ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍ പോലെ നമ്മുടെ ആധുനിക കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്. ദൈവത്തിന്റെ അസ്തിത്വത്തില്‍ വിശ്വാസമില്ലാത്തവരും, സ്വതന്ത്ര സെക്കുലര്‍ മനോഭാവത്തെ മുറുകെ പിടിച്ച് ദൈവ വിശ്വാസമില്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ലെന്ന മട്ടില്‍ മക്കളെ ‘ബുദ്ധിമാന്മാരായി’ വളര്‍ത്തുന്ന മാതാപിതാക്കളും പെരുകുകയാണ്. നമ്മുടെ ദേവാലയത്തിനകത്തെ ഞായറാഴ്ച തിരക്കുകള്‍ ആത്മാവില്ലാത്ത ഒരു ആള്‍ക്കൂട്ടത്തിന്റെ പതിവു ശീലത്തിന്റെ ഭാഗമാണോ?

അതോ വിശ്വാസത്തില്‍ ആഴമള്ള ഒരു സമൂഹത്തിന്റെ തീക്ഷ്ണതയുടെ അടയാളപ്പെടുത്തലോ?

”ഇനിയുമൊരു ബാല്യം ലഭിച്ചാല്‍ കലാലയങ്ങളിലേക്ക് ഞാനില്ല, കാരണം കലാലയങ്ങള്‍ എനിക്ക് പലതും പറഞ്ഞു തന്നു, ഞാനാരെന്നതൊഴികെ…” ഒരെഴുത്തുകാരന്റെ ഈ നൊമ്പരക്കുറിപ്പുകളില്‍ ഒളിഞ്ഞിരിക്കുന്ന കൂരമ്പ് ദേവാലയങ്ങള്‍ക്കും ബാധകമാണ്. തീവ്ര മതനിരാസത്തിലേക്ക് വഴുതി വീണ യൂറോപ്പിനെ നോക്കി നെടുവീര്‍പ്പിടുമ്പോള്‍, അതേ ദുരന്തങ്ങള്‍ നമ്മളില്‍ നിന്ന് അധികം ദൂരെയല്ല എന്ന തിരിച്ചറിവ് ഇന്ന് എത്ര പേര്‍ക്കുണ്ട്?

നമ്മുടെ ദേവാലയങ്ങള്‍ ഒരു യുവാവിനും, യുവതിക്കും ഇന്ന് എന്താണ് നല്‍കുന്നത് എന്ന് ഗൗരവത്തോടെ ചിന്തിക്കണം. ഞായറാഴ്ചയെ താന്‍ വെറുക്കുന്നു എന്ന് പറഞ്ഞ ഒന്‍പതാം ക്ലാസ്സുകാരിക്ക് ഒന്ന് ശ്വാസംവിടാന്‍ കിട്ടുന്ന ഒരു ദിവസത്തിന്റെ സിംഹഭാഗവും ദേവാലയത്തില്‍ തന്നെ തടഞ്ഞുവയ്ക്കുന്നു എന്നതാണ് പരിഭവം. അന്യസംസ്ഥാനത്ത് പഠനം നടത്തുന്ന വലിയ വിഭാഗം യുവജനങ്ങള്‍ ‘An organised waste of time” എന്ന് വിളിച്ച് ബലിപീഠത്തെ മറന്ന് ജീവിക്കുന്നത് കൊടും പാപത്തിലാണ്.Image result for parents with teens

വി. പൗലോസിന്റെ ഈ പ്രവചനങ്ങള്‍ നിവൃത്തിയാക്കപ്പെടുകയാണ് നമ്മുടെ നാളുകളില്‍. ”ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളില്‍ ക്ലേശപൂര്‍ണമായ സമയങ്ങള്‍ വരും. അപ്പോള്‍ സ്വാര്‍ഥ സ്‌നേഹികളും ധനമോഹികളും അഹങ്കാരികളും ഗര്‍വിഷ്ഠരും ദൈവദൂഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്‌നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും” (2 തിമോ 3:12). ആത്മീയ നയനങ്ങള്‍ കൊണ്ട് നോക്കുന്നവര്‍ക്ക് മാത്രമേ ഇത് എത്രമാത്രം ക്ലേശപൂര്‍ണമായ സമയമാണെന്ന് തിരിച്ചറിയാനാവുകയുള്ളു?

പ്രശസ്തമായ ഒരു രൂപതയിലെ മെത്രാന്‍ വ്യസനത്തോടെ ഒരു മീറ്റിംഗിനിടെ പങ്കു വച്ചതാണ് ഈ വര്‍ഷത്തെ പെണ്‍കുട്ടികളുടെ രൂപതയിലെ ദൈവവിളി ക്യാമ്പിനായി 270 ഇടവകയില്‍ നിന്നെത്തിയത് വെറും 69 പെണ്‍കുട്ടികള്‍ മാത്രമാണെന്നാണ്. ലൗകികതയുടെ അതിപ്രസരത്തില്‍ മുങ്ങുന്ന ഇന്നത്തെ പെണ്‍കുട്ടിക്ക് വി. കൊച്ചുത്രേസ്യ പുണ്യവതിയോ, അല്‍ഫോണ്‍സാമ്മയോ നടന്ന അച്ചടക്കത്തിന്റെയും, വിശുദ്ധിയുടെയും വഴികളേക്കാള്‍ അശുദ്ധിയുടെയും, അത്യാഡംഭരത്തിന്റെയും സിനിമാ, പോണ്‍ സ്റ്റാറുകളുടെ ജീവിത മാതൃകകളാണ് കൂടുതല്‍ ആകര്‍ഷകമായി തോന്നുന്നത്. ശ്ലീഹാ പറയുന്ന ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളില്‍ ആസക്തിയുള്ള ആത്മനിയന്ത്രണമില്ലാത്ത, ക്രൂരത നിറഞ്ഞ എടുത്തു ചാട്ടക്കാരുടെ ഒരു തലമുറയായി വലിയ ഗണം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു. ഈയടുത്ത നാളുകളില്‍ കേരളത്തില്‍ അരങ്ങേറുന്ന ദൗര്‍ഭാഗ്യകരമായ പല ദുരന്തങ്ങളിലും ഉള്‍പ്പെടുന്ന ക്രിസ്തീയ നാമധാരികളുടെ എണ്ണം പെരുകുന്നത് നമ്മുടെ ഉറക്കം കെടുത്തേണ്ടതല്ലേ?

ഇത്തരം ഒരു കാലത്ത് ദൈവവചനം പഠിപ്പിക്കുന്ന ഒരു പ്രവാചകന്റെ ജീവിത ശൈലി ശ്രദ്ധാപൂര്‍വം നാം അനുധാവനം ചെയ്യണം. പ്രവാചകനായ ജോസിയയെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം പറയുന്നത് ഇങ്ങനെയാണ്: ”അവന്‍ കര്‍ത്താവില്‍ ദൃഷ്ടികള്‍ ഉറപ്പിച്ചു; ദുഷ്ടരുടെ നാളുകളില്‍ അവന്‍ ദൈവഭക്തി ബലപ്പെടുത്തി” (പ്രഭാ 49:3).തിന്മയുടെ നാളുകളില്‍ നാം ബലപ്പെടുത്തേണ്ടത് ദൈവഭക്തിയെയാണ്. ഇന്നലെകളില്‍ കൈയിലെ ജപമാല മണികളിലൂടെയായിരുന്നു ഒരമ്മ തന്റെ യൗവനക്കാരായ മക്കളെ, തിന്മയില്‍ വീഴാതെ കാത്തു സൂക്ഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു നിറഞ്ഞ ഹൈടെക് മമ്മിമാര്‍ വില കൂടിയ മൊബൈല്‍ ഫോണിലെ വീഡിയോ ചാറ്റിലൂടെയും, മെസേജുകളിലൂടെയും മക്കളെ ‘ഉപദേശിച്ച്’ നന്നാക്കാന്‍ ശ്രമിച്ച് പരാജിതരാവുകയാണ്. മുട്ടുകുത്തി നിന്ന് ദൈവത്തെ വിളിച്ചിരുന്ന നമ്മുടെ ‘സായാഹ്നങ്ങള്‍’ മെഗാസീരിയലിനും, വിലകെട്ട മാധ്യമ ചര്‍ച്ചകള്‍ക്കും, വാട്ട്‌സാപ്പിനും, ഫെയ്‌സ് ബുക്കിനും തീറെഴുതി കൊടുത്തപ്പോഴാണ് സാത്താന്‍ നമ്മുടെ ഭവനങ്ങളുടെ നിയന്ത്രണമേറ്റെടുക്കാന്‍ ധൈര്യപ്പെട്ടത്.

ദൈവഭക്തി വിസ്മരിച്ച കുടുംബങ്ങളെ തേടിപ്പിടിച്ച് ആത്മഹത്യയിലേക്കും ഗര്‍ഭഛിദ്രക്കൊലയിലേക്കും, തെറ്റായ ഒളിച്ചോട്ടത്തിലേക്കും, മാനസിക രോഗപീഢകളിലേക്കുമൊക്കെ തള്ളിവിടുകയാണ് തിന്മയുടെ ലോകം.

”അനേകം കുടുംബങ്ങളെ സാത്താന്‍ തന്റേതാക്കി മുദ്ര വയ്ക്കുന്നു” ഈ തിരുവചനം എത്രയോ സത്യമാണ് .

”ദൈവഭക്തിയില്‍ ദൃഢതയും തീക്ഷ്ണതയും ഇല്ലാത്തവന്റെ ഭവനം അതിവേഗം നശിക്കും” (പ്രഭാ 27:3).

അമേരിക്കയില്‍ ജീവിക്കുന്ന ഒരു ജീസസ് യൂത്ത് കുടുംബത്തോട് കുറച്ചു നാള്‍ മുമ്പ് സംസാരിക്കു
മ്പോള്‍ യുവതിയായ 4 കുഞ്ഞുങ്ങളുടെ അമ്മ പറയുകയാണ് ”നാട്ടിലായിരുന്നപ്പോള്‍ എങ്ങനേലും തട്ടിമുട്ടി ശുദ്ധീകരണ സ്ഥലത്തെത്തണം എന്നായിരുന്നു വിചാരം, എന്നാല്‍ ഇവിടെ വന്നതിനു ശേഷം സ്വര്‍ഗരാജ്യത്തില്‍ തന്നെ പോകണം മരണ ശേഷം.” ഒരു തരത്തില്‍ തീവ്ര മതനിരാസത്തിന്റെ രാജ്യമാണ് അമേരിക്ക. എന്നാല്‍ അവിടെ ജീവിക്കുന്ന നാലു മക്കളുടെ അമ്മയായ ഒരു യുവതി സ്വര്‍ഗത്തിലേക്ക് തന്നെ ജീവിതം തുഴയുന്നു. ദൈവഭക്തിയെ ബലപ്പെടുത്തിയ ഒരാള്‍ക്ക് മാത്രമേ സ്വര്‍ഗമാണ് തന്റെ ലക്ഷ്യമെന്ന് പറയാനാവുകയുള്ളു. നമ്മുടെ പള്ളികളിലും, ഭവനങ്ങളിലും, സ്ഥാപനങ്ങളിലും നാം യേശുവിന് സാക്ഷ്യം നല്‍കാതെ സെക്കുലര്‍ വഴികളെ പ്രോത്സാഹിപ്പിച്ചാല്‍, പാപത്തിന്റെയും, ലൗകികതയുടെയും അരൂപി നമ്മുടെ കുട്ടികളെയും, യൗവനക്കാരെയും തട്ടിയെടുക്കുക തന്നെ ചെയ്യും. ‘സത്യത്തിലേക്കുള്ള സ്‌നാനം യേശുവിലേക്കുള്ള സ്‌നാനമാണ്’
എന്ന തിരിച്ചറിവോടെ നമുക്ക് ദൈവഭക്തിയെ ബലപ്പെടുത്താം, അനുദിനവും.

ശശി ഇമ്മാനുവല്‍

sasiimmanuel@gmail.com