ദാമ്പത്യസ്‌നേഹത്തിന്റെ ഫലസമൃദ്ധി മാതാപിതാക്കള്‍ വിദ്യാഭ്യാസത്തിലൂടെ മക്കള്‍ക്കു കൈമാറുന്ന ധാര്‍മികവും ആധ്യാത്മികവും അതിസ്വാഭാവികവുമായ ജീവന്റെ ഫലങ്ങളിലേക്കും വ്യാപിക്കുന്നു. മാതാപിതാക്കളാണ് മക്കളുടെ പ്രഥമാധ്യാപകരും പ്രധാനധ്യാപകരും. ഈ അര്‍ഥത്തില്‍ വിവാഹത്തിലൂടെയും കുടുംബത്തിലൂടെയും അടിസ്ഥാനപരമായ ധര്‍മം ജീവന്റെ ശുശ്രൂഷയിലായിരിക്കുകയെന്നതാണ് (CCC 1653).

കുടുംബങ്ങളില്‍ നിന്നാണ് ദൈവവിളികള്‍ ഉണ്ടാകുന്നത്. വാസ്തവത്തില്‍ ഒരമ്മയുടെ ഗര്‍ഭധാരണം മുതല്‍ തുടങ്ങുകയാണ് കുഞ്ഞിന്റെ പരിശീലനം. അതേതു ജീവിതാന്തസ്സിലേക്കായാലും. ഈ ഗൗരവമേറിയ യാഥാര്‍ഥ്യത്തെ മാതാപിതാക്കള്‍ മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുമ്പോഴാണ് മക്കളുടെ പരിശീലനം ഫലമണിയുന്നത്. വിവാഹമെന്ന കൂദാശയിലൂടെ പുരുഷനും സ്ത്രീയുമൊന്നിക്കുമ്പോള്‍, തുടര്‍ന്നു വരുന്ന ഭാവിതലമുറയെ മനസ്സില്‍ കണ്ടുകൊണ്ടുവേണം അവര്‍ ജീവിതയാത്ര തുടങ്ങുവാന്‍. പരസ്പരംസ്‌നേഹിച്ചും ആദരിച്ചും ജീവിക്കുന്ന മാതാപിതാക്കള്‍ അവരുടെ ജീവിതം തന്നെ ഒരു പുസ്തകമായി മക്കള്‍ക്കു മുമ്പില്‍ തുറന്നുവയ്ക്കുകയാണ്. ഇത്തരം മാതൃകാപരമായ പരിശീലനം വേറൊരിടത്തുനിന്നും മക്കള്‍ക്കു ലഭിക്കുന്നില്ല. കതിരില്‍ വളം വയ്ക്കുന്ന രീതിയല്ല നമ്മള്‍ അവലംബിക്കേണ്ടത്.Image result for children with parents

കൗമാരപ്രായം വരെ ഏതാണ്ട് ഒരു പൊതുവായചിന്താഗതികളിലൂടെയും ആഗ്രഹങ്ങളിലൂടെയുമൊക്കെയാണ് കുട്ടികള്‍ വളരുന്നത്. എന്നാല്‍ കൗമാരപ്രായം മുതല്‍, മാതാപിതാക്കള്‍ കൃത്യമായ ഒരു ദിശാബോധം കുട്ടികള്‍ക്കു നല്‍കേണ്ടതുണ്ട്- അതു വിവാഹ ജീവിതത്തിനായാലും സമര്‍പ്പിതജീവിതത്തിനായാലും.

പരസ്പരം സ്‌നേഹിച്ചു ജീവിക്കേണ്ടതെങ്ങനെയെന്നുംക്ഷമിച്ചു സ്‌നേഹിക്കേണ്ടതെങ്ങനെയെന്നും മക്കളറിയണം. പ്രാര്‍ഥനാ ജീവിതവും ദൈവാശ്രയവുമെല്ലാം മക്കള്‍ക്കു മാതാപിതാക്കളില്‍ നിന്ന് കണ്ടു പഠിക്കാനാവണം. തങ്ങളുടെ കടമ തന്നെയാണിതെന്ന തിരിച്ചറിവോടെ അവരിതു നല്‍കുമ്പോള്‍ വിവാഹത്തിനു മുമ്പേ തന്നെ വിവാഹജീവിതത്തെക്കുറിച്ച് വ്യക്തമായ
ഒരു തിരിച്ചറിവും നല്ല ധാരണയും അതുവഴി മക്കള്‍ക്കു ലഭിക്കാനിടയാകും.Image result for a family

എന്റെ അനുഭവത്തില്‍ പറയുകയാണെങ്കില്‍ അനേകവര്‍ഷങ്ങള്‍ യുവജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ദൈവമെന്നെ അനുഗ്രഹിച്ചിട്ടുണ്ട്. പല ചെറുപ്പക്കാരും തങ്ങളുടെ വിവാഹജീവിതത്തെപ്പറ്റിയും ഇടയ്ക്കുണ്ടാകുന്ന അസ്വസ്ഥതകളെപ്പറ്റിയും വന്നുപറയും. അവരെ കേള്‍ക്കുകയും പ്രാര്‍ഥിക്കുകയും ഈശോ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അവരെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യും . പരിശുദ്ധാത്മാവിന്റെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ കാണുവാനും കഴിഞ്ഞിട്ടുണ്ട്. ചിലര്‍ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തകര്‍ന്നു പോകുകയും പിന്നീട് നിരാശയില്‍ അടിപ്പെട്ട് വിവാഹജീവിതം പരാജയമായി കാണുന്നവരുമുണ്ട്. ഇവിടെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കുമൊക്കെ ചെയ്യാനാകുന്നത്- തകര്‍ച്ചയില്‍ നിന്നും അസ്വസ്ഥതയില്‍ നിന്നും കരകയറാനാകുമെന്നും പ്രത്യാശനല്‍കുന്ന ഈശോ നിന്റെ കൂടെയുണ്ടെന്നും അവരെ ബോധ്യപ്പെടുത്തി കൊടുക്കുകയാണ്.

യുവജന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമുള്ള സഭയുടെ പഠനങ്ങളും പ്രബോധനങ്ങളും മാര്‍പാപ്പയുടെ, കാലാനുസൃതമായിട്ടുള്ള സന്ദേശങ്ങളും മറ്റും നന്നായി പഠിച്ച് വ്യക്തതയോടുകൂടെ യുവജനങ്ങളെ അനുഗമിക്കുവാനും സഹായിക്കുവാനും വൈദികര്‍ക്കും മറ്റും സാധിക്കും. മറ്റൊരുപ്രധാനകാര്യം- വിവാഹ ജീവിതത്തെക്കുറിച്ചു മാത്രമല്ല,വ്യക്തി ജീവിതം, സമൂഹജീവിതം പ്രകൃതി സ്‌നേഹം തുടങ്ങിയ വിശാലമായ വിഷയങ്ങളെക്കുറിച്ചുള്ള പഠ
നവും അറിവും ഒക്കെ ഇന്നു കത്തോലിക്കാസഭയില്‍ ലഭിക്കുന്നുണ്ട്. ഇവയൊക്കെ പഠിക്കുവാനും പഠിപ്പിക്കുവാനും സാഹചര്യമുണ്ടാകണം. അങ്ങനെയാണെങ്കില്‍ സമഗ്രമായ കാഴ്ചപ്പാടോടുകൂടി പക്വതയോടെ വിവാഹജീവിതത്തിലേക്കും മറ്റു ജീവിതാന്തസ്സിലേക്കും പ്രവേശിക്കുവാന്‍ നമ്മുടെ യുവജനങ്ങള്‍ക്കാകും. ചിട്ടയോടെയുള്ള പഠനവും പരിശീലനവുമാണ് നാം നമ്മുടെ യുവജനങ്ങള്‍ക്കായി നല്‍കേണ്ടണ്ടത്. മാതാപിതാക്കളാണ് ഇതില്‍ പ്രാധാന പങ്കുവഹിക്കേണ്ടവര്‍. വൈദികരും സന്യസ്തരുമൊക്കെ അവരവരുടെ പ്രവര്‍ത്തന ശുശ്രൂഷ മേഖലകളില്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പ്രാവര്‍ത്തികമാക്കേണ്ടവരാണ്.

”പരസ്പരം തങ്ങളെത്തന്നെ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന ദമ്പതികളുടെ സമ്മതത്തിനു ദൈവം തന്നെ അംഗീകാര മുദ്രവയ്ക്കുന്നു. അവരുടെ ഉടമ്പടി വഴി ദൈവികനിയോഗത്താല്‍ സുസ്ഥിരമായ ഒരു സ്ഥാപനം ഉടലെടുക്കുന്നു. സമൂഹവും അത് അംഗീകരിക്കുന്നു. ദമ്പതികള്‍ തമ്മിലുള്ള ഉടമ്പടി ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായിത്തീരുന്നു.” യഥാര്‍ഥമായ ദാമ്പത്യസ്‌നേഹം ദൈവസ്‌നേഹത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു (CCC 1639)


ഫാ. അബ്രഹാം പള്ളിവാതുക്കല്‍ എസ്.ജെ.