ഒരു കഥ പറയാം. കഥയല്ല, കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഒരു സുഹൃത്ത് പറഞ്ഞ അനുഭവമാണ്. അത് അയാളുടെ ജീവിതവും ആയിരുന്നു എന്നതാണ് സത്യം. അയാള്‍ക്ക് ഒരു കാമുകിയുണ്ട്. ഓഫീസില്‍തന്നെ സഹപ്രവര്‍ത്തകയാണ്. കണ്ടു, പരിചയപ്പെട്ടു, പ്രണയത്തിലായി. അത്രയും വേഗത്തിലായിരുന്നു കാര്യങ്ങള്‍. ഒരിക്കല്‍ കോഫിഷോപ്പില്‍ ഇരുന്ന് കളിപറയുന്നതിനിടയില്‍ അവര്‍ ഒരു പിസ ഓര്‍ഡര്‍ ചെയ്തു. അധികം താമസിയാതെ പിസ എത്തി. ആറു ഭാഗങ്ങളായി മുറിച്ച് മനോഹരമായി അലങ്കരിച്ച അമേരിക്കന്‍ പിസ. പതിവില്ലാതെ ഓരോ പിസാ കഷണങ്ങളിലും അവള്‍ തലോടാന്‍ തുടങ്ങി.

എന്നിട്ട് അവനോട് പറഞ്ഞു: ”ഇതാ ഈ കഷണമാണ് നമ്മുടെ പ്രണയം. ഈ രണ്ടാമത്തേ കഷണമില്ലേ, അത് സൗഹൃദമാണ്”.

മൂന്നാമത്തെ കഷണം ചൂണ്ടി അവള്‍ പറഞ്ഞു: ”അതു നമ്മുടെ പ്രൊഫഷന്‍”.

അങ്ങനെ ഓരോ കഷണത്തിലും ഓരോ ധര്‍മം അവള്‍ കല്‍പിച്ചു നല്‍കി. അവസാനം പ്രണയ കഷണമെടുത്ത് അവള്‍ മാറ്റിവച്ചു.

എന്നിട്ട് അവനോടു പറഞ്ഞു: ”ദാ ഈ കഷണം ഇല്ലാതായാലും മറ്റതെല്ലാം നാം തുടരണം. ഈ കഷണം നമ്മള്‍ രുചിച്ചുനോക്കി, നമുക്ക് ഇഷ്ടപ്പെട്ടില്ല, അത്രമാത്രം”.

Image result for loving personഅവള്‍ പറഞ്ഞതിന്റെ പൊരുള്‍ അവനു മനസ്സിലാക്കാന്‍ അധികം നേരം വേണ്ടിവന്നില്ല. തങ്ങളുടെ പ്രണയം പരിപൂര്‍ണമായി ഒരു സാഫല്യത്തേക്ക് എത്തുമെന്ന് ഒരു ഗ്യാരന്റിയും ഇല്ലെന്നാണ് അവള്‍ ആ പറഞ്ഞതിന് അര്‍ഥം. എന്നിട്ടും ആ പ്രണയം ഇപ്പോഴും തുടര്‍ന്നുകൊണ്ടുപോകുന്നണ്ടവര്‍. ഇന്നോ, നാളെയോ എന്നറിയാതെ…

കവിതകളില്‍നിന്നു മോചിപ്പിക്കപ്പെട്ടൊരു പ്രണയം വ്യാജമത്രേ. കവിതകള്‍ ഇല്ലാതാകുന്ന കാലത്തെ അതിനാല്‍ നമ്മള്‍ ഭയപ്പെടേണ്ടതുണ്ട്. കള്ളനോട്ടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകിടംമറിക്കുമ്പോള്‍, കള്ളപ്രണയങ്ങള്‍ സാത്ത്വികമായ ഒരു സംസ്‌കാരത്തെയും മാനവികതെയുമാണ് ബലികൊടുക്കുന്നത്.

പ്രണയത്തില്‍ കലര്‍പ്പു ചേര്‍ത്താല്‍ പിന്നെ നമുക്ക് എന്തിലും കലര്‍പ്പു ചേര്‍ക്കാം എന്നുവരുന്നു. ഒരു മനുഷ്യന് ഏറ്റവും സത്യസന്ധനാകാന്‍ കഴിയുന്ന ഇടമാണ് പ്രണയത്തിന്റെ മുറ്റം. എല്ലാം സുന്ദരമായി തോന്നും അവിടെനിന്നാല്‍. എല്ലാത്തിനോടും സ്‌നേഹം തോന്നുമ്പോള്‍ ഭൂമിയിലേക്ക് നമ്മില്‍നിന്ന് അനുകൂലതരംഗങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങുന്നു. മനുഷ്യസ്‌നേഹത്തിന്റെ മനംനിറയ്ക്കുന്ന തണ്ണീര്‍ത്തടങ്ങളായി പ്രണയമാനസങ്ങള്‍ മാറുന്നത് അതുകൊണ്ടാണ്. അവിടെയും നമ്മള്‍ മുഖംമൂടി കച്ചവടക്കാരായി മാറുമ്പോള്‍ മുഖമില്ലാതാകുന്നത് സംസ്‌കാരങ്ങള്‍ക്കും തലമുറകള്‍ക്കുമാകുന്നു. കാര്യസാധ്യത്തിനു വേണ്ടിയൊരു പ്രണയം എത്ര ദുരന്തമാണ്. അവള്‍ അവള്‍ക്കു വേണ്ടിയും അവന്‍ അവനുവേണ്ടിയും എന്നതല്ല, അവര്‍ അവര്‍ക്കു വേണ്ടിയും അതിലൂടെ ലോകത്തിനുവേണ്ടിയും എന്നതാകണം പ്രണയസമവാക്യം.

‘നീ നേടണം, നീ നേടണം’ എന്നു പറഞ്ഞുവളര്‍ത്തുന്നിടത്താണ് തെറ്റു തുടങ്ങുന്നത്. ‘നീ നല്‍കണം’ എന്നതാകണം അവനോടും അവളോടും പറയേണ്ടത്. സ്‌നേഹവും പ്രണയവും കരുണയും നല്‍കാന്‍ എന്തേ നമ്മള്‍ അവരോടു പറയുന്നില്ല. നേടാനുള്ള ധൃതിയില്‍ ഒന്നും പൂര്‍ത്തിയാക്കാന്‍ കഴിയാതെ
പോകുകയാണ് നമ്മള്‍. പ്രണയവും പകുതിക്കു നിറുത്തേണ്ടിവരുന്നത്, അബോധത്തിലെ ആ നേടലിനെ ക്കുറിച്ചുള്ള ചിന്ത കാരണമാണ്.Image result for loving person

അവസാനമായി ഒരു കഥകൂടി പറഞ്ഞുനിറുത്തട്ടെ. കണ്ണൂരില്‍നിന്നുള്ള മറ്റൊരു സുഹൃത്തിന്റെ ജീവിത മാണ്. ജോലിസ്ഥലത്തുവച്ചാണ് അവള്‍ അവനെ പരിചയപ്പെടുന്നത്. ഇരുവരും ഒരു ഐ.ടി. കമ്പനിയില്‍. മിക്കവാറും നൈറ്റ് ഷിഫ്റ്റിലായിരിക്കും ജോലി. അവളുടെ മാതാപിതാക്കള്‍ പണ്ടേ ഡൈവോഴ്‌സ് ആണ്. കഫറ്റീരിയകളിലെ ഇടവേളകളിലും പുലരികളില്‍ ജോലി കഴിഞ്ഞു തിരികെ പോകുന്ന സമയത്തുമെല്ലാം പരസ്പരം അറിഞ്ഞും പറഞ്ഞും ഇരുവരും പ്രണയത്തിലായി. അധികം താമസിയാതെ അവള്‍ തിരിച്ചറിയുന്നു. മയക്കുമരുന്നിന്റെ മാസ്മരിക ലോകത്ത്
പിടിവിട്ടു പാറിനടക്കുന്നവനാണ് അവനെന്ന്. പല മുറകളും പയറ്റിനോക്കി. അത്രവേഗം മോചിപ്പി
ക്കുക സാധ്യമല്ലെന്ന് അവള്‍ക്കു മനസ്സിലായി. സ്വബോധത്തോടെ ഇരുന്ന ഒരു സായാഹ്നത്തില്‍ തന്നെ ഉപേക്ഷിക്കുന്നതാണ് നിനക്കു നല്ലതെന്ന് അവന്‍ അവളോട് പറഞ്ഞു. ജീവിതത്തില്‍ ദുരന്തങ്ങള്‍ മാത്രം കണ്ടു ശീലിച്ച അവള്‍ക്ക് അവനെ ആ നിമിഷം ഒഴിവാക്കാമായിരുന്നു. പക്ഷേ കാര്യങ്ങള്‍ മറ്റൊരു വഴിക്കാണു നീങ്ങിയത്. അരയും തലയും മുറുക്കി അവനെ ജീവിതത്തിലേക്കും തന്നിലേക്കും തിരിച്ചെത്തിക്കാന്‍ അവള്‍ ഇറങ്ങി. ഇന്ന് അവന്‍ ഒരു ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികില്‍സയിലാണ്. അവള്‍ പ്രണയത്തിന്റെ ഇഴനെയ്ത മനസ്സുമായി സമീപത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്നു.അസ്തമയങ്ങള്‍ അവസാനമല്ലല്ലോ… സൂര്യന്‍ എവിടെയോ വീണ്ടും നമ്മിലേക്കുള്ള യാത്രയിലാണ്…

ശ്രീപ്രസാദ്‌