ജീസസ് യൂത്ത് പ്രൊഫഷണല്‍ മിനിസ്ട്രിയുടെ ‘പ്രൊഫസ്സ് മിശിഹാ’ കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ ഡസ്‌കില്‍ നിന്നാണ് വിളി വന്നത്, അലക്‌സി ജേക്കബ് ആണോ സംസാരിക്കുന്നത്? അക്കമഡേഷന്‍ വേണോ? ഫീസടച്ചോ? ഉറപ്പായും വരില്ലേ..? തുടരെത്തുടരെ ചോദ്യങ്ങള്‍. എടീ കൊച്ചേ, നീ ഈ പറയുന്ന കോണ്‍ഫറന്‍സ് ആദ്യം നടത്തിയപ്പോള്‍ അതിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന ആളാണ് ഈ ഞാന്‍. പോരാത്തതിനു ഇപ്പോള്‍ നടക്കാന്‍ പോകുന്ന കോണ്‍ഫറന്‍സിന്റെ സംഘാടകര്‍ എന്നോടും കൂടി ചര്‍ച്ച ചെയ്താണ് കാര്യങ്ങള്‍ ചെയ്യുന്നത്’. തുടങ്ങിയ ഡയലോഗ്‌സ് നാവിന്റെ അറ്റംവരെ വന്നെങ്കിലും തത്ക്കാലം ഉള്ളിലെ ‘ആറാം തമ്പുരാനെ’ അടക്കി നിറുത്തി. പൊതുവേ അലക്‌സിച്ചേട്ടായെന്ന വിളിയും ഒരു മിനിസ്ട്രിയുടെ ആദ്യ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ സ്‌നേഹവും ബഹുമാനവും ലഭിക്കുമ്പോഴാണ് ഈ കൊച്ചിന്റെ ഇത്തരം ചോദ്യങ്ങള്‍. പിന്നെ എന്തോ ഒരു കൗതുകത്തിനു വിനയപൂര്‍വം ഉത്തരങ്ങള്‍ നല്കി ആ ഫോണ്‍കോള്‍ അവസാനിപ്പിച്ചു.

പിന്നീട് ആലോചിച്ചപ്പോള്‍ അന്നങ്ങനെ സംഭവിച്ചത് നന്നായി എന്നുതോന്നി. അതിനു കാരണം ഇതിനിടയില്‍ ഞാന്‍ ജോലി സംബന്ധമായി മറ്റൊരു രാജ്യത്ത് ചെന്നപ്പോള്‍ ഒരു കൂട്ടുകാരന്‍ പറഞ്ഞ സംഭവമാണ്, അതെ ഫ്‌ളാഷ്ബാക്കിനകത്തൊരു ഫ്‌ളാഷ്ബാക്ക്. കൂട്ടുകാരന്‍ ഇന്ത്യയില്‍ ആയിരുന്നപ്പോള്‍ തുടങ്ങി വച്ച ഒരു സേവന സംരംഭം ഉണ്ട്. അതിന്റെ നടത്തിപ്പിനും കൂടിയാലോചനകള്‍ക്കും ജോലിയോടൊപ്പം ഒത്തിരി ബുദ്ധിമുട്ടുകള്‍ സഹിച്ച് സമയം ചെലവഴിച്ചിട്ടുണ്ട്. പിന്നീട് ആ സംരംഭം പുതിയ പേരില്‍ കൂടുതല്‍ പങ്കാളിത്തത്തോടെ ആഗോളതലത്തില്‍ വ്യാപിച്ചു. പുതിയ രാജ്യത്ത് വന്നപ്പോള്‍ ഈ പരിപാടിയുടെ ലഘുലേഖ വിതരണം ചെയ്യാന്‍ അവിടെയുള്ളവര്‍ എന്റെ കൂട്ടുകാരനെ വിളിച്ചു. വിളിച്ചവര്‍ക്ക് അറിവില്ലായിരുന്നു ഇദ്ദേഹമാണ് ഇതിന് തുടക്കം കുറിച്ചതെന്ന്. കൂട്ടുകാരനാകട്ടെ അതു അവരോട് പറഞ്ഞതുമില്ല. നല്ല തണുപ്പുകാലത്ത് ഒരു സ്ഥാപകന്റെ ഭാവങ്ങളേതുമില്ലാതെ തികച്ചും സഹായിയുടെ റോളില്‍ ആളുകള്‍ക്ക് ലഘുലേഖ വിതരണം ചെയ്തപ്പോള്‍ താന്‍ അനുഭവിച്ച ആനന്ദത്തെക്കുറിച്ച് സുഹൃത്ത് വാചാലനായി.Related image

അങ്ങനെയിരിക്കെ ജോലിയുടെ ഭാഗമായി വീണ്ടും മറ്റൊരു രാജ്യത്തു വന്നപ്പോള്‍ ഒരു ജീസസ് യൂത്ത് മീറ്റിങ്ങില്‍ ഒരവധി ദിനത്തില്‍ പങ്കെടുക്കുകയുണ്ടായി. ഞാന്‍ നാട്ടില്‍ വലിയ സംഭവമായിരുന്നു എന്ന മട്ടില്‍ ആ രാജ്യത്തെ കോ-ഓര്‍ഡിനേറ്റര്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അതു കേട്ടുനിന്ന ഒരു ചേട്ടന്‍ ‘താന്‍ ഒരു സംഭവം തന്നെ’ എന്ന മട്ടില്‍ എന്നെ നോക്കി ‘ഇതൊക്കെ എന്ത്’ എന്ന മട്ടില്‍ ഒരു മറുനോട്ടം ഞാനും കൊടുത്തു. പിന്നീട് ആ ചേട്ടനെ പറ്റി കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞപ്പോഴാണ് കക്ഷി ജീസസ് യൂത്തിന്റെ അന്തര്‍ദേശീയ തലത്തില്‍ സുപ്രധാന ഉത്തരവാദിത്വം വഹിച്ചയാളാണെന്നു മനസ്സിലായത്. ആ സമയത്ത് ആരെങ്കിലും ആ ഉത്തരവാദിത്വം ഏറ്റെടുക്കണമായിരുന്നുവെന്നും അതുകൊണ്ട് താന്‍ അതു നിര്‍വഹിച്ചു എന്നു പറഞ്ഞ് ആ ചേട്ടനതിനെ നിസ്സാരവത്കരിക്കുകയും മറ്റു വിഷയത്തിലേക്ക് സംസാരം മാറ്റുകയും ചെയ്തു.

പൊതുവേ അധികാരങ്ങള്‍ ഒരിക്കല്‍ ലഭിച്ചാല്‍ പിന്നെ മറ്റുള്ളവര്‍ക്ക് കൈമാറാന്‍ വിമുഖത കാണിക്കുന്ന കാലമാണിത്. ചിലപ്പോള്‍ തനിക്കുശേഷം വരുന്നവര്‍നന്നായി മുന്നോട്ട് കൊണ്ടുപോകുമോ എന്ന ആശങ്കയും കാരണമാകാം. എന്നാല്‍ തങ്ങളുടെ നിലകള്‍ വിട്ട്, എളിയ തലത്തിലേയ്ക്ക് കടന്നുവരാന്‍ എന്റെ കൂട്ടുകാരനും, പരിചയപ്പെട്ട ചേട്ടനും കാണിച്ച മനോഭാവം എന്നെ വല്ലാതെ സ്പര്‍ശിച്ചു. കരുത്തും കഴിവും ഉള്ളവര്‍ മറ്റുള്ളവര്‍ക്കായി വഴി മാറിയപ്പോള്‍ കൂടുതല്‍ മനോഹരമായി മാറിയതും കണ്ടിട്ടുണ്ട്. തന്റെ പൂര്‍ണ അധികാരത്തില്‍ നിന്ന് പിന്മാറാന്‍ ബനഡിക്ട് മാര്‍പാപ്പ തീരുമാനിച്ചപ്പോള്‍ ജനഹൃദയങ്ങളെ കീഴടക്കി കൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് Related imageമാര്‍പാപ്പയെ ലഭിച്ചു. ഇനിയുമുണ്ട് പിന്മാറിയവര്‍. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ദ്രപ്രസ്ഥം വിട്ടിറങ്ങിയ ഗാന്ധിജി മുതല്‍ തന്റെ താക്കോല്‍ക്കൂട്ടവും മറ്റും മരുമകളെ ഏല്പിച്ചു പിന്‍വലിഞ്ഞ എനിക്കറിയാവുന്ന ഒരു ‘വലിയമ്മച്ചി’വരെ ചില ഉദാഹരണങ്ങളാണ്. അധികാരങ്ങളില്‍ നിന്നും ഓടിയകലാനല്ല പറയുന്നത്, മറിച്ച് ഓരോന്നിനും നിഷ്‌കര്‍ഷിച്ചിട്ടുള്ള മഴത്തുള്ളിക്കാലം കഴിയുമ്പോഴുള്ള പിന്മാറ്റമാണ് ഉദ്ദേശിച്ചത്. മഴത്തുള്ളി എപ്പോഴും സ്ഥായിയായ അവസ്ഥയല്ല മറിച്ച് അത് ഭൂമിയില്‍ നിപതിക്കുമ്പോഴോ, സൂര്യതാപം ഏല്ക്കുമ്പോഴോ അത് അലിഞ്ഞ് ഇല്ലാതാകുന്നു. എന്നാല്‍ ഓരോ മഴത്തുള്ളിയുടെ ‘കാലം’ വ്യത്യസ്തമാകാം. അധികാരങ്ങളെ ദൈവികമായി കണ്ട്, ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ നിര്‍വഹിക്കുമ്പോള്‍ അത് വളരെ മനോഹരമായി തീരുന്നു. അതുപോലെ പ്രധാനപ്പെട്ടതാണ് ദൈവം നിഷ്‌കര്‍ഷിക്കുന്ന സമയത്ത് അത് കൈമാറുക എന്നതും. കുടുംബത്തിലും, ജോലിസ്ഥലത്തും, ജീസസ് യൂത്തിലും, നമ്മള്‍ വ്യാപരിക്കുന്ന മറ്റു മേഖലകളിലും ചെറുതും വലുതുമായി പല തരത്തിലുള്ള അധികാരം ലഭിക്കാറുണ്ടണ്ട്. ലഭിച്ചിരിക്കുന്ന അധികാരങ്ങളെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിയാനും, അതിന്റെ ‘മഴത്തുള്ളിക്കാലം’ കഴിയുമ്പോള്‍ കൈമാറുവാനും ഞങ്ങളെ അനുഗ്രഹിച്ചാലും.

അലക്‌സി ജേക്കബ്‌