വിശ്വാസ ജീവിതപരിശീലന രംഗത്ത് സമര്‍പ്പിത സേവനം നല്കുന്നവര്‍ക്കെല്ലാം കെയ്‌റോസിന്റെ സ്‌നേഹാദരവുകള്‍.

മൂന്നരപ്പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ ഓര്‍മകളാണ്; പാലാ രൂപതയുടെ ഭാഗമായ ചേറ്റുതോട് ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു ഞാന്‍. വേദപാഠ ക്ലാസ്സില്‍ പോകാതിരിക്കാന്‍ വീട്ടില്‍ നിന്ന് അനുവാദം കിട്ടുകയേ ഇല്ലായിരുന്നു. എല്ലാ ദിവസവും ചെല്ലുന്നവര്‍ക്കുള്ള ഹാജരിനുള്ള സമ്മാനം ഒരു പ്രചോദനമായിരുന്നു. വേദപാഠം കഴിഞ്ഞിട്ട് കൂട്ടുകൂടി കളിക്കാനൊക്കെ സാധിക്കുമായിരുന്നു എന്നുള്ളതിന്റെയപ്പുറത്ത് ക്ലാസ്സുകളൊക്കെ അത്രയ്ക്ക് ആകര്‍ഷകമായിരുന്നതായി ഓര്‍ക്കുന്നില്ല. സ്‌കൂളിലെ പാഠങ്ങള്‍ പഠിച്ചിരുന്നത്ര ഗൗരവത്തോടെ ഞായറാഴ്ച പഠനത്തെ കണ്ടിരുന്നുമില്ല.

അന്ന് തുടര്‍ച്ചയായി നടന്നിരുന്ന മാസ മീറ്റിങ്ങുകളും മിഷന്‍ ലീഗ് പ്രവര്‍ത്തനങ്ങളും ഫൊറോന, രൂപതാ മത്സരങ്ങളുമൊക്കെ ഓര്‍മയിലുണ്ട്. ബൈബിള്‍ ക്വിസ്സിന് സമ്മാനം കിട്ടുന്നതിനായിരുന്നു വചന വായന. മിഷന്‍ലീഗിന്റെ മാനുവല്‍ ബുക്കില്‍ പൂരിപ്പിക്കുന്നതിനായി ആയിരക്കണക്കിന് സുകൃത ജപങ്ങള്‍ ചൊല്ലിയിരുന്നതുമോര്‍ക്കുന്നു. അന്ന് സണ്‍ഡേ സ്‌കൂള്‍ കാലത്ത് പുറത്തിറക്കിയിരുന്ന രശ്മി എന്നു പേരിട്ടിരുന്ന കൈയെഴുത്തു മാസികയാവണം വെല്ലുവിളികളും
പ്രതിസന്ധികളും ഏറെയാണെങ്കിലും കെയ്‌റോസ് മാസികയുടെ കൂടെ നടക്കാനുള്ള പ്രചോദനം.

ഇന്ന് തിരിച്ചറിയാനാകുന്നുണ്ട്, ആ ഞായറാഴ്ച ക്ലാസ്സുകളും അതിനോടനുബന്ധിച്ചുള്ള നൂറുകണക്കിന് പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും ഒന്നും വെറുതെയായിട്ടില്ല. അന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും അവയൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്, രൂപപ്പെടുത്തിയിട്ടുണ്ട്. ബോധ്യങ്ങള്‍ നല്കിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ വിശ്വാസ ജീവിത പരിശീലനകാലമായിരുന്നു അതെന്ന് അന്ന് അറിഞ്ഞില്ല. ഇത് എന്റെ മാത്രം അനുഭവമായിരിക്കില്ലല്ലോ.

കേരളത്തിലെ അര ലക്ഷമെങ്കിലും വരുന്ന സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ആദരം അര്‍പ്പിക്കാനായി കെയ്‌റോസിന്റെ ഈ ലക്കം മാറ്റി വയ്ക്കുകയാണ്. നിങ്ങള്‍ വിശ്വാസ ജീവിത പരിശീലനം നല്കുന്ന കുട്ടികളുടെ പക്കല്‍നിന്ന് വേണ്ടത്ര ബഹുമാനവും സ്‌നേഹവും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നറിയില്ല. നിങ്ങളുടെ ശുശ്രൂഷയുടെ മഹത്വം അവരില്‍ പലരും തിരിച്ചറിയുന്നുണ്ടാവില്ല. എന്നാല്‍ ദൈവസന്നിധിയില്‍ ഏറെ വിലപ്പെട്ടൊരു കര്‍മത്തിലാണ് നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതിഫലമൊന്നുമില്ലാതെ സമയം മാറ്റിവച്ച്, ഏറെ ആത്മാര്‍ഥതയോടെയും, പ്രതിബദ്ധതയോടെയും, സമര്‍പ്പണത്തോടെയും നിങ്ങളേര്‍പ്പെട്ടിരിക്കുന്ന ഈ ദൗത്യം അനേകരെ അവരറിയാതെ രൂപപ്പെടുത്തുന്നുണ്ടെന്നറിയുക.

അനവധി ടി.വി. ചാനലുകളും, നിരവധി സാധ്യതകളുമുള്ള മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയയുമൊക്കെ പുതിയ തലമുറയുടെ മുന്നില്‍ വയ്ക്കുന്ന പ്രലോഭനങ്ങള്‍ക്ക് അതിരില്ല. വിശ്വാസജീവിത പരിശീലകരുടെ നാളെകള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നതില്‍ സംശയം വേണ്ട. അക്ഷരങ്ങളിലൂടെ അതേ ദൗത്യം തുടരുന്ന കെയ്‌റോസിന്റെ സ്‌നേഹനിര്‍ഭരമായ ഭാവുകങ്ങള്‍ നേരട്ടെ.

സ്‌നേഹപൂര്‍വം,
ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍
kairosmag@gmail.com