കാന്‍സര്‍ എന്ന വാക്ക് അത്രയൊന്നും സുപരിചിതമല്ലാത്ത തൊണ്ണൂറുകളിലാണ് അച്ഛന് കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. ന്നെ വളരെ പെട്ടെന്ന് ജീവിതത്തിന്റെ നിറം മാറാന്‍ തുടങ്ങി. അച്ഛനെന്ന അഭയ കേന്ദ്രം മരണമെന്ന മഹാസത്യത്തിലേക്ക് നടന്നടുക്കുകയാണെന്ന തിരിച്ചറിവില്‍ പതിനേഴു വയസ്സുകാരന്റെ മുന്നിലേക്കുള്ള വഴിയില്‍ കൂരിരുള്‍ പരക്കാന്‍ തുടങ്ങി. മരണത്തിന്റെ ദൂതന്മാര്‍ ഏതു സമയവും കൊത്തിക്കൊണ്ടുപോകാവുന്ന രണ്ടു ജീവിതങ്ങള്‍ക്ക് (ഹൃദയ സംബന്ധമായ രോഗമായിരുന്നു അമ്മയ്ക്ക്) ഒറ്റയ്ക്ക് കാവലാളാവുക എന്നതായിരുന്നു നിയോഗം. പിന്നീടെങ്ങനെയൊക്കെയോ എത്തിച്ചേര്‍ന്ന കാന്‍സര്‍ ഹോസ്പിറ്റലിന്റെ ജനറല്‍
വാര്‍ഡിന് മരുന്നിന്റെയും, മരണത്തിന്റെയും ഗന്ധമായിരുന്നു. രാത്രി അച്ഛന്റെ കിടയ്ക്കക്കരുകില്‍ കിടക്കുമ്പോള്‍ ചിലപ്പോള്‍ കേള്‍ക്കാം അടക്കിപ്പിടിച്ച ചില തേങ്ങലുകള്‍.

അധികം അകലെയല്ലാത്ത ബെഡ്ഡില്‍ ആരോ മരണപ്പെട്ടിരിക്കുന്നു. സ്വയം കടന്നുപോകേണ്ടി വന്നിട്ടില്ലാത്ത സങ്കടങ്ങളോട് മനുഷ്യന്‍ നടത്തുന്ന ഒരു തരം ആശ്വ
സിപ്പിക്കലാണ് സഹതാപം എന്നു തിരിച്ചറിഞ്ഞ ദിനരാത്രങ്ങള്‍. സങ്കടങ്ങളാണ് മനുഷ്യന്റെ യഥാര്‍ഥ പാഠശാല.

അര്‍ബുദം പിടികൂടുന്നത് ഒരാളെയാണെങ്കിലും, ആ എട്ടുകാലിവല ഒരുവീടിനെ
മുഴുവനും തന്റെ നിയന്ത്രണത്തിലാക്കും. അത്രയൊന്നും പരിചിതമല്ലാത്ത ക്രിസ്തീയ പ്രാര്‍ഥനകള്‍ ആ ആതുരാലയത്തിലെ സ്പീക്കറുകളിലൂടെ ഇടയ്‌ക്കൊക്കെ മുഴങ്ങിയിരുന്നു. മുന്നില്‍ പരക്കുന്ന ഇരുളില്‍ യാന്ത്രികമായി ചലിക്കുന്ന ആ നാളുകളിലൊന്നിലാണ് ഒരു കത്തോലിക്കാ ദേവാലയം അടുത്തു കാണുന്നത്.

ക്രൂശിത രൂപത്തോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങുന്നത് അങ്ങനെയാണ്. ”ഈ ആശുപത്രി ചാപ്പലിലെ ദൈവത്തിനു ഭയങ്കര ശക്തിയാണ്, സുഹൃത്തേ…” ആ നാളുകളില്‍ ഒരാള്‍ പറഞ്ഞതോര്‍ക്കുന്നു. ആശ്രയിക്കാന്‍ മറ്റൊന്നുമില്ലെന്നറിഞ്ഞു കണ്ണീരോടെ പ്രാര്‍ഥിക്കുന്നവരോളം ദൈവത്തെ തൊട്ടറിയുന്നവര്‍ ചുരുക്കമാണ്.

അങ്ങനെ ഒരു സന്ധ്യയിലാണ് അത് സംഭവിച്ചത്, പ്രത്യേക ലക്ഷ്യമൊന്നുമില്ലാത്ത നടത്തത്തിനൊടുവില്‍ എത്തിപ്പെട്ടത് ആ കൊച്ചു ദേവാലയത്തിലായിരുന്നു. ചെറിയ ആള്‍ക്കൂട്ടത്തിന്റെ പ്രാര്‍ഥനയുടെ ഇടയില്‍ പുരോഹിതന്‍ ഒരപ്പക്കഷണമെടുത്ത് വാഴ്ത്തി മുറിച്ച്, പീന്നീടുയര്‍ത്തി മന്ത്രിച്ചു:

”ഇത് സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പം, ഇത് വാങ്ങി ഭക്ഷിക്കുന്നവര്‍ക്ക് മരണമില്ല”

ഈ വാക്യം മറ്റു കാതുകളില്‍ പതിച്ചത് എങ്ങനെയാണെന്ന് അറിഞ്ഞു കൂടാ, അക്രൈസ്തവ ചുറ്റുപാടില്‍ വളര്‍ന്ന ഒരാള്‍ക്ക് ആ കൂദാശ വചനങ്ങള്‍ ‘വെറും വാക്കല്ലിത്, ആഴിയാണ്, അഗ്‌നിയാണ്, ആത്മാവാണ്’ എന്ന ചെഞ്ചേരിലച്ചന്റെ കവിത പോലെ അനുഭവപ്പെടുക എന്നതായിരുന്നു ദൈവനിയോഗം.

പ്രഭാതത്തിലെ ഒരു ബലിയില്‍ തുടങ്ങി സായാഹ്നത്തിലെ മറ്റൊരു ബലിയില്‍ പൂര്‍ത്തിയാകുന്ന അനേക ആശുപത്രി ദിനങ്ങള്‍ക്കിടയില്‍ അനുദിനം നടന്നു തീര്‍ക്കേണ്ട ചെങ്കടലുകളെ വിഭജിച്ച് ദിവ്യകാരുണ്യം വഴി നടത്താന്‍ തുടങ്ങിയത് അങ്ങനെയാണ്. ആദ്യമായി ഒരു ധ്യാനം കൂടാന്‍ പ്രേരണയാകുന്നതും,

Holy Mass is not the Part of the day, but the Heart of the Day എന്ന തിരിച്ചറിവിലേക്ക് നയിക്കപ്പെടുന്നതുമെല്ലാം ജൂണിലെ ആ മഴക്കാലത്തെ ആശുപത്രിവാസക്കാലം തന്ന നന്മകളാണ്. വി.കുര്‍ബാനയോട് ഒരു വലിയ സ്‌നേഹം ഉള്ളില്‍ വളരാന്‍ തുടങ്ങിയത് ആ നാളുകളിലാണ്. വി.കുര്‍ബാന അര്‍പ്പണം ഒരു ദിവസത്തിലെ ഒരു അപ്രധാന ഭാഗമല്ല മറിച്ച് ആ ദിനത്തിന്റെ ഹൃദയഭാഗമാണ് എന്ന ഒരു തിരിച്ചറിവ് തമ്പുരാന്‍ നല്‍കാന്‍ തുടങ്ങി. മാമ്മോദീസ സ്വീകരിക്കാത്ത ആദ്യ എട്ടു വര്‍ഷക്കാലത്തെ വിശ്വാസയാത്രയില്‍, അത്രയൊന്നും സൗകര്യങ്ങളില്ലാതിരുന്നിട്ടും വി.കുര്‍ബാനയില്‍ അനുദിനം പങ്കെടുക്കുവാന്‍ എങ്ങനെയൊക്കെയോ സാധിച്ചിരുന്നു.

ദിവ്യകാരുണ്യത്തോടുള്ള ഈ ഇഷ്ടം ഒരു ഇടദിവസത്തിലെ (week day) ബലി പോലും മുടങ്ങാതിരിക്കാനായി പതിനഞ്ചു കിലോമീറ്ററൊക്കെ അങ്ങോട്ടും, ഇങ്ങോട്ടുമായി സൈക്കിള്‍ ചവിട്ടി ദേവാലയങ്ങള്‍ തേടിചെല്ലാന്‍ ടയാക്കിയിട്ടുണ്ട്.രണ്ടായിരാമാണ്ടിലെ ജൂബിലിവര്‍ഷം വി.തോമാശ്ലീഹയുടെ തിരുനാളില്‍, വിശുദ്ധന്‍ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഏഴര പള്ളികളിലൊന്നില്‍ വച്ചായിരുന്നു ജ്ഞാനസ്‌നാനവും, ആദ്യ
കുര്‍ബാന സ്വീകരണവും. അവര്‍ണനീയമായ ദാനത്തിന് ശരിക്കും നന്ദി പറഞ്ഞുപോയ നിമിഷങ്ങള്‍. ആദ്യമായി വി. കുര്‍ബാനയില്‍ പങ്കെടുത്തിടത്തുനിന്നും വി. കുര്‍ബാന സ്വീകരണത്തിന് യോഗ്യത നേടാനെടുടുത്തത് എട്ടുവര്‍ഷമായിരുന്നു.

ഇതിനിടയില്‍ അച്ഛനുമമ്മയും മരണമടഞ്ഞു, പ്രിയപ്പെട്ട പലരും വിശ്വാസത്തിന്റെ പേരില്‍ വഴി മാറി. തനിച്ചാകുന്ന രാപകലുകളില്‍ മിശിഹാനുഭവത്തിന്റെ കൂട്ട് മുന്നോട്ട് തുഴയാന്‍ തുണയായി. ശരിയാണ്, പല ബലിയര്‍പ്പണങ്ങളും അത്രയൊന്നും ദൈവാനുഭവ പൂര്‍ണങ്ങളല്ലായിരുന്നു. പലവിചാര ചിന്തകള്‍ നിറഞ്ഞ പോരാട്ടമായും വി. കുര്‍ബാനയര്‍പ്പണം മാറിയിട്ടുണ്ട്. പക്ഷേ, ഇത്തരം ഒരു ബലി പോലും നഷ്ടമായിരുന്നു എന്ന് തോന്നിയിട്ടില്ല. തൊട്ടടുത്ത ബലിയില്‍ കുറേക്കൂടെ യോഗ്യതയോടെ, ജാഗ്രതയോടെ അണയണം എന്ന ഒരു ദാഹം ഉള്ളില്‍ തോന്നാറുണ്ട്. വി.കുര്‍ബാനയര്‍പ്പണം മുടങ്ങുമ്പോള്‍ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടാലെന്ന പോലുള്ള ഒരു നഷ്ടബോധം ഇന്നും ഉള്ളില്‍ നിറയുന്നു.

”ഈ ലോകത്തിലുള്ള സര്‍വ സുഖങ്ങളിലും മുഴുകി ആയിരം വര്‍ഷങ്ങള്‍ ജീവിക്കുന്നതിനേക്കാള്‍ എനിക്കു വലുത് ഒരു മണിക്കൂര്‍ ദിവ്യകാരുണ്യത്തിനു മുന്‍പില്‍
ഇരിക്കുന്നതാണ്” എന്ന വി. പാദ്രേപിയോയുടെ വാക്കുകള്‍ അശുദ്ധിയും, അനിശ്ചിതത്വവും ഭരണം നടത്തുന്ന നമ്മുടെ കാലഘട്ടത്തില്‍ വളരെ കൂടുതല്‍ പ്രസക്തവും പ്രചോദനാത്മകവുമാണ്.

ഒരു മനുഷ്യന്‍ നടന്നുതീര്‍ക്കേണ്ട വഴികള്‍, തുഴഞ്ഞു താണ്ടേണ്ട കണ്ണീര്‍പുഴകള്‍ ഏതൊക്കെയാണെന്ന്, ആര്‍ക്കറിയാം. ഈ വഴിത്താരയില്‍ വി. കുര്‍ബാനയാകുന്ന പാഥേയമില്ലാതെ ഒരാള്‍ക്ക് എങ്ങനെ അതി ജീവിക്കാനാകും? മണ്ണുകൊണ്ട് മെനയപ്പെട്ട മനുഷ്യന് ഒരു വി. ബലിയുടെ പിന്‍ബലമില്ലാതെ, കര്‍ത്താവിന്റെ അള്‍ത്താരയോട് അനുദിനം സ്വയം ബന്ധിച്ചിടാതെ ഈ കാലഘട്ടത്തില്‍ ലോകം, ശരീരം, പിശാച് തുടങ്ങിയ മൂന്ന് പ്രബല ശത്രുക്കളെ നമുക്ക് കീഴടക്കാനാവുമെന്ന് കരുതുന്നതാണ് ഭോഷത്തം. എല്ലാ ദിവസവും വി. കുര്‍ബാനക്കു പോകുന്ന ഒരു ഭര്‍ത്താവിനെ തരണമേ എന്ന് പ്രാര്‍ഥിച്ച ഒരു വിവാഹപ്രായമെത്തിയ പെണ്‍കുട്ടിയുണ്ടായിരുന്നു, അത്രയ്ക്ക് ബോധ്യമുണ്ടായിരുന്നു അവള്‍ക്ക് ദിവ്യകാരുണ്യ ഈശോയെ സ്‌നേഹിക്കുന്ന ഒരു പങ്കാളി തന്നേയും കരുതുമെന്ന്. ദിവസത്തില്‍ ഇടയ്‌ക്കൊക്കെ രണ്ടു കുര്‍ബാന വരെ കൂടുന്ന കൃപയുള്ള ഒരു ജീവിത പങ്കാളിയെത്തന്നെ ദൈവം അവള്‍ക്കു കൊടുത്തു. ഒരു വിളിപ്പാടകലെ ദിവ്യകാരുണ്യ നാഥനുള്ളപ്പോള്‍ പന്നിക്കുഴിയിലെ തവിടു തിന്നുന്ന ധൂര്‍ത്തപുത്രനായി തുടരുന്നതും, സിക്കാറിലെ കിണറ്റില്‍നിന്നും ദാഹം തീര്‍ക്കാനാവാത്ത വെള്ളം കോരിക്കൊണ്ടേയിരിക്കുന്നതും എത്ര ദൗര്‍ഭാഗ്യകരമാണ്.

”ആത്മാവില്‍ ഒരു പള്ളിയുണ്ട്, അതിലൊരു സക്രാരിയുണ്ട്… ”ആ ഗാനത്തിലെ മനോഹരമായ ഈരടികള്‍ പോലെ ഉള്ളിലൊരു സക്രാരി തീര്‍ക്കാന്‍ വില കൊടുക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ മംഗളങ്ങള്‍!

ശശി ഇമ്മാനുവല്‍ 

sasiimmanuel@gmail.com