ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ 1990 കാലഘട്ടത്തിലാണ് എനിക്ക് മതബോധന രംഗത്ത് കടന്നുവരണമെന്നുള്ള ആഗ്രഹം ജനിക്കുന്നത്. കാരണം മതബോധന അധ്യാപകരാകുക എന്നതും ഒരു ദൈവ വിളിയാണെന്നും, അത് സഭയുടെ പരമപ്രധാനമായ കടമയാണെന്നും എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു. കൂടാതെ കുഞ്ഞു മനസ്സില്‍ വിശ്വാസത്തിന്റെ, നന്മയുടെ വിത്തു പാകുവാന്‍ സാധിച്ചാല്‍ അവര്‍ വളര്‍ന്നു വരുമ്പോള്‍ സഭയ്ക്കും, സമൂഹത്തിനും കുടുംബത്തിനും നന്മ ചെയ്തു ജീവിക്കുന്നവരായി വളര്‍ന്നു വരും.

സഭയോടും, ഇടവക വികാരിയച്ചനോടും ചേര്‍ന്നു നിന്നുകൊണ്ട് വിശ്വാസ പരിശീലന പ്രക്രിയയില്‍ പങ്കാളിയാവുക. അപ്പോഴാണ് വിശ്വാസ പരിശീലനം പൂര്‍ണമാകുന്നതും നല്ല ഫലം നല്‍കുന്നതും.

മതബോധന രംഗത്ത് 26 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഞാന്‍ എന്തെങ്കിലും നേടി. എന്നു പറയുവാന്‍ എനിക്കാവില്ല. ദൈവത്തിന്റെ കൃപയാല്‍ ഞാന്‍ നടന്നു നീങ്ങുന്നു എന്നു മാത്രമേ എനിക്ക് പറയുവാന്‍ സാധിക്കുകയുള്ളൂ. ദൈവം നമ്മെ ഏല്‍പ്പിച്ചു തന്ന കുഞ്ഞുമക്കളെ, ദൈവവിശ്വാസത്തിലും, സത്യത്തിലും, നന്മയിലും നീതിയിലും ജീവിക്കുവാനുള്ള പ്രചോദനം നല്‍കുവാന്‍ സാധിച്ചിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു.

വേദപാഠ ക്ലാസ്സുകളില്‍, മാതാപിതാക്കള്‍ക്കുള്ള താത്പര്യം കൂടി വരുകയാണ്. കുട്ടികള്‍ക്ക് വിശ്വാസ പരിശീലനം നല്‍കുന്നതോടൊപ്പം തന്നെ മാതാപിതാക്കള്‍ക്ക്, വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യവും ആവശ്യകതയും ബോധ്യപ്പെടുത്തുവാന്‍ സാധിച്ചാല്‍ വിശ്വാസ പരിശീലനം സുഗമമാക്കുവാന്‍ സാധിക്കും.

ഞാന്‍ ആദ്യമായി മതബോധന ക്ലാസ്സിലേയ്ക്ക് കടന്നു ചെന്നപ്പോള്‍ എനിക്കുണ്ടായിരുന്ന ഭയവും വിറയലും ഇന്നും ക്ലാസ്സിലേയ്ക്ക് ചെല്ലുമ്പോള്‍ അനുഭവപ്പെടുന്നു. ഓരോ മതാധ്യാപകനെയും അവന്റെ പ്രവര്‍ത്തനങ്ങള്‍, സംസാരം, പെരുമാറ്റം, വസ്ത്രധാരണം എന്നിവ സസൂഷ്മം വീക്ഷിക്കുന്ന കുട്ടികള്‍ക്ക്, നല്ല മാതൃകയാവാന്‍ എല്ലാ അധ്യാപകരും ശ്രദ്ധിക്കേണ്ടതുണ്ട്.

നല്ല മതാധ്യാപകരാകുവാന്‍ ഓരോരുത്തരും അറിയേണ്ട കാര്യങ്ങള്‍:

* മതബോധന അധ്യാപകരാവുക എന്നത് ഒരു ദൈവ വിളിയാണെന്നും, അത് ഒരു ശുശ്രൂഷയാണെന്നും

ഒരു സുവിശേഷ വേലയാണെന്നും ഉള്ള ബോധ്യം ഉണ്ടായിരിക്കണം.

* ഈശോയുമായി ഗാഢമായ ബന്ധം പുലര്‍ത്തുന്നവരാകണം.

* ദിവസേനയുള്ള ബലിയര്‍പ്പണം, ബൈബിള്‍ വായന, പഠനം, പ്രാര്‍ഥന എന്നിവ പാലിക്കുന്നവരാകണം.

* അനുദിനം യേശു അനുഭവത്തില്‍ വളരുവാന്‍ തീക്ഷണതയോടെ പ്രയത്‌നിക്കുന്നവരാകണം.

എനിക്കും എന്റെ ഭാര്യ ലീമയ്ക്കും മതബോധന അധ്യാപകരാകുവാന്‍ സാധിച്ചത് വലിയ ദൈവാനുഗ്രഹമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഞങ്ങള്‍ ഇടവകയില്‍ മതബോധന രംഗത്ത് സജീവമായി ശുശ്രൂഷ ചെയ്തു വരുന്നു.

മതബോധനം ഒരു കമിറ്റ്‌മെന്റായി കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നത്, ഈശോയ്ക്ക് ഞങ്ങളോടുള്ള സ്‌നേഹവും, അവിടത്തെ കരുതലുമാണ്. ഒരു കാര്യം എനിക്ക് ഉറക്കെ പറയുവാന്‍ സാധിക്കും, ഇന്നുവരെ ഞങ്ങളുടെ ജീവിതത്തില്‍ ഈശോ ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. ക്ലാസ്സുകള്‍ നന്നായി എടുക്കുന്നതിനുവേണ്ടി ഒരോ ദിവസവും മുടങ്ങാതെ ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നു. ഓരോ കുട്ടികള്‍ക്കും വേണ്ടി ദിവസവും പ്രാര്‍ഥിക്കുന്നു. പാഠം നന്നായി ഒരുങ്ങി ടീച്ചിംഗ് നോട്ടും ടീച്ചിംഗ് എയ്ഡ് ചാര്‍ട്ടുകളും തയ്യാറാക്കി, സ്വന്തം ജീവിതാനുഭവം പകര്‍ന്ന് നല്‍കിക്കൊണ്ട് ക്ലാസ്സുകള്‍ എടുക്കുന്നു.

അലക്‌സ് & ലീമ അലക്‌സ്‌