ആള്‍ട്ടര്‍ ക്രിസ്റ്റസ് എന്ന വാക്കിന്റെ അര്‍ഥം പോലും ലിസ്യു സണ്‍ഡേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അറിയില്ലായിരുന്നു. പക്ഷേ, 2018-ലെ ഏപ്രില്‍ മാസത്തില്‍ നടന്ന വിശ്വാസോത്സവത്തില്‍ ഞങ്ങളുടെ കുട്ടികള്‍ ആ വാക്കിന്റെ അര്‍ഥം തൊട്ടറിഞ്ഞു. വൈദികര്‍ ക്രിസ്തുവിന്റെ പകരക്കാരാണ് എന്നാണ് ആ വാക്കിന്റെ അര്‍ഥം. അതുകൊണ്ടുതന്നെ അവരെ ആദരിക്കാന്‍ നമ്മുടെ മക്കളെ പഠിപ്പിക്കണമെന്ന ചിന്ത ഞങ്ങള്‍ പി.ടി.എ. അംഗങ്ങള്‍ പങ്കുവച്ചു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഞായറാഴ്ച രണ്ടാമത്തെ കുര്‍ബാന കഴിഞ്ഞ് ഞങ്ങള്‍ പള്ളിയുടെ അള്‍ത്താരയോടു ചേര്‍ന്നു ചെറിയൊരു മീറ്റിംഗ് നടത്തിയത്.

വൈദികരെയും കന്യാസ്ത്രീകളെയും അപമാനിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഇത്തരമൊരു പരിപാടി അതിരമ്പുഴയ്ക്കടുത്ത് ലിസ്യു ഇടവകയിലെ പള്ളിയില്‍ നടത്തിയത്. കുര്‍ബാനയ്‌ക്കെത്തിയവരില്‍ നല്ലൊരു പങ്കും എന്താണ് കാര്യമെന്നറിയാന്‍ മീറ്റിംഗില്‍ പങ്കെടുത്തു.

ലിസ്യുവിലെ വൈദികരെയും എസ്.എച്ച് കോണ്‍വെന്റിലെ കന്യാസ്ത്രീകളെയും ഞങ്ങള്‍ ക്ഷണിച്ചിരുന്നു. രണ്ടിടത്തുനിന്നും പ്രതിനിധികളായി നാലു വൈദികരും രണ്ടു കന്യാസ്ത്രീകളും എത്തി. അള്‍ത്താരയുടെ മുന്നില്‍ ഇട്ടിരുന്ന കസേരകളില്‍ അവരെ സ്വീകരിച്ച് ഇരുത്തി. സണ്‍ഡേ സ്‌കൂളിലെ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന ആറു കുട്ടികള്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും പൂക്കള്‍ നല്കി സ്വീകരിച്ചു. ഹെഡ് മാസ്റ്ററുടെ സ്വാഗത പ്രസംഗത്തില്‍ എന്താണ് ആള്‍ട്ടര്‍ ക്രിസ്റ്റസ് എന്നും ചരിത്രത്തില്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും സ്ഥാനമെന്താണ് എന്നും വിശദീകരിച്ചു. തുടര്‍ന്ന് എന്തുകൊണ്ട് ഇപ്പോള്‍ ഇത്തരമൊരു പരിപാടി നടത്തുന്നുവെന്ന കാര്യവും അതിന്റെ പ്രസക്തിയും പി.റ്റി.എ. പ്രസിഡന്റ് പ്രസംഗത്തില്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വൈദികരെ അടച്ച് ആക്ഷേപിക്കുകയും വൈദികവൃത്തിയെ അപമാനിക്കുകയും ചെയ്യുന്ന പ്രവണത ആപത്കരവും നന്ദികേടുമാണെന്നായിരുന്നു സംഗ്രഹം. ആ പ്രസംഗത്തിന്റെ കൈയെഴുത്താണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തുടര്‍ന്ന് വൈദികരുടെയും കന്യാസ്ത്രീകളുടെയും പ്രതിനിധികളായി വൈദികരില്‍ ഒരാള്‍ പ്രസം
ഗിച്ചു. അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ് നടന്നതെന്നും അനുമോദനങ്ങളില്ലാത്തപ്പോഴും അഭംഗുരം തുടരുന്ന വലിയ ദൗത്യമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും അച്ചന്‍ പറഞ്ഞു. സന്യസ്തജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളും ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ഇത്തരം സ്‌നേഹപ്രകടനങ്ങള്‍ തങ്ങള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

പി.ടി.എ.യുടെ വകയായി പ്രിയപ്പെട്ട വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും സ്‌നേഹസമ്മാനം നല്കി. വിദ്യാര്‍ഥികളെക്കൊണ്ടണ്ടാണ് സമ്മാനം കൊടുപ്പിച്ചത്. അതും കൗതുകമായി. വൈദികരില്‍നിന്നും കന്യാസ്ത്രീകളില്‍നിന്നുമൊക്കെ സമ്മാനങ്ങള്‍ വാങ്ങിയിട്ടുള്ള കുട്ടികള്‍ ആദ്യമായി അവര്‍ക്കു സമ്മാനം നല്കി. പൂക്കളും സമ്മാനങ്ങളുമൊക്കെ നല്കാന്‍ വന്ന കുട്ടികളുടെ മുഖത്ത് ആകാംക്ഷയും സന്തോഷവും അലയടിച്ചു. വൈദികരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചുമൊക്കെ പറയുന്നത് വളരെ ശ്രദ്ധയോടെയാണ് കുട്ടികള്‍ കേട്ടിരുന്നത്. സണ്‍ഡേ സ്‌കൂള്‍ ഓഡിറ്റോറിയത്തിനു പകരം ദേവാലയംതന്നെ ഇത്തരമൊരു മീറ്റിംഗിനു തെരഞ്ഞടുത്തത് പരിപാടിയുടെ ഗൗരവം വര്‍ധിപ്പിക്കുകയും ചെയ്തു.

സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടികള്‍ സമാപിച്ചു.

പ്രോഗ്രാം കഴിഞ്ഞപ്പോഴാണ് അതിന്റെ സ്വാധീനം വ്യക്തമായിത്തുടങ്ങിയത്. ആളുകള്‍ പെട്ടെന്നു തന്നെ വീടുകളിലേക്കു മടങ്ങിയില്ല. തിരക്കുണ്ടായിട്ടും പലരും വൈദികരുടെയും കന്യാസ്ത്രീകളുടെയും അടുത്തെത്തി കുശലം പറഞ്ഞിട്ടാണ് മടങ്ങിയത്. പള്ളിയില്‍ എത്തിയ നിരവധിപേര്‍ ഇത്തരമൊരു പരിപാടി വളരെ ശ്രദ്ധേയമായെന്നും ആവശ്യമായിരുന്നെന്നും പറഞ്ഞ് ഞങ്ങളെ സമീപിച്ചു. ചിലര്‍ അനുമോദിച്ചു. ഇതുവരെ നടത്തിയ എല്ലാ മീറ്റിംഗുകളില്‍ നിന്നും ആള്‍ട്ടര്‍ ക്രിസ്റ്റസ് വ്യത്യസ്തമായി.

മീറ്റിംഗിനു ദിവസങ്ങള്‍ക്കുശേഷവും ആളുകള്‍ അതിനെക്കുറിച്ചു പറഞ്ഞു. പള്ളിയിലെത്താത്തവരും അതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചു. അതുകൊണ്ടാണ് അതേക്കുറിച്ചുള്ള കുറിപ്പ് ലിസ്യു സണ്‍ഡേ സ്‌കൂള്‍ എന്ന ഞങ്ങളുടെ വാട്ട്‌സ് ആപ് ഗ്രൂപ്പില്‍ ഇട്ടത്. അതു പെട്ടെന്നു ഷെയര്‍ ചെയ്യപ്പെട്ടു. അതിലുണ്ടായിരുന്ന വൈദികരില്‍ പലരും പിന്നീട് വിളിച്ച് നന്ദി പറഞ്ഞു. കരഞ്ഞുകൊണ്ടാണ് അതു വായിച്ചത് എന്നു പറഞ്ഞ വൈദികരും ഉണ്ടായിരുന്നു.

ഞങ്ങള്‍ക്കും സന്തോഷം തോന്നുന്നു, ഒരു നല്ല കാര്യം ചെയ്യാനും ഞങ്ങളുടെ കുട്ടികള്‍ക്ക് മാതൃകയാകാനും കഴിഞ്ഞതില്‍. അതിനു സോഷ്യല്‍ മീഡിയെയും ഉപയോഗിക്കാന്‍ സാധിച്ചു. സോഷ്യല്‍ മീഡിയ ചീത്തയാണ് എന്നു പറയുകല്ല, അതിന്റെ നല്ല വശങ്ങളിലൂടെ നന്മയുടെ പ്രേഷിതരാകുകയാണ് വേണ്ടത്. ആള്‍ട്ടര്‍ ക്രിസ്റ്റസ് മീറ്റിംഗ് നമ്മുടെ എല്ലാ സണ്‍ഡേ സ്‌കൂളുകളിലും അനുകരിക്കേണ്ടതുമാണ്. വീടുകളില്‍ കുട്ടികളുടെ സാന്നിധ്യത്തിലിരുന്ന് വൈദികരെയും കന്യാസ്ത്രീകളെയും കുറ്റം പറഞ്ഞ് ആസ്വദിക്കുന്ന മുതിര്‍ന്ന തലമുറയ്ക്കും ഒരു തിരിച്ചറിവിനുള്ള അവസരമാകാന്‍ ഇതു സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

(ലേഖകന്‍ ദീപിക ദിനപത്രത്തിന്റെ ന്യൂസ് എഡിറ്റര്‍ ആണ്)

ജോസ് ആന്‍ഡ്രൂസ്