ടൂറിസത്തിലൂടെ വികസനമോ?

ടൂറിസംകൊണ്ട് കേരളത്തെ രക്ഷപെടുത്താമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. ഇനി കേരളത്തിന്റെ വികസനം ടൂറിസം മേഖലയിലാണുപോലും. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത്. നാടുനീളെ ടൂറിസ്റ്റു കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, വഞ്ചിവീടുകള്‍, മദ്യശാലകള്‍ തുടങ്ങി വിവിധ തൊഴില്‍ മേഖലകള്‍ അഭിവൃദ്ധിപ്പെടുമെന്നു സാരം. അടുത്ത കാലത്ത് ലിഗ എന്ന വിദേശ വനിതയുടെ മരണം ഈ രംഗവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ക്ക് കളമൊരുക്കി.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലം കോവളം, വര്‍ക്കല, കൊച്ചി, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്. ഇവരുടെ കടന്നുവരവ് സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റി നാം ഏറെ ചിന്തിക്കേണ്ടതുണ്ട്. നാം നവദമ്പതികളായി കാണുന്ന അനവധി ടൂറിസ്റ്റുകള്‍ യഥാര്‍ഥത്തില്‍ എവിടെവച്ചോ കണ്ടുമുട്ടി ഒന്നിച്ചു യാത്ര ചെയ്യുന്നവരാണ്. അവരില്‍ കൂറേപേരെങ്കിലും മദ്യവും, മയക്കുമരുന്നും ഉപയോഗിക്കുന്നവരുമാണ്. കോവളം, വര്‍ക്കല, തുടങ്ങിയ സ്ഥലങ്ങളില്‍ ഇവയുമായി ബന്ധപ്പെട്ട കച്ചവടം തകൃതിയായി നടക്കുന്നു. അതിനോടു ചേര്‍ന്ന് അനേകം നാട്ടുകാരും ഉപജീവനം നടത്തുന്നു. ആയുര്‍വേദ ടൂറിസത്തിന്റെ പേരില്‍ മസാജ് പാര്‍ലറുകളും ഒട്ടനേകമുണ്ട്.വ്യഭിചാരം മുതല്‍ പുരുഷവേശ്യകളുടെ സാന്നിധ്യംവരെ ചിലയിടങ്ങളില്‍ ഉള്ളതായി പറഞ്ഞുകേള്‍ക്കുന്നു.

നാട്ടിന്‍പുറങ്ങളില്‍പോലും റിസോര്‍ട്ടുകള്‍ രൂപം കൊള്ളുന്നുണ്ട്. അതുമായി ബന്ധപ്പെട്ട അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് അന്വേഷണവിധേയമാക്കണം. യഥാര്‍ഥത്തില്‍ ടൂറിസ്റ്റുവികസനം എന്നുപറയുന്നത് ഇതൊന്നുമല്ല. ചിലപ്പോഴൊക്കെ നാമറിയുന്നതുപോലെ ചാര്‍ട്ടുചെയ്ത് കപ്പലിലും, വിമാനത്തിലുമായി ഏതാനും ദിവസത്തേക്ക് കേരള
ത്തില്‍ വന്നിറങ്ങുകയും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചുപോകുകയും ചെയ്യുന്ന സംവിധാനമാണ്. അതല്ലാതെ ആഴ്ചകളും മാസങ്ങളും ഇവിടെ തങ്ങി ഒന്നിച്ചുള്ള ജീവിതത്തിലും മയക്കുമരുന്നിലും അധീനരായി അധാര്‍മികതയില്‍ മുന്നോട്ടു പോകുന്ന ഒരു ടൂറിസ്റ്റുസംസ്‌കാരമല്ല ഇവിടെ വളരേണ്ടത്. വളരെ വിവേകത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അതീവനാശത്തിലേക്ക് ദേശം കൂപ്പുകുത്തും. വിദേശികളുടെ അഴിഞ്ഞാട്ടത്തോടൊപ്പം നാട്ടുകാരും അഴിഞ്ഞാടും. വരുമാനം ഉണ്ടാകും എന്നതല്ല എങ്ങനെ ഉണ്ടാക്കുന്നുവെന്നതും പ്രാധാന്യമേറിയതാണ്. മദ്യക്കുപ്പികള്‍ ഉടയ്ക്കാനും അനാശാസ്യം നടത്താനുമുള്ള വേദികളായി ടൂറിസ്‌ററുകേന്ദ്രങ്ങള്‍ മാറരുത്. സാംസ്‌കാരിക തകര്‍ച്ചയിലേക്ക് ഏതെങ്കിലും ടുറിസ്റ്റ് കേന്ദ്രങ്ങള്‍ ആരെയെങ്കിലും നയിക്കുന്നുണ്ടെങ്കില്‍ അത് അടച്ചുപൂട്ടുകയാണ് ഉചിതം.

പ്രാര്‍ഥനാപുസ്തകങ്ങള്‍ അച്ചടിക്കുമ്പോള്‍

അടുത്ത കാലത്ത് ഒരു വീട്ടില്‍ ചെന്നപ്പോള്‍ പുറംചട്ട കീറിപ്പറഞ്ഞ് വൃത്തികേടായി കിടക്കുന്ന ഒരു പ്രാര്‍ഥനാ പുസ്തകം കാണാനിടയായി. പുസ്തകത്തിന്റെ പുറം ചട്ടയില്‍ ഈശോയുടെ ചിത്രമാണുണ്ടായിരുന്നത്, മറുവശത്ത് മാതാവിന്റേതും, അതുകണ്ടപ്പോള്‍ വലിയ വിഷമം തോന്നി. കുറച്ചു കാലം മുന്‍പുവരെ പ്രാര്‍ഥനാപുസ്തകങ്ങള്‍, ഭക്തിഗീതങ്ങള്‍ തുടങ്ങിയവയുടെ പുറത്ത് അതാതു പേരുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ ധ്യാനമന്ദിരങ്ങള്‍ സ്വന്തമായി ഇത്തരം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിനുശേഷം, ഒരു പക്ഷേ, അതീവ ഭക്തികൊണ്ടായിരിക്കാം ഈശോയുടെ തിരുഹൃദയത്തിന്റെയും, കരുണയുടെയുമൊക്കെ ചിത്രങ്ങളാണ് നല്കുന്നത്. ഇത് അഴുക്കും, കറയുമൊക്കെ പിടിച്ച് മുഷിഞ്ഞു കീറി പലയിടത്തും കിടക്കുന്നതു കാണാം. ഈശോ ദൈവമാണ്. ദൈവത്തിന്റെ രൂപം അതീവ ബഹുമാനത്തോടെ ഭിത്തിയിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ സ്ഥാപിക്കേണ്ടതാണ്. അതിനുപകരം പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെയൊക്കെ പുറംകവറായി അച്ചടിക്കുന്നത് ആദരവാണോ അനാദരവാണോ നല്‍കുന്നതെന്ന് ഇതുവരെ ആരും ചിന്തിച്ചതായി കാണുന്നില്ല.

അതുപോലെ ദൈവവചനം (ബൈബിള്‍) അച്ചടിക്കുമ്പോഴും ഈ പ്രവണത കാണാം. നമ്മുടെ മുന്‍ഗാമികള്‍ ഇതൊന്നും ചെയ്യാത്തത് അവര്‍ക്ക് ബുദ്ധി കുറവായതുകൊണ്ടല്ല. ഈശോയുടെ രൂപം അതീവ ആദരവോടെ സൂക്ഷിക്കണമെന്ന ബോധ്യം ഉള്ളതുകൊണ്ടാണ്.

തന്നിലേക്ക് ഉള്‍വലിയുമ്പോള്‍

കേരളസഭ മിഷനിലേക്കു നോക്കാതെ തന്നില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് ഇന്‍ഡോര്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി (സത്യദീപം മെയ് 2018). സഭ സ്വഭാവത്താല്‍തന്നെ മിഷണറിയാണെന്ന് വാക്കുകളില്‍ ഉരുവിടുമെങ്കിലും മിഷന്‍ എന്താണെന്ന് അറിയാവുന്നവര്‍ നമ്മുടെയിടയില്‍ ചുരുക്കമാണ്. മിഷന്‍ അനുഭവം ഇല്ലാത്തതിനാല്‍ അവിടെ സഭ അനുഭവിക്കുന്ന പ്രതിസന്ധികളെപ്പറ്റി മിക്കവര്‍ക്കും ഒന്നുമറിയില്ല. മിഷന്‍ ഞായറിന് എന്തെങ്കിലും പിരിവുകൊടുക്കുന്നതുകൊണ്ട് തന്റെ ദൗത്യം പൂര്‍ത്തിയായെന്ന് കരുതുന്നവരും ധാരാളം.

നമ്മുടെ ആള്‍ക്കാര്‍ക്ക് ചെറുപ്പത്തില്‍തന്നെ മിഷന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരങ്ങള്‍ കൊടുക്കണം. മിഷനിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുമ്പോഴാണ് അതിനെ സഹായിക്കാനും മിഷനുവേണ്ടി പ്രാര്‍ഥിക്കാനും പ്രചോദനമുണ്ടാകുന്നത്. വിശുദ്ധസ്ഥലത്തേക്കുള്ള യാത്രകള്‍ പോലെ മിഷന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതും പ്രാധാന്യമേറിയതാണെന്ന് സഭാജനം മനസ്സിലാക്കട്ടെ.

നിപ്പാ വൈറസ്

എല്ലാം സുരക്ഷിതമാണെന്ന് വിചാരിക്കുമ്പോഴും അരക്ഷിതാവസ്ഥ നമ്മുടെ മുന്‍പിലുണ്ടെന്ന് കോഴിക്കോട്ടെ നിപ്പാ വൈറസ് സംഭവം നമ്മെ ഓര്‍മിപ്പിക്കുന്നു. ദശകങ്ങള്‍ക്കുമുന്‍പു സംഭവിച്ച വസൂരിബാധ ഇന്നത്തെ തലമുറയ്ക്ക് ഓര്‍മയുണ്ടാവില്ല. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ചരിത്രം വായിക്കുന്നവര്‍ക്ക് അതു കുറച്ചെങ്കിലും മനസ്സിലാകും. അല്ലെങ്കില്‍ എസ്. കെ. പൊറ്റക്കാട്ടിന്റെ വിഷകന്യക എന്ന നോവലില്‍ അത് വിശദീകരിച്ചിട്ടുണ്ട്. രോഗബാധിതരായ ഉറ്റവരുടെ മരണമുണ്ടാകുമ്പോള്‍ മൃതശരീരമുപേക്ഷിച്ചു പോകേണ്ടിവരുന്ന അനേകം സംഭവങ്ങള്‍ ആ കാലത്തുണ്ടായി. പില്ക്കാലത്ത് രോഗപ്രതിരോധ വാക്‌സിനുകള്‍ കണ്ടുപിടിച്ച് ഇത്തരം മാരകവ്യാധികളെ വരുതിയിലാക്കാന്‍ കഴിഞ്ഞു. എങ്കിലും അനേകായിരങ്ങള്‍ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായി.

എത്രമാത്രം പുരോഗതി കൈവരിച്ചാലും എല്ലാം നമ്മുടെ കൈപ്പിടിയിലാണെന്നു ധരിക്കുമ്പോഴും
നാമാരും സ്വയംപര്യാപ്തരല്ലായെന്നു വിശ്വസിക്കേണ്ടതുണ്ട്. ഭൗതിക സമ്പത്തിനപ്പുറത്ത് ദൈവത്തിന്റെ പരിപാലനയാണ് ആശ്രയകേന്ദ്രമെന്ന് ഉറപ്പായും കരുതണം. ഏതു വൈറസും എവിടെ നിന്നും എപ്പോഴും ചാടിവീഴാം. ലോകത്തെമുഴുവന്‍ കീഴടക്കി എന്നു കരുതുമ്പോഴും മനുഷ്യന്റെ നിസ്സഹായതയും തിരിച്ചറിയേണ്ടതുണ്ട്.

 

 

സണ്ണി കോക്കാപ്പിള്ളില്‍

sunnykokkappillil@gmail.com