യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്പും
ലോകജനത ധ്യാനവിഷയമാക്കുന്ന കാലയളവാണിത്.ജനനം പോലെ തന്നെ സര്‍വസാധാരണമായ മരണത്തെപ്പറ്റി ചിന്തിക്കാന്‍ ഏറ്റവും അനുയോജ്യമായ അവസരവും ഇതുതന്നെ. ഈ വിഷയം എന്നെ ബാധിക്കുന്നില്ലെന്നു പറഞ്ഞ് ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ജനിക്കുന്നവരൊക്കെ മരിക്കണം. അക്കാര്യം സുനിശ്ചിതമത്രേ. എപ്പോള്‍, ഏതെല്ലാം സാഹചര്യങ്ങളിലാണ് അത് സംഭവിക്കുക എന്നതാവട്ടേ സംശയഗ്രസ്തവും. ജാതി-മത-വംശ-ഭാഷാ പരിഗണനകള്‍ ഒന്നും ഈ വിഷയത്തെ ബാധിക്കുന്നില്ല. എല്ലാ ജാതിക്കാരും നാസ്തികരുള്‍പ്പെടെയുള്ള എല്ലാ മതാനുയായികളും മരിക്കുന്നു. സൂര്യന്‍ ഉദിക്കുന്നു; പ്രഭാതമാകുന്നു. സൂര്യന്‍ അസ്തമിക്കുന്നു. സായം കാലമാകുന്നു. ചിന്താശേഷി വേണ്ടത്ര വികസിച്ച് കൊച്ചു കുട്ടികള്‍ക്കുപോലും എളുപ്പം മനസ്സിലാക്കാവുന്ന യാഥാര്‍ഥ്യമാണിത്. മരണവും അങ്ങനെതന്നെ. നമ്മളാരും പക്ഷേ തികഞ്ഞ നിര്‍മമതയോടെയല്ല മരണത്തെപ്പറ്റി ചിന്തിക്കുക.മരണചിന്ത മനുഷ്യമനസ്സില്‍ ഭയാശങ്കകള്‍ ഉളവാക്കുന്നു. മരണം ഉറപ്പാണെന്നു അറിയുമ്പോഴും അതിന്റെ ആഗമനം ആവുന്നത്ര വൈകിയാവട്ടെ എന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കം.

ജീവിതത്തെ എല്ലാവരും സ്‌നേഹിക്കുന്നു. അത്നല്കുന്ന സന്തോഷവും സുഖവും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. രോഗമോ ദാരിദ്ര്യമോ മൂലംകഷ്ടപ്പെടുന്നവര്‍ പോലും അതൊക്കെ മാറുന്ന
ഒരു നല്ലകാലം സമീപസ്ഥമാണെന്നു പ്രത്യാശയില്‍ ആശ്വാസം കണ്ടെത്തുന്നു. ഈയിടെ മരണമടഞ്ഞപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിനെത്തന്നെ ഉദാഹരണമായി എടുക്കാം. 21-ാം വയസ്സില്‍ നാഡീവ്യൂഹത്തെ തളര്‍ത്തിയഒരപൂര്‍വ രോഗത്തെ അതിജീവിച്ചത് മാത്രമല്ല അദ്ദേഹത്തിന്റെ നേട്ടം. കഷ്ടിച്ച് രണ്ടുവര്‍ഷമേ അദ്ദേഹം ജീവിക്കൂ എന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ഖണ്ഡിതമായി പറഞ്ഞുവെങ്കിലും ഹോക്കിംഗ് അരനൂറ്റാണ്ടിലേറെ തുടര്‍ന്നു ജീവിച്ച ശേഷമാണ് 76-ാം വയസ്സില്‍ മരണത്തിനു കീഴ്‌വഴങ്ങിയത്.

മനുഷ്യരാശിയുടെ ചരിത്രം പരിശോധിച്ചാല്‍ മരണവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ എല്ലാ ജനപദങ്ങളിലും നിലനിന്നിരുന്നതായി കാണാം. സാധാരണ ഗതിയില്‍ യൂദരും ക്രൈസ്തവരും മുസ്ലീങ്ങളും മൃതദേഹം ഭൂമിയില്‍ സംസ്‌കരിക്കുന്നു. ഹിന്ദുക്കള്‍ അവഅഗ്നിയില്‍ ദഹിപ്പിക്കുന്നു.

പൗരാണിക ഈജിപ്തിലെ ഫറവോമാരുടെ മൃതദേഹം അഴിഞ്ഞു പോകാതെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗം കണ്ടുപിടിച്ചിരുന്നു. ഈജിപ്തിലെ ഭീമാകാരങ്ങളായ പിരമിഡുകള്‍ ഫറവോമാരുടെ ശവകുടീരങ്ങളാണ്. അവയ്ക്കുള്ളില്‍ മരണാനന്തരം എല്ലാവിധ സുഖസൗകര്യങ്ങളോടുകൂടി ജീവിതം തുടരാന്‍ വേണ്ട സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അങ്ങനെ സംരക്ഷിക്കപ്പെട്ട മമ്മികള്‍ ലൂര്‍ പോലുള്ള മ്യൂസിയങ്ങളിലെ പുരാവസ്തു ശേഖരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇപ്പോഴും നേരിട്ട് കാണാന്‍ കഴിയും. മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല, മരണപ്പെടുന്ന ആളുടെ അസ്തിത്വം വേറൊരു രൂപത്തില്‍ തുടരുന്നു എന്ന വിശ്വാസമാണു ഇതിന്റെയെല്ലാം പിന്നിലുള്ളത്.ഹിന്ദുക്കളുടെയിടയില്‍ ഈ ധാരണ പുനര്‍ജന്മ
വിശ്വാസമായി നിലനില്‍ക്കുന്നു.

ബൈബിളിലും ഖുര്‍-ആനിലും വ്യക്തമായമരണാനന്തര ജീവിത സങ്കല്പമുണ്ട്. പുതിയ നിയമത്തോടൊപ്പം യേശുവിന്റെ പ്രബോധനങ്ങളും ജീവിതമാതൃകയും നമ്മുടെ ശ്രദ്ധയില്‍പെടുന്നു. അവിടെ മരിച്ച ലാസറിനെ ഉയിര്‍പ്പിക്കുന്ന യേശു നമ്മുടെ ശ്രദ്ധാകേന്ദ്രമാകുന്നു. മാത്രമല്ല ജായ്‌റോസിന്റെമകളായ ബാലികയ്ക്കും യേശു നവജീവന്‍നല്‍കുന്നു. പാവപ്പെട്ട ഒരു വിധവയുടെ ഏക മകനായ ബാലന്റെ മൃതദേഹം വഹിച്ചുകൊണ്ട് നീങ്ങിയ ജനക്കൂട്ടത്തെ തടഞ്ഞുനിറുത്തിക്കൊണ്ട് ആരുംആവശ്യപ്പെടാതെ തന്നെ യേശു അവനെ ഉയിര്‍പ്പിച്ച് ആ അമ്മയ്ക്കു തുണയായി നല്‍കുന്ന ഹൃദയസ്പര്‍ശമായ രംഗവും ബൈബിളിലുണ്ട്.

ദൈവപുത്രനായ യേശു ജീവന്റെയും മരണത്തിന്റെയും അധിനാഥനാണെന്നു തെളിയിക്കുന്ന എത്രയെത്ര സംഭവങ്ങള്‍! യേശു ജീവിച്ചിരിക്കെ തന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയുംപറ്റി പലവട്ടം ശിഷ്യന്മാരോട് സംസാരിച്ചിട്ടുള്ളത് സുവിശേഷഗ്രന്ഥങ്ങളില്‍ നാം വായിക്കുന്നു. മരണാനന്തരം മൂന്നാം ദിവസം താന്‍ ഉയിര്‍ത്തെഴുന്നേല്ക്കുമെന്നും അവരോട് പറഞ്ഞു. അതെല്ലാം അക്ഷരാര്‍ഥത്തില്‍നിറവേറിയ പ്രവചനങ്ങളായിരുന്നു.

പാപത്തിന്റെ പരിണിത ഫലമാണ് മരണം. യേശു എത്രയോ തവണ തന്നെ സമീപിച്ചവര്‍ക്ക് പാപമോചനം നല്‍കിയിട്ടുണ്ട് എന്നു നാം സുവിശേഷത്തില്‍ വായിക്കുന്നു. അക്കാരണത്താലാണല്ലോ നാം യേശുവിനെ ലോകരക്ഷകന്‍ എന്നു വിളിച്ച് ആരാധിക്കുന്നത്. പാപമോചനത്തോടൊത്ത് നിത്യജീവനും അവിടന്ന് നമുക്ക് ദാനമായി നല്കുന്നു. യേശു തന്റെ സുഹൃത്തായിരുന്ന ലാസറിനെ ശവക്കല്ലറയില്‍ നിന്നുംഉയിര്‍പ്പിച്ച സന്ദര്‍ഭത്തില്‍ സഹോദരി മാര്‍ത്തയോട്പറഞ്ഞ വാക്കുകള്‍ പ്രസിദ്ധങ്ങളാണ്. ”ഞാനാണ്പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” (യോഹ 11: 25).

ഫാ. അടപ്പൂര്‍ എസ്  .ജെ