യുവജന പ്രതിഭാസംഗമത്തില്‍ ചര്‍ച്ച നടക്കുന്ന സമയം. ഈശ്വരവിശ്വാസം ജീവിതയാത്രയില്‍ തുണയായ അവസരങ്ങളെക്കുറിച്ച് ചിലരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കവേ വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടി എഴുന്നേറ്റ്‌നിന്ന് തന്റെ കുഞ്ഞനുജത്തിയെക്കുറിച്ച് പറയാന്‍ തുടങ്ങി:

‘എനിക്കുശേഷം എന്റെ അമ്മ ഗര്‍ഭവതിയായ സമയം ആശുപത്രിയില്‍ സ്‌കാനിങ്ങിനുശേഷം ഡോക്ടര്‍ പറഞ്ഞു: ‘ഗര്‍ഭസ്ഥ ശിശുവിന് വലിയ തലയും ചെറിയ ഉടലുമാണെന്ന്’. കുഞ്ഞിനെ ഗര്‍ഭത്തില്‍ നിന്ന് ഒഴിവാക്കുകയാണ് നല്ലതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും നല്ലവരായ എന്റെ മാതാപിതാക്കള്‍ അവളെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. അവള്‍ ജനിച്ചപ്പോള്‍ മുതല്‍ ആ വൈകല്യം പ്രകടമായിരുന്നു. ഡോക്ടര്‍മാര്‍ എന്റെ അപ്പനേയും അമ്മയേയും കുറ്റപ്പെടുത്തി.

തുടര്‍ന്ന് പറയാന്‍ കഴിയാത്ത വിധത്തില്‍ അവള്‍ വിതുമ്പിക്കരയാന്‍ തുടങ്ങി. കൂട്ടുകാരികള്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കരച്ചിലടക്കി അവള്‍ തുടര്‍ന്നു: ‘ഗര്‍ഭാവസ്ഥ മുതല്‍ ധാരാളം പ്രാര്‍ഥന കിട്ടി
വളരുന്നതിലാവണം അവള്‍ വളരുമ്പോള്‍ പ്രാര്‍ഥിക്കാന്‍ വലിയ കൊതിയായിരുന്നു. വളര്‍ന്നു വരുന്തോറും അവള്‍ ഞങ്ങളുടെ കണ്ണിലുണ്ണിയായി.

പിന്നീട് അമ്മ ഗര്‍ഭവതിയായപ്പോള്‍ ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്തി. എന്നാല്‍ വീണ്ടും രണ്ടു പ്രാവശ്യം കൂടി അമ്മ പ്രസവിച്ചു. ഇന്ന് ഞങ്ങളുടെ കുടുംബം സ്വര്‍ഗമാണ്. മറ്റുള്ളവരുടെ കാഴ്ചയില്‍ എന്റെ അനുജത്തി അംഗപരിമിതയാണെങ്കിലും ഞങ്ങളുടെ ‘പ്രയര്‍ ബാങ്കാ’ണവള്‍. ഏതാവശ്യത്തിനും അവള്‍ കൈയുയര്‍ത്തി പ്രാര്‍ഥിച്ചാല്‍ അത് നടന്നിരിക്കും. അത്രയ്ക്കവളെ ഇഷ്ടമാണ് ദൈവത്തിന്; അതുപോലെ ഞങ്ങള്‍ക്കും. പ്രാര്‍ഥനയെന്നത് ദൈവത്തിന്റെ മനസ്സുമാറ്റാനല്ല; മറിച്ച്, നമ്മുടെ മനസ്സിന്റെ വലുപ്പം വര്‍ധിപ്പിക്കാനാവണം.’ അവളുടെ തീക്ഷ്ണതയുള്ള വാക്കുകള്‍ ഹൃദയത്തിലേക്കെറിയുന്ന കല്ലുകള്‍ പോലെ തോന്നി.

ദൈവം നല്കിയ ജീവനെ വിലമതിക്കുന്ന ആ മാതാപിതാക്കളുടെ ജീവിതസാക്ഷ്യം കുടുബത്തിനും സമൂഹത്തിനും ജീവിതപാഠമായത് ഞങ്ങളറിഞ്ഞു. സഹോദരസ്‌നേഹത്തിന്റെ അഗ്നി ആ പെണ്‍കുട്ടിയില്‍ തിളയ്ക്കുന്നതു കണ്ടു. ഓരോ കുഞ്ഞിനെക്കുറിച്ചുള്ള ദൈവികപദ്ധതി എത്ര ഭംഗിയായിട്ടാണവള്‍ അവതരിപ്പിച്ചത്.

യുവജനങ്ങളില്‍ വിശ്വാസജീവിതം പരമിതമാണെന്ന് പരാതിപ്പെടാതെ അവരുടെയിടയിലെ അഗ്നിപര്‍വതങ്ങളെ ജ്വലിപ്പിക്കുവാന്‍ ഏത് ഭാഷാ സബ്ജക്ട് ക്ലാസ്സിലും സാധിക്കും. ക്ലാസ്സുകളില്‍ ഇത്തരം വിശ്വാസ ജീവിതങ്ങളുടെ സുഗന്ധക്കൂട്ടുകള്‍ പൊട്ടിക്കണം. ജീവിതാനുഭവങ്ങളോളം ആര്‍ദ്രതയുള്ള, ഹൃദയദ്രവീകരണശേഷിയുള്ള പാഠഭേദങ്ങള്‍ ഉണ്ടാവുകയേയില്ല. വിശ്വാസത്തിന്റെയും, സഹജീവി സ്‌നേഹത്തിന്റെയും ജീവിതാവസ്ഥയിലേക്ക് ബോധപൂര്‍വം വിദ്യാര്‍ഥി സJacob Kochery Newമൂഹത്തെ എത്തിക്കുകയെന്നതുകൂടി ഒരധ്യാപക ധര്‍മമാണ്. അതൊരു ദൗത്യവും കൂടിയാണ്.

ജേക്കബ് കോച്ചേരി