സ്‌കൂളിലെ വിദ്യാരംഭത്തിന്റെ ക്ലാസ്സ്തല പരിപാടികള്‍ നടക്കുന്നു. സര്‍ഗാത്മക സൃഷ്ടികള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ സ്വയം തയ്യാറാക്കിയ കഥകളും പുസ്തക നിരൂപണവും വായനാനുഭവങ്ങളും പങ്കുവയ്ക്കുന്നു. ക്ലാസ്സിലെ തമാശക്കാരനും എഴുത്തുകാരനുമായ സുലാസ് സ്വന്തം കവിതയുമായെത്തി.

ഏതോ സിനിമാ ഗാനത്തിന്റെ ഈണത്തിലെഴുതിയ കവിത തുടങ്ങിയപ്പോഴേ മറ്റ് കുട്ടികള്‍ ചിരി തുടങ്ങി. ക്ലാസ്സിലുള്ള ആര്‍ക്കിട്ടോ ‘പണി’ കൊടുത്തുകൊണ്ടുള്ള കവിതയാണ്. കുട്ടികള്‍ രസംപിടിച്ച് കവിത ആസ്വദിക്കുന്നതിനിടയില്‍ ‘നിറുത്തടാ’ എന്നൊരു അലര്‍ച്ച. പെണ്‍കുട്ടികള്‍ ആശ്ചര്യവും ഉത്കണ്ഠയും പ്രകടിപ്പിച്ചുകൊണ്ട് എരിവ് ശബ്ദമുയര്‍ത്തി. ”നിനക്കെന്നെക്കൊണ്ട് മാത്രമേ പാടത്തുള്ളൂ.. ഞാനെന്താ നിന്റെ കളിപ്പാവയാ”- ആക്രോശക്കാരന്‍ അല്പം ശരീരമുള്ളവനാണ്. അവന്റെ ‘വീക്‌നസ്’ പ്രതിപാദിച്ചുകൊണ്ടുള്ള പാരഡി അവന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ‘കവി’യുടെ നാവിറങ്ങി; കവിത വറ്റി. ശൗര്യക്കാരനെ ആശ്വസിപ്പിച്ചിരുത്തി.

അന്ന് രാത്രി അവന്‍ ഫോണില്‍ തന്റെ പെരുമാറ്റം അസ്ഥാനത്തായിപ്പോയെന്നും അതില്‍ ഖേദമുണ്ടെന്നും ക്ഷമിക്കണമെന്നും അധ്യാപകരോട് പറഞ്ഞു. പ്രശ്‌നം അങ്ങനെ സമാധാനപൂര്‍വമായതില്‍ ആശ്വസിച്ചു. കുട്ടികളും ചില മുതിര്‍ന്നവരും തങ്ങളെ കളിയാക്കുന്നതില്‍ പ്രകോപിതരാകും. തങ്ങളെക്കുറിച്ച് താന്‍ നെയ്‌തെടുത്ത് ഊതിവീര്‍പ്പിച്ച വ്യക്തിത്വത്തില്‍ പോറലേല്‍ക്കുമ്പോള്‍ ഭയങ്കരമായി അസ്വസ്ഥരാകും. ഉളളതിനേക്കാള്‍ പെരുപ്പിച്ച് കാണിക്കുന്നവരാണ് ബ്യൂട്ടിപാര്‍ലറിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും അഭയം തേടുന്നത്. ഇവരെ Inflated personality  എന്നു പറയാം. ആടയാഭരണങ്ങള്‍കൊണ്ടും അലങ്കാരങ്ങള്‍കൊണ്ടും തങ്ങളെ പ്രദര്‍ശിപ്പിക്കും. ഇത്തരക്കാര്‍ പൊതുവേ ഭയപ്പാടുള്ളവരാണ്.

എന്നാല്‍ യഥാര്‍ഥ വ്യക്തിത്വമുള്ളവര്‍ അപാരമായ ആത്മവിശ്വാസമുള്ളവരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായത്തേക്കാള്‍ തന്റെ തനിഭാവം മറ്റുള്ളവര്‍ കാണുന്നതില്‍ പേടിക്കില്ല. മഹാത്മാഗാന്ധിയുടെ വേഷവും ജീവിതവും ആരെയും കാണിക്കാനായിരുന്നില്ല. ലോകത്തെവിടെ സന്ദര്‍ശിക്കുമ്പോഴും ‘അര്‍ധ നഗ്നനായ ഫക്കീര്‍’ ആയിരുന്നു. വേഷത്തെക്കുറിച്ച് രൂപത്തെക്കുറിച്ച് ആകുലനായിരുന്നില്ല അദ്ദേഹം. ഫ്രാന്‍സിസ് അസ്സീസിയെപ്പോലുള്ള വിശുദ്ധരുടെ ജീവിത മാതൃകകള്‍ കുട്ടികളെ പരിചയപ്പെടുത്തണം. അടിപൊളി ജീവിതത്തിന്റെ ബദല്‍ മാതൃകകള്‍ ലോകത്തിന് നല്‍കിയ മഹാത്മാക്കള്‍ ക്ലാസ്സ് മുറിയില്‍ നിറയണം. മാതൃകകളില്ലാത്തതാണ് ഇന്നിന്റെ പ്രശ്‌നം.

ഭൂമിയിലെ ജീവിതത്തിന്റെ സൗന്ദര്യമാണ് സത്യം. ജീവിതത്തെക്കാള്‍ ചെറിയ കാര്യത്തിനുവേണ്ടിയാണ് മനുഷ്യന്‍ ഖേദിക്കുന്നത്; കലഹിക്കുന്നത്; കണ്ഠക്ഷോഭം നടത്തുന്നത്. പണവും സൗന്ദര്യവും ജീവിതത്തെക്കാള്‍ ചെറുതാണ്. പണമില്ലാതായാലും ജീവിതത്തിന്റെ മഹത്വവും സൗന്ദര്യവും വലുപ്പവും പുതുതലമുറയ്ക്ക് ആകര്‍ഷകമായ രീതിയില്‍ പകരണം. ജീവിതത്തിന് മുമ്പ് ശൂന്യതയാണ്. എന്നാല്‍ അതിനുശേഷം അങ്ങനെയാവരുത്. ഈ oct05അല്പജീവിതങ്ങളെ അര്‍ഥം നല്‍കി പൊലിപ്പിച്ചെടുക്കുക നാം.

ജേക്കബ് കോച്ചേരി