വിശ്വവിഖ്യാതമാണല്ലൊ ഗ്രീക്ക് നാടകകൃത്തായ സോഫോക്ലിസിന്റെ ”ഈഡിപ്പസ് രാജാവ്” (Oedipus the King)) എന്ന നാടകം. തീബ്‌സിലെ രാജാവായ ലായിയൂസിന് ഒരു പ്രവചനമുണ്ടായി. സ്വന്തം പുത്രന്‍ തന്നെ കൊല്ലുമെന്നും തുടര്‍ന്ന് അവന്‍ തന്റെ അമ്മയെ വിവാഹം കഴിക്കുമെന്നും. ആ ഭീകര ദുരന്തങ്ങള്‍ ഒഴിവാക്കാനായി ലായിയൂസും ഭാര്യ ജൊക്കോസ്റ്റായും പുത്രന്‍ ഈഡിപ്പസിനെ ജനിച്ചയുടനെ തന്നെ ഉപേക്ഷിച്ചുകളഞ്ഞു. ആ ശിശുവിനെ ഒരു ഇടയ യുവാവിനു കിട്ടി. അവനില്‍ നിന്നു കോറിന്തിലെ രാജാവ് ശിശുവിനെ ദത്തെടുത്തു വളര്‍ത്തി. പ്രായമായപ്പോള്‍ ഈഡിപ്പസ് തന്നെക്കുറിച്ചുള്ള ഡല്‍ഫി പ്രവചനം (Delphi oracle) ശ്രവിച്ചു, താന്‍ അച്ഛനെ കൊല്ലുമെന്നും അമ്മയെ വിവാഹം കഴിക്കുമെന്നും. ഭീതിജനകമായ ദുരന്തങ്ങള്‍ ഒഴിവാക്കാനായി ഈഡിപ്പസ് ഒളിച്ചോടി. തീബ്‌സിലേക്കുള്ള മാര്‍ഗമധ്യേ അച്ഛനാണെന്നും രാജാവാണെന്നും അറിയാതെ ലായിയൂസുമായി ഈഡിപ്പസ് ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ലായിയൂസ് കൊല്ലപ്പെട്ടു. തീബ്‌സില്‍ എത്തിയ ഇഡിപ്പസ് അവിടത്തെ ജനതയെ സ്പിന്‍ക്‌സ് (Sphinx) എന്ന ഭീകര ശത്രുവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചു. സന്തുഷ്ടരായ ജനങ്ങള്‍ ഈഡിപ്പസിനെ രാജാവാക്കി. ലായിയൂസിന്റെ വിധവയെ ഈഡിപ്പസ് വിവാഹം കഴിക്കുകയും ചെയ്തു. അങ്ങനെ പ്രവചനം സംഭവിക്കാതിരിക്കാനുള്ള വിഫല ശ്രമത്തില്‍ ഈഡിപ്പസ് തന്നെ പ്രവചനം പൂര്‍ത്തീകരിച്ചു. പ്രകൃതി വിരുദ്ധ പാപങ്ങള്‍ ചെയ്ത ഈഡിപ്പസ് രാജ്യം ഭരിക്കാന്‍ തുടങ്ങിയതോടെ രാജ്യം മുഴുവന്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. പ്രതിവിധി കണ്ടുപിടിക്കാന്‍ ടെറേസിയസ് (Teiresias) പ്രവാചകനെ വരുത്തി. ലായിയൂസിന്റെ കൊലയാളിയായ ഈഡിപ്പസ് നാടുവിടാതെ പകര്‍ച്ചവ്യാധി ശമിക്കില്ല എന്ന് വൃദ്ധനും അന്ധനുമായ പ്രവാചകന്‍ പറഞ്ഞു. ഈഡിപ്പസ് പ്രവാചകന്റെ നേരെ കയര്‍ത്തു. പ്രവാചകനെ ദുഷ്ടനും തട്ടിപ്പുകാരനുമായി ചിത്രീകരിച്ചു. പൊട്ടക്കണ്ണനെന്നു വിളിച്ചു പരിഹസിച്ചു. ഏതോ ഗൂഢാലോചനയുടെ ഫലമാണ് ടെറേസിയാസിന്റെ പ്രവചനം എന്നാണ് ഈഡിപ്പസ് ധരിച്ചത്. ടെറേസിയാസ് അന്ധനായിരുന്നെങ്കിലും സത്യം കാണാന്‍ അദ്ദേഹത്തിന് ഉള്‍ക്കണ്ണുണ്ടായിരുന്നു. അദ്ദേഹം ഈഡിപ്പസ് രാജാവിനോട് പഞ്ഞു: ”നീ എന്നെ പൊട്ടക്കണ്ണനെന്നു വിളിച്ചു പരിഹസിച്ചല്ലോ. ഞാന്‍ നിന്നോടു പറയുന്നു. നിന്റെ കണ്ണുകള്‍ക്ക് കാഴ്ചയുണ്ട്. പക്ഷേ, നീ ഇപ്പോള്‍ എന്തൊരു ഭുര്‍ഭഗാവസ്ഥയിലാണെന്നു നീ കാണുന്നില്ല. ഇപ്പോള്‍, നീ എവിടെയാണെന്നും ആരോടു കൂടിയാണെന്നും അറിയുന്നില്ല. നിന്റെ അമ്മയുടെയും അച്ഛന്റെയും ശാപം നിന്നെ ഈ നാട്ടില്‍നിന്നു പുറത്താക്കും. ഇപ്പോള്‍ കാഴ്ചയുള്ള നീ യഥാര്‍ഥത്തില്‍ അന്ധനാണ്. ഇപ്പോള്‍ സമ്പന്നനായ നീ വാസ്തവത്തില്‍ പരമദരിദ്രനാണ്.”

(Since you have taunted me even with blindness, I tell you that you have sight but see not in what misery you are; nor where you live or with whom. The double lash of your mother’s curse and your father’s curse shall one day drive you from this land. A blind man he who has now sight, a beggar who is now rich……!). സംഭവങ്ങളുടെ ചുരുളുകള്‍ ഒന്നൊന്നായി അഴിഞ്ഞതോടെ കണ്ണുകള്‍ക്കും കാതുകള്‍ക്കും മനസ്സിനും അന്ധത ബാധിച്ചിരുന്ന ഈഡിപ്പസിനു ബോധോദയമുണ്ടായി. ഭീകര സത്യങ്ങള്‍ കണ്ട ഈഡിപ്പസ് വാവിട്ടുകരഞ്ഞു. സ്വന്തം അമ്മയില്‍ നിന്നു ജനിപ്പിച്ച പെണ്‍മക്കളുടെ മുഖത്തു നോക്കാതിരിക്കാനായി സ്വന്തം കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. കണ്ണുണ്ടണ്ടായിരുന്നപ്പോള്‍ ഈഡിപ്പസ് കണ്ടില്ല. കണ്ണില്ലാതായപ്പോള്‍ കൂടുതല്‍ കണ്ടു. തന്റെ ആത്മീയന്ധതയും ഔദ്ധത്യവും ഓര്‍ത്ത് അദ്ദേഹം വിലപിച്ചു.

ഈ കഥ ദാവീദ് രാജാവിന്റെ അധഃപതനത്തെയും ആത്മീയ അന്ധതയെയുമാണ് അനുസ്മരിപ്പിക്കുന്നത്. ഊറിയായുടെ ഭാര്യ ബാത്ഷബയുമായി വ്യഭിചാരം ചെയ്യുകയും അവളെ സ്വന്തമാക്കുകയും അവളുടെ ഭര്‍ത്താവിനെ നിഷ്‌ക്കരുണം കൊലചെയ്യുകയും ചെയ്ത ദാവീദ് എല്ലാം ഭദ്രമെന്ന് വിചാരിച്ച് ആത്മീയാന്ധതയില്‍ കഴിഞ്ഞ സമയത്താണ് നാഥാന്‍ പ്രവാചകന്‍ വന്ന് അദ്ദേഹത്തിന്റെ കണ്ണുതുറപ്പിക്കുന്നത്. മുഖത്തടിച്ചതുപോലെ പ്രവാചകന്‍ പറഞ്ഞു: ”ആ മനുഷ്യന്‍ നീ തന്നെ” (2 സാമു 11:12). ഈഡിപ്പസിനും ദാവീദിനും എന്നപോലെ നമുക്കും ആത്മീയ അന്ധത ഉണ്ടാകാം. ലാവോദീക്യായിലെ ആദിമസഭാസമൂഹത്തെ ദൈവം തന്റെ വചനത്തിലൂടെ കുറ്റപ്പെടുത്തുന്നത് ശ്രദ്ധിക്കുക. ”ഞാന്‍ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല എന്നു നീ പറയുന്നു. എന്നാല്‍ നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനും ആണെന്നു നീ അറിയുന്നില്ല. ഞാന്‍ നിന്നെ ഉപദേശിക്കുന്നു, നീ ധനികനാകാന്‍ അഗ്നിശുദ്ധി വരുത്തിയ സ്വര്‍ണം എന്നോടു വാങ്ങുക; നിന്റെ നഗ്നത മറ്റുള്ളവര്‍ കണ്ട് നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോടു വാങ്ങുക” (വെളി 3:17-18).

ഈഡിപ്പസിനു തന്റെ തെറ്റുകള്‍ പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ കണ്ണുകള്‍ തുറക്കാന്‍ ശക്തിയുള്ള ഈശോയോടു നമുക്കു പ്രാര്‍ഥിക്കാം. അന്ധനായിരുന്ന ബര്‍തിമേയൂസിനെപ്പോലെ നമുക്കു പറയാം: ”ഗുരോ, എനിക്ക് കാഴ്ച വീണ്ടുകിട്ടണം” (മര്‍ക്കോ 10:51). ദാവീദിനെപ്പോലെ നമുക്ക് ഉണര്‍വോടെ പ്രാര്‍ഥിക്കാം, ”ദൈവമേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്ന് എടുത്തുകളയരുതേ!” (സങ്കീ 51:11).

റവ. ഡോ. കുര്യന്‍ മറ്റംFr Kurian Mattom