എന്‍ട്രന്‍സ് പരിശീലനത്തിനിടെ അവധിക്ക് വീട്ടിലെത്തിയ മകന് ഇഷ്ടമുള്ള ഭക്ഷണം തന്നെ കൊടുക്കണമെന്ന് അമ്മ കരുതി. മകനോട് ഏത് തരത്തിലുള്ള പ്രഭാത ഭക്ഷണമാണ് ഒരുക്കേണ്ടതെന്ന് അമ്മ ചോദിച്ചു: മകന് പറയാന്‍ കഴിയുന്നില്ല. മകന്റെ സാമാന്യ ബുദ്ധിപോലും ഈ മത്സരമാമാങ്കത്തില്‍ നഷ്ടമായോ എന്ന് ഭയപ്പെട്ട അമ്മയോട് അച്ഛന്‍പറഞ്ഞു: ‘അവന് ഓപ്ഷന്‍ കൊടുക്കൂ: എങ്കിലേ അവന് ആന്‍സര്‍ ചെയ്യാന്‍ കഴിയൂ. ഉദാഹരണത്തിന് ബ്രേക്ക് ഫാസ്റ്റിന് എന്തു വേണം എന്ന് ചോദിച്ചശേഷം ഓപ്ഷന്‍ എ. ഇഡ്ഡലി, ബി. ദോശ, സി. ചമ്മന്തി, ഡി. നണ്‍ ഓഫ് എബൗ’. ഞെട്ടിപ്പോയി അമ്മ!

അമിതമായി മക്കളെ ലാളിച്ച് പരാശ്രയജീവികളാക്കി മക്കളെ വളര്‍ത്തുന്നവരില്‍ ഏറെയും ഉദ്യോഗസ്ഥരും സാമ്പത്തിക ഉന്നമനം നേടിയവരുമാണെന്നു കാണാം. ഇതിന് കവര്‍ പേരന്റിങ് എന്ന് പറയാറുണ്ട്. ഇത് കുട്ടികളെ കുറച്ചൊന്നുമല്ല ദുര്‍ബലരാക്കുന്നത്. ഇത്തരം കുട്ടികളാണ് ക്ലാസ്സ്മുറിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എല്ലായിടത്തുനിന്നും പരിഗണന കിട്ടാന്‍ ഇത്തരം കുട്ടികള്‍ ആഗ്രഹിക്കും. കിട്ടിയില്ലെങ്കില്‍ ബഹളമായി, ആക്രമണമായി, പകപോക്കലായി. എല്ലാറ്റിനും വളംവച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ കൂടെയുണ്ടാകും. മക്കള്‍ പറയുന്നതും ചെയ്യുന്നതും മുഴുവന്‍ ശരി. മറ്റുള്ളവരെല്ലാം അവരുടെ ശത്രുക്കളും!

ഇത്തരം കുട്ടികളെ ബാല്യത്തില്‍ അമ്മമാര്‍തന്നെ പറയുന്നതെല്ലാം ചെയ്തുകൊടുക്കുക, ഹോംവര്‍ക്ക് ചെയ്തു കൊടുക്കുക, പുസ്തകങ്ങള്‍ ബാഗില്‍വച്ച് കൊടുക്കുക, ഭക്ഷണം വാരിക്കൊടുക്കുക, മുടി, സോക്‌സ്, ഷൂ, ഷര്‍ട്ട് ഇട്ട്‌കൊടുക്കുക ഒറ്റയ്ക്ക് പുറത്തേക്കു വിടില്ല. മറ്റുകുട്ടികളുമായുള്ള പ്രശ്‌നം തീര്‍ക്കുന്നതും അവരുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി ചീത്തവിളിക്കുന്നതുവരെയെത്തും കാര്യങ്ങള്‍. ഇതിന് ‘ഹെലിക്കോപ്റ്റര്‍ പേരന്റിംഗ്’ എന്ന് വിളിക്കാം. കുട്ടിയുടെ മുകളില്‍ ഹെലിക്കോപ്റ്റര്‍ പോലെ കറങ്ങിക്കൊണ്ടിരിക്കും. കുട്ടിക്ക് ഉള്ളതും ഇല്ലാത്തതുമായ കഴിവുകള്‍ പാടി നടക്കുക, നല്ല മാര്‍ക്കുണ്ടെന്ന് കളവ് പറയുക, വീട്ടിലെ ഒരു ജോലിയും ചെയ്യിക്കാതെ പരാശ്രയ ജീവികളായി വളര്‍ത്തും. ഒട്ടേറെ അധ്യാപകരുടെ മക്കള്‍ ഇത്തരം അവസ്ഥയിലായിട്ടുണ്ട്. പിന്നീട് കുടുംബത്തിനും സമൂഹത്തിനും വലിയ ബാധ്യതയായി ഇവര്‍ മാറും. പരിഹാസവും അവഗണനയും നേരിടാനാവാതെ ആത്മഹത്യ ചെയ്തവരുമുണ്ട്. മറ്റുചിലര്‍ തോന്നിയതുപോലെ ജീവിക്കും. മന:ശാസ്ത്രപരമായ വന്ധീകരണം എന്നും ഇതിനെ വിളിക്കാറുണ്ട്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരായി വളര്‍ത്തുക.

മനുഷ്യനെ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം ((Education is a man making process). ക്ലാസ്സ്മുറിയില്‍ കുറെയൊക്കെ ക്രിയാത്മക പ്രവര്‍ത്തനത്തിലൂടെ, ഇവരെ സാമൂഹ്യബോധമുള്ളവരും, ഉത്തരവാദിത്വ ബോധമുള്ളവരുമാക്കാം. ക്ലാസ്സില്‍ സഹവര്‍ത്തിത്വം വളര്‍ത്തുന്ന ക്ലബ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക, ക്ലാസ്സിലെ actഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുക, അധ്വാനത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുക, ഇവയൊക്കെ കുറവുകളെ സ്‌നേഹപൂര്‍വം ബോധ്യപ്പെടുത്തി രൂപപ്പെടുത്താന്‍ സാധിക്കും. ഭാരതീയ ചിന്താപ്രകാരം വാനരനില്‍ നിന്ന് നരനായും നരനില്‍ നിന്ന് നാരായണനുമാകുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. കുട്ടിയായിരിക്കുമ്പോള്‍ മര്‍ക്കട കിഷോരന്യായേന – അഥവാ അമ്മയുടെ വയറ്റില്‍ പറ്റിപിടിച്ച് കിടക്കുന്ന കുരങ്ങിന്‍ കുഞ്ഞിന്റെ രീതിയാണുണ്ടാവുക. അധ്യാപികയുടെ ഇടപെടലിലൂടെ അവന്‍ മനുഷ്യനായി മാറുന്നു. അവിടെനിന്നും ഈശ്വരനെപ്പോലെ ആക്കിയെടുക്കുകഎന്ന സ്തുത്യര്‍ഹമായ സേവനമാണ് അധ്യാപനം. അതേ, Teaching  profession is ahealing  profession’.

ja

ജേക്കബ് കോച്ചേരി