ഒരു ചെറു പട്ടണത്തിലെ യു.പി. സ്‌കൂള്‍; പൊതുവിദ്യാലയമാണ്. കഴിഞ്ഞ കൊല്ലം മാര്‍ച്ചിലെ ഒരു ശനിയാഴ്ച. സ്‌കൂളിലെ കലാപരിപാടികള്‍ നടക്കുന്ന സ്റ്റേജ് ആണ് വേദി. അഞ്ചാം ക്ലാസ്സിലെ 25 കുട്ടികള്‍ സ്റ്റേജില്‍ നില്‍ക്കുന്നു. രക്ഷിതാക്കള്‍, പൗരപ്രമുഖര്‍, പഞ്ചായത്ത് പ്രസിഡന്റ്, സ്‌കൂളിലെ മുന്‍ അധ്യാപകര്‍ ഇവരൊക്കെയാണു സദസ്സില്‍. എല്ലാവരും കുട്ടികളോടു മാറി മാറി ചോദ്യങ്ങള്‍ ചോദിക്കുന്നു. പിള്ളേര്‍ മണിമണിയായി ഉത്തരം പറയുന്നു. സംഭവം എന്താണെന്നോ? സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നിതിന് ഏതാനും നാള്‍ മുന്‍പ് ഈ സ്‌കൂളിലെ അധ്യാപകര്‍ ഒരു നോട്ടീസ് പുറത്തിറക്കി. വര്‍ഷാവസാനം ആകുമ്പോള്‍ ഓരോ ക്ലാസ്സിലെയും കുട്ടികള്‍ നേടുന്ന കഴിവുകള്‍ അവര്‍ അതില്‍ എണ്ണിപ്പറഞ്ഞിരുന്നു. വര്‍ഷാവസാനം ആര്‍ക്കു വേണമെങ്കിലും അതു പരിശോധിക്കാമെന്ന വെല്ലുവിളിയും. സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും ഗുണമേന്മയും കൂട്ടാന്‍ ആ സ്‌കൂളുകാര്‍ തീരുമാനിച്ചതിന്റെ ഫലം. ആത്മാര്‍ഥമായി ജോലി ചെയ്ത് അധ്യാപകരും അതിനോടു മനസ്സറിഞ്ഞു സഹകരിച്ച് രക്ഷിതാക്കളും ഒത്തുപിടിച്ചപ്പോള്‍ വെല്ലുവിളി അവര്‍ നിഷ്പ്രയാസം പാസ്സായി.

ഇക്കൊല്ലം അവിടെ ചേരാന്‍ കുട്ടികളുടെ ഇടിയായിരുന്നു. സ്‌കൂളില്‍ നിലവിലെ സൗകര്യം പോരാതെ വന്നപ്പോള്‍ പലരെയും തിരിച്ചയയ്‌ക്കേണ്ടി വന്നു.കേരളത്തിലെ പല നഗരങ്ങളിലെയും പൊതുവിദ്യാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ പല രൂപത്തിലും ഭാവത്തിലും അരങ്ങേറുന്നുണ്ട്. വമ്പന്‍ അണ്‍എയ്ഡഡ് സ്‌കൂളുകളുടെ പകിട്ടും പത്രാസും കണ്ട് അവിടെ കുട്ടികളെ വിടുന്നവരാണ് ശരിക്കും ത്യാഗം ചെയ്യുന്നതെന്ന് ഇതൊക്കെ കാണുമ്പോള്‍ തോന്നുന്നു. പൊതുവിദ്യാലയങ്ങളില്‍ മക്കളെ വിടുന്നവര്‍ എന്തോ ത്യാഗം ചെയ്യുന്നു എന്നാണു സമൂഹത്തിന്റെ മനോഭാവം എങ്കിലും…വര്‍ഷങ്ങളായി മികച്ച പൗരന്മാരെ വാര്‍ത്തെടുക്കുന്ന ചില അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുമ്പോള്‍ ഇവയുടെ നിലവാരം ഇന്ന് വലിയൊരു ചോദ്യചിഹ്നമാണ്. പുറംമോടി അല്ല നിലവാരം എന്ന് പൊതുവിദ്യാലയങ്ങളെയും ഇത്തരം ശിശുവളര്‍ത്തല്‍ കേന്ദ്രങ്ങളെയും താരതമ്യം ചെയ്താല്‍ മനസ്സിലാകും. കുറച്ച് ഇംഗ്ലീഷ് വാക്കുകളുടെ സ്‌പെല്ലിങും മൈ നെയിം ഈസ് റോസ് എന്നുമൊക്കെ പറയിപ്പിക്കുക, പേടിപ്പിച്ചും കഠിന ശിക്ഷകള്‍ നല്‍കിയും മുള്‍മുനയില്‍ നിര്‍ത്തുക, എന്നിട്ട് അതിനെ അച്ചടക്കമെന്നു വ്യാഖ്യാനിക്കുക ഇതൊക്കെയാണു പല സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകളിലും നടക്കുന്നത്. താങ്ക്യൂ ടീച്ചര്‍, യൂ ആര്‍ വെല്‍കം എന്നൊക്കെ ആചാര, ഉപചാര വാക്കുകള്‍ ഇംഗ്ലീഷില്‍ തട്ടിവിടും എന്നതിനപ്പുറം ആഴത്തിലുള്ള ഇംഗ്ലീഷ് പഠനം ഇവിടെ നടക്കുന്നുണ്ടോ…? ഭാഷ ഇംഗ്ലീഷ് ആയാലും മലയാളം ആയാലും ഹിന്ദി ആയാലും പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പഠിക്കാനുള്ള ഏറ്റവും വലിയ വഴി വായനയാണ്. താത്പര്യവും അഭിരുചിയും ഉള്ളവരെ അതിലേക്കു തിരിച്ചു വിട്ടാല്‍ മതി. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പലയിടത്തും പാഠപുസ്തകത്തിനു പുറത്തുള്ള വായന വലിയ പാതകം കൂടിയാണ്. ആര്‍ത്തിപ്പണ്ടാരങ്ങളും അതിമോഹികളുമായ നമ്മുടെ മധ്യവര്‍ഗ രക്ഷിതാക്കളെ തൃപ്തിപ്പെടുത്താന്‍ ഇത്തരം അടവുകള്‍ മതിയെന്നതാണ് ഇവരുടെ പിടിവള്ളി.

പിന്നൊന്ന് അധ്യാപകരുടെ നിലവാരമാണ്. നിരന്തര പരിശീലനവും ശില്പശാലകളും ഒക്കെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുണ്ട്. അവിടത്തെ ഒരു സ്വീപ്പറുടെ പോലും ശമ്പളം ലഭിക്കാതെ പണി ചെയ്യേണ്ടി വരുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപകരില്‍ ഭൂരിഭാഗത്തിനും പൊതുവിദ്യാലയത്തിലെ അധ്യാപകരുടെ മികവില്ല. കടുത്ത അസംതൃപ്തിയാണ് അവരുടെ സ്ഥായീ ഭാവം. കുട്ടികളോട് അവരില്‍ നല്ലൊരു പങ്ക് അധ്യാപകര്‍ക്കും യാതൊരു ഉത്തരവാദിത്തവുമില്ല. മാത്രമല്ല പലരുടെയും പെരുമാറ്റം കണ്ടാല്‍ അവര്‍ക്ക് കുട്ടികളോട് എന്തോ പക ഉണ്ടോയെന്നു സംശയം തോന്നും. പിന്നെ, കുട്ടികള്‍ക്കു നല്ല മാര്‍ക്കു കിട്ടുന്നതെന്തുകൊണ്ടാണ്? അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന മിക്ക കുട്ടികള്‍ക്കും സ്വകാര്യ ട്യൂഷന്‍ ഉണ്ടെന്നതു തന്നെ.

സ്വയം ഒരു കാര്യം ചെയ്യാനോ, പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു തീരുമാനം എടുക്കാനോ ഒക്കെയുള്ള പ്രാപ്തി പരിശോധിച്ചാല്‍ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ ബഹുദൂരം മുന്നിലാണെന്നു കാണാം. എല്ലാ തരം സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞു കൂടുന്നത് അവരുടെ സ്വഭാവ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. പലതരം പ്രലോഭനങ്ങളെയും പ്രതിബന്ധങ്ങളെയും ഒക്കെ തരണം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്ന പരിശീലനക്കളരി കൂടിയാണു പൊതുവിദ്യാലയങ്ങള്‍.

നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍, അവരുടെ മാനസികവും ബൗദ്ധികവും രാഷ്ട്രീയവും സാമൂഹികവുമായ വളര്‍ച്ചയില്‍ ശരിയായ പങ്കുവഹിക്കുന്നത് പൊതുവിദ്യാഭ്യാസ സമ്പ്രദായം തന്നെയാണ്. കുഞ്ഞുങ്ങളുടെ സ്വതന്ത്ര ബുദ്ധിക്ക് അറിഞ്ഞും കേട്ടും അനുഭവിച്ചും വികസിക്കാനുള്ള പശ്ചാത്തലം അവിടെയുണ്ട്. മതനിരപേക്ഷതയും തുല്യതയും പരിഗണനയും അവിടെയുണ്ട്. സാധാരണക്കാരന്‍ എടുത്താല്‍ പൊങ്ങാത്ത ഫീസ്, ഡൊണേഷന്‍ തുടങ്ങിയ ഓമനപ്പേരുകളില്‍ അവിടെ കൊടുക്കേണ്ടതില്ല. പതിനായിരങ്ങള്‍ മുടക്കി നിലവാരം കുറഞ്ഞ പുസ്തകങ്ങള്‍ വാങ്ങേണ്ടതില്ല. കുട്ടികളുടെ സ്വാതന്ത്ര്യത്തിനു വില കല്പിക്കുന്ന പൊതു വിദ്യാഭ്യാസ സമ്പ്രദായത്തില്‍, അധ്യാപകര്‍ തങ്ങളുടെ ജോലി നന്നായി ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ സാമൂഹിക ഇടപെടല്‍ ഉണ്ടാകണമെന്നുമാത്രം.

രേഖ തോമസ്‌