Spread the love

ജോണ്‍ കീറ്റ്‌സ് (John Keats) എന്ന ഇംഗ്ലീഷ് കവി ഫ്രഞ്ച് തലക്കെട്ടോടെ എഴുതിയ കവിതയാണ്. La Belle Dame Sans Merci (The beautiful Lady without Mercy) അതിന്റെ അര്‍ഥം ”കരുണയില്ലാത്ത യുവസുന്ദരി” എന്നാണ്. ഈ കവിതയിലൂടെ കവി കഥപറയുകയാണ്. യുവാവും സുന്ദരനുമായ ഒരു യോദ്ധാവ് പുല്‍മേടുകളില്‍ വച്ച് അപ്‌സരിനെപോലെ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടുമുട്ടി. സ്‌നേഹമോടെ പൂമാലയിട്ട് അവള്‍ അവനെ സ്വീകരിച്ചു. യുവാവ് അവളില്‍ ആകൃഷ്ടനായി. അവള്‍ മധുരക്കിഴങ്ങുകളും തേനും അപ്‌സരുകളുടെ ഭക്ഷണവും അവനു നല്‍കി. തുടര്‍ന്ന് അവള്‍ അവനെ അവളുടെ വാസസ്ഥലത്ത് കൊണ്ടുപോയി. പ്രേമവിവശയായ അവള്‍ അവന്റെ മുമ്പില്‍ കരഞ്ഞു; നെടുവീര്‍പ്പുകള്‍ ഉതിര്‍ത്തു. സ്‌നേഹം കൊണ്ട് അവനെ പൊതിഞ്ഞു (And there in language strange she said, I love thee true).തുടര്‍ന്ന് അവള്‍ അവനെ ഉറക്കി. ഉറക്കത്തില്‍ അവന്‍ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ മരിച്ചവരെപ്പോലെ വിളറി വിറങ്ങലിച്ച് കഴിയുന്ന അനേകം രാജാക്കന്മാരെയും രാജകുമാരന്മാരെയും യോദ്ധാക്കളെയും യുവാവ് കണ്ടു. (I saw pale kings and princes too; pale warriors, death – pale were they all). അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ”കരുണയില്ലാത്ത സുന്ദരി ഞങ്ങളെ കബളിപ്പിച്ചതുപോലെ നിന്നെയും വഞ്ചിച്ചല്ലോ! ഹാ കഷ്ടം”. അവന്‍ ഉണര്‍ന്നപ്പോള്‍ മറ്റാരെയും കണ്ടില്ല. തണുത്ത് മരവിച്ച് മരുഭൂമിയിലൂടെ അവന്‍ ഏകനായി അലഞ്ഞുനടന്നു. പിന്നീട് ഒരിക്കലും അവന്‍ ഉറങ്ങിയിട്ടില്ല. വശീകരിച്ച് വിളിച്ച ക്രൂരയായ സുന്ദരി അവനെ ഒരു ഭ്രാന്തനാക്കി മാറ്റി.

ഇതുപോലെ ഒരു സ്ത്രീയെ ബൈബിള്‍ അവതരിപ്പിക്കുന്നുണ്ട്. സുഭാഷിതങ്ങളുടെ പുസ്തകം 7-ാം അധ്യായത്തില്‍ വേശ്യയെപ്പോലെ അണിഞ്ഞൊരുങ്ങി മധുരവാക്കുകളും വശ്യതയാര്‍ന്ന ചാപല്യങ്ങളുമായി യുവജനങ്ങളെ വലയില്‍ വീഴിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട് (സുഭാ 7: 7-27). ”നമുക്ക് കൊതിതീരുംവരെ സ്‌നേഹം നുകരാം. നമുക്ക് സ്‌നേഹത്തില്‍ ആറാടാം” (7:18) എന്നൊക്കെയാണ് കണ്ടുമുട്ടുന്നവരോട് അവള്‍ പറയുന്നത്. ഒരു യുവാവ് അവളുടെ മധുരമൊഴികളില്‍ വിശ്വസിച്ച് അവളുടെ പുറകെപോയി; പാപ ബന്ധനത്തില്‍പെട്ടു. അവന്റെ നാശത്തെക്കുറിച്ച് തിരുവചനം പറയുന്നത് ആരെയും ചിന്തിപ്പിക്കേണ്ടതാണ്: ”കശാപ്പുശാലയിലേക്ക് കാള പോകുന്നതുപോലെ, ഉടലിനുള്ളില്‍ അമ്പ് തുളഞ്ഞുകയറത്തക്കവിധം കലമാന്‍ കുരുക്കില്‍പ്പെടുന്നതുപോലെ, പക്ഷി കെണിയിലേക്ക് പറന്നുചെല്ലുന്നതുപോലെ പെട്ടെന്ന് അവന്‍ അവളെ അനുഗമിക്കുന്നു. ജീവനാണ് തനിക്ക് നഷ്ടപ്പെടാന്‍ പോകുന്നതെന്ന് അവന്‍ അറിയുന്നതേയില്ല… അവള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ അസംഖ്യമാണ്” (സുഭാ 7: 22-26).

ഈ സ്ത്രീ ഒരു പ്രതീകമാണ്. ഇതുപോലെ അനേകം യുവജനങ്ങള്‍ മൊബൈല്‍, ഫെയ്‌സ്ബുക്ക്, ഇന്റര്‍നെറ്റ്, യൂട്യൂബ് എന്നിവ സൃഷ്ടിക്കുന്ന മായാ പ്രപഞ്ചത്തിന്റെ വശ്യതകളില്‍പ്പെട്ട് ആസക്തികളുടെ അടിമകളായി പ്രണയിച്ചും മദ്യപിച്ചും യുവത്വത്തിന്റെ വസന്തത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രേമിച്ചും പ്രണയം നടിച്ചും പീഡിപ്പിച്ചും പീഡിപ്പിക്കപ്പെട്ടും ദുഃഖ നിരാശകളില്‍പ്പെട്ട് ജീവിക്കുന്നവരും ആത്മഹത്യയില്‍ അഭയം തേടിയവരും ധാരാളം. താത്കാലിക സുഖസന്തോഷങ്ങള്‍ക്ക് വേണ്ടി ആസക്തികളുടെ പുറകെ പോയി നശിക്കുന്നവരെക്കുറിച്ച് ബൈബിള്‍ പറയുന്നത് ശ്രദ്ധിക്കുക; ”അഭിലാഷങ്ങള്‍ക്ക് അടിപ്പെടരുത്; അവ നിന്നെ കാളക്കൂറ്റനെപ്പോലെ കുത്തിക്കീറും. അവ നിന്റെ ഇലകള്‍ ഭക്ഷിക്കുകയും നിന്റെ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും. നീ ഒരു ഉണക്കമരമായി തീരും. ദുഷിച്ച ഹൃദയം അവനവനെത്തന്നെ നശിപ്പിക്കുന്നു” (സുഭാ 6: 2-4). തിന്മ വശ്യസുന്ദരമായ ആകര്‍ഷണങ്ങളുടെയും ജഡമോഹങ്ങളുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് നിഷ്കളങ്കരായ കൊച്ചുകുട്ടികളെപ്പോലും വഴിതെറ്റിക്കുന്നു. ജ്ഞാനത്തിന്റെ പുസ്തകം പറയുന്നു: ”തിന്മയുടെ വശീകരണശക്തിയില്‍ നന്മയ്ക്ക് മങ്ങലേല്‍ക്കുന്നു. ഭ്രമിപ്പിക്കുന്ന മോഹങ്ങള്‍ നിഷ്‌കളങ്ക ഹൃദയത്തെ വഴിതെറ്റിക്കുന്നു” (ജ്ഞാ 3: 12).

വശ്യതയാര്‍ന്ന ആകര്‍ഷണങ്ങളുടെയും പ്രലോഭനങ്ങളുടെയും പിന്നിലുള്ള കെണി നാം തിരിച്ചറിയുന്നില്ല. Drug addicts never grow old  (മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് പ്രായമാകുന്നില്ല) എന്ന് വായിക്കുമ്പോള്‍ അത് ഒരു ആകര്‍ഷണീയമായ പരസ്യമാണ്.  Because they die young (കാരണം അവര്‍ ചെറുപ്പത്തിലെ മരിച്ചുപോകുന്നു) എന്ന രണ്ടാമത്തെ വരികൂടി വായിക്കുമ്പോഴാണ് ആദ്യത്തെ ലൈനില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കെണി മനസ്സിലാവുക. ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളോടു പറഞ്ഞു: ”താത്കാലിക രസങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ ജീവിതം നശിപ്പിക്കരുത് ((Dont ruin your life for thrills).  പാപത്തിന്റെ സുഖങ്ങള്‍ ഏതാനും നിമിഷങ്ങള്‍ മാത്രമുള്ളതാണ്. എന്നാല്‍ അവ നല്‍കുന്ന വേദന നിത്യതവരെ എത്തും ((The pleasures of sin are for a few moments, but their pain is for eternity).

റവ. ഡോ. കുര്യന്‍ മറ്റം  ku


Spread the love