”വിശ്വസ്തനായ സ്‌നേഹിതന്‍ ബലിഷ്ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തിയവന്‍ ഒരു നിധി നേടിയിരിക്കുന്നു” (പ്രഭാ 6-14). ദൈവം ജീവിതത്തില്‍ എനിക്കുതന്ന വലിയ അനുഗ്രഹമാണ് എന്റെ സുഹൃത്തുക്കള്‍. പ്രഭാഷകന്‍ പറയുന്നതുപോലെതന്നെ ഈ സുഹൃത്തുക്കള്‍ എനിക്ക് വലിയ സമ്പത്താണ്-ഒരു നിധിയാണ്. ചിലര്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ എന്നെ ത്ഭുതപ്പെടുത്തിയിട്ടുണ്ട്. ജാതിമത വ്യത്യാസങ്ങളില്ലാതെ എനിക്ക് പരിചിതരായ ചില വ്യക്തികള്‍ തമ്മിലുള്ള സൗഹൃദവും അതിന്റെ ആഴവും കാലപ്പഴക്കവുമൊക്കെ എന്നെ ഏറെ അതിശയിപ്പിച്ചിട്ടുണ്ട്.

സ്വന്തം വ്യാപാരവ്യഗ്രതകള്‍ക്കപ്പുറത്ത് സ്വസ്ഥതയോടെ ആയിരിക്കുവാനും, മനസ്സ് തുറക്കുവാനുംപരസ്പരം ശ്രവിക്കുവാനും ഒക്കെ സഹായിക്കുന്ന ഇത്തരം സൗഹൃദങ്ങളും, ഈ സൗഹൃദങ്ങള്‍ രൂപപ്പെടാന്‍ പലപ്പോഴും സഹായകമാകുന്ന വിധത്തില്‍ വെറുതെയുള്ള ഒത്തുചേരല്‍, പരസ്പരംകണ്ടുമുട്ടാന്‍ ഉള്ള സാധാരണ അവസരങ്ങള്‍ അനൗദ്യോഗിക കൂടലുകള്‍ എന്നിവയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു അഥവാ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം നമ്മുടെ മുമ്പിലുണ്ട്.

ഞാന്‍ ജനിച്ചുവളര്‍ന്ന എന്റെ നാടായ നെടുങ്ങപ്രയുടെ പ്രാദേശിക നന്മകള്‍കൊണ്ടും എന്റെ മാതാപിതാക്കളുടെ അനുഗ്രഹീത ജീവിതശൈലികള്‍ കൊണ്ടും സൗഹൃദങ്ങള്‍ ഉണ്ടാവുന്നതില്‍കുഞ്ഞുനാള്‍ മുതല്‍ ദൈവം എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ജാതിമത ഭേദമെന്യേ എല്ലാ വിഭാഗങ്ങളിലുംപെട്ട സുഹൃത്തുക്കള്‍ എനിക്കുണ്ടായിട്ടുണ്ട്. സഹപാഠികളായും അയല്‍വാസികളായും സഹപ്രവര്‍ത്തകരായും ബന്ധുക്കളായും അതിന്റെ ആഴങ്ങളിലേയ്ക്ക് വളര്‍ത്തുന്നതിനോ, എന്റെ സ്വാര്‍ഥപരമായ താത്പര്യങ്ങളുടെ മാനദണ്ഡങ്ങളുടെ അപ്പുറത്ത് സൗഹൃദങ്ങള്‍ കണ്ടെത്തുന്നതിനോ കഴിഞ്ഞിരുന്നില്ല. എന്റെകൂടെ സ്‌കൂള്‍ കാലഘട്ടം മുഴുവന്‍ (ഏകദേശം 11 വര്‍ഷം) പഠിച്ച സുഹൃത്തുക്കളിലൊരാള്‍; എന്റെ ഏറ്റവും ആത്മാര്‍ഥ സുഹൃത്തെന്ന് കരുതപ്പെടുന്നവരില്‍ ഒരാള്‍ എന്നിട്ടുപോലും പഠന സഹായത്തിനുള്ള ക്ലാസ്സിലെ നോട്ട് ബുക്കുകളോ, ഗൈഡുകളോ തുടങ്ങി ഒന്നും അവനുമായി പങ്കുവയ്ക്കാന്‍ ഞാന്‍ വിസമ്മതിച്ചിരുന്നു. കാരണം, അവന് എന്നെക്കാള്‍ ഒരു മാര്‍ക്ക് കൂടുതല്‍ അന്ന് ലഭിച്ചാലോ എന്ന ഭയം കൊണ്ടുമാത്രം.

എന്നാല്‍ ഇന്ന് ആ അവസ്ഥയില്‍ നിന്ന് മാറി എന്നെക്കൊണ്ടു സാധിക്കുന്നത് മുഴുവന്‍ കൊടുക്കാന്‍ ആഗ്രഹിക്കുകയും ആലോചിക്കുകയും ചെയ്യുന്ന ഒരു തലത്തിലേക്കെങ്കിലും മാറാന്‍ എനിക്ക് സാധിച്ചതിനു കാരണം 26 വര്‍ഷം മുമ്പ് ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ ദൈവത്തെ അറിയുവാനും ദൈവസ്‌നേഹാനുഭവത്തില്‍ വളരാനും ഇടയായതാണ്. ദൈവസ്‌നേഹാനുഭവത്തില്‍ ആഴപ്പെടുത്തി നല്‍കപ്പെട്ട ജീസസ് യൂത്ത് പരിശീലനങ്ങളും, വിവിധ അനുഭവങ്ങളും എന്റെ ജീവിതരീതികളിലും മനോഭാവങ്ങളിലും കാഴ്ചപ്പാടുകളിലും വരുത്തിയ വലിയ മാറ്റത്തിന്റെ ഫലമായി എന്നില്‍ ഉണ്ടായവയില്‍ ഏറ്റവും ശ്രേഷ്ടമായ ഒന്ന് മറ്റുള്ളവരെ നിസ്വാര്‍ഥമായി സ്‌നേഹിക്കുവാനും ഉള്‍ക്കൊള്ളുവാനും മറ്റുള്ളവരെ ബഹുമാനിക്കുവാനും ഞാന്‍ പഠിച്ചു, പരിശീലിച്ചു. അത് ഇന്ന് എന്റെ ഒരു ജീവിതശൈലിയായി മാറിക്കഴിഞ്ഞു എന്നതാണ്.

ബൈബിളില്‍ പ്രഭാഷകന്‍ പറയുന്ന ചില വാക്കുകള്‍ കൂടി ഞാന്‍ കുറിക്കട്ടെ:

”വിശ്വസ്തനായ സ്‌നേഹിതന്‍ ജീവാമൃതമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അവനെ കണ്ടെത്തും. ദൈവഭക്തന്റെ സൗഹൃദം സുദൃഢമാണ്; അവന്റെ സ്‌നേഹിതനും അവനെപ്പോലെതന്നെ (പ്രഭാ 6:16-17).

ദൈവത്തിലാശ്രയിക്കുവാന്‍ തുടങ്ങിയപ്പോള്‍ എന്റെ കുഞ്ഞുനാള്‍ മുതലുളള പഴയ സൗഹൃദങ്ങള്‍ക്കുപോലും ആഴവും ദൃഢതയും ആത്മാര്‍ഥതയും ദൈവം കൊണ്ടുവന്നു.

തെരുവില്‍ അലഞ്ഞുനടക്കുന്ന യാചകരായ വ്യക്തികള്‍, മാനസിക രോഗികളായവര്‍ മുതല്‍ സാമൂഹിക, രാഷ്ട്രീയ, വ്യാവസായിക രംഗങ്ങള്‍ പോലുള്ള വിവധ മേഖലകളില്‍ നിന്നുള്ള സമൂഹത്തിലെ ഏറ്റവും ഉന്നതരെന്ന് കരുതപ്പെടുന്ന ആളുകള്‍ വരെ എന്റെ നല്ല സുഹൃത്തുക്കളുടെ ഗണത്തില്‍പ്പെടുന്നു. വിയര്‍പ്പൊഴുക്കുന്നവന്റെയും പാവപ്പെട്ടവന്റെയും സൗഹൃദങ്ങള്‍ക്ക് പൊതുവേ മറ്റുള്ളവരുടെ സൗഹൃദങ്ങളേക്കാള്‍ ആത്മാര്‍ഥതയും ദൃഡതയും ആഴവും കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

എന്റെ ഒരു ആത്മാര്‍ഥ സുഹൃത്തിനെക്കുറിച്ച് പറയാതെവയ്യ. ഹൈന്ദവ വിഭാഗത്തില്‍ പുലയര്‍ സമുദായത്തില്‍പ്പെട്ട ഈ ചങ്ങായി എനിക്ക് ഒരു കൂടപ്പിറപ്പിനേക്കാള്‍ അടുപ്പവും സ്‌നേഹവും ഉള്ളവനാണ്. 1995-കാലഘട്ടത്തില്‍ കൂടുതല്‍ അടുത്തിടപഴകാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്ന് ഈ നിമിഷം വരെ എന്റെ ജീവിതത്തിന്റെ ഭാഗമാകുന്ന ഈ വ്യക്തി എന്നെ ഏറെ പഠിപ്പിച്ചിട്ടുണ്ട്. ജീവിതം കൊണ്ട് എനിക്ക് എന്നേക്കാള്‍ കൂടുതല്‍ വിശ്വസിക്കാന്‍, ആശ്രയിക്കാന്‍ കഴിയുന്ന ചങ്ങാതി.

മറ്റു ധാരാളം സുഹൃത്തുക്കളെക്കുറിച്ച് എഴുതുവാന്‍ എന്റെ കൈയും മനസ്സും ഒരുപോലെ തരിക്കുന്നു. നിവൃത്തിയില്ലാത്തതിനാല്‍ ഒഴിവാക്കുന്നു. ഒരു ക്രൈസ്തവ മിഷണറിയായി ജീവിക്കുവാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന എനിക്ക് പലപ്പോഴും അതിന് പ്രോത്സാഹനം തരുന്നതും, സഹായിക്കുന്നതും അക്രൈസ്തവരായ എന്റെ ആത്മാര്‍ഥ സുഹൃത്തുക്കളാണ്. ജീസസ് യൂത്ത് നാഷണല്‍, ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി സേവനം ചെയ്ത നാളുകളില്‍ മുഴുവന്‍ സമയം മാറ്റിവച്ച് ദീര്‍ഘദൂര യാത്രകള്‍ക്കുമൊക്കെയായി ദിവസങ്ങളും മാസങ്ങളും തന്നെ വീട്ടില്‍ നിന്ന് മാറേണ്ടി വന്നപ്പോള്‍ എന്റെ ഈ സുഹൃത്തുക്കള്‍ വിവിധ ആവശ്യങ്ങള്‍ കണ്ടണ്ടറിഞ്ഞ് സഹായിച്ചതുകൊണ്ടാണ് എല്ലാം സാധ്യമായത്.

പുരുഷന്മാരുമായുള്ള സൗഹൃദങ്ങള്‍ പോലെതന്നെ പ്രധാനപ്പെട്ടതാണ് ഒരു പുരുഷന് സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടാകുന്നതും. പക്വതയുള്ള സുദൃഢമായ വിവേകപൂര്‍ണമായ സ്ത്രീ സൗഹൃദങ്ങള്‍ എന്റെ ജീവിതത്തില്‍ ഒരു വലിയ അനുഗ്രഹമായി ഞാന്‍ കാണുന്നു.

കാലാകാലങ്ങളില്‍ ജീവിത സാഹചര്യങ്ങള്‍ക്ക്അനുസരണമായി വേണ്ട ഇടങ്ങളില്‍ ആത്മാര്‍ഥ സുഹൃത്തുക്കളെ ദൈവം കൊണ്ടുതരുന്നത് എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്. ദൈവത്തെ അറിയുന്നതിന് മുമ്പ് ദൈവസ്‌നേഹാനുഭവം തിരിച്ചറിയുന്നതിനു മുമ്പ് സൗഹൃദങ്ങളെ തിരഞ്ഞെടുക്കുവാന്‍ ഞാന്‍ സ്വാര്‍ഥപരമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍, ഇന്ന് ഞാന്‍ വിശ്വസിക്കുന്ന ആശ്രയിക്കുന്ന ദൈവം എനിക്ക് ധാരാളം സുഹൃത്തുക്കളെ നല്‍കുന്നു.

ദൈവത്തില്‍ ശരണം വയ്ക്കുക മറ്റുള്ളവരെ ബഹുമാനിക്കുക, സ്‌നേഹിക്കുക, സുഹൃത്തിനെ ദൈവം നിങ്ങളിലേക്കെത്തിക്കും.

141റൈജു വര്‍ഗീസ്‌