കേരളത്തിൽ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡൈവോഴ്‌സ് കേസുകള്‍ വര്‍ധിച്ചു വരുകയാണ്. 2005-2006 കാലഘട്ടങ്ങളില്‍ 8456 ഡൈവോഴ്‌സ് കേസുകളായിരുന്നു കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ 2011 ആയപ്പോഴേയ്ക്കും 38231 എന്ന കണക്കിലേക്കു അത് വര്‍ധിച്ചു. ഏതാണ്ട് 20 വര്‍ഷം മുമ്പുവരെ 1000 വിവാഹത്തില്‍ 1 ഡൈവോഴ്‌സ് എന്ന നിലയിലായിരുന്നു കണക്കുകളെങ്കിലും, കഴിഞ്ഞ പത്തു വര്‍ഷത്തോളമായി 1000-ല്‍ 20-25 വിവാഹ മോചനങ്ങള്‍ എന്ന നിലയിലേക്കു കേരളം മാറിയിരിക്കുന്നു.

വിവാഹം താത്ക്കാലികമാണെന്ന ചിന്താരീതികളും വികലമായ വിവാഹ കുടുംബ കാഴ്ചപ്പാടുകള്‍, വര്‍ധിക്കുന്ന വിവാഹേതര ബന്ധങ്ങള്‍, സ്ത്രീകളുടെ സ്വയംപര്യാപ്തത, സോഷ്യല്‍ മീഡിയകളുടെ സാന്നിധ്യം തുടങ്ങിയവയാണ് വര്‍ധമാനമായ വിവാഹമോചനകേസുകള്‍ക്ക് വഴി തെളിക്കുന്നത്. ഈ സാഹചര്യത്തില്‍ ക്രൈസ്തവ മൂല്യങ്ങളും സഭയുടെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും, വിശ്വാസത്തിന്റെ വെളിച്ചത്തില്‍ വിവാഹമെന്ന കൂദാശയെ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും വലുതാണ്.

ഉത്പത്തി പുസ്തകത്തില്‍ ഇപ്രകാരം കാണുന്നു: മനുഷ്യന്‍ ഏകനായിരിക്കുന്നത് നല്ലതല്ല എന്ന് കണ്ട ദൈവം, ആദത്തിന് അവന്റെ തുണയും ഇണയുമായി ഹവ്വായെ നല്‍കി. അവന്റെ തന്നെ അസ്ഥിയില്‍നിന്നും അവളെ സൃഷ്ടിച്ച ദൈവം അവള്‍, ആദത്തിന്റെതന്നെ ശരീരത്തിന്റെ ഭാഗമാണെന്നും, സൃഷ്ടിപരമായി ഇരുവരും തുല്യരായി പരിഗണിക്കപ്പെടണം എന്നുമാണ് ആഗ്രഹിച്ചത്. ആദിമനുഷ്യനായ ആദം, അവന്റെ ഏകാന്തതയ്ക്ക് ലഭിച്ച ഉത്തരമായ ഹവ്വായെ, ഇതാ എന്റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും എന്നു ഏറ്റു പാടിയാണ് സ്വീകരിച്ചത്. ദൈവം അവന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചത് സ്ത്രീയ്ക്ക് ജന്മം നല്‍കിയതിലൂടെയാണ്. സ്വന്തം സത്തയായും അസ്തിത്വത്തിന്റെയും ഭാഗമായി സ്വന്തം ശരീരമായിതന്നെ ആദം അവളെ സ്വീകരിക്കുന്നു. പൂര്‍ണതയിലേക്കുള്ള ജീവിതത്തിന് ഇരുവരുടേയും സ്‌നേഹം വഴിയൊരുക്കുകയും, അതു കണ്ട് എല്ലാം നല്ലതായിരിക്കുന്നു, മനോഹരമായിരിക്കുന്നു എന്ന് ദൈവം ആനന്ദിക്കുകയും ചെയ്യുന്നു.

വിവാഹത്തിന്റെ ഐക്യത്തെയും അവിഭാജ്യതയെയും സംബന്ധിച്ച് പരിശോധിക്കുന്നവരുടെ ചോദ്യത്തിന് ക്രിസ്തു നല്‍കുന്ന മറുപടിയില്‍ ആദിയില്‍ കൂടിച്ചേര്‍ക്കപ്പെട്ടവര്‍ പിരിഞ്ഞിരുന്നില്ല എന്ന കാഴ്ചപ്പാടാണ് ക്രിസ്തു നല്‍കുന്നത്. ദൈവം തന്റെ തിരഞ്ഞെടുപ്പ് വഴിയാണ് പുരുഷനെയും സ്ത്രീയെയും ഒന്നിപ്പിക്കുന്നത് എന്ന ആത്മീയ സത്യമാണ് ക്രിസ്തു ഏറ്റു പറഞ്ഞത്. ഒരു ശരീരമായിത്തന്നെ നിലനില്‍ക്കുക, മരണംവരെയെന്ന വിളിയാണ് വിവാഹത്തില്‍ നല്‍കപ്പെടുന്നത്. സ്ത്രീത്വത്തിന് യാതൊരു പ്രാധാന്യവും കല്പിക്കപ്പെടാത്ത കാലത്തുപോലും, ക്രിസ്തു ഏകഭാര്യാത്വത്തിലും, ഉത്പത്തി പുസ്തകത്തിലെ മനോഹരമായ കാഴ്ചപ്പാടിലും അടിയുറച്ചു നിന്നു എന്നുള്ളതാണ് കാണുവാന്‍ കഴിയുന്നത്. ക്രിസ്തീയ വിവാഹത്തിന്റെ മാഹാത്മ്യവും ഇതു തന്നെയാണ്.

സ്ത്രീ പുരുഷബന്ധം ദൈവത്താല്‍ സ്ഥാപിതമായി എന്ന വിശ്വാസ പ്രഖ്യാപനമാണ് ഉത്പത്തി പുസ്തകത്തില്‍ നാം കാണുന്നത്. ഭൂമുഖത്ത് ആദ്യത്തെ വിവാഹം നടന്നപ്പോള്‍ ദൈവമാണ് ആ വധൂവരന്മാരെ യോജിപ്പിച്ചതും, കുടുംബത്തിന് തുടക്കം കുറിച്ചതും. അതുകൊണ്ട് എന്ന് എവിടെ വിവാഹം നടക്കുമ്പോഴും, കുടുംബജീവിതം തുടരുമ്പോഴും അവിടെയെല്ലാം ദൈവത്തിന്റെ കൃപ കടന്നു വരുന്നുവെന്നുവേണം മനസ്സിലാക്കാന്‍.

ദാമ്പത്യം എന്ന പദംതന്നെ അര്‍ഥവത്തായതും മനോഹരവുമാണ്. ‘ദം’ എന്നാല്‍ ഭാര്യ – ദാനം ചെയ്യുന്നവള്‍ എന്ന അര്‍ഥവും, പതി എന്നു വച്ചാല്‍ – നാ
ഥന്‍ – എന്നതിലുപരി ഭാര്യയിലേക്ക് ഇറങ്ങിച്ചെല്ലുന്നവന്‍, എന്ന അര്‍ഥങ്ങളാണുള്ളത്. സ്വയം ദാനമായി തീരുക എന്ന സ്ത്രീ സവിശേഷതയും, സ്ത്രീത്വത്തിലേക്ക് അവളുടെ വ്യക്തിത്വത്തിലേക്ക് അവളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നവര്‍ എന്ന അര്‍ഥവുമാണ് ഇവിടെ വിവക്ഷിക്കുന്നത്. ദാമ്പത്യത്തെക്കുറിച്ചുള്ള അതിമനോഹരമായ വിവരണങ്ങള്‍ വി. പൗലോസ് ശ്ലീഹാ എഫേസോസുകാര്‍ക്കെഴുതിയ ലേഖനത്തിലാണുള്ളത്.

”ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. എന്തെന്നാല്‍ ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും” (എഫേ 5: 22-33).

കര്‍ത്താവിന്റെ ഇഷ്ടപ്പെട്ടവള്‍ക്കു ചേര്‍ന്ന വിധം ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരാവണമെന്നും തിരിച്ച് ഭര്‍ത്താവ് സ്വന്തം ജീവാണുവെന്നപോലെ ഭാര്യമാരെ സ്‌നേഹിക്കണമെന്നും പൗലോസ് ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നു. ഭര്‍ത്താവാണ് ഭാര്യയുടെ ശിരസ്സ.് ഇത് അവകാശം മാത്രമല്ല, ഉത്തരവാദിത്വവും കൂടിയാണ്. ഭാര്യ, മറിച്ച് ഭര്‍ത്താവിനു നല്‍കുന്ന വിധേയത്വം അടിമത്തമല്ല, സ്‌നേഹത്തോടു കൂടിയുള്ള വിധേയത്വമാണത്, ഇത്തരം വിധേയത്വം സ്വാതന്ത്ര്യത്തിലേക്കു ഇരുവരെയും നയിക്കുന്നു. ഏതെങ്കിലും ഒരു പുരുഷന് വിധേയത്വപ്പെടുവാനല്ല പൗലോസ് ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നത്. ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവിനോടാണ് അവള്‍ വിധേയപ്പെടേണ്ടത്. വിവാഹമെന്ന ദൈവവിളിയില്‍ വി. പൗലോസ ശ്ലീഹാ ഇപ്രകാരം സമര്‍ഥിക്കുന്നു:

വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിക്കുന്നു. വിവാഹിതയായ സ്ത്രീ ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു അന്വേഷിക്കുന്നു (1 കോറി 7: 33-35). സ്ത്രീ പുരുഷനും, പുരുഷന്‍ സ്ത്രീക്കും ജീവിതം സമര്‍പ്പിക്കുന്നു. സമര്‍പ്പിതര്‍ കര്‍ത്താവിന് ഞങ്ങളുടെ ജീവിതത്തെ സമര്‍പ്പിക്കുന്നതിന്റെ അത്ര തന്നെ പരിശുദ്ധിയും വിശുദ്ധിയും ഈ സമര്‍പ്പണത്തിനുമുണ്ട്.

ക്രിസ്തുവിന്റെ സ്‌നേഹത്തിന് സാക്ഷികളായി തീരുവാനുള്ള വിളിയാണ് പൗലോസ് അപ്പസ്‌തോലന്‍ ദമ്പതികള്‍ക്കു നല്‍കുന്നത്. വൈവാഹിക സ്‌നേഹം മാനുഷിക സ്‌നേഹത്തിന്റെ പൂര്‍ണതയാണ്. ദമ്പതികളെ ആകര്‍ഷിക്കേണ്ടത്, വെറും ലൈംഗിക വികാരം മാത്രമല്ല, മറിച്ച് പൂര്‍ണവ്യക്തിയുടെ ക്ഷേമം ലക്ഷ്യം വയ്ക്കുന്ന, വിവാഹത്തിന്റേതു മാത്രമായ രീതിയിലുള്ള അടയാളങ്ങള്‍ പ്രകടിപ്പിക്കാനും അവരെ സഹായിക്കുന്ന വിവേകവും ബുദ്ധിയുമാണവരെ നയിക്കേണ്ടത്. ജീവിതത്തിലെ എല്ലാവിധ അനുഭവങ്ങളിലും വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കാതെ ഒന്നിച്ചു നിന്നുകൊള്ളാമെന്ന് വിവാഹാവസരത്തില്‍ ചെയ്യുന്ന പ്രതിജ്ഞ നിറവേറ്റാന്‍ അവര്‍ തയ്യാറാവണം.

ദൈവികമാണ് ആ സ്‌നേഹം; ദമ്പതികളെ സ്വതന്ത്രമായും മാന്യമായും പരസ്പരം സമര്‍പ്പിക്കുവാന്‍ സഹായിക്കുന്ന ഒരു ദൈവികശക്തിയാണ് വൈവാഹിക സ്‌നേഹം.

പൗലോസ് ആറാമന്‍ മാര്‍പാപ്പയുടെ മനുഷ്യജീവന്‍ എന്ന ചാക്രിക ലേഖനത്തില്‍ വൈവാഹിക സ്‌നേഹത്തിന്റെ സ്വഭാവം വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. അതനുസരിച്ച് വൈവാഹിക സ്‌നേഹം പൂര്‍ണമായിരിക്കണം. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒന്നും ഒളിച്ചു വയ്ക്കാനുണ്ടാവരുത്; എന്റേത് എന്നല്ല, ഞങ്ങളുടേത് എന്നു പറയുവാന്‍ കഴിയണം. തങ്ങള്‍ക്കുള്ളതെല്ലാം തങ്ങളെത്തന്നെയും പങ്കു വയ്ക്കുക ആണിവിടെ മാതൃക. ക്രിസ്തുനാഥന്റെ സ്‌നേഹം പങ്കുവയ്ക്കലിന്റേതാണ്; ത്യാഗത്തിന്റേതാണ്. സഹകരണത്തിന്റേതാണ്; അവിടന്നു അവസാന തുള്ളിവരെ പങ്കു വച്ചു; രക്തംചിന്തി സ്‌നേഹിച്ച; പല വിവാഹബന്ധങ്ങളും പരാജയപ്പെടുവാന്‍ പ്രധാന കാരണമായി കാണപ്പെടുന്നത് സ്വാര്‍ഥതയാണ്; പൂര്‍ണമായ പങ്കുവയ്ക്കലിന്റെ അഭാവമാണ്; ശരീരമോ, സ്വത്തോ മാത്രം പങ്കു വച്ചാല്‍ പോരാ, ശരീരവും ഹൃദയവും വ്യക്തിയും പൂര്‍ണമായും പങ്കുവയ്ക്കണം. ഇത് സാധിക്കണമെങ്കില്‍ അവരുടെ സ്‌നേഹം വിശ്വസ്തമാ
യിരിക്കണം; പങ്കുവയ്ക്കല്‍ പൂര്‍ണമാണെങ്കില്‍ അവിശ്വസ്തത കടന്നുവരില്ല. വിഭജിക്കപ്പെട്ട സ്‌നേഹം അവിശ്വസ്തതയുടെ അടയാളമാണ്. സ്ത്രീയും പുരുഷനും ഒന്നായി തീരണം; മേലില്‍ അവര്‍ രണ്ടല്ല (മത്താ 19:26).

മൂന്നാമതൊരാള്‍, ആ വ്യക്തി ആരുമായി കൊള്ളട്ടെ, ആ വ്യക്തിക്ക് ഭാര്യാ-ഭര്‍ത്തൃബന്ധത്തിനിടയില്‍ ഒരു സ്ഥാനം നല്‍കരുത് എന്നാണ് ക്രിസ്തു ആഗ്രഹിച്ചത്. ആധുനിക സാമൂഹ്യ ജീവിതത്തില്‍, ഇതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നും നമുക്കറിയാം. വിവാഹമോചനത്തിന് ഒന്നിലധികം കാരണങ്ങള്‍ ഉണ്ടെങ്കിലും, ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ സംഭവിക്കുന്നത് ഈ കാരണത്താലാണെന്നതാണ് സത്യം. ഭാര്യാ-ഭര്‍ത്തൃ സ്‌നേഹത്തിന് കോട്ടം തട്ടാത്ത രീതിയില്‍ സുഹൃത് ബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ ഭാര്യയും ഭര്‍ത്താവും അറിഞ്ഞിരിക്കുകതന്നെ വേണം. മറ്റു മനുഷ്യരുമായുള്ള തങ്ങളുടെ ബന്ധങ്ങള്‍ സുതാ
ര്യവും സ്വതന്ത്രവുമാകണം. പക്ഷേ, തങ്ങളുടെ വിശ്വസ്തതയുടെ അതിര്‍വരമ്പുകളേതെന്ന് ദമ്പതികള്‍ വ്യക്തമായും അറിഞ്ഞിരിക്കണം. ദാമ്പത്യവിശുദ്ധി കേവലം ജീവിത പങ്കാളിയോടു മാത്രമുളള വിശ്വസ്തതയല്ല; മറിച്ച് ദൈവത്തോടുള്ള കടമയായും ഉത്തരവാദിത്വമായും ആണ് കാണേണ്ടത്. വിവാഹബന്ധം മരണംവരെ നിലനില്‍ക്കേണ്ടതും, അവിഭാജ്യവുമാണ്. ആ ബന്ധത്തില്‍ വിള്ളലുണ്ടാക്കുവാന്‍ ആരെയും അനുവദിക്കാതിരിക്കുക എന്നതാണ് പരമപ്രധാനകാര്യം.

വി. പൗലോസ് ശ്ലീഹാ ദാമ്പത്യത്തെ യേശുവും സഭയും തമ്മിലുള്ള ബന്ധത്തോടാണ് ഉപമിക്കുന്നത്. സഭയ്ക്കുവേണ്ടി മരണത്തോളം സഹിച്ചവനാണ് ക്രിസ്തു. സ്വന്തം ജീവനേക്കാള്‍ സ്‌നേഹിച്ചവന്‍; അതിനപ്പുറം ഒരു സഹനവും സ്‌നേഹവും ഇല്ല; ഇത് അത്ര എളുപ്പമുള്ള കാര്യമല്ല – സാധാരണ മനുഷ്യര്‍ക്ക് എന്തും തുറന്നുപറയാം; കാരണം വ്യത്യസ്ത കുടുംബങ്ങളില്‍ വ്യത്യസ്ത അന്തരീക്ഷത്തില്‍ വളര്‍ന്ന രണ്ടു വ്യക്തികളാണ് ഒന്നിക്കുന്നത്. പരസ്പരം വിട്ടുവീഴ്ചയുടെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും, പ്രോത്സാഹനത്തിന്റെയും ജീവിതം നയിക്കുവാന്‍ ദമ്പതികള്‍ ദൈവത്തിന്റെ കൃപയില്‍ ആശ്രയിക്കുക തന്നെ വേണം.

ക്രൈസ്തവ വിവാഹത്തിലെ വധൂവരന്മാരുടെ വാഗ്ദാനം ഇപ്രകാരമാണ്: ‘ആരോഗ്യത്തിലും അനാരോഗ്യത്തിലും സുഖത്തിലും ദു:ഖത്തിലും ദാരിദ്ര്യത്തിലും സമ്പത്തിലും വേര്‍പിരിയാതെ ഏക മനസ്സായി ജീവിച്ചു കൊള്ളാമെന്നതാണ് പ്രതിജ്ഞ. തങ്ങളുടെ ഈ വാഗ്ദാനം വിശുദ്ധ ഗ്രന്ഥം സാക്ഷിയായി വിശുദ്ധ വചനത്തില്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. വധൂവരന്മാരുടെ ജീവിതത്തിനടിസ്ഥാനം വിശുദ്ധ ഗ്രന്ഥമാണ് എന്നതാണ് ഇതിലെ വിവക്ഷ. പരസ്പരം അപൂര്‍ണതകള്‍ മനസ്സിലാക്കി പൂര്‍ണതയിലേക്കു ഐക്യത്തോടെ സഞ്ചരിക്കുവാന്‍ ക്രിസ്തീയ വധൂവരന്മാര്‍ക്ക് കഴിയണം.

Lelend Fosterwood Growing Together in a Family എന്നപുസ്തകത്തില്‍ ഇപ്രകാരം പറയുന്നു: Success in marriage is much more than a matter of finding the right person, it is also a matter of being the right person. ദാമ്പത്യം നമുക്ക് ലഭിക്കുന്നതു മാത്രമല്ല, നാം പടുത്തുയര്‍ത്തുന്നതു കൂടിയാണ്. ഭര്‍ത്താവ് ഭാര്യയ്ക്ക് ആശ്രയമാകുകയും ഭര്‍ത്താവിന് ഭാര്യ
ആശ്വാസമാവുകയും ചെയ്യുക എന്നതാണ് ദാമ്പത്യജീവിതത്തിന്റെ ഭംഗി എന്നു പറയാം.

കുടുംബമേ, നീ എന്തായിത്തീരുവാന്‍ വിളിക്കപ്പെട്ടുവോ, അതായിത്തീരുക ഈ വാക്യത്തോടെയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ‘കുടുംബം ഒരു കൂട്ടായ്മ’ എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ കുടുംബത്തിന്റെ ദൗത്യത്തെക്കുറിച്ചുള്ള വിശകലനം തുടങ്ങിയത്. ഓരോ കുടുംബവും ദൈവിക പദ്ധതിയില്‍ ജീവന്റെയും സ്‌നേഹത്തിന്റേയും കൂട്ടായ്മയായാണ്. ഓരോ കുടുംബവും ഏറ്റെടുക്കുന്ന ദൗത്യം സ്‌നേഹം സംരക്ഷിക്കുക, പ്രകാശിപ്പിക്കുക, പകര്‍ന്നു കൊടുക്കുക എന്നതാണ്.

കുടുംബത്തിന് രൂപം നല്‍കുന്ന, ജന്മം നല്‍കുന്ന വിവാഹത്തെക്കുറിച്ച് ആഴമായ ബോധ്യമാണാവശ്യം. എന്നാല്‍, വിവാഹവേദികള്‍ പലപ്പോഴും ആര്‍ഭാടങ്ങിലൊതുങ്ങുകയാണ് ചെയ്യുന്നത്. വിവാഹത്തിന്റെ ദൈവികമായ അര്‍ഥം പഠിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും ആരും മുതിരുന്നില്ല എന്നു തന്നെ പറയാം. വിവാഹമെന്ന കൂദാശയില്‍ ദൈവത്തോടും മനുഷ്യനോടുമുള്ള ഉടമ്പടി ഉള്‍ക്കൊള്ളുന്നു. ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി ദൈവതിരുമുമ്പില്‍ നല്ല കുടുംബജീവിതം നയിക്കാമെന്നുള്ള തീരുമാനം മാമ്മോദീസായിലൂടെ ഓരോ ക്രൈസ്തവനും ക്രിസ്തുവും സഭയും തമ്മിലുള്ള വിവാഹ ഉടമ്പടിയില്‍ പങ്കു ചേരുന്നു. അതുകൊണ്ടാണ് ക്രൈസ്തവരുടെ വിവാഹം നിത്യമായ കൂദാശയാകുന്നത്. ക്രൈസ്തവ ദമ്പതികളുടെ ഐക്യം ക്രിസ്തുവും സഭയും തമ്മിലുള്ള ഐക്യത്തിന്റെ
പ്രകടനവും പ്രതീകവുമാണ്. വിവാഹത്തിനു മുമ്പ് ആരോ ആയിരുന്നവര്‍ വിവാഹമെന്ന കൂദാശയിലൂടെ ഏക ശരീരമായിത്തീരുന്നു. മാമ്മോദീസായിലൂടെ ക്രിസ്തു ഒരു വ്യക്തിയുമായാണ് ഐക്യപ്പെടുന്നതെങ്കില്‍, വിവാഹത്തിലൂടെ രണ്ടു വ്യക്തികളുടെ ജീവിതവുമാണ് അവിടന്നു സംയോജിപ്പിക്കുന്നത്.

ചുരുക്കത്തില്‍, ക്രിസ്തു കേന്ദ്രീകൃതമാവണം ക്രൈസ്തവ വിവാഹ ജീവിതമെന്നു പറയാം. പലപ്പോഴും വിവാഹമോചനം വേണമെന്നു വാശി പിടിക്കുന്നവര്‍ കാണാതെ പോകുന്നത് തങ്ങളാല്‍ ജന്മം നല്‍കപ്പെട്ട കുഞ്ഞുങ്ങളെയാണ്. ആരുടെയോ കുറ്റം കൊണ്ട് അകറ്റപ്പെടുന്നവര്‍. മാതാപിതാക്കളുടെ സ്‌നേഹം അതിന്റെ പരിപൂര്‍ണതയില്‍ ആസ്വദിക്കാന്‍ കഴിയാതെ അനാഥത്വത്തേക്കാള്‍ വലിയ വേദന പേറുന്നവര്‍. വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് കുഞ്ഞുങ്ങളോടുള്ള സ്‌നേഹം പിരിയുവാന്‍ എടുത്ത തീരുമാനത്തില്‍ നിന്നും മാറ്റേണ്ടണ്ടതാണ്. കാരണം, അവര്‍ക്കു ഭൂമിയില്‍ ജന്മം കൊടുത്ത അവര്‍ ജീവിക്കുന്നതിന് അത്യന്താപേക്ഷിതമായ മാതൃസ്‌നേഹവും പിതൃസ്‌നേഹവും തുല്യമായ അളവില്‍ ലഭ്യമാക്കുവാനും കടപ്പെട്ടവരാണ്. അവരോടു കാണിക്കുന്ന ഓരോ അനീതിയും, ദൈവത്തോടുള്ള അനീതിതന്നെയാണ്.

ആയതിനാല്‍ ഓരോ വ്യക്തിയുടേയും ക്രിസ്തീയ വിവാഹജീവിതം മക്കള്‍ക്കുവേണ്ടിയുള്ള സഹനത്തിന്റെ കഥ പറയുന്നതാവട്ടെ