എന്റെ പേര് മിനി. എറണാകുളത്താണ് വീട്. പൈതൃകമായി ഹൈന്ദവവിശ്വാസം പുലര്‍ത്തുന്നവരാണ് ഞങ്ങള്‍. ക്രിസ്തീയ വിദ്യാലയങ്ങളില്‍ പഠിച്ചുവന്നതിനാലാവാം അമ്പലങ്ങളെക്കാള്‍ അധികമായി പള്ളിയില്‍ പോകാനും, പ്രാര്‍ഥിക്കാനും ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. വിശുദ്ധ കുര്‍ബാനയില്‍ എനിക്ക് വളരെ വിശ്വാസം ഉണ്ടായിരുന്നു. ഒരു കോണ്‍വെന്റില്‍ സിസ്റ്റേഴ്‌സിനൊപ്പം താമസിക്കാന്‍ കഴിഞ്ഞത് ആ വിശ്വാസത്തിന് ആക്കംകൂട്ടി. എന്റെ പതിനേഴാം വയസ്സില്‍ അത് സംഭവിച്ചു. പക്വതയില്ലാത്ത മനസ്സില്‍ തോന്നിയ ഒരിഷ്ടം. വേണ്ടണ്ടപ്പെട്ടവരുടെ വിലക്കുകള്‍ ഒന്നും വകവയ്ക്കാതെ സ്‌നേഹമാണെന്ന് നടിച്ച ഒരുവന്റെ കൂടെ ഞാന്‍ ഇറങ്ങിപ്പോയി. ആദ്യത്തെ ഒരു വര്‍ഷം വളരെ സന്തോഷപ്രദമായിരുന്നു. ദൈവാനുഗ്രഹമില്ലാതെ നടത്തപ്പെടുന്ന ഇത്തരം വിവാഹങ്ങളില്‍ സംഭവിക്കുന്നതുപോലെ എന്റെ ജീവിതത്തിലും സംഭവിച്ചു.  മുഴുക്കുടിയനായ എന്റെ ഭര്‍ത്താവ് എന്നെ തല്ലി  ചതയ്ക്കാത്ത ദിവസങ്ങളില്ല. നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുന്നതിനിടയില്‍ ഞങ്ങളുടെ ആദ്യകുഞ്ഞ് ജനിച്ചു.മോളെ ഒരിടത്തിരുത്തി എന്തെങ്കിലും ജോലിചെയ്യാമെന്നായപ്പോള്‍, അടുത്ത വീട്ടില്‍ വൃദ്ധരായ മാതാപിതാക്കളെ
പരിചരിക്കാനായി ഞാന്‍ കടന്നുചെന്നു.  അവിടെനിന്ന് കിട്ടിയ ചെറിയ വരുമാനംകൊണ്ട് സന്തോഷമായി ഞങ്ങള്‍ ജീവിച്ചുപോന്നു. ഒരുദിവസം വൈകുന്നേരം ജോലികഴിഞ്ഞ് മടങ്ങി വരുകയായിരുന്നു ഞാന്‍. വരുന്ന വഴിയിലുള്ള ഒരു വളവില്‍ എന്റെ ഭര്‍ത്താവ് വലിയൊരു ഇരുമ്പുവടിയുമായി നില്‍ക്കുന്നത് ഞാന്‍ കണ്ടില്ല. രക്ഷപെടാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പുതന്നെ എന്റെ വലതുകാലില്‍ ആദ്യഅടിവീണു. ആ അടിയില്‍ മുട്ടുകാലിന്റെ താഴെ വച്ച് ഒടിഞ്ഞ് ഞാന്‍ നിലത്തുവീണു. കിടന്നകിടപ്പില്‍ തലങ്ങും, വിലങ്ങും അടിവീണ് ഞാന്‍ ബോധംകെട്ടു. ആരൊക്കെയോ ചേര്‍ന്ന് എന്നെ ആശുപത്രിയില്‍ എത്തിച്ചു. എക്‌സ്-റേ പ്രിന്റില്‍ കാലിന്റെ അസ്ഥികള്‍ ഒടിഞ്ഞു നുറുങ്ങിയിരിക്കുന്നത് വ്യക്തമായും ഞാന്‍ കണ്ടു. വളരെനേരത്തെ കഠിന പരിശ്രമത്തിനൊടുവില്‍ ഡോക്ടര്‍ എന്റെ കാലില്‍ പ്ലാസ്റ്ററിട്ടു. തുടര്‍ന്ന് അദ്ദേഹം  പറഞ്ഞു, ‘ഒരു  മൂന്നുവര്‍ഷമെങ്കിലും കാല് അനക്കാതെ സുക്ഷിച്ചാല്‍ ഒരുപക്ഷേ നടക്കാമായിരിക്കും. പക്ഷേ ബലമുണ്ടണ്ടാകാന്‍ പ്രയാസമാണ്”. ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ കഠിനവേദന സഹിച്ച് കട്ടിലില്‍ കാലുകള്‍ നീട്ടി വച്ചുകിടന്നപ്പോള്‍ അശരണര്‍ക്ക് പിതാവായ ദൈവത്തിന്റെ പക്കലേക്ക് ഞാന്‍തിരിഞ്ഞു മിഴിനീര്‍ ജലധാരപോലെ എന്റെ കവിള്‍തടങ്ങളിലുടെ ഒലിച്ചിറങ്ങി. പഴയ പാപങ്ങളോര്‍ത്ത് പശ്ചാത്താപവിവശയായി സൗഖ്യത്തിനായി എപ്പോഴും ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടണ്ടിരുന്നു. ദിവസവും ഇതാവര്‍ത്തിച്ചു. അത്രമാത്രം കഠിനവേദനയാണ് ഞാന്‍ തിന്നത്, പരസഹായമില്ലാതെ കഷ്ടപ്പെട്ടത്. അവസാനം ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ അവിടന്നെന്നെ കണ്ടെത്തി. വാരിപ്പുണര്‍ന്ന് താത്പര്യപൂര്‍വം പരിചരിച്ച് എന്നെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു. മൂന്ന് മാസത്തിനുശേഷം ചെക്കപ്പിനായി എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. വീണ്ടും പ്ലാസ്റ്റര്‍ ഇടാനായി പഴയത് വെട്ടിമാറ്റിയപ്പോള്‍ ഡോക്ടര്‍ അത്ഭുതപ്പെട്ടു. ഇതെങ്ങനെ സംഭവിച്ചു? അസ്ഥി അസ്ഥിയോട് ചേര്‍ന്നിരിക്കുന്നു. പുതിയ പ്ലാസ്റ്റര്‍ ഇടേണ്ട ആവശ്യമേയില്ല. തത്കാലം കാല്  നിലത്ത് കുത്തണ്ട എന്ന് പറഞ്ഞിട്ട് അദ്ദേഹം നടന്നു. ഇത് കര്‍ത്താവിന്റെ പ്രവൃത്തിയാണ്, നമ്മുടെ ദൃഷ്ടിയില്‍ അഗോചരവും. ഒരു വര്‍ഷത്തിനു ശേഷം സാധാരണ ആരോഗ്യമുള്ള ഒരു കാലിന്റെ ബലവും ഉറപ്പും എന്റെ കാലുകള്‍ക്കും കിട്ടി, അല്ല അവിടന്ന് തന്നു. സകല ജനപദങ്ങള്‍ക്കും രക്ഷകനായ അങ്ങേക്ക് നന്ദിയല്ലാതെ മറ്റെന്ത് പറയേണ്ടൂ.

അനുഭവം  
മിനി എറണാകുളം