ജീസസ് യൂത്ത് മുന്നേറ്റത്തിലുള്ള പലതരം കൂട്ടായ്മകള്‍ ചെറുപ്പക്കാര്‍ക്ക് ഉള്ളുതുറക്കാനും ചോദ്യങ്ങളുയര്‍ത്താനും ചിലപ്പോള്‍ തര്‍ക്കിക്കാനും അനുയോജ്യമായ ഇടങ്ങളാണ്. ഊഷ്മളതയും പരസ്പര അംഗീകാരവും അനുഭവ വേദ്യമാകുന്ന ഈ ചുറ്റുപാടില്‍ വിശ്വാസ ബോധ്യങ്ങള്‍ വളര്‍ത്താനും 'ആഴം ആഴത്തെ വിളിക്കുന്ന' അനുഭവം ഉണ്ടാകാനും ഇടയാകും.

‘അവന്റെ ചോദ്യങ്ങള്‍ ചിലത് കുറച്ച് കടുപ്പമാണ്. എപ്പോഴെങ്കിലും കുറച്ച് സമയം തരാമോ?’ സുമ കുറച്ചു കാലമായി ആ ചെറുപ്പക്കാരനെ വിശ്വാസ വളര്‍ച്ചയില്‍ സഹായിക്കുന്നു. ഇപ്പോള്‍ അയാളുടെ സംശയ നിവാരണമാണ് വിഷയം. പക്ഷേ, ഒട്ടും പരിചയമില്ലാത്ത എന്നോടയാള്‍ മനസ്സു തുറക്കുമോ? എന്റെ സന്ദേഹം അതായിരുന്നു. ഞങ്ങള്‍ മൂന്നുപേരുമായി ഒരു സൂം-കോള്‍ സുമ ഒരുക്കിയതുകൊണ്ട് ആ പ്രശ്‌നം മറികടന്നു.

സംശയങ്ങള്‍ വളര്‍ച്ചയുടെ സൂചന

ബോധ്യങ്ങളും സംശയങ്ങളും ഒപ്പം സന്തോഷവും സംഘര്‍ഷവും എല്ലാം ഇടകലരുന്നൊരു തീര്‍ഥാടനമാണല്ലോ വിശ്വാസ ജീവിതം. ഇളം തലമുറയില്‍ അനേകര്‍ക്ക്, പ്രത്യേകിച്ച് തുടക്കക്കാര്‍ക്ക് ധാരാളം അവ്യക്തതകളുണ്ട്. ഈ സംശയങ്ങളെ അവഗണിക്കുന്നതും, അതിനുമപ്പുറം അവഹേളനത്തോടെ ആ ചോദ്യങ്ങളോട് പ്രതികരിക്കുന്നതും തീര്‍ത്തും ഹൃദയ ശൂന്യതയാണ്. മറിച്ച്, യുവാക്കളുടെ ചോദ്യങ്ങള്‍ ഉയര്‍ത്താനും സംശയനിവാരണം ലഭിക്കാനും ഉതകുന്ന സൗഹൃദ വേദികളല്ലേ ഇന്ന് അത്യാവശ്യം?

വി. ജോണ്‍ പോള്‍ പാപ്പാ യുക്തിയും വിശ്വാസവും എന്ന ചാക്രിക ലേഖനത്തില്‍ ചോദ്യങ്ങള്‍ഉയരുന്നതിന്റെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. ചെറുപ്രായം മുതലേ പാരമ്പര്യങ്ങളും വിശ്വാസങ്ങളും കുട്ടി സ്വീകരിക്കുന്നു. എന്നാല്‍, ഒരു സമയമെത്തും അവയെല്ലാം പുതുതായിഒന്നു നോക്കിക്കാണാനും ചോദ്യങ്ങള്‍ ഉയര്‍ത്തി പരിശോധിച്ച് സ്വന്തമാക്കാനും. ‘വ്യക്തിപരമായ വളര്‍ച്ചയും പക്വതയും സൂചിപ്പിക്കുന്നത് ഒരു വിമര്‍ശനാത്മക അന്വേഷണ പ്രക്രിയയിലൂടെ മുന്‍പറഞ്ഞ കാര്യങ്ങളെ പറ്റി സംശയിക്കാനും അവലോകനം ചെയ്യാനും സാധിച്ചിട്ടുണ്ട് എന്നതാണ്’ (#31) അങ്ങനെയെങ്കില്‍ ‘എന്റെ കൂട്ടുകാരില്‍ പലരും പള്ളിയില്‍ പോകുന്നില്ല, എങ്കിലും അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല; പിന്നെ ഞാനെന്തിനു പോകണം?’ എന്ന് ഒരു യുവാവ് ചോദിക്കുമ്പോള്‍ അവന്റെ പക്വത പ്രാപിക്കാനുള്ള തീക്ഷ്ണമായ താത്പര്യമല്ലേ ഞാന്‍ തിരിച്ചറിയേണ്ടത്? അതിനു മുന്‍പില്‍ എന്റെ ചെറു സംഭാവന സഹാനുഭൂതിയോടെയുള്ള പ്രതികരണവും സാധ്യമായ ചെറു സഹായവുമാകണം.

എന്റെ ഓര്‍മയില്‍ ഓടിയെത്തുക സ്‌കൂള്‍ കാലഘട്ടത്തിനുശേഷമുള്ള എന്റെ അസ്വസ്ഥമായ ചോദ്യംചെയ്യലിന്റെ സമയമാണ്. ഭാഗ്യവശാല്‍ ചിലരെങ്കിലും എന്നെ ശ്രദ്ധിക്കാന്‍തയ്യാറായി, പ്രത്യേകിച്ച് എന്റെ ഇടവകയിലെ ഒരു മുതിര്‍ന്ന വൈദിക വിദ്യാര്‍ഥി. വായിക്കാന്‍പുസ്തകങ്ങള്‍ നല്‍കിയും, ക്ഷമയോടെ ചോദ്യങ്ങള്‍ ശ്രദ്ധിച്ച് ഉത്തരം നല്‍കിയും അദ്ദേഹം എന്നെ സഹായിച്ചു. പിന്നീട് പണ്ഡിതനും ഒപ്പം സൗമ്യ പ്രകൃതിക്കാരനുമായ തന്റെ റെക്ടറച്ചനെ പരിചയപ്പെടുത്തി. എന്റെ കുറേ അവ്യക്തതകളാണ് ആദ്യ കണ്ടുമുട്ടലില്‍ തന്നെ എനിക്ക് അദ്ദേഹത്തോട് പറയാനുണ്ടായിരുന്നത്. എന്റെ ചോദ്യങ്ങളെല്ലാം ശ്രദ്ധാപൂര്‍വം കേട്ടശേഷം കീശയില്‍ നിന്ന് ശാന്തമായി തന്റെ ജപമാല കൈയിലെടുത്ത് ഡൊമിനിക്കച്ചന്‍ പറഞ്ഞത് ഞാന്‍ എന്നുമോര്‍ക്കും, ‘എഡ്ഡി, അസ്വസ്ഥതകളും സംശയങ്ങളും മനസ്സില്‍നിറയുമ്പോള്‍ ഞാന്‍ ജപമാല ചൊല്ലും’. എങ്ങനെയോ ആ വലിയ മനുഷ്യന്റെ ആത്മാര്‍ഥതയും വിശ്വാസ ദൃഢതയും എനിക്ക് വലിയൊരു മാറ്റത്തിന്റെ സ്പര്‍ശനമായിരുന്നു.ഈ സ്പാനിഷ് കര്‍മലീത്താ വൈദികന്‍ തന്നെയാണ് തുടര്‍ന്നുള്ള എന്റെ വിശ്വാസ മുന്നേറ്റത്തിനു ശക്തി പകര്‍ന്ന കരിസ്മാറ്റിക് നവീകരണ ജീവിതവുമായി ബന്ധപ്പെടുത്തിയതും.

യുവജന ക്ലാസ്സുകള്‍ക്കിടെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോദ്യോത്തര വേളകള്‍. ജ്യോതിര്‍ഭവനില്‍ കുറച്ചു നാള്‍ക്കുമുന്‍പ് ഇപ്രകാരം സംശയനിവാരണത്തിനായി ഞാന്‍ ക്ലാസ്സ് നിറുത്തി. പിന്നെ ഒരു ചോദ്യ പ്രളയമായിരുന്നു. എല്ലാം കഴിഞ്ഞ് ചായയ്ക്കായിപിരിയുമ്പോഴും കുറേ പേര്‍ ചുറ്റും കൂടി. ‘ഇത്തരം ചോദ്യങ്ങള്‍ക്കായി ഒരിക്കലും സമയം കിട്ടാറില്ല’, അതിനിടെ പറയുന്നതു കേട്ടു.

യുവജനങ്ങള്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം നിഷേധിച്ചാലുണ്ടാകുന്ന ദുരന്തത്തെ പറ്റി ഫ്രാന്‍സിസ് പാപ്പ സൂചിപ്പിക്കുന്നുണ്ട്. ‘എപ്പോഴും പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന, വിനയം നഷ്ടപ്പെട്ട് മറ്റുള്ളവരെ ശ്രദ്ധിക്കാതാവുന്ന, ചോദ്യങ്ങള്‍ അനുവദിക്കാത്ത ഒരു സഭ യൗവ്വനം നഷ്ടപ്പെട്ടതായിത്തീരും. അതൊരു മ്യൂസിയം ആയിമാറും. അപ്പോള്‍ യുവജനങ്ങളുടെ സ്വപ്നങ്ങളോട് പ്രത്യുത്തരിക്കാന്‍സഭയ്ക്ക് എങ്ങനെ കഴിയും? സുവിശേഷത്തിന്റെ സത്യം സഭയ്ക്ക്സ്വന്തമായുണ്ട്. എങ്കിലും അവള്‍ അത് പൂര്‍ണമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് അതിന് അര്‍ഥമില്ല. ആ അക്ഷയനിധി കൈവശമാക്കുന്നതില്‍ സഭ വളര്‍ന്നുകൊണ്ടിരിക്കുക അത്യാവശ്യമാണ്.’ (ക്രിസ്തു ജീവിക്കുന്നു, 41)

അതെത്രയോ ശരിയാണത്! അവരുടെ ചോദ്യങ്ങള്‍ പലപ്പോഴും ഒരു വലിയ സഹായം തന്നെയാണ്. എന്റെ ബോധ്യങ്ങളെ ഒന്ന് പുനര്‍പരിശോധിക്കാനും ഒരു കൂട്ടായ്മായിലാണെങ്കില്‍ മറ്റുള്ളവരെ വളര്‍ത്താനും തീര്‍ച്ചയായും അത് ഇടവരുത്തും.

ഭയമോ രോഷമോ അല്ല, സ്‌നേഹമാകണം

ഗ്രൂപ്പുകളില്‍ പലപ്പോഴും യുവാക്കള്‍ക്ക് ചോദിക്കാന്‍ മടിയാണ്, നല്ല കുഞ്ഞാടിന്റെ മുഖംമൂടി ധരിക്കാനാണ് അവര്‍ക്കിഷ്ടം. അവര്‍ക്ക് ധൈര്യവും തുറവിയും ഉണ്ടാകാനും, ഞാന്‍ അതിനോട്യോജിക്കുന്നില്ല’ എന്നു പറഞ്ഞ് ഒന്ന് കൈപൊക്കാനുള്ള ആത്മവിശ്വാസം പകരാനും ആരെങ്കിലും കുറച്ചൊന്നു സഹായിക്കേണ്ടിവരും. വൈദഗ്ദ്ധ്യവും അധികാരവും അവരെ വിരട്ടിയോടിക്കും. അങ്ങനെ സംഭവിച്ചാല്‍ സാവധാനം പലരും ആ പ്രദേശംതന്നെ വിട്ടുപോകുകയും ചെയ്യും.

ജീസസ് യൂത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ഏറ്റം സൗകര്യപ്രദമായ വേദികള്‍ ചര്‍ച്ചാ ഗ്രൂപ്പുകളും ടീം ഒത്തുചേരലുകളുമാണ്. പലപരിപാടികള്‍ക്കിടയിലും ഓരോ ക്ലാസ്സിനു ശേഷവും അപ്രകാരമുള്ള ഗ്രൂപ്പുകളുണ്ട്. എന്നാല്‍, ഈ അവസരങ്ങളില്‍ സംശയങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിനോട് എങ്ങനെയാണ് നാം പ്രതികരിക്കേണ്ടത്?

‘സംസാരിക്കുന്നത് ഭയത്തില്‍നിന്നോ കോപത്തില്‍നിന്നോ ആകരുത്!’ഗ്രൂപ്പ് ചര്‍ച്ചയെക്കുറിച്ചുള്ള ഈ നിര്‍ദേശം എനിക്ക് വളരെ പ്രധാനമെന്ന് തോന്നിയിട്ടുണ്ട്. യുവാക്കള്‍ ചിലപ്പോള്‍ ഒരു തമാശയ്ക്കോ അല്ലെങ്കില്‍ ശ്രദ്ധ തിരിക്കാനോ വേണ്ടി ചില ചോദ്യങ്ങള്‍ ഉന്നയിക്കും. അതിനോട് സന്തോഷത്തോടെ പ്രതികരിക്കുക. ഭയം, നീരസം എന്നീ രണ്ട് വികാരങ്ങള്‍ ചിലപ്പോള്‍ ഉയര്‍ന്നേക്കാം. ചോദ്യകര്‍ത്താക്കളോ അത് നേരിടുന്നവരോ ഇങ്ങനെ പ്രതികരിക്കാം. എന്നാല്‍, സ്‌നേഹവും പരസ്പര തുറവിയുമാണ് ചര്‍ച്ചകള്‍ സമ്പന്നമാക്കുക. എന്താണ് തന്റെ ആവശ്യമെന്ന് ചിലപ്പോള്‍ ചോദ്യകര്‍ത്താവിനു തന്നെ വലിയ വ്യക്തതയുണ്ടാകില്ല. സഹാനുഭൂതിയോടെയുള്ള ചില സ്‌നേഹാന്വേഷണങ്ങള്‍ അയാളിലെ ചില അടിസ്ഥാന ആഗ്രഹങ്ങള്‍ വെളിവാകാനും തുടര്‍ന്നുള്ള വിശ്വാസ സഹയാത്ര എളുപ്പമാക്കാനും ഇടയാക്കും.

യേശു തന്നെ നല്ല മാതൃക

സുവിശേഷങ്ങളില്‍ ആവര്‍ത്തിച്ചു കാണുന്നത് കര്‍ത്താവ് ചോദ്യങ്ങളെ താത്പര്യപൂര്‍വം സ്വാഗതംചെയ്യുക മാത്രമല്ല തുടര്‍ ചോദ്യങ്ങള്‍ ഉണര്‍ത്തുകയും ചെയ്യുന്നുണ്ട് എന്നതാണ്. ചിലര്‍ രഹസ്യമായി,ശിഷ്യര്‍ കൂട്ടായ്മയില്‍, മറ്റുള്ളവര്‍ പൊതുവേദിയില്‍ ഒക്കെ അവിടത്തോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. യേശുവോ, ചിലപ്പോള്‍ കൃത്യം ഉത്തരം നല്‍കി, അല്ലെങ്കില്‍ മറുചോദ്യം ചോദിച്ചു; പക്ഷേ, എപ്പോഴും അവയെ താത്പര്യത്തോടെ സ്വാഗതം ചെയ്തു.

ജീസസ് യൂത്ത് മുന്നേറ്റത്തിലുള്ള പലതരം കൂട്ടായ്മകള്‍ ചെറുപ്പക്കാര്‍ക്ക് ഉള്ളുതുറക്കാനും ചോദ്യങ്ങളുയര്‍ത്താനും ചിലപ്പോള്‍ തര്‍ക്കിക്കാനും അനുയോജ്യമായ ഇടങ്ങളാണ്. ഊഷ്മളതയുംപരസ്പര അംഗീകാരവും അനുഭവവേദ്യമാകുന്ന ഈ ചുറ്റുപാടില്‍വിശ്വാസ ബോധ്യങ്ങള്‍ വളര്‍ത്താനും ‘ആഴം ആഴത്തെ വിളിക്കുന്ന’ അനുഭവമുണ്ടാകാനും ഇടയാകും. പക്ഷേ, ഇവിടെ വൈദഗ്ദ്ധ്യമുള്ളവര്‍ ഇല്ലെങ്കിലോ? അപ്പോള്‍ ഏറെ എളിമയില്‍ കര്‍ത്താവിന്റെ സഹായത്തിലും ആത്മാവിന്റെ നയിക്കലിലും നാം ആശ്രയിക്കേണ്ടിവരും.

ഒരു വിധത്തില്‍ ഇങ്ങനെയുള്ള വെല്ലുവിളികള്‍ സ്വാഗതം ചെയ്യുന്ന മനോഭാവം ആന്തരിക സ്വാതന്ത്ര്യവും വിശ്വാസ വളര്‍ച്ചയും ഉറപ്പുവരുത്തുക മാത്രമല്ല, വൈവിധ്യമാര്‍ന്ന വ്യക്തിഗത വരദാനവളര്‍ച്ചയ്ക്കും അതിലൂടെ മിഷണറി കാല്‍വയ്പുകള്‍ മുളയെടുക്കാനുള്ള ഒരു നല്ല പശ്ചാത്തലംകൂടെ ആയിത്തീരുന്നു. ഫ്രാന്‍സിസ്പാപ്പയുടെ വാക്കുകളില്‍ ‘ഇടുങ്ങിയ മുന്‍ധാരണകള്‍ മാറ്റിവയ്ക്കാനും യുവാക്കളെ ശ്രദ്ധാപൂര്‍വം കേള്‍ക്കാനും ശ്രമിക്കുമ്പോള്‍ ഈ തുറവി സഭയെ സമ്പന്നയാക്കുന്നു. എന്തെന്നാല്‍ അത് യുവജനങ്ങളെ തങ്ങളുടെ സംഭാവനകള്‍ സമൂഹത്തിനു നല്‍കാന്‍ അനുവദിക്കുന്നു’. (ക്രി.ജീ. 65).

ചോദ്യങ്ങളെക്കുറിച്ചുള്ള ഈ ചര്‍ച്ച തുടങ്ങിയത് ഒരു സൂം-കോളും പിന്നെ ജ്യോതിര്‍ഭവന്‍ ചര്‍ച്ചയുമൊക്കെ സൂചിപ്പിച്ചാണ്. ഇത്തരം സംവാദങ്ങള്‍ ഞാന്‍ പൊതുവെ തുടങ്ങുക ഒരു സൗഹൃദ സല്ലാപത്തോടെയാണ്. സാവധാനം അവ്യക്തതകളും ചോദ്യങ്ങളും ഉയര്‍ന്നുവരും. അവിടെ എന്റെ ദൗത്യം എന്താകണം? സൗമ്യമായി എന്നിലെ ദൈവാത്മ സാന്നിധ്യം ആ ചോദ്യകര്‍ത്താവിനുള്ളിലെ ക്രിസ്തു സാന്നിധ്യം തൊട്ടുണര്‍ത്താന്‍ അനുവദിക്കുക. അപ്പോള്‍ പ്രകാശം ഉദയം ചെയ്യും, അനുയോജ്യമായ പരിഹാരം പ്രകാശിതമാകുകയും ചെയ്യും. തീര്‍ച്ചയായും ഇത് സാധ്യമാണ്, കാരണം ‘കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു’. ഇത് സാധ്യമാക്കുന്ന വലിയ വിളവെടുപ്പോ? ആ സുഹൃത്തിന്റെ ഉള്ളിലും എന്റെ ഹൃദയത്തിലും ആത്മാവ് ഉണര്‍ത്തുന്ന നിറസന്തോഷം തന്നെ.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here


 

ആദ്യ നാളുകള്‍ മുതലേ ജീസസ് യൂത്ത് മൂവ്‌മെന്റിന്റെ മുന്‍നിരയില്‍ സജീവമായുള്ള പ്രധാനിയും മികച്ച അധ്യാപകനും വാക്ചാതുര്യമുള്ള പ്രഭാഷകനും വാഗ്മിയുമാണ് ലേഖകന്‍.
edward.edezhath@gmail.com