പ്രകൃതിയില്‍ പ്രകടമാകുന്ന പരിസ്ഥിതിയുടെ സുസ്ഥിതിയാണ് പ്രപഞ്ചതാളം. താളം തെറ്റിയാല്‍ പിന്നെ പ്രകടമാകുക അപകടങ്ങളുടെ തുടര്‍ക്കഥകളാകും. ഒരു ക്ഷണമിതാ, ദൈവ-മനുഷ്യ-പ്രകൃതി ബന്ധത്തിന്റെ ഹൃദ്യമായ ചി ന്തയിലേക്ക്.

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. മനുഷ്യനെന്ന പ്രതിഭാസം ഈ ഭൂമിയില്‍ നിവസിക്കുമ്പോഴുണ്ടാകുന്ന ഫലങ്ങളില്‍ നിന്നുളവാകുന്ന പരിവര്‍ത്തനങ്ങളെ പറ്റിയാണ് അധിവാസ വിജ്ഞാനീയം (Ecology)  പ്രതിപാദിക്കുന്നത്. മനുഷ്യന്റെ പ്രപഞ്ചത്തോടുള്ള ക്രിയാത്മകമല്ലാത്ത സമീപനം മൂലം നേരിടുന്ന പ്രതിസന്ധി നമ്മുടെ സങ്കല്‍പങ്ങള്‍ക്ക് പോലും അതീതമാണ്. മനുഷ്യ കേന്ദ്രീകൃതമായ ആര്‍ത്തി ഈ പ്രപഞ്ചത്തിന്റെ താളം തെറ്റിച്ചുകൊണ്ടിരിക്കുന്നു. നാളത്തെ തലമുറയ്ക്കായി കരുതി സൂക്ഷിച്ചു നല്‍കേണ്ട ഈ പ്രപഞ്ചത്തിനു അനുദിനം വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക ഭീഷണികളെ അതിജീവിക്കുവാന്‍ സാധ്യമല്ല. ‘ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ’എന്നൊരു പ്രയോഗമുണ്ട്. അതായത് പാമ്പിന്റെ തൊണ്ടയില്‍ ഇരിക്കുന്ന തവള ഭക്ഷണത്തിനു കരയുന്നത് പോലെയാണ് പ്രാപഞ്ചിക നാശത്തിന്റെ പിടിയിലകപ്പെട്ട മനുഷ്യന്‍ സുഖഭോഗങ്ങള്‍ക്കായി അലയുന്നത്.കാലഘട്ടം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധികളും അവയെ അതിജീവിക്കുവാന്‍ മനുഷ്യന്‍ രൂപപ്പെടുത്തേണ്ട സമീപനങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യപെടുകയും പ്രാവര്‍ത്തികമാക്കുകയും വേണം.

പറുദീസ

”തോട്ടം”എന്ന വാക്കാണ് പറുദീസയായി വ്യവഹരിക്കപ്പെട്ടത്. ഇതൊരു പേര്‍ഷ്യന്‍ വാക്കില്‍ നിന്നും ഉത്ഭവിച്ചതാണ്.മനുഷ്യന്‍ പാപം ചെയ്യുന്നതിനു മുന്‍പുള്ള അവസ്ഥയാണ്പറുദീസ. അവിടെ ദൈവത്തിന് മനുഷ്യനുമായി ക്രിയാത്മക ബന്ധമാണുള്ളത്. അതുപോലെ പ്രപഞ്ചവും മനുഷ്യനുമായുള്ള സമ്പൂര്‍ണ സൗഹൃദം കാണുവാന്‍ കഴിയും. തോട്ടം ഒരു Eco സിസ്റ്റം ആണ്. എല്ലാ ജീവജാലങ്ങളും പരസ്പരം പരിപോഷിപ്പിച്ചു വളരുന്ന അനുഭവം. ഒരു തരത്തില്‍ ‘വികസനം’ എന്ന വാക്കിന്റെ ക്രിയാത്മക സമീപനമാണിത്. പാപം ചെയ്യുന്നതിനു മുന്‍പ് മനുഷ്യനില്‍ സുഗന്ധം ഉണ്ടായിരുന്നു. ഈസുഗന്ധം ജീവജാലങ്ങളെ അവനിലേക്ക് ആകര്‍ഷിച്ചു. പാപം ഉണ്ടായപ്പോള്‍ സുഗന്ധം ദുര്‍ഗന്ധമായി മാറി. ജീവജാലങ്ങള്‍ മനുഷ്യനില്‍ നിന്നകന്നു. മനുഷ്യന്റെ ആര്‍ത്തി മനുഷ്യ-ദൈവ ബന്ധത്തിലും മനുഷ്യ പ്രപഞ്ചബന്ധത്തിലും വിള്ളല്‍ വീഴ്ത്തി.പാരിസ്ഥിതിക പ്രതിസന്ധി ആരംഭിക്കുന്നത് പാപത്തിന്റെ ഉത്ഭവത്തോടെയാണ്. സങ്കീര്‍ത്തനങ്ങള്‍ 19,1 ല്‍ പറയുന്നു: ”ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു”. പ്രപഞ്ചത്തോട് മനുഷ്യന്‍ പുലര്‍ത്തേണ്ടത് ആധ്യാത്മിക സമീപനം ആയിരിക്കണം.Ora et labora (Prayer and Work) എന്ന ലാറ്റിന്‍ പ്രയോഗമുണ്ട്. മനുഷ്യന്റെ പ്രാര്‍ഥനയും പ്രവര്‍ത്തനവും നഷ്ടപ്പെട്ടുപോയ ദൈവ-മനുഷ്യ-പ്രപഞ്ച ബന്ധത്തിന്റെ താളം വീണ്ടെടുക്കലാകണം; ക്രിസ്തുവിലൂടെ സമാഗതമായ രക്ഷയുടെ ഒരു കാഴ്ചപ്പാടിതാണ്. അങ്ങനെ വിലയിരുത്തപ്പെടുമ്പോള്‍ ക്രിസ്തുവിന്റെ മനുഷ്യാവതാരം പാരിസ്ഥിതികവീണ്ടെടുക്കല്‍ പ്രക്രിയ കൂടിയാണ്.

ഭുമിയോടുള്ള സമീപനം

”മാതാഭൂമി, പുത്രോഹം പുഥിവ്യ”എന്ന് അഥര്‍വ്വവേദം, ഭൂമി അമ്മയാണ്. മനുഷ്യന്‍ ഭൂമിയുടെ മകനാണ്. മാതൃഹത്യആ സംസ്‌കാരവും അംഗീകരിക്കുന്നില്ല. ഭൂമിയെ അമ്മയായും ദേവിയായും കാണുന്ന ഭാരതത്തിന്റെ പാരമ്പര്യ ദര്‍ശനത്തില്‍ ആത്മീയ അംശം കാണാം. മനുഷ്യന്‍ താന്‍ അധിവസിക്കുന്ന ഗ്രാമത്തെ ആദരവോടെയും, ആത്മീയമായും സമീപിക്കണം. പുരാതന കൃതികളില്‍ പരസ്പരം മാധുര്യമായിത്തീരേണ്ട ഭൗമ-മനുഷ്യ ബന്ധത്തെയാണ് അത് കുറിക്കുന്നത്. ഗ്രീക്ക്പാരമ്പര്യത്തിലെ ‘ഗയ്യ്’ സിദ്ധാന്തം (mother earth theory)  ഭാരതീയ സങ്കല്‍പങ്ങളോട് അടുപ്പം പുലര്‍ത്തുന്നു. പൗരസ്ത്യദര്‍ശനങ്ങളെല്ലാം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധംസമ്യക്കായി വര്‍ധിക്കണമെന്നു ആവശ്യപ്പെടുന്നു. ദുഷ്ട രാജാക്കന്മാര്‍ ദുര്‍ഭരണം നടത്തുമ്പോള്‍ പ്രകൃതി നശിക്കുമെന്നുള്ളതും ഭാരതീയ പരമ്പര്യചിന്തയില്‍പ്പെടുന്നതാണ്. ഫറവോന്റെ ദുഷ്ടത ഇസ്രായേലില്‍ പത്തു ബാധയ്ക്കു കാരണമായിരുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന പത്തു ബാധകളുടെ അടിസ്ഥാന കാരണം ഫറവോന്‍ എന്ന രാജാവിന്റെ ദുഷ്ടത തന്നെയാണ്. കടല്‍ വിഴുങ്ങുന്ന ഫറവോനുംസൈന്യവും പരിസ്ഥിതിക്ക് ഏല്‍പിച്ച ദുരന്തത്തിന്റെ ഇരയായി ത്തീരുകയാണ്. ഇന്നത്തെ പ്രകൃതി ദുരന്തങ്ങളെയും നമുക്ക് ഇതേ കാഴ്ചപ്പാടിലൂടെ വിലയിരുത്തുവാന്‍ സാധിക്കും.

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം മനുഷ്യ പ്രകൃതിബന്ധത്തിന്റെ മഹത്തായ അനുഭവം പ്രകാശിപ്പിക്കുന്ന സാഹിത്യ കൃതിയാണ്. ഭര്‍തൃഗൃഹത്തിലേക്കു യാത്രയാകുന്ന ശകുന്തള മുല്ലയോടു യാത്ര ചോദിക്കുന്ന രംഗം ഹൃദ്യമാണ്. തന്റെ സത്തയില്‍ നിന്ന് പ്രകൃതിയിലെ ജീവജാലങ്ങളെ മാറ്റിനിറുത്താന്‍ കഴിയില്ല എന്ന് ആ കൃതി വ്യക്തമാക്കുന്നു. പ്രകൃതിയുടെ ഭാഷയിലേക്കു ഇഴുകിച്ചേര്‍ന്നു വളര്‍ന്നുവന്ന അസ്സീസിയിലെ ഫ്രാന്‍സിസിന്റെ ജീവിതം പ്രത്യേകം പ്രസ്താവ്യമാണ്. പ്രപഞ്ചത്തെ അന്യം നിറുത്തിക്കൊണ്ട് ഒരാത്മീയ അന്വേഷണവും പൂര്‍ത്തിയാകുന്നതല്ല. നോഹയുടെ പെട്ടകം സന്തുലനമായ ഒരു ഇക്കോ സിസ്റ്റത്തിന്റെ മകുടോദാഹരണമാണ്. അതിന്റെ അടിസ്ഥാനവും ആരോഗ്യകരമായ സഹവര്‍ത്തിത്വം ആണ്. പെട്ടകത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി പറന്ന് പോകുന്ന പക്ഷി പരിസ്ഥിതി വ്യവസ്ഥയുടെ ഹൃദ്യമായ വികസനത്തിന്റെ പ്രതീകമാണ്. ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത പെരുകിയപ്പോഴാണ് നോഹയുടെ കാലത്തെ പ്രളയം ഉണ്ടാകുന്നത്. നശിപ്പിക്കപ്പെട്ട ആവാസ വ്യവസ്ഥയുടെ ബദല്‍ മാതൃകയാണ് നോഹയുടെപെട്ടകം. പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് ഈ ലോകം അതിജീവിക്കുവാനും ജീവജാലങ്ങള്‍ നിലനില്‍ക്കുവാനും നോഹയുടെ പെട്ടകം പോലെയൊരു ബദല്‍ ശൈലി സൃഷ്ടിക്കപ്പെടണം. ദൈവ-മനുഷ്യ-പ്രകൃതി ബന്ധത്തിന്റെ ഹൃദ്യമായ പ്രകാശമാണ് ആ പെട്ടകം പരത്തുന്നത്. ഈ ബന്ധത്തിലൂടെയേ മനുഷ്യന്റെ പ്രവൃത്തി സൃഷ്ടിച്ച പാരിസ്ഥിതിക ഭീഷണികളെ അതിജീവിക്കുവാന്‍ കഴിയൂ.

ഹരിതാഭമായൊരാത്മീയത

മനുഷ്യനേക്കാള്‍ മുന്നേ ദൈവം സൃഷ്ടിച്ചത് പരിസ്ഥിതിയെയാണെന്നതിനാല്‍ തന്നെ മനുഷ്യ സൃഷ്ടിക്ക് ആവശ്യമായതെല്ലാം ദൈവം അതില്‍ ക്രമീകരിച്ചു. അതിലെന്തെങ്കിലും നഷ്ടപ്പെടുന്നത് സൃഷ്ടിയുടെ നിലനില്‍പിനു വെല്ലുവിളിയാണ്.” വിശ്വാസത്തില്‍ പോലും വിശുദ്ധ ശ്വാസത്തിന്റെ മിന്നലാട്ടമുണ്ട്. മലീമസമായപരിസ്ഥിതിയിലെ വിശ്വാസം പോലും മലിനപ്പെട്ടതെന്നര്‍ഥം. അനേകം തലമുറകള്‍ക്കുള്ള ജീവിതോപാധികളുടെ കലവറയായഭൂമിയെ, സ്വാര്‍ഥ ലാഭത്തിനുവേണ്ടി നശിപ്പിക്കാനിടയാകരുത്.”ഭാനുകവൃക്ഷം നട്ടതിനുശേഷം ദൈവത്തെ വാഴ്ത്തിപ്പാടുന്ന വിശ്വാസികളുടെ പിതാവായ അബ്രഹാം നമ്മെ ആത്മീയ പ്രചോദനവും പരിസ്ഥിതി സ്‌നേഹവും നിറഞ്ഞ ഹരിതാഭമായൊരു ആത്മീയതയിലേക്കു നയിക്കുന്നു. കല്ലേല്‍ പൊക്കുടന്‍ എന്ന വ്യക്തിക്ക് ഒരു കണ്ടല്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കില്‍ ഓരോ വ്യക്തിക്കും കഴിയും പ്രപഞ്ചസംരക്ഷണ വിപ്ലവത്തില്‍ പങ്കാളികളാകാന്‍. Alfred Henry Miles ഒരു കവിത പോലെ…

“I cannot stay the rain drops
That tumble from the skies
But can wipe the tears
From the baby’s pretty eyes…”


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here