യഥാര്‍ഥ ക്രൈസ്തവ സാക്ഷ്യം നല്‍കി ജീവിക്കുന്ന ക്രിസ്തുവിന്റെ അനുയായിയുടെ യോഗ്യതയും അവകാശവുമാണ് പീഡനം എന്ന് തിമോത്തിയോസിനുള്ള രണ്ടാം ലേഖനത്തില്‍ 3,12 ല്‍ പൗലോസ് ശ്ലീഹ പറയുന്നുണ്ട്. അതില്‍ ഉപയോഗി ച്ചിരിക്കുന്ന നാമവിശേഷണം 'എല്ലാ' ക്രൈസ്തവരും എന്നാണ്, ഏതാനും ക്രൈസ്തവര്‍ എന്നല്ല. എല്ലാ ക്രൈസ്തവരും പീഡിപ്പിക്കപ്പെടും, പീഡിപ്പിക്കപ്പെടണം. അതുകൊണ്ടുതന്നെ പീഡനത്തെകുറിച്ചുള്ള നമ്മുടെ ചിത്രം എപ്പോഴും രക്തരൂക്ഷിതമായിക്കൊള്ളണമെന്നില്ല. രക്തരൂഷിത പീഡന ത്തിന് സവിശേഷമായി നാം മഹത്വം കല്പിക്കുകയോ അതിനു വേണ്ടി നിന്ന് കൊടുക്കുകയോ വേണ്ടതില്ല. ചില പീഡനങ്ങള്‍ മൃദു പീഡനങ്ങള്‍ ആണ്.

മധ്യപ്രദേശില്‍ വച്ച് ഒരു ട്രെയിനിലാണ് എനിക്ക് ഒരു മതപീഡന അനുഭവം ഉണ്ടായത്. വളരെ അപ്രതീക്ഷിതമായി ഹൈന്ദവനായ ഒരു ചെറുപ്പക്കാരന്‍ എന്നെ നോക്കി ”നീ ഒരു ക്രൈസ്തവന്‍ അല്ലേ” എന്ന് ചോദിച്ചു. ചെറുതായി ഒന്ന് പകച്ച ഞാന്‍ എന്നെത്തന്നെ നിരീക്ഷിച്ചു. ക്രൈസ്തവ സ്വത്വത്തെ വെളിപ്പെടുത്തുന്ന വൈദിക വസ്ത്രം, കുരിശ്, ഏതെങ്കിലും പുസ്തകം എന്നിങ്ങനെ ഒരു ബാഹ്യ മുദ്രയും ഞാന്‍ ധരിച്ചിട്ടില്ല. ക്രൈസ്തവരെ കൊല്ലുന്ന സംഘത്തിലെ ഒരാളാണ് അയാളെന്നും, കൂടുതല്‍ പേര്‍ അയാളുടെ കൂടെ ഉണ്ടോ എന്നുമുള്ള ആശങ്കയോടും ഭയപ്പാടോടും ഞാന്‍ ചുറ്റുപാടും നോക്കി. നെറ്റിയില്‍ എഴുതി വച്ചിരിക്കുന്ന പോലെ എന്റെ സ്വത്വം വെളിപ്പെട്ടാല്‍ എന്റെ ജീവന്‍ തന്നെ അപകടത്തിലാകും. അങ്ങനെ ഒരു ചോദ്യം അഭിമുഖീകരിക്കുന്നതിന് ആകെ ഞാന്‍ ചെയ്തത് തിരക്കേറിയ ആ ട്രെയിനില്‍ കൈക്കുഞ്ഞുമായി കയറിയ അയാളുടെ ഭാര്യക്ക് എന്റെ സീറ്റ് ഒഴിഞ്ഞു കൊടുത്തു എന്നത് മാത്രമാണ്. ക്രൈസ്തവനായതിനാല്‍ അല്ല, കേവലം മനുഷ്യത്വപരമായ ഒരു പ്രവൃത്തി ചെയ്തു എന്നെ ഉള്ളൂ. തീര്‍ച്ചയായും, ആ മനുഷ്യത്വം എന്റെ ക്രൈസ്തവ വിളിയുടെ സംഭാവനയാണ്. എന്നാലും ”നീ ഒരു ക്രൈസ്തവന്‍ അല്ലേ” എന്ന ആ ചോദ്യം എന്റെ ക്രൈസ്തവ ആത്മാഭിമാനത്തെ ബലപ്പെടുത്തുമ്പോഴും അതൊരു ഭീതി കൂടി എന്നില്‍ അവശേഷിപ്പിക്കുന്നുണ്ട്.

നമ്മുടെ ഉള്ളിലെ അസ്തിത്വഭീതിയില്‍നിന്നാണ് മിക്കവാറും പീഡനങ്ങള്‍ ആരംഭിക്കുന്നത്. വ്യക്തിയെന്ന നിലയിലോ സമൂഹം എന്ന നിലയിലോ നമ്മുടെ തനിമ
യിലേക്കും അനന്യതയിലേക്കും മറ്റുള്ളവര്‍ കൈ കടത്തുന്നു എന്ന തോന്നല്‍ ഉണ്ടാവു
മ്പോള്‍ പീഡനത്തെ കുറിച്ചുള്ള കാല്പനികകാഴ്ചപ്പാടുകള്‍ നാം വികസിപ്പിക്കുന്നു. സ്ഥാപനം എന്ന നിലയില്‍ മതങ്ങള്‍എല്ലായ്‌പോഴും ഈ ഭീതിയിലൂടെ കടന്നു പോകുന്നു എന്നത് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. സ്ഥാപനം എന്ന നിലയില്‍ മതങ്ങള്‍ വിസ്തൃതമാകുമ്പോഴും വ്യക്തികളുടെയും, സമ്പത്തിന്റെയും, പ്രദേശങ്ങളുടയും മേല്‍ അധീശത്വം പുലര്‍ത്തുമ്പോഴുമാണ് മറ്റു മതങ്ങള്‍ക്ക് ഭീഷണിയും വെല്ലുവിളിയും ആകുന്നത്.

പീഡനങ്ങളെ കുറിച്ച് ക്രിസ്തു നമുക്ക്മുന്നറിയിപ്പ് തന്നിട്ടുണ്ട്. എന്നാല്‍ നമ്മുടെ
മതസ്വത്വത്തിലോ, അത് വിസ്തൃതമാക്കുമ്പോള്‍ ഉണ്ടാകുന്ന ബാഹ്യ വെല്ലുവിളികളില്‍ നിന്നോ ഉണ്ടാവുന്നത് അല്ല എന്നതാണ് ക്രൈസ്തവികതയെ അനന്യമാക്കുന്നത്. സുവിശേഷ ഭാഗ്യങ്ങളിലെ രണ്ടെണ്ണം പീഡനങ്ങളെ കുറിച്ചാണ്. അതിലെ ആദ്യത്തേത് നീതിക്കു വേണ്ടി പീഡ സഹിക്കുന്നതിനെ കുറിച്ചും രണ്ടാമത്തേത് ക്രിസ്തുവിനെ പ്രതി അവഹേളനം ഏല്‍ക്കുന്നതിനെ കുറിച്ചും ആണ് (മത്താ 5,10-11; 10,18). ക്രിസ്തു ഉദ്ദേശിക്കുന്ന പീഡനങ്ങള്‍ മതനിഷ്ഠ പാലിക്കുന്നതില്‍ നിന്നോ, മതത്തിന്റെ
ഭൗതിക വിസ്തൃതിയില്‍ നിന്നോ ഉരുവാകുന്നതല്ല, മറിച്ചു നീതിക്കു വേണ്ടി നിലകൊള്ളുന്നതിനാലും, ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നതിനാലും ആണ്.

പീഡനത്തെ കുറിച്ച് പിന്നീട് ക്രിസ്തു സംസാരിക്കുന്നതു തന്റെ മരണത്തിനു തൊട്ടു മുന്നേ ആണ്. അതിന്റെ സന്ദര്‍ഭം വളരെ ശ്രദ്ധേയമാണ്. മതനിഷ്ഠ പാലിക്കുന്നതില്‍ നൈയാമിക മികവ് കാട്ടിയിരുന്ന ഫരിസേയരുടെ കപടനാട്യത്തെ ശകാരിക്കുന്ന വേളയിലാണ് പീഡനത്തെ ക്രിസ്തു പരാമര്‍ശിക്കുന്നത് (മത്താ 23,29-35). നീതിക്കു വേണ്ടിനിലകൊള്ളുന്ന പ്രവാചകന്മാരെ പീഡിപ്പിച്ചവരാണ് ഫരിസേയരും നിയമജ്ഞരും എന്ന് ഈശോ പറയുന്നു. ആചാര നിഷ്ഠയുടെ കേന്ദ്രമായിരുന്ന ദേവാലയം നശിക്കപ്പെടും എന്ന പ്രവചനത്തിനു ശേഷവും മതപീഡനത്തെ കുറിച്ച് ക്രിസ്തു പറയുന്നുണ്ട് (മത്താ 24,9-10).

യഥാര്‍ഥ ക്രൈസ്തവ സാക്ഷ്യം നല്‍കിജീവിക്കുന്ന ക്രിസ്തുവിന്റെ അനുയായിയുടെയോഗ്യതയും അവകാശവുമാണ് പീഡനം എന്ന് തിമോത്തിയോസിനുള്ള രണ്ടാം ലേഖനത്തില്‍ 3,12 ല്‍ പൗലോസ് ശ്ലീഹപറയുന്നുണ്ട്. അതില്‍ ഉപയോഗിച്ചിരിക്കുന്ന നാമവിശേഷണം ‘എല്ലാ’ ക്രൈസ്തവരും എന്നാണ്, ഏതാനും ക്രൈസ്തവര്‍ എന്നല്ല.എല്ലാ ക്രൈസ്തവരും പീഡിപ്പിക്കപ്പെടും,പീഡിപ്പിക്കപ്പെടണം. അതുകൊണ്ടുതന്നെ പീഡനത്തെ കുറിച്ചുള്ള നമ്മുടെ ചിത്രംഎപ്പോഴും രക്തരൂക്ഷിതമായിക്കൊള്ളണമെന്നില്ല. രക്തരൂക്ഷിത പീഡനത്തിന് സവിശേഷമായി നാം മഹത്വം കല്പിക്കുകയോ അതിനു വേണ്ടി നിന്ന് കൊടുക്കുകയോ വേണ്ടതില്ല. ചില പീഡനങ്ങള്‍ മൃദു പീഡനങ്ങള്‍ ആണ്. അത് നമ്മുടെ ജോലിമേഖലയിലോ, പൊതുമണ്ഡലത്തിലോ ഒക്കെയാവാം. ഉദാഹരണത്തിന് കൈക്കൂലി വാങ്ങാതിരിക്കുക, കൊടുക്കാതിരിക്കുക എന്നത് ഒരു ക്രൈസ്തവ മൂല്യമാണ്. നാം കൈക്കൂലിയില്‍ പങ്കു പറ്റാത്തതിനാല്‍ സഹപ്രവര്‍ത്തകര്‍ കളിയാക്കിയേക്കാം. കൈക്കൂലി കൊടുക്കാതിരിക്കുന്നതിനാല്‍നമ്മുടെ ചില അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടേക്കാം. അവിടെ ക്രൈസ്തവ സാക്ഷ്യം നല്‍കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ആ കളിയാക്കലുകള്‍ക്കും,നിഷേധങ്ങള്‍ക്കും രക്തരൂക്ഷിത പീഡനത്തിന്റെ തന്നെ വിലയുണ്ട്. ക്രൈസ്തവ സാക്ഷ്യം നല്‍കി എന്ന കാരണത്താല്‍ ഏതെങ്കിലും തരത്തില്‍ നാമൊക്കെപീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ സന്തോഷിക്കുകയുമാണ് വേണ്ടത്.

വളരെ ദൂരെ മറ്റു രാജ്യങ്ങളില്‍ നടക്കുന്നപീഡനങ്ങളോട് വളരെ വൈകാരികമായിപ്രതികരിക്കുന്ന പ്രവണത യുവാക്കളുടെ ഇടയില്‍ വളര്‍ന്നു വരുന്നുണ്ട്. വാസ്തവത്തില്‍ ഗോത്രവര്‍ഗങ്ങളുള്ള ആഫ്രിക്കയിലുംമധ്യപൂര്‍വേഷ്യയിലും ഒക്കെ മതത്തിന്റെ പേരില്‍ എന്ന് പറഞ്ഞു നടക്കുന്ന മിക്ക കലഹങ്ങളും രാഷ്ട്രീയ പ്രേരിതമോ, സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ളതോ, അതുമല്ലെങ്കില്‍ ഗോത്രങ്ങളും വംശങ്ങളുംതമ്മിലുള്ള സാംസ്‌കാരിക കലഹങ്ങളോ ആണ്. എന്നാല്‍ അവരുടെ സാഹചര്യങ്ങള്‍ പരിചിതമല്ലാഞ്ഞിട്ടു കൂടി അവയെ നമ്മുടെ സമീപത്തു നടക്കുന്ന സംഭവങ്ങള്‍ പോലെപര്‍വതീകരിച്ചു പ്രചരിപ്പിക്കാറുണ്ട്. അതേസമയം നമ്മുടെ സമീപത്തു – കുടുംബങ്ങള്‍, സുഹൃദ്‌വലയങ്ങള്‍, ഇടവക, സംഘടനകള്‍, സമൂഹം എന്നിവിടങ്ങളില്‍ – നടക്കുന്ന സാമൂഹ്യനീതി നിഷേധങ്ങളെ നാം കണ്ട മട്ട് നടിക്കുകയോ അതിനോട്പ്രതികരിക്കുകയോ ഇല്ല. മറ്റൊന്നാണ്,ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്ക് മാത്രം നാം മഹത്വം കല്പിക്കുന്നത്. എല്ലാവരും ദൈവമക്കളാണ് എന്നും,എല്ലാവരും ക്രിസ്തുവഴി രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നുമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ കാതല്‍. അതിനാല്‍ തന്നെ പീഡിപ്പിക്കപ്പെടുന്ന എല്ലാവരോടും നമുക്ക് ഹൃദയംഗമമായ സഹാനുഭൂതി ഉണ്ടാകണം.ആരെയെങ്കിലും ഒഴിവാക്കിയും, ഒരു സാമുദായിക സ്വത്വത്തിലേക്കു നാം ചുരുങ്ങുകയും ചെയ്യുന്നത് ക്രൈസ്തവ രക്ഷാ പദ്ധതിക്ക് തന്നെ വിഘാതമാണ്. നമ്മുടെ സമീപത്ത് ഏതെങ്കിലും മനുഷ്യന്‍ – ഇതരമതസ്ഥനോ, ദളിതനോ, സ്ത്രീയോ, കുട്ടികളോ – പീഡിതനാവുമ്പോള്‍ പ്രതികരിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുക എന്നത് ക്രൈസ്തവ ഉത്തരവാദിത്വവും, ആത്മീയതയുമാണ് (ഏശ 1,17). അതാണ് ക്രിസ്തു സുവിശേഷ ഭാഗങ്ങളിലും, അന്ത്യോന്മുഖ പീഡന പ്രവചനങ്ങളിലും നടത്തുന്നത്. മൂന്നാമതായി നമ്മെ പീഡിപ്പിക്കുന്നവരോട് നാം പുലര്‍ത്തുന്ന മനോഭാവം ആണ്. തീര്‍ച്ചയായും, എല്ലാ പീഡനങ്ങളിലും ചെറുത്തു നില്‍ക്കുവാന്‍ നമുക്ക് അര്‍ഹതയുണ്ട്, പരിശുദ്ധാത്മാവു അതിനുള്ള ശക്തി നമുക്ക് തരുകയും ചെയ്യും.അതേ സമയം പീഡകരുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും സമാധാനവും അനുരഞ്ജനവും സംസ്ഥാപിക്കുന്നതും ക്രൈസ്തവ ഉത്തരവാദിത്വമാണ്. ഈ മൂന്നു കാര്യങ്ങളും പീഡനത്തോടുള്ള നമ്മുടെ മനോഭാവങ്ങള്‍ വെളിവാക്കും.

അവസാനമായി കല്പിത പീഡനങ്ങളെ കുറിച്ച് യുവാക്കള്‍ അവബോധം ഉള്ളവരാകണം. ഇല്ലാത്ത പീഡനങ്ങളെ ഉണ്ടെന്നു വ്യാജമായി സൃഷ്ടിക്കുന്നതാണ് കല്പിതപീഡനം. അത് മിക്കവാറും ദുരുദ്ദേശപൂര്‍ണമാണ്. നമ്മുടേത് എന്ന് കരുതുന്ന സ്വത്വബോധങ്ങള്‍ക്ക് സജീവത നഷ്ടപ്പെടുമ്പോള്‍ സ്ഥാപനം സജ്ജീവമാണ് എന്നതോന്നല്‍ ജനിപ്പിക്കാന്‍ ഭീഷണിയെന്ന മട്ടില്‍ ഒരു ശക്തിയെ സൃഷ്ടിക്കേണ്ടി വരുന്നു. ഇത്തരം പീഡനങ്ങളില്‍ നാം ഒരുഎതിരാളിയെ – പീഡകനെ – ഭാവനചെയ്യുന്നു. എന്നിട്ട് അവരെ അന്യവത്ക്കരിക്കുന്നു. അപരവത്കരണത്തിലൂന്നിയുള്ള ഈ പീഡന ആഖ്യാനങ്ങള്‍ വിശ്വാസികളുടെ ഇടയില്‍ അസഹിഷ്ണുതയും അപരഭീതിയും വളര്‍ത്തുവാന്‍ കാരണമാകുന്നുണ്ട്. അത് ക്രൈസ്തവ അരൂപിക്ക് എതിരാണ്. മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിച്ച് തത്പരകക്ഷികള്‍ നമ്മെ കെണിയില്‍ അകപ്പെടുത്താന്‍ സാധ്യതയുണ്ട്. വിശ്വസ്തരും കാര്യശേഷിയുണ്ട് എന്ന്നമുക്ക് തോന്നുന്നവരുമായ ആളുകള്‍ പോലും സൂക്ഷിച്ചില്ലെങ്കില്‍ ഈ കെണിയില്‍ വീണുപോയേക്കാം. പീഡിതരായ അനേകം ആളുകള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതോടൊപ്പം സഭയെ നയിക്കുന്നവര്‍ക്കും നമ്മുടെ പ്രാര്‍ഥനകളുടെ ആവശ്യമുണ്ട് എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അനുദിന പീഡനങ്ങളില്‍നാമോരോരുത്തരും തളരാതിരിക്കുവാന്‍ നാം ശക്തമായി പ്രാര്‍ഥിക്കണം. ദൈവ വചനത്തിലും, സഭയുടെ ആധികാരിക പഠനങ്ങളുടെ വെളിച്ചത്തിലും കൂദാശകള്‍ നല്‍കുന്ന കൃപാ ശക്തിയിലും ആശ്രയിച്ചു മാത്രമേ നമുക്ക് പീഡനങ്ങളെ അതിജീവിക്കാനാവൂ.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here