1939 ഓഗസ്റ്റ് 22

പോളണ്ട് കീഴടക്കാന്‍ ഹിറ്റ്‌ലര്‍ അവസാനവട്ട തയാറെടുപ്പുകള്‍നടത്തുകയാണ്. പട്ടാള മേധാവി ഹെര്‍മന്‍ ഗോറിംഗും കമാന്‍ഡിങ്ജനറല്‍മാരുമടങ്ങിയ സംഘത്തോട് അയാള്‍ പറഞ്ഞതിങ്ങനെ:

”ഞാന്‍ ഉത്തരവിടുന്നു ഏതെങ്കിലുമൊരാള്‍ എതിര്‍ക്കാന്‍ മുതിര്‍ന്നാല്‍ ഫയറിംഗ് സ്‌ക്വാഡ് അവരെ കൊന്നിരിക്കണം. പോളീഷ് വംശജരോ ആ ഭാഷസംസാരിക്കുന്നവരോ ആണെങ്കില്‍, സ്ത്രീയെന്നോ പുരുഷനെന്നോ കുട്ടികളെന്നോ വ്യത്യാസമില്ല, യാതൊരുവിധ കരുണയോ ദയയോ ഇല്ലാതെ കൊന്നുകൊള്ളുക. അല്ലെങ്കില്‍ നമുക്കു ജീവിക്കാന്‍ ഇടമുണ്ടാകില്ല. അര്‍മേനിയയിലെ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തത് അറിയില്ലേ,പക്ഷേ, ഇപ്പോള്‍ അവരെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലുംപറയുന്നുണ്ടോ?”

അതാണു കാര്യം. അര്‍മേനിയയിലെ കൊല്ലപ്പെട്ട ക്രിസ്ത്യാനികളെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. 1939 ലെ ഹിറ്റ്‌ലറുടെ വാക്കുകള്‍ അതാണു സൂചിപ്പിക്കുന്നത്. പിന്നീട് 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ആ റിപ്പബ്ലിക്കുകളിലൊന്നായിരുന്ന അര്‍മേനിയ സ്വതന്ത്രരാജ്യമാകുവോളവും ആ വംശഹത്യ ലോകംചര്‍ച്ച ചെയ്തില്ല. ചര്‍ച്ച ചെയ്യാന്‍ ചില കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നില്ല. ഈയടുത്ത കാലത്ത് മാര്‍പാപ്പയും പിന്നീട് ഇക്കഴിഞ്ഞ ഏപ്രില്‍ 24-ന് അമേരിക്കന്‍ പ്രസിഡന്റും അര്‍മേനിയയിലേതു വംശഹത്യയായിരുന്നുവെന്നു പറഞ്ഞപ്പോള്‍ തുര്‍ക്കിയും അവരുടെ ഇഷ്ടക്കാരുമൊക്കെ അതു വംശഹത്യയല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിപ്പോഴും തുടരുന്നു. കാരണം15 ലക്ഷം ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ ഓട്ടോമന്‍ തുര്‍ക്കികളുടെ പിന്‍മുറക്കാരാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും സംഘവും.

60 ലക്ഷം മനുഷ്യരെ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നാസികള്‍ കൊന്നൊടുക്കിയത് വര്‍ഗപരമായ വംശഹത്യയാണെങ്കില്‍ ആനരാധമെന മാതൃകയും പ്രേരണയുമാക്കിയ അര്‍മേനിയന്‍ കൂട്ടക്കൊല മതപരമായ വംശഹത്യയാണ്.വംശഹത്യയെന്ന വാക്കിന് കൃത്യമായ നിര്‍വചനമുണ്ട്. ദേശീയമോ വംശീയമോ വര്‍ഗപരമോ മതപരമോ ആയി ഒരു വിഭാഗത്തെ ഭാഗികമായോ പൂര്‍ണമായോ തുടച്ചുനീക്കാനുള്ള ലക്ഷ്യത്തോടെ നടത്തുന്ന പ്രവൃത്തി വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. അതനുസരിച്ച് ലോകത്തിലെ ആദ്യ ക്രൈസ്തവ രാജ്യമായ അര്‍മേനിയയിലെ ക്രൈസ്തവരെ തുടച്ചുനീക്കാന്‍  ഓട്ടോമന്‍സാമ്രാജ്യം നടത്തിയത് മതപരമായ വംശഹത്യയാണ്.

അര്‍മേനിയയില്‍ സംഭവിച്ചത്

1915-ലാണ് പ്രധാനമായും ഓട്ടോമന്‍ തുര്‍ക്കികള്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ വംശഹത്യ നടത്തിയത്. 1923 വരെ ഇതു തുടര്‍ന്നു. എന്നാല്‍ അതിനുമുമ്പ് 1894-96 ല്‍ ഒരു ലക്ഷത്തിനുംമൂന്നു ലക്ഷത്തിനുമിടയ്ക്ക് ക്രിസ്ത്യാനികളെ കശാപ്പ് ചെയ്തിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തില്‍ രണ്ടാം തരം പൗരന്മാരായി ജീവിക്കാന്‍ ക്രിസ്ത്യാനികള്‍ നികുതി കൊടുക്കേണ്ടിയിരുന്നു. ഇതിനെതിരേ ഉയര്‍ന്ന പ്രതിഷേധം അടിച്ചമര്‍ത്താനായിരുന്നു കൂട്ടക്കൊല. സുല്‍ത്താന്‍ അബ്ദുള്‍ ഹമീദ് രണ്ടാമന്റെ കാലത്ത് നടത്തിയ ഈ കൂട്ടക്കൊല ഹമീദിയന്‍ കൂട്ടക്കൊല എന്നാണ് അറിയപ്പെടുന്നത്. അതായത് കാലങ്ങളായി നിലനിന്നിരുന്ന വംശവെറിയാണ് ഒടുവില്‍ ഓട്ടോമന്‍ മുസ്ലീങ്ങള്‍ 1915-ല്‍ വംശഹത്യയിലെത്തിച്ചത്.

ആ ഭയാനകതയുടെ ഒരു ഏകദേശരൂപം പോലും വ്യക്തമാക്കുവാന്‍ ഇവിടെ സ്ഥല പരിമിതിയുണ്ട്. എങ്കിലുമൊരു സൂചന നല്‍കാം.

ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും യുറേഷ്യയിലെ കോക്കസസ് പര്‍വത പ്രദേശങ്ങളിലും ഇന്നത്തെ തുര്‍ക്കിയുടെ ഭാഗമായ അനത്തോളിയയിലുമാണ് അര്‍മീനിയക്കാര്‍ ജീവിച്ചിരുന്നത്. ക്രിസ്തുവിന് ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ ഇവിടങ്ങളിലുണ്ടായിരുന്നു.എ.ഡി. 301-ല്‍ റ്റിരിഡേറ്റ്‌സ്മൂന്നാമന്‍ രാജാവ് ക്രിസ്തുമതം സ്വീകരിച്ചതോടെ അര്‍മീനിയ ലോകത്തെ ആദ്യത്തെ ക്രൈസ്തവ രാജ്യമായി.

15-ാം നൂറ്റാണ്ടില്‍ അര്‍മേനിയ ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണത്തിലായി. അതോടെ അര്‍മേനിയക്കാര്‍ രണ്ടാംതരം പൗരന്മാരായി. അവകാശങ്ങള്‍പരിമിതമായി. മനുഷ്യരെപ്പോലെ ജീവിക്കാന്‍പ്രത്യേക നികുതി കൊടുക്കേണ്ടി വന്നു. ഇതൊക്കെയായിട്ടും സാമ്പത്തികമായി ഉന്നതി നേടാന്‍ കഠിനാധ്വാനികളും മിതവാദികളുമായിരുന്ന അര്‍മേനിയന്‍ വംശജര്‍ക്കു കഴിഞ്ഞു. അതും അവരെ ഭൂരിപക്ഷത്തിന്റെ കണ്ണിലെ കരടാക്കി. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതോടെ തുര്‍ക്കി ദുര്‍ബലമായി തുടങ്ങി.

അര്‍മീനിയക്കാര്‍ കൂടുതലും താമസിച്ചിരുന്ന അനത്തോളിയ തുര്‍ക്കിയുടെ ശത്രുരാജ്യമായിരുന്ന റഷ്യയുടെ അതിര്‍ത്തിയിലായിരുന്നു. അര്‍മീനിയക്കാര്‍ തുര്‍ക്കിക്കെതിരേ റഷ്യയുമായി സഹകരിക്കുന്നുണ്ടെന്ന സംശയവും ബലപ്പെട്ടു. ഇതിനിടെ 1908-ല്‍ ഓട്ടോമന്‍ സുല്‍ത്താനെ സ്ഥാനഭ്രഷ്ടനാക്കി കമ്മിറ്റി ഓഫ് യൂണിയന്‍ ആന്‍ഡ് പ്രോഗ്രസ് എന്ന പേരില്‍ യുവതുര്‍ക്കികളുടെ ഭരണം നിലവില്‍ വന്നു. അവര്‍ അര്‍മീനിയക്കാരോടുള്ള പക തീര്‍ക്കാന്‍ തീരുമാനിച്ചു.

കൂട്ടക്കശാപ്പ്

1915 ഫെബ്രുവരി മാസത്തില്‍ പട്ടാളത്തിലുള്ള അര്‍മീനിയക്കാര്‍ക്കെതിരേ നടപടിയെടുത്തുകൊണ്ടായിരുന്നു തുടക്കം. അവരുടെ ആയുധങ്ങള്‍ തിരികെ വാങ്ങുകയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു തൊഴിലുകളിലേക്കു മാറ്റുകയും ചെയ്തു. ഏപ്രില്‍ 24-ന് 250 അര്‍മീനിയന്‍ ബുദ്ധിജീവികളെയും എഴുത്തുകാരെയും സമുദായ നേതാക്കന്മാരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. അവരെ കൂട്ടക്കൊല ചെയ്തുകൊണ്ടായിരുന്നു മനുഷ്യമനഃസാക്ഷിയെ നടുക്കിയ വംശഹത്യയുടെ ഉദ്ഘാടനം ഓട്ടോമന്‍ തുര്‍ക്കികള്‍ നിര്‍വഹിച്ചത്. അര്‍മീനിയക്കാരുടെ പ്രമുഖരെ വധിച്ച ഏപ്രില്‍24 ആണ് ഇന്നും അര്‍മീനിയന്‍ വംശഹത്യയുടെ ഓര്‍മദിനമായി ആചരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ തന്നെ ഈ പരീക്ഷണംവ്യാപിപ്പിക്കാന്‍ യുവതുര്‍ക്കികള്‍ തീരുമാനിച്ചു. റഷ്യന്‍ അതിര്‍ത്തിയായ അനത്തോളിയയിലേക്ക് യുവതുര്‍ക്കികളുടെ നിര്‍ദേശപ്രകാരം പട്ടാളമെത്തി. 12 വയസിനു മുകളിലുള്ള മുഴുവന്‍ പുരുഷന്മാരെയും കൊന്നൊടുക്കി. ബാക്കിയുള്ളവര്‍ വീടും സ്വത്തുവകകളും ഉപേക്ഷിച്ച് മരുഭൂമിയിലൂടെ സിറിയയിലേക്കു നീങ്ങാന്‍ ഉത്തരവായി. പ്രായമായവരെയും കുഞ്ഞുങ്ങളെയുമൊക്കെ തോളിലേന്തി ഉള്ളതെല്ലാം ഉപേക്ഷിച്ച് അടുത്തുള്ള മരുഭൂമിയിലേക്ക് ആളുകള്‍ നിരനിരയായി നീങ്ങിത്തുടങ്ങി. കിഴക്കന്‍ അനത്തോളിയയിലെ ചില പ്രദേശങ്ങളില്‍ കുറേ കുട്ടികളെ മതംമാറ്റി മുസ്ലീം കുടുംബങ്ങള്‍ക്കു വളര്‍ത്താന്‍ കൊടുത്തുവെന്ന് ചില ലേഖനങ്ങളില്‍ കാണുന്നു. ബാക്കിയുള്ളവരെ മരുഭൂമിയിലേക്കുള്ള യാത്രയാക്കിയത് കൊല്ലാക്കൊല നടത്താന്‍ വേണ്ടി മാത്രമായിരുന്നു. യാത്രയ്ക്കിടയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ മരിച്ചുവീണു. മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടെ ചത്തു ചീഞ്ഞ കുതിരയുടെ ശവം ആര്‍ത്തിയോടെതിന്നുന്നകുട്ടികളുള്‍പ്പെടെയുള്ളവരുടെ ചിത്രംമനഃസാക്ഷിയെ നടുക്കുന്നതാണ്. മരുഭൂമിയിലൂടെയുള്ള ആ യാത്രയില്‍ മിക്കവരും മരിച്ചുവീണു. കുറെപ്പേരെ വെടിവച്ചുകൊന്നു. യുവതികളെ കൂട്ടമാനഭംഗത്തിനിരയാക്കി.

സിറിയന്‍ മരുഭൂമികളിലൂടെ കൊണ്ടുപോയസ്ത്രീകളിലും കുട്ടികളിലും ബാക്കിയായവരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ എത്തിച്ച് കൂട്ടക്കുരുതി നടത്തി. വലിയ കുഴികളിലേക്കു മനുഷ്യരെ കൂട്ടത്തോടെ കൊന്നിട്ടശേഷം മണ്ണിട്ടു മൂടുകയായിരുന്നു. നിരവധിപ്പേരെ കുരിശില്‍ തറച്ചു കൊന്നു.

സ്ത്രീകളാണ് ഏറ്റവും കൊടിയ പീഡനങ്ങള്‍ക്കിരയായത്. കൊല്ലുന്നതിനുമുമ്പ് സൈനികരും അര്‍ധസൈനികരും നാട്ടുകാരുമൊക്കെ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി. ആരും ചോദിക്കാനില്ലാത്തതുകൊണ്ട് ക്രൂരമായ കാമപ്പേക്കൂത്തുകളാണ് നടന്നത്. സഹികെട്ട ക്രിസ്ത്യന്‍ സ്ത്രീകളില്‍ വലിയൊരു വിഭാഗം യൂഫ്രട്ടീസ് നദിയില്‍ ചാടി ജീവനൊടുക്കി.

കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമം

അര്‍മീനിയന്‍ വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്റുകള്‍ പൂര്‍ണമായും നശിപ്പിച്ചും അതേക്കുറിച്ചു സംസാരിക്കുന്നതും എഴുതുന്നതും വിലക്കിയും തുര്‍ക്കി ഇതു വംശഹത്യയല്ലെന്നു സ്ഥാപിക്കാന്‍ പെടാപ്പാടുപെടുകയാണ്. ഓട്ടോമന്‍ പട്ടാളത്തില്‍നിര്‍ണായക സ്ഥാനത്തുണ്ടായിരുന്ന ജര്‍മന്‍കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളായ ഉദ്യോഗസ്ഥരും മിഷണറിമാരും കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്തെത്തിച്ചു. യുദ്ധാനന്തര കോടതികളില്‍ നിര്‍ണായക വിവരങ്ങള്‍ നല്കിയവരില്‍ വംശഹത്യയുടെ കാലത്ത് ഓട്ടോമന്‍ സര്‍ക്കാരിലും സൈന്യത്തിലും പ്രവര്‍ത്തിച്ച തുര്‍ക്കികളുമുണ്ടായിരുന്നു.

അര്‍മീനിയന്‍ വംശഹത്യ നടന്നെന്നു സമ്മതിക്കാന്‍ മാത്രമല്ല, അതിന്റെ ഓര്‍മകള്‍പോലും ബാക്കിയുണ്ടാകരുതെന്ന് ശഠിക്കുന്നവരാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും കൂട്ടാളികളും. 2014-ല്‍ ദെര്‍ എസോറില്‍ രക്തസാക്ഷികളുടെ നാമധേയത്തിലുള്ള അര്‍മീനിയന്‍ വംശഹത്യ സ്മാരക ദേവാലയം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു. ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ ദേവാലയം മോസ്‌കാക്കി മാറ്റിയത് അടുത്തയിടെയാണ്. അത് ഒറ്റപ്പെട്ട സംഭവമല്ലെന്നുമോര്‍ക്കണം. പഴയ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവകാശികളായ തുര്‍ക്കിയുടെ മനോഭാവം ഇപ്പോഴും പഴയതുതന്നെയാണെന്നു തെളിയിക്കുന്ന സംഭവവികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

നാസികള്‍ യഹൂദരെ കൊന്നൊടുക്കാന്‍ ഒരുക്കിയ ഔഷ്‌വിറ്റ്‌സ് തടങ്കല്‍ പാളയത്തിനു തുല്യമാണ് അര്‍മീനിയക്കാരെ കൂട്ടകൊല ചെയ്ത സ്ഥലങ്ങളിലൊന്നായ ദെയര്‍ എസോര്‍ എന്ന് മാധ്യമങ്ങളും ചരിത്രകാരന്മാരും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ അര്‍മീനിയന്‍ പ്രസിഡന്റ് സെര്‍ഷ് സര്‍ക്കിസിയാന്‍  (Serzh Sarkisian) 2010-ലെ അനുസ്മരണച്ചടങ്ങില്‍ ഈ ദേവാലയ മുറ്റത്തുവച്ചു അതിനൊരു തിരുത്തു വരുത്തി.അര്‍മീനിയക്കാരുടെ ഔഷ്‌വിറ്റ് ആണ് ദെയര്‍എസോര്‍ എന്നല്ല, യഹൂദരുടെ ദെയര്‍ എസോറാണ് ഔഷ്‌വിറ്റ്‌സ് എന്നു പറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കാരണം 20-ാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ നടന്നത് ദെയര്‍ എസോറിലാണ്.പിന്നീടാണ് ഈ മാതൃകയില്‍ ഹിറ്റ്‌ലര്‍ യഹൂദരെ കൊന്നൊടുക്കിയത്.

വംശഹത്യതന്നെ

അര്‍മേനിയയില്‍ നടന്നതു വംശഹത്യയല്ലെന്നും രാജ്യത്തോടുകൂറുപുലര്‍ത്താത്തവരോടുള്ള ഭൂരിപക്ഷത്തിന്റെസ്വാഭാവികപ്രതികരണമാണെന്നുമുള്ള ചില വ്യാഖ്യാനങ്ങള്‍ ഏറ്റു പിടിക്കാന്‍ ഇങ്ങു കേരളത്തിലുമുണ്ട് ചിലര്‍. പക്ഷേ, 15 ലക്ഷം നിസഹായരായ മനുഷ്യരുടെ ചോരപ്പുഴകള്‍ തീവ്രവാദത്തിന്റെയും മുന്‍വിധിയുടെയും പക്ഷപാതിത്വത്തിന്റെയും നുണയുടെയും മണ്ണിട്ടു മൂടാന്‍ ഏറെ പണിപ്പെട്ടാലും കഴിയുമെന്നു തോന്നുന്നില്ല.

കൊല്ലപ്പെട്ടവരില്‍ ക്രിസ്ത്യാനികള്‍ മാത്രമല്ലെന്നുള്ളതാണ് തുര്‍ക്കി ഉന്നയിക്കുന്ന പ്രധാന വാദം. വംശഹത്യയില്‍ മാത്രമല്ല, ഏതു കൂട്ടക്കൊലയിലും കൊല്ലപ്പെടുന്നത് ഒരു വിഭാഗക്കാര്‍ മാത്രമല്ലല്ലോ. എന്നിട്ടും കൂട്ടക്കൊലയെന്നും വംശഹത്യയെന്നുമൊക്കെ പറഞ്ഞ് നാം അവയുടെ വാര്‍ഷികങ്ങള്‍ ആചരിക്കാറുണ്ടല്ലോ. ജര്‍മന്‍കാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിട്ടുള്ളതുകൊണ്ട് ഏറ്റവും വലിയ വംശഹത്യയായിരുന്ന ജൂതവംശഹത്യയും ഇതേ ന്യായം പറഞ്ഞ് എഴുതി തള്ളുമോ? തങ്ങളുടെ കാര്യത്തില്‍ മാത്രം ഇരവാദം ഉയര്‍ത്തുകയും തങ്ങള്‍ കൊന്നൊടുക്കിയവരുടെ കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്യുന്നവര്‍ ഇതിന് ഉത്തരം കണ്ടെത്തേണ്ടിവരും. എന്തായാലുംതുര്‍ക്കിയുടെ എതിര്‍പ്പു വകവയ്ക്കാതെ ജര്‍മനിയും റഷ്യയും ഇറ്റലിയും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെ 29 രാജ്യങ്ങള്‍ അര്‍മീനിയയില്‍ നടന്നതു വംശഹത്യയാണെന്ന് അംഗീകരിച്ചുകഴിഞ്ഞു.

ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്

ന്യായീകരിക്കാനും പകരം വീട്ടാനുമുള്ളതല്ല, തിന്മകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പാഠപുസ്തകമാണ് ചരിത്രം. അര്‍മേനിയന്‍ ക്രിസ്ത്യാനികളുടെ വംശഹത്യപില്‍ക്കാലത്ത് ഹിറ്റ്‌ലറെപ്പോലെ ലോകം വെറുക്കുന്ന വംശവെറിയനെപ്പോലും ആകര്‍ഷിച്ചു എന്നതും ചരിത്രപാഠമാണ്. അതിനിയും സംഭവിക്കരുതന്ന് ആഗ്രഹിക്കുന്നവരാണ് ലോകത്തേറെയും. കൊലയാളികളെ മുന്നോട്ടുപോകാന്‍ അനുവദിക്കരുത്. അര്‍മേനിയന്‍ വംശഹത്യയുടെ ചരിത്രം നമ്മെ വേദനിപ്പിക്കുന്നില്ലെങ്കില്‍, അത്യന്തം പൈശാചികമായിരുന്നു അതെന്നു പറയുന്നില്ലെങ്കില്‍ രണ്ടു കാര്യങ്ങള്‍ ഉറപ്പാണ്. ഒന്നുകില്‍ നമ്മള്‍ കൊലയാളിയുടെ പക്ഷത്താണ്. അല്ലെങ്കില്‍ ഭീതികൊണ്ടോ നയതന്ത്രത്തിന്റെ ഭാഗമായോ കൊലയാളികളെ പിന്തുണയ്ക്കുന്നു. രണ്ടായാലും ഇരയുടെ പക്ഷത്തല്ല. കൊലയാളിയുടെ പക്ഷത്തുനില്‍ക്കവേ നീതി നടപ്പാക്കുമെന്നും സമാധാനം ഉറപ്പാക്കുമെന്നും ആരെങ്കിലുംപറഞ്ഞാല്‍ വിശ്വസിക്കരുത്. അതിനാണ് ചരിത്രം പഠിക്കുന്നത്.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here