കണ്ണൂര്‍ പാവനാത്മ പ്രൊവിന്‍സ് (കപ്പൂച്ചിന്‍) അംഗമായ അച്ചന്‍ ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളജിലെ MSW വിദ്യാര്‍ഥിയാണ്. ജീസസ് യൂത്തിന്റെ മുന്‍നിര പ്രവര്‍ത്തകനായ ഫാ. ജോജോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. നിലമ്പൂര്‍ പാലേമാട് സെന്റ് തോമസ് ഇടവകാംഗം. മണിമല തോമസിന്റെയും മേഴ്‌സിയുടെയും മകനാണ്. പൗരോ ഹിത്യം സ്വീകരിച്ചിട്ട് ഇത് ഏഴാം വര്‍ഷം. മാനവകുലത്തിനായി ജീവന്‍ പകര്‍ന്ന ക്രിസ്തുനാഥന്റെ സ്‌നേഹം സ്വന്തം ജീവിതത്തില്‍ സാക്ഷ്യപ്പെടുത്തുകയാണ് ഫാ. ജോജോ മണിമല ഛഎങ ഇമു. കെയ്‌റോസിന്റെ എഡിറ്റോറിയല്‍ ടീമംഗം ആന്‍ സെബാസ്‌ററിനും ജോജോ അച്ചനുമായുള്ള അഭിമുഖത്തില്‍ നിന്ന്.

അച്ചാ, അവയവദാനമെന്ന ഇത്തരം വലിയൊരു നന്മചെയ്യാന്‍ എന്താണ് അച്ചന് പ്രേരണയായത്? ഇങ്ങനെയൊരാഗ്രഹം ഉണ്ടാകാന്‍ കാരണമായതെന്താണ്?

നമുക്കെല്ലാവര്‍ക്കും അറിയാവുന്ന പോലെ ആചാരമെന്നോണം ചെയ്യുന്ന ഒരു ബലിയല്ല യഥാര്‍ഥ ബലി. ഞങ്ങള്‍ തിയോളജി പഠിക്കുന്ന സമയത്ത് ഞങ്ങളുടെ ഒരു പ്രൊഫസര്‍ ഇക്കാര്യം പലപ്പോഴും ഞങ്ങളോട് പറയുമായിരുന്നു. ഈശോ പെസഹാ തിരുനാളില്‍ ശിഷ്യരുടെ കാലുകള്‍ കഴുകി സ്ഥാപിച്ച വിശുദ്ധ കുര്‍ബാന, പിറ്റേന്ന് കാല്‍വരിയില്‍ കുരിശിലാണ് പൂര്‍ത്തിയായത്. ഓരോ ബലിയര്‍പ്പണവും നമ്മുടെ ജീവിതബലിയായി തീരേണ്ടതാണ്.ചിറമേലച്ചന്റെ പ്രസംഗങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. കൊടുക്കുന്നതിലുള്ള സന്തോഷത്തെക്കുറിച്ചാണ് അച്ചന്‍ പറയാറുണ്ടായിരുന്നത്.

ഇതിനെല്ലാത്തിന്റേയും ഒരടിസ്ഥാനമെന്നു പറയാവുന്നത് എന്റെ ഒരാഗ്രഹമായിരുന്നു. തിരുവചനത്തിന് ജീവന്‍ കൊടുക്കണമെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എല്ലാ വചനവും പറ്റിയില്ലെങ്കിലും ഏതെങ്കിലുമൊക്കെ അങ്ങനെയാവണമെന്ന് ചിന്തിച്ചിരുന്നു. സഹോദരനു വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല, എന്റെ എളിയ സഹോദരില്‍ ഒരുവന് ഇത് ചെയ്തു കൊടുത്തപ്പോള്‍… എന്നൊക്കെയുള്ള വചനങ്ങളാണ് ഇത്തരം ശുശ്രൂഷയ്ക്ക് എനിക്ക് വലിയൊരു പ്രേരണയായത്.

ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇങ്ങനെയൊരു കാര്യത്തിനായി ഇറങ്ങിത്തിരിക്കാന്‍ അച്ചന്‍ ധൈര്യം കാണിച്ചല്ലോ. എങ്ങനെയാണ് അതിലേക്കെത്തിയതെന്ന് പറയാമോ?

ഞങ്ങളെ ഫിലോസഫി പഠിപ്പിച്ചിരുന്ന സെബാസ്റ്റിനച്ചന്‍ പറഞ്ഞ ഒരു കാര്യമുണ്ട്.
പൂര്‍ണമായ അറിവോടും സമ്മതത്തോടും കൂടി ഗൗരവമായി തെറ്റ് ചെയ്യുമ്പോഴാണ് ഏതൊരു കാര്യവും തിന്മയാകുന്നത്. അതുപോലെ തന്നെയാണ് നന്മയുടെ കാര്യത്തിലും. സന്ദര്‍ഭവശാല്‍ ചെയ്തുപോകുന്നതല്ല ശരിയായ നന്മ. അറിവോടും സമ്മതത്തോടും കൂടി ചെയ്യുമ്പോഴാണ് നന്മ പോലും നന്മയാകുന്നത്. ബോബിയച്ചന്‍പറഞ്ഞ ഒരു നര്‍മചിന്ത ഓര്‍ത്തുപോകുകയാണ്. തീ പിടിച്ച കെട്ടിടത്തിനുള്ളിലേക്ക് ഫയര്‍ എഞ്ചിന്‍ ഓടിച്ചുകയറ്റി തീയണച്ച് തിരികെ വരുന്ന ഫയര്‍മാനോട് പാരിതോഷികം ലഭിച്ച വലിയ തുക എന്ത് ചെയ്യും എന്ന ചോദ്യത്തിനു, ബ്രേക്കില്ലാത്ത ആപാട്ട വണ്ടിക്ക് ഒരു ബ്രേക്ക് ശരിയാക്കണം എന്നായിരുന്നു മറുപടി. സാഹചര്യം മൂലംചെയ്തു പോകാതെ, കൃത്യമായ പ്ലാനിങ്ങും പ്രാര്‍ഥനയുമൊക്കെയായി ഗൗരവമുള്ള ഒരു നന്മ ചെയ്യണമെന്ന് പണ്ടേ ആഗ്രഹിച്ചതാണ്.

എനിക്കു പൗരോഹിത്യ പട്ടം കിട്ടിയ അന്നുതന്നെ തമ്പുരാന്റെ മുമ്പില്‍ ഞാനൊരുനിയോഗം വച്ചിരുന്നു. പറ്റുമെങ്കില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ എന്റെ കരളും വൃക്കയുംആര്‍ക്കെങ്കിലുമൊക്കെ കൊടുക്കണം. അങ്ങനെ സ്വന്തം ശരീരം മുറിച്ചു നല്‍കിയ ക്രിസ്തുവിനെ, ഈ കാലഘട്ടത്തില്‍ കുറച്ചുകൂടി അര്‍ഥവത്തായ രീതിയില്‍നല്‍കുവാന്‍ കഴിയുമല്ലോ. സന്യാസം എന്നതുതന്നെ സമ്യക്കായ ന്യാസം എന്നതാണ്. സമ്പൂര്‍ണമായ ത്യജിക്കല്‍. ഏറ്റവും വലിയ ത്യാഗം ജീവന്‍ ത്യജിക്കുന്നത് തന്നെയല്ലേ. എന്റെയൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്ന ചിലരെ ഞാനോര്‍ക്കുന്നു. 44 വയസ്സുള്ളവരും 70 വയസ്സുള്ളവരുമായ ആളുകള്‍ വൃക്ക കൊടുത്തിട്ട് ആരോഗ്യത്തോടെ അവിടെയുണ്ടായിരുന്നു. സ്‌നേഹമുള്ളിടത്തെല്ലാം ഇത്തരം സ്വയം ത്യജിക്കല്‍ നടക്കുന്നുണ്ട്. സാധാരണ ഒരു സിസേറിയന്‍ ചെയ്യുന്നതുപോലെയുള്ള റിസ്‌ക്കേ ഇതിനുമുള്ളൂ. ആരുമറിയരുതെന്ന ചിന്തയായിരുന്നു എന്റേത്. ഈ അഭിമുഖത്തിനു തയ്യാറായതുതന്നെ, ജീസസ് യൂത്ത് പ്രസിദ്ധീകരണമായ നമ്മുടെകെയ്‌റോസിലാണല്ലോ എന്നോര്‍ത്താണ്.

കൂടെയുള്ളവരും സഭാധികാരികളും ഇതിനോട് എങ്ങനെയാണ് പ്രതികരിച്ചത്? വീട്ടിലുള്ളവരും സപ്പോര്‍ട്ടായിരുന്നോ?

വൈദികനായി മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴാണ് കരള്‍ കൊടുക്കാനുള്ള സാഹചര്യംലഭിച്ചത്. മൂന്ന് റൗണ്ട് ടെസ്റ്റ് അന്ന് നടക്കുകയും എന്റേത് ഫാറ്റി ലിവര്‍ ആണെന്ന് പറഞ്ഞ് അന്നത് പറ്റിയില്ല. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഒരു പ്രൊഫസര്‍ക്കു വേണ്ടിയാണ് കൊടുക്കാനിരുന്നത്. കരള്‍ മുറിച്ചെടുത്താലും പ്രശ്‌നമൊന്നുമില്ല, കാരണം അത് വീണ്ടും വളര്‍ന്നുകൊള്ളും. നമ്മുടെ ശരീരത്തില്‍ മുറിച്ചെടുത്താലും വീണ്ടും വളരുന്ന ഒരവയവമാണ് കരള്‍.

അങ്ങനെയിരിക്കെ നാലഞ്ചു വര്‍ഷത്തിനു ശേഷം ഞാന്‍ വെള്ളരിക്കുണ്ടിലേക്ക് ട്രാന്‍സ്ഫറായി. ഒരിക്കല്‍ ഞാന്‍ സക്രാരിയുടെ മുന്നില്‍ വന്നുനിന്ന് കര്‍ത്താവിനോട് സങ്കടം പറഞ്ഞു. ആത്മീയമായി ഒരുണര്‍വിനുവേണ്ടി പ്രാര്‍ഥിക്കുന്ന സമയം കൂടിയായിരുന്നു. ദൈവമേ ഇങ്ങനെയൊരു കാര്യമെങ്കിലും ചെയ്യാന്‍
നീയെന്നെ അനുവദിക്കണമേ. വേറൊന്നുമല്ലല്ലോ ഞാന്‍ ചോദിച്ചത്. അന്നേരം എന്റെ കണ്ണുകളൊക്കെ നിറഞ്ഞിരുന്നു. പിന്നീട് പെട്ടെന്ന് കാര്യങ്ങളൊക്കെ ക്രമീകരിക്കപ്പെടുകയായിരുന്നു. ഞാന്‍ എന്റെ ആഗ്രഹം ഗാര്‍ഡിയനച്ചനോട്പറഞ്ഞു. അച്ചന്‍ പ്രൊവിന്‍ഷ്യലച്ചനോട്പറയുകയും ഞാനൊരു അപേക്ഷപ്രൊവിന്‍ഷ്യാളിനു നല്‍കുകയും ചെയ്തു. പിന്നീട് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്നും ഇക്കാര്യം ചെയ്യുവാനായി എനിക്കൊരു ലെറ്റര്‍ വരുകയും ഞാനങ്ങനെ മുന്നോട്ടു പോവുകയുമാണ് ചെയ്തത്.

ഞങ്ങളുടെ പ്രൊവിന്‍ഷ്യല്‍ ഹൗസിലെ എല്ലാവരും ഇക്കാര്യത്തില്‍ എനിക്ക് വലിയ സപ്പോര്‍ട്ടായിരുന്നു. സുപ്പീരിയറച്ചനും എല്ലാവരുടെയും താത്പര്യത്തോടെ ചേര്‍ന്ന് എന്നോടൊപ്പം നില്‍ക്കുകയായിരുന്നു. ഇക്കാര്യത്തിനായി ധാരാളം ഡോക്യുമെന്റുകള്‍ ശരിയാക്കാനായി അച്ചനായിരുന്നു എന്റെ കൂടെനിന്ന് എല്ലാം ചെയ്തുതന്നത്. വീട്ടിലും വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ആ ദിവസങ്ങള്‍ അടുത്തുവന്നപ്പോള്‍ അമ്മയ്ക്ക് ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും അമ്മയും അപ്പനും പെങ്ങമ്മാരുമൊക്കെ കൂടെ നിന്നു.

ആഗ്രഹിച്ചതുപോലെയും പ്രാര്‍ഥിച്ചതുപോലെയും തന്നെ നടന്നല്ലോ, ഇതുകഴിഞ്ഞപ്പോള്‍ അച്ചനെന്തുതോന്നി?

എനിക്കിതിനായി ഗൈഡന്‍സ് നല്‍കിയത് ജിന്‍സനച്ചനായിരുന്നു. അച്ചന്‍ അമേരിക്കയിലെ ഒരാള്‍ക്ക് വൃക്ക ഡൊണേറ്റ്ചെയ്തിരുന്നു. അവിടെയവര്‍ മുപ്പതുപേരടങ്ങുന്ന വലിയ ചെയിനുകളായാണ് ഇത് നടത്തുന്നത്. ഇവിടെ ഞങ്ങള്‍ രണ്ടുപേരുള്ള ചെയിനായിരുന്നു. പാലക്കാടുള്ള ഒരു അക്രൈസ്തവ സഹോദരനാണ് ഞാന്‍ വൃക്ക നല്‍കിയത്. ഇതിനു പകരമായി (Paired Kidney Exchange ) ഇദ്ദേഹത്തിന്റെ ഭാര്യ താമരശ്ശേരി തെയ്യപ്പാറയിലെ 24 കാരനു തന്റെ വൃക്ക നല്‍കി. സാധാരണ വൃക്കദാനം ചെയ്യുന്നത് ഒരാള്‍ക്കാണ്. എന്നാല്‍ ഈ വൃക്കദാനം രണ്ടുപേര്‍ക്കാണ് ജീവനേകിയത്. അങ്ങനെ അവയവദാനമെന്ന നന്മയുടെ സ്‌നേഹച്ചങ്ങലയില്‍ ഒരംഗമാകാന്‍ ദൈവമെന്നെയും അനുഗ്രഹിച്ചു.

ക്രിസ്തുസ്‌നേഹത്തിന്റെയും കരുണയുടെയും പാഠങ്ങള്‍ അക്ഷരംപ്രതി ജീവിതത്തില്‍ പകര്‍ത്തുന്ന ജോജോ അച്ചനെപോലുള്ളവര്‍ മുമ്പും ഉണ്ടായിട്ടുണ്ട്, ഇനിയുമുണ്ടാകും. ഇവരുടെയൊക്കെ ജീവിതങ്ങളാണ് നമ്മുടെ യാത്രയില്‍ നമുക്കെല്ലാംപാതയില്‍ പ്രകാശമായി മാറുന്നത്. കൂടുതല്‍ കായ്ക്കാനായ് മുറിക്കപ്പെടുമ്പോള്‍ മറുത്തൊന്നും പറയാതെ നമുക്കുംഅവനുമുമ്പില്‍ വിനയാന്വിതരാകാം.നല്‍കുന്നതാണ് ശ്രേയസ്‌കരമെന്നും മറക്കാതിരിക്കാം.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here