Q.എന്റെ കൂട്ടുകാര്‍ക്കു വേണ്ടിയാണ് ഞാനിതെഴുതുന്നത്. ആത്മീയമായി വളരാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങളെല്ലാവരും. മീറ്റിംഗുകളിലും ഫോണ്‍ വിളികളിലും പക്കാ ഡയലോഗാണ്. അടിപൊളി ഐഡിയകളും. പ്ലാന്‍ ചെയ്യുന്നതനുസരിച്ച് എന്തെങ്കിലും ചെയ്യാന്‍ ഒറ്റയെണ്ണമുണ്ടാകില്ല; മടിയന്‍മാരാണ്. ചോദിച്ചാല്‍ പിന്നെ തമാശയും. എന്താ ചെയ്യേണ്ടത്? ഇവന്‍മാരോടെന്താ പറയേണ്ടത്?

A.പ്രധാനപ്പെട്ടത്, അത്യാവശ്യമുള്ളത് എന്നൊക്കെ തരം തിരിച്ച് സമയം പൂര്‍ണമായി പ്രയോജനപ്പെടുത്തി പ്രായോഗികമാകാന്‍ വലിയ വെല്ലുവിളി നേടുന്ന കാലത്താണ് നാമിപ്പോള്‍. കോവിഡിന്റെ അനന്തരഫലമായ ബ്ലാക്ക് ഫംഗസ് പോലെ എല്ലാവരിലും മെന്റല്‍ ബ്ലാക്ക് ഔട്ട്‌സ് ഉണ്ടാകുന്നുണ്ടോയെന്നൊരു സംശയമുണ്ട്. കോവിഡ് തരുന്ന സ്‌ട്രെസ് അരക്ഷിതാവസ്ഥ, മടി, ഡിസിപ്ലിന്‍ ഇല്ലാത്ത അവസ്ഥ, കാര്യങ്ങള്‍ നീട്ടിവയ്ക്കല്‍ തുടങ്ങിയവയൊക്കെ ഈ മെന്റല്‍ ബ്ലാക്ക് ഔട്ട്‌സിന് കാരണമായിരിക്കാം. ഇങ്ങനെയാകുമ്പോള്‍ മീറ്റിംഗുകളിലും ഫോണ്‍ വിളികളിലും പക്കാ ഡയലോഗുകള്‍ വരും. അടിപൊളി ഐഡിയകളും ഉണ്ടാകും. പ്ലാന്‍ ചെയ്യുന്നതനുസരിച്ച് എന്തെങ്കിലും ചെയ്യാന്‍ ഒറ്റെണ്ണമുണ്ടാകില്ല. ചോദിച്ചാല്‍ പിന്നെ ഉറപ്പായും തമാശയും പറഞ്ഞേക്കും. ദൈവാത്മാവിനാല്‍ ധൈര്യം നേടി നിയന്ത്രണം ഏര്‍പ്പെടുത്തുക. മീറ്റിങ്ങുകളില്‍ നടക്കേണ്ടതിനെപ്പറ്റി നല്ല ധാരണയുണ്ടാക്കുക, തമാശ അധികമാകാതിരിക്കാന്‍ ഇടയ്ക്കിടെ അലേര്‍ട്ട് ഏര്‍പ്പെടുത്തി കൊള്ളുക. മീറ്റിങ്ങില്‍ സ്വീകരിച്ച നിലപാടുകളുടെ പ്രായോഗിക നടത്തിപ്പുള്‍പ്പെടെയുള്ള ചെറുതും വലുതുമായ കാര്യങ്ങള്‍ക്ക് ഓരോരുത്തര്‍ക്ക് ഉത്തരവാദിത്വം കൊടുക്കുക. സമയം പൂര്‍ണമായി പ്രയോജനപ്പെടുത്തുക എന്നതാണ് കോവിഡിന്റെ മുദ്രാവാക്യം എന്ന് മറക്കണ്ട. ഇല്ലെങ്കില്‍ ‘കൃഷ്ണന്‍കുട്ടിമാര്‍ പണി തുടര്‍ന്നു’ കൊണ്ടേയിരിക്കും. എന്റെ കൂട്ടുകാര്‍ക്ക് വേണ്ടിയാണ് ഞാനിതെഴുതുന്നതെന്ന് സുഹൃത്ത് പറയുന്നു. എന്നാല്‍ ഞാനിതെനിക്ക് വേണ്ടി കൂടിയാണ് എഴുതുന്നത്.

ഒരു വാഴ നട്ട കഥ: ആവേശത്തോടെ രാവിലെ പറമ്പില്‍ കിളയ്ക്കുകയാണ് അനിയന്‍. ശബ്ദം കേട്ട് ഉണര്‍ന്ന ചേട്ടന്‍ അലസനായി, ഇവനെന്തൂട്ടാ ഈ കാട്ടണേ എന്ന ഭാവത്തില്‍ പാതി തുറന്ന ജനാലയിലൂടെ നോക്കുന്നുണ്ട്. പിന്നീട് പത്രം വായിച്ചിരിക്കുമ്പോഴും ഇയാളുടെ സംശയദൃഷ്ടി അനിയച്ചാരുടെ പ്രവൃത്തിയിലേയ്ക്ക് ഒളിഞ്ഞു നോക്കുന്നുണ്ട്. ഇനി അമ്മയുടെ മാസ് എന്‍ട്രിയാണ്. ഈ വീട്ടില്‍ ഇതു നടപ്പില്ലെന്ന് അവര്‍ ശക്തമായി പറഞ്ഞു. അമ്മേ… ഇത് ഇന്റര്‍നാഷണല്‍ ഫ്രൂട്ടാണ്, ഇതുവരെ ആരും ചെയ്യാത്ത കാര്യമാണ് എന്ന ഡയലോഗൊന്നും അവരുടെയടുത്ത് വിലപ്പോയില്ല. കഴിഞ്ഞ
ലോക്ഡൗണില്‍ ചേട്ടന്‍ ആവേശത്തോടെ നട്ട വാഴയായിരുന്നു അമ്മയുടെ ഹൈലൈറ്റ്. പിന്നീട് ഒരു കപ്പ് വെള്ളം ഒഴിക്കാന്‍പോലും ആ പരിസരത്തോട്ട് വന്നിട്ടില്ലാത്ത ചേട്ടന്റെ കമ്മിറ്റ്‌മെന്റ് അവര്‍ കണ്ടതാണ്. അതുകൊണ്ടാണ് അനിയന്റെ പുതിയ ആവേശത്തെ അവര്‍ വിലക്കുന്നത്.

നമ്മുടെ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്ക് ഈ അമ്മയുടെ താക്കീത് ധ്യാന വിഷയമാണ്. പ്രതികൂല സാഹചര്യങ്ങളിലാണ് ദൈവത്തിന്റെ ആത്മാവ് ആഗ്രഹമുള്ള, തന്നോട് ചോദിക്കുന്ന ഏവനും വലിയ ജ്വലനവും നൂതനമായ വഴികളും തുറന്നു കൊടുത്തിട്ടുള്ളത്. ഒരു മിനിമം കമ്മിറ്റ്‌മെന്റ് ഉണ്ടാവണം എന്നു മാത്രം. സമയം പൂര്‍ണ
മായി പ്രയോജനപ്പെടുത്താത്ത ദൈവരാജ്യ പ്രവര്‍ത്തനങ്ങള്‍ (ഓണ്‍ലൈന്‍ ആയാലും ഓഫ്‌ലൈന്‍ ആയാലും) വെറും ആവേശ കമ്മറ്റികളായി ഒതുങ്ങും. ക്വാളിറ്റിയുള്ള, ഉപയോഗപ്രദമായ ഗാതറിങ്ങുകള്‍ ഉണ്ടാകാന്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ഥിക്കാം. വേണ്ടവിധം പ്രവര്‍ത്തിക്കാം. നമ്മുടെ വാഴക്കഥ തീര്‍ന്നില്ല കേട്ടോ. ചേട്ടന്റെ വാഴ കമ്മിറ്റ്‌മെന്റ് പരസ്യമായി പ്രഘോഷിപ്പിക്കപ്പെട്ടത് അയാളില്‍ ലജ്ജയുടെ ഒരു ഫീല്‍ വളര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ് എരിതീയില്‍ എണ്ണയെന്നപോലെ ഫോണടിച്ചത്. ഏതോ മുതിര്‍ന്ന ചേട്ടനാണ് വിളിക്കുന്നത്. ഞായറാഴ്ച കമ്മിറ്റ്മെന്റിനെക്കുറിച്ച് ഒരു വെബിനാറുണ്ട്, വരണമെന്ന് പറഞ്ഞാണ് വിളി. അമ്മയുടെ ഡയലോഗില്‍ നിന്ന് തല പൊക്കിയ അപമാനഭാരത്തില്‍ നിന്ന് വെളിപാടിന്റെ വെള്ളിടി സ്വീകരിക്കാന്‍ ചേട്ടന്റെ ഈ ഒറ്റ ഫോണ്‍ കോള്‍ മതിയായിരുന്നു നമ്മുടെ ചേട്ടായിക്ക്.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here


 

സൈക്കോളജിസ്റ്റ്, കുടുംബത്തോടൊപ്പം എറണാകുളത്ത് താമസം.
tintusony@gmail.com