ജന്മനാടുവിട്ട് ഭാരത ഭൂമിയിടെ വൈവിധ്യമാര്‍ന്ന ദേശങ്ങളിലൂടെ ഒരു യാത്ര. കണ്ടു മുട്ടുന്നവര്‍ കൂടപ്പിറപ്പുകളും ചെല്ലുന്നിടം വീടുമാകുന്നതിന്റെ വിനയാന്വിതമായ സഞ്ചാരാനുഭവം.

2020 ഡിസംബറില്‍, പുരോഹിതനായി25 വര്‍ഷം പൂര്‍ത്തിയാക്കാന്‍ ദൈവത്തിന്റെ കരുണയുള്ള സ്‌നേഹം എന്നെ അനുഗ്രഹിച്ചു. എന്റെ ബലഹീനതകളെയും അവിശ്വാസത്തെയും വച്ചുനോക്കുമ്പോള്‍ ഈയൊരു കൃപ വലിയൊരനുഗ്രഹമായി സ്വീകരിക്കുകയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സലേഷ്യന്‍ ഓഫ് ഡോണ്‍ബോസ്‌ക്കോയുടെ കൊല്‍ക്കൊത്ത പ്രവിശ്യയിലാണ് ഞാന്‍ സേവനം ചെയ്യുന്നത്. ഈ നാളുകളില്‍,പശ്ചിമ ബംഗാള്‍, സിക്കിം, മേഘാലയ, നേപ്പാള്‍എന്നീ മിഷന്‍ സ്ഥലങ്ങളിലും പ്രത്യേകിച്ച് ബംഗാളികള്‍, സാന്റലുകള്‍, ആദിവാസികള്‍, നേപ്പാളികള്‍, ഖാസികള്‍ തുടങ്ങിയവരുടെ ഗോത്ര വിഭാഗങ്ങള്‍ക്കിടയിലും പ്രവര്‍ത്തിക്കാന്‍ ഇടയായത് വേറിട്ടൊരനുഭവമായിരുന്നു. അതുപോലെതന്നെ അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും ശുശ്രൂഷയ്ക്കായി പോകാനായിട്ടുണ്ട്. ഇരുപത്തഞ്ച് വര്‍ഷത്തെ ഈ യാത്രയ്ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന ചില അനുഭവങ്ങള്‍ ഓര്‍ക്കുകയാണ്.

1995 ഡിസംബര്‍ 10 നായിരുന്നു എന്റെ തിരുപ്പട്ട സ്വീകരണം. ആന്ധ്രാപ്രദേശിലെ കുര്‍നൂളിലെ ബിഷപ്പായിരുന്ന, വിനീതനും വിശുദ്ധനുമായ റവ. മാത്യു ചെറിയന്‍കുന്നേല്‍ പിതാവില്‍നിന്നാണ് എനിക്ക് പട്ടം കിട്ടിയത്. തിരുപ്പട്ടസ്വീകരണത്തിന്റെ കുര്‍ബാന കഴിഞ്ഞപ്പോള്‍ പിതാവ് എന്റെ മുമ്പില്‍ വന്നു മുട്ടുകുത്തി. ആശ്ചര്യപ്പെട്ട് ഞാന്‍ നില്‍ക്കുമ്പോള്‍ തന്നെ അനുഗ്രഹിക്കണമെന്ന് പിതാവ് എന്നോട് ആവശ്യപ്പെട്ടു. പിതാവിന്റെ ഈ പ്രവൃത്തി കണ്ടുദേവാലയം ഒന്നടങ്കം വിസ്മയഭരിതരായി നിന്നു.ഇതെന്റെ പൗരോഹിത്യ ജീവിതത്തില്‍ ഞാന്‍പഠിച്ച മാനവികതയുടെ ഒന്നാം പാഠമായിരുന്നു.

പൗരോഹിത്യജീവിതം തുടങ്ങിയതിനുശേഷംആദ്യമായി വിശുദ്ധവാരവും ഈസ്റ്ററും ആഘോഷിച്ചത് അരുണാചല്‍ പ്രദേശിലായിരുന്നു. 1996 ഏപ്രില്‍ മാസത്തില്‍, അരുണാചലില്‍ നിന്നുള്ള എന്റെ മടക്കയാത്രയില്‍ ഞാന്‍ കൊല്‍ക്കൊത്തയിലെ മദര്‍ തെരേസയുടെഹൗസില്‍ ചെന്നു. അവിടത്തെ സഹോദരിമാരോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. മദര്‍ തെരേസയും പങ്കെടുത്തു. കുര്‍ബാന കഴിഞ്ഞപ്പോള്‍ ഞാന്‍ തല കുനിച്ച് എന്നെ അനുഗ്രഹിക്കാന്‍ മദര്‍ തെരേസയോട് അഭ്യര്‍ഥിച്ചു, പക്ഷേ, മദര്‍ എന്റെ കൈകള്‍പിടിച്ച്, നിങ്ങളൊരു പുരോഹിതനാണ്, മദറിനെഅനുഗ്രഹിക്കണമെന്ന് നിര്‍ബന്ധിച്ചു, കഷ്ടിച്ച് അഞ്ചു മാസം മാത്രം പ്രായമുള്ള പുരോഹിതന്‍!ഞാന്‍ ജീവനുള്ള ഒരു വിശുദ്ധയെ അനുഗ്രഹിച്ചു. രണ്ടാം പാഠം: താഴ്മയാണ് വിശുദ്ധിയുടെഅടിസ്ഥാനം.

2001 ലെ ഒരു സംഭവം. ഞാനന്ന് ഡാര്‍ജിലിങ്ങിലുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റിയിലാണ്. ഗൂര്‍ഖ വിഭാഗത്തിലെ ഒമ്പതുവയസുള്ള ഒരു നേപ്പാളി പെണ്‍കുട്ടി എന്നെ അവളുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി, പ്രാര്‍ഥിക്കാനായി അവളുടെ വീട്ടില്‍ വച്ചിരിക്കുന്ന ദേവന്മാരുടെ ഫോട്ടോയൊക്കെ വച്ചിരിക്കുന്ന സ്ഥലം എന്നെ കാണിച്ചു തന്നു. ഞങ്ങളുടെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഗുണഭോക്താവായിരുന്നു അവള്‍. എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നുണ്ടെന്നു പറഞ്ഞ്, അവരുടെ ആ പ്രാര്‍ഥനാ പീഠത്തില്‍ വച്ചിരിക്കുന്ന എന്റെയൊരു ഫോട്ടോ അവള്‍ കാണിച്ചുതന്നു. അവളുടെ വിശ്വാസവുംതീക്ഷ്ണതയും കണ്ടപ്പോള്‍ എനിക്കാശ്ചര്യംതോന്നി. ഇപ്പോളവള്‍ ഇരുപത്തൊമ്പത് വയസുള്ള ഒരധ്യാപികയാണ്. എന്നെയിപ്പോഴും പപ്പാ എന്നാണ് വിളിക്കുന്നത്.മാമോദീസ സ്വീകരിച്ച് ഈശോയെ സ്വന്തമാക്കാന്‍ അവള്‍ ഒരുങ്ങികൊണ്ടിരിക്കുകയാണിപ്പോള്‍.

ഒരിക്കല്‍ ഞാന്‍ നേപ്പാളി (ഗൂര്‍ഖ) കത്തോലിക്കരുടെ ഇടവകയായ സോനാഡയില്‍ ഇടവക വൈദികനായി സേവനമനുഷ്ഠിക്കുന്ന സമയം. എന്റെ ഇടവകക്കാരില്‍ 80 വയസ്സുള്ള റൂത്തെന്നു പേരുള്ള ഒരുവിധവയുണ്ടായിരുന്നു. മുളയും പ്ലാസ്റ്റിക്ഷീറ്റും കൊണ്ട് നിര്‍മിച്ച ഒരു ചെറിയകുടിലില്‍ ഒറ്റയ്ക്കായിരുന്നു അവര്‍ താമസിച്ചിരുന്നത്. കുന്നുകളും അരുവികളുമൊക്കെയുള്ള സ്ഥലത്തു നിന്നു ശേഖരിക്കുന്ന പാറക്കല്ലുകള്‍ പൊട്ടിച്ച്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിറ്റിട്ടാണ് അവര്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. അങ്ങനെ ഒരുദിവസം എണ്‍പത് രൂപയോളം കണ്ടെത്തും.വളരെ ഉള്‍നാടന്‍ പ്രദേശമായ അവരുടെഗ്രാമത്തില്‍ ഞാനൊരിക്കല്‍ സന്ദര്‍ശിക്കുകയുണ്ടായി. ഒരല്‍പം സാമ്പത്തിക സഹായം നല്‍കുകയായിരുന്നു ഉദ്ദേശ്യം. ഞാനവിടെ ചെന്നപ്പോള്‍, നോമ്പുകാലത്ത് പാവപ്പെട്ടവര്‍ക്കായി സഹായം സമാഹരിക്കുന്നതിലേക്ക് എന്റെ സംഭാവനയെന്ന്പറഞ്ഞ് ഒരമ്പത് രൂപ അവര്‍ എന്റെ നേര്‍ക്ക്നീട്ടി. ആ വിധവയുടെ സന്തോഷത്തോടെയുള്ളതും ലാളിത്യവുമാര്‍ന്ന ഔദാര്യപൂര്‍വമായ ആ മാതൃക എന്നെ ചിന്തിപ്പിക്കുകയും ഏറെ വിനയാന്വിതനാക്കുകയും ചെയ്തു.

യുവജന സംഘടനകളായ ജീസസ് യൂത്ത്, യംഗ് ക്രിസ്ത്യന്‍ സ്റ്റുഡന്റസ് എന്നീ ഗ്രൂപ്പുകളോടൊപ്പം കുറേ വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കാന്‍ എനിക്കിടയായിട്ടുണ്ട്. ക്രിസ്തുവിനോടുള്ള അവരുടെ അഭിനിവേശവുംആഴമായ വിശ്വാസവും വലിയ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം പലപ്പോഴും എന്നെ ചിന്തിപ്പിക്കുകയും കൂടുതല്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുവാന്‍ ചലഞ്ച് ചെയ്യുകയും ചെയ്തിട്ടുണ്ട്.

2008 ലെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ക്കു ശേഷം, ഒറീസയിലെ കാണ്ഡമാലിലെ യുവജനങ്ങളോടൊപ്പം ചെലവഴിച്ചകുറച്ചു ദിവസങ്ങള്‍ ഞാനിന്നുമോര്‍ക്കുകയാണ്. ഒരുപക്ഷേ മിഷണറി ജീവിതത്തിന്റെ ഇത്രയും അനുഭവങ്ങളും അറിവുകളും കേരളത്തിലായിരുന്നെങ്കില്‍ ലഭിക്കുമായിരുന്നില്ലായെന്നതാണ് ഞാനിന്നു തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാകുന്ന ഒരുകാര്യം.

വൊക്കേഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍അഞ്ചു വര്‍ഷത്തെ സേവനത്തിനിടയില്‍ ഇന്ത്യയിലെ പതിമൂന്ന് സംസ്ഥാനങ്ങളിലേക്ക് സന്ദര്‍ശനം നടത്താനായതും ഓരോ സ്ഥലങ്ങളില്‍ നിന്നും ലഭിച്ച സ്‌നേഹവും സ്വീകാര്യതയും ഞാന്‍ ഏറെ കൃതജ്ഞതയോടെ ഓര്‍ത്തുപോകുകയാണിപ്പോള്‍.ഭാരതത്തിന്റെ നാനാഭാഗങ്ങളിലുമുള്ള സഹോദരങ്ങള്‍ അവരുടെ സ്വന്തമായി എന്നെ കാണുകയും മകന്‍, സഹോദരന്‍, അമ്മാവന്‍ എന്ന രീതിയിലൊക്കെ കണക്കാക്കുകയുമായിരുന്നു. എന്നെ അവരുടെഫാമിലി വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ത്തതുംഅതിന്റെ അടയാളമായി ഞാന്‍ മനസ്സിലാക്കുന്നു.

കര്‍ത്താവ് തന്റെ വചനത്തില്‍ നൂറു ശതമാനവും വിശ്വസ്തനാണെന്ന് ഉറപ്പിക്കുകയാണ് മാര്‍ക്കോസ് 10, 29-30 ല്‍ പറയുന്നതിരുവചനം. തന്നെപ്രതി ഉപേക്ഷിക്കുന്നതെല്ലാം നൂറിരട്ടിയായി തിരിച്ചുനല്‍കി അവന്‍ തന്റെ വാഗ്ദാനം പാലിക്കുകയും നമ്മെ ഓരോരുത്തരെയും നയിക്കുകയും ചെയ്യുന്നു. കര്‍ത്താവിന്റെ മഹത്വം എന്നും തേജസ്സോടെ, പാതയില്‍ പ്രകാശമാകട്ടെ, എല്ലാവര്‍ക്കും.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here