ഭാര്യയും ഭര്‍ത്താവും പിന്നെ കര്‍ത്താവും ഒരുമിച്ചു ഒരടുപ്പുകല്ലുപോലെയെന്ന് വൈവാഹിക ജീവിതത്തെക്കുറിച്ചു പറഞ്ഞുവച്ചിട്ടുണ്ട്. അടിതെറ്റാതെ അടിസ്ഥാന കാര്യങ്ങള്‍ പടുത്തുയര്‍ത്താന്‍ പഠിക്കേ ണ്ടവരാണ് ദമ്പതികളും മാതാപിതാക്കളും.

ശാന്തമായൊഴുകുന്ന നദിപോലെ അവള്‍ പറഞ്ഞുതുടങ്ങിയെങ്കിലും ഇടയ്ക്ക് പതഞ്ഞൊഴുകിയുംപിന്നെ ആര്‍ത്തലച്ചും അടങ്ങാത്ത സമുദ്രംപോലെയായി. ”ഇത്രയൊക്കെ അധ്വാനിച്ചിട്ടും എനിക്കൊരു വിലയുമില്ല, ഒരു സ്വാതന്ത്ര്യവുമില്ല. എന്റെ എ.റ്റി.എം. കാര്‍ഡ്പോലും എന്റെയടുത്തില്ല. ഒന്നുമില്ലെങ്കിലും ഞാനൊരു കോളേജ്അധ്യാപികയല്ലേ.” കണ്ണുനീര്‍ തോരാതെയും വാക്കുകള്‍ഇടറിയും അവള്‍ പറഞ്ഞൊപ്പിച്ചു. ഞങ്ങള്‍ എല്ലാവരും അസൂയയോടെ കണ്ടിരുന്നയാള്‍, പഠിച്ചിറങ്ങിയ ഉടനെ ഇടകഞ ഫെല്ലോഷിപ്പ് നേടി യൂണിവേഴ്‌സിറ്റിയില്‍ റിസേര്‍ച്ച് ചെയ്തുതീരും മുന്‍പേജോലി, വിവാഹം, കുട്ടികള്‍, രണ്ടിലധികം പേറ്റന്റോടെഡോക്ടറേറ്റ്; എന്നിട്ടും എന്തേ ഇങ്ങനെ? അറിയാതെ ഞാനെന്റെ തമ്പുരാനോട് വിങ്ങലോടെ ചോദിച്ചുപോയി. പരസ്പരം താങ്ങാന്‍ പറ്റാതെ, മനസ്സിലാക്കാന്‍ പറ്റാതെ നീറിപ്പുകയേണ്ടി വരുന്ന ധാരാളം യുവജന ദമ്പതികളെ ഈ കാലഘട്ടത്തില്‍ കാണാം.

പരസ്പര സ്‌നേഹവും ലയവും

പഴയ തലമുറയിലെ സ്ത്രീകള്‍ കുറച്ചുകൂടി ഒതുങ്ങിക്കൂടി ജീവിച്ചിരുന്നവരായിരുന്നു. ഇന്നത്തെ സ്ത്രീകള്‍ പുരുഷന്മാരോടൊപ്പംതന്നെ കരിയറിലും ജീവിതത്തിലും കൂടുതലുയരാന്‍ ആഗ്രഹിക്കുന്നവരും, സാമ്പത്തികമായി സ്വാതന്ത്ര്യം നേടാന്‍
ഇഷ്ടപ്പെടുന്നവരുമായി മാറിയിരിക്കുന്നു. അതൊരു തെറ്റാണെന്നോ, ഇതൊക്കെക്കൊണ്ടാണ് എല്ലാ പ്രശ്‌നവുമെന്നോ അല്ല പറഞ്ഞു വരുന്നത്. സ്ത്രീയായി സൃഷ്ടിക്കാത്തതിന് നന്ദിപറഞ്ഞിരുന്ന കാലഘട്ടത്തില്‍, സ്ത്രീകളെയും ഒപ്പംകൂട്ടി അവരാഗ്രഹിക്കുന്ന പ്രാധാന്യം നല്‍കിയിരുന്ന നമ്മുടെ ചങ്ക് ബ്രോ ആയ യേശുവിന്റെ വിപ്ലവകരമായ ചിന്താഗതിയെക്കുറിച്ചാണ് പറയുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും പുതുമയോടെ നമുക്ക് മുന്നിലൊരു വെല്ലുവിളിയായി അതു നില്‍ക്കുന്നുണ്ട്.

ദൈവത്തിന്റെ സൃഷ്ടിയായ പുരുഷനുംസ്ത്രീയ്ക്കും ദാമ്പത്യ ജീവിതത്തില്‍ തുല്യ പങ്കാളിത്തമാണുള്ളതെന്ന് അംഗീകരിക്കുകയും പരസ്പര സ്‌നേഹവും
ബഹുമാനവും കൂടി ചേര്‍ന്നാല്‍ പകുതിയിലധികം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാവുന്നതേയുള്ളൂ. ഒരാള്‍ മറ്റൊരാളെ മാനിച്ചാല്‍, അയാളുടെ വ്യക്തിത്വത്തെ അംഗീകരിച്ചാല്‍ തന്നെ അയാളുടെ ഇഷ്ടങ്ങളെയും,താത്പര്യങ്ങളെയും, രീതികളെയും അംഗീകരിക്കാന്‍ (അത് ഇഷ്ടമല്ലെങ്കില്‍ക്കൂടി) സാധിക്കും. എന്റെ ഗുരുനാഥരായ അധ്യാപകദമ്പതികളെ ഓര്‍ക്കുന്നു. വിവാഹശേഷം‘സര്‍നെയിം’ മാറ്റുന്ന ഭൂരിപക്ഷം സ്ത്രീകള്‍ക്കും അപവാദമാണ് ടീച്ചര്‍. സ്വന്തമായ വ്യക്തിമുദ്രകാത്തുസൂക്ഷിക്കുന്ന ടീച്ചറുംഅതിനനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാറും ഞങ്ങള്‍ക്കെന്നും മാതൃകയായിരുന്നു. സാര്‍ മികച്ച അധ്യാപകനും സംഘാടകനുമെങ്കില്‍ ടീച്ചര്‍ നല്ലൊരുഗവേഷകയാണ്. (വിരമിച്ചതിനു ശേഷവുംടീച്ചറുടെ ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണത്തിലുള്ള റെക്കോര്‍ഡ് ഏറെക്കാലം തകര്‍ക്കപ്പെടാതെ നിന്നിട്ടുണ്ട്) കൊച്ചുമക്കളുടെ ഉത്തരവാദിത്വവും കൂടി പങ്കിട്ടെടുക്കുന്ന ഈ ദമ്പതികളുടെ പരസ്പര സ്‌നേഹവും ലയവും സഹകരണവുംപുതുതലമുറയ്ക്കും അനുകരണീയമാണ്.

കാര്യങ്ങള്‍ക്കൊരു ക്രമംവരാന്‍

സാമ്പത്തികമെന്നത് വൈവാഹിക ജീവിതത്തിലെ മറ്റൊരു വില്ലനായി ചിലപ്പോഴെ
ങ്കിലും മാറാറുണ്ട്, പ്രത്യേകിച്ച് ദമ്പതികള്‍ രണ്ടുപേരും സമ്പാദിക്കുന്നവരാകുമ്പോള്‍. സാമ്പത്തിക വിനിമയം കൂടുതല്‍ നന്നായികൈകാര്യം ചെയ്യാനറിയുന്നയാള്‍ അക്കാര്യം ഏറ്റെടുക്കുന്നത് നന്നായിരിക്കും.ഒപ്പം വരവു ചെലവുകളുടെ കൃത്യമായധാരണ രണ്ടുപേര്‍ക്കും വേണമെന്നത് അത്യാവശ്യവുമാണ്. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യംരണ്ടുപേരും തുല്യമായി പങ്കിട്ടെടുക്കുന്നതിനൊപ്പം നിയന്ത്രണങ്ങള്‍ക്ക് വിധേയരാവാന്‍ സന്നദ്ധരായിരിക്കുകയും വേണം. അങ്ങനെ വന്നാല്‍ത്തന്നെ സാമ്പത്തിക കാര്യങ്ങളിലെ പ്രശ്‌നങ്ങള്‍ കീറാമുട്ടിയായിരിക്കുകയില്ല. ഞങ്ങളുടെ സുഹൃത്തുക്കളായ ദമ്പതികളുടെ രീതികള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. രണ്ടു പേരുടെയും എ.റ്റി.എം. പിന്‍നമ്പര്‍ ഒന്നാണെന്നു മാത്രമല്ല കാര്‍ഡുകള്‍പരസ്പരം മാറി ഉപയോഗിക്കുകയും ചെയ്യുന്ന ഇവര്‍ക്കിടയില്‍ തികഞ്ഞ സുതാര്യത കാണാനാവുന്നുണ്ട്.

ആത്മീയകാര്യങ്ങളിലും പരസ്പരം കൈത്താങ്ങാവാന്‍ ദമ്പതികള്‍ക്ക് സാധിക്കണം. വലിയ കുടുംബത്തിന്റെ ഉടമസ്ഥരായ ഒരുഡോക്ടര്‍ ദമ്പതികളെ അടുത്തിടെ പരിചയപ്പെട്ടു. മക്കളുടെ കാര്യങ്ങളും വീട്ടുകാര്യവും ജോലിയുമെല്ലാം നന്നായി കൊണ്ടുപോകുന്ന അവര്‍, വലിയ കുടുംബത്തിന്റെ സന്തോഷവും ആസ്വദിക്കുന്നു. വ്യക്തിപരമായി പ്രാര്‍ഥിക്കുവാന്‍ സമയം കണ്ടെത്തുന്ന അവര്‍, അതിലൂടെ അറിഞ്ഞോ അറിയാതെയോ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളിലും ക്രമം വരുത്താന്‍ ശ്രദ്ധിക്കുന്നു. ആത്മീയ കാര്യങ്ങള്‍ക്ക് ചിട്ടവന്നാല്‍ബാക്കിയെല്ലാം അടുക്കും ചിട്ടയുമായി നടക്കുമെന്നതില്‍ നമുക്ക് തര്‍ക്കമില്ലല്ലോ.

പ്രശ്‌നങ്ങള്‍ ഇല്ലാത്തവരായി നമ്മളിലാരുമുണ്ടാവില്ല. ദമ്പതികള്‍ക്കിടയിലെ അസ്വാരസ്യങ്ങളും പ്രശ്‌നങ്ങളും സ്വാഭാവികം. അഭിപ്രായമുണ്ടെങ്കില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഇരുകൂട്ടര്‍ക്കും സ്വന്തമായ വ്യക്തിത്വവും അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടെന്നു മനസ്സിലാക്കിയാല്‍ തന്നെ പകുതി ഭാരം കുറഞ്ഞു. നല്ലൊരു കേള്‍വിക്കാരനാവുകയും തുറവിയുണ്ടാവുകയും ചെയ്തുകൊണ്ട് അഭിപ്രായ വ്യത്യാസങ്ങള്‍ സമന്വയത്തിലെത്താന്‍ ശ്രമിക്കണം. അതുപോലെതന്നെ പ്രശ്‌നങ്ങളെ സ്വന്തമായി നേരിടുവാന്‍ ദമ്പതികള്‍ തയ്യാറാവണം. അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളുമെല്ലാം മുറിയുടെ നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് പരിഹരിക്കുന്നതാണ് ഉചിതം. നമ്മുടെ കൈയില്‍ ഒതുങ്ങാത്തവ മാത്രം നിക്ഷ്പക്ഷമായി നമ്മെ സഹായിക്കാന്‍ പറ്റുന്ന മറ്റുള്ളവരുടെ സഹായത്തോടെ പരിഹരിക്കാന്‍ ശ്രമിക്കണം.

ഏറ്റവും പ്രധാനകാര്യം

ജീവിതത്തിലെ പ്രണയം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതു തന്നെയാണ് ഏറ്റവും
പ്രധാനം. നാലാമത്തെ കുഞ്ഞ് ജനിച്ചുവെന്ന സന്തോഷവാര്‍ത്ത അറിയിക്കാന്‍ വിളിച്ച എന്റെ സുഹൃത്തിനോട് അവളുടെ അക്രൈസ്തവയായ സഹപ്രവര്‍ത്തകനിങ്ങളുടെ കൊഞ്ചലും കുഴയലും മുട്ടിയുരുമ്മലും കണ്ടപ്പോള്‍ തോന്നി, എന്ന് കളിയായോ കാര്യമായോ പറഞ്ഞുവത്രേ. ഒരുമിച്ചുള്ള ജീവിതത്തിലെ പതിമൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഹണിമൂണ്‍ മൂഡ് കളയാതെ പ്രണയിക്കാന്‍ പറ്റുന്നുവെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ ക്രിസ്തുവെന്ന വന്‍മരംഉള്ളതുകൊണ്ടാണെന്ന അവളുടെ മറുപടി
വളരെ അത്ഭുതത്തോടും ആദരവോടുംകൂടിയാണ് കേട്ടത്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വിവാഹിതയാവുകയുംവിവാഹ ജീവിതത്തിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ അമ്മയാവുകയും ചെയ്ത (അവസാനവര്‍ഷ പരീക്ഷയില്‍ കൈക്കുഞ്ഞിനെയും കൊണ്ടു വന്നതോര്‍ക്കുന്നു) ഇവര്‍ ഇപ്പോഴും വിവാഹജീവിത്തിന്റെ മാധുര്യം ആസ്വദിക്കുന്നു.

എപ്പോഴെങ്കിലും പ്രണയത്തിന്റെ ഉറവ വറ്റിത്തുടങ്ങിയെന്നു തോന്നുമ്പോള്‍ ക്രിസ്തുവെന്ന കണ്ണാടിയിലൂടെ പരസ്പരംനമുക്ക് നോക്കാം. അവന്റെ കണ്ണിലൂടെ പങ്കാളിയെ നോക്കിക്കാണുമ്പോള്‍ ദമ്പതികള്‍ക്കിടയിലെ പ്രണയത്തിന്റെ മാധുര്യവും ലയവും കൂടുകയെയുള്ളൂ. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here