2001-2008 വര്‍ഷം ഒരു ഫ്‌ളാഷ്ബാക്കിലൂടെ പറയാന്‍ ശ്രമിക്കുകയാണ്. ജോലിസംബന്ധമായി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് ഈ കാലയളവില്‍ താമസിച്ചിരുന്നത്. മലബാറിന്റെകവാടം എന്നറിയപ്പെടുന്ന സെന്റ് ജോസഫ് ചര്‍ച്ചും അവിടത്തെ മാതാവിന്റെ ഗ്രോട്ടോയും ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത സ്ഥലമാണ്. വി. കുര്‍ബാനയില്‍ പങ്കെടുക്കുവാനും ചിലദിവസങ്ങളില്‍ പ്രാര്‍ഥിക്കുവാനുമായി ഈ ചര്‍ച്ചിന്റെമുന്‍പിലുള്ള ഗ്രോട്ടോയുടെ മുന്‍പിലൂടെ കടന്നു പോകും. ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുംപ്രത്യാശ നഷ്ടപ്പെട്ട സമയങ്ങളുമൊക്കെ ഈ നാളുകളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, മാതാവിന്റെ മുമ്പില്‍ എല്ലാ ദിവസവും രാവിലെയുള്ള ഈ പ്രാര്‍ഥന,പ്രത്യേക അനുഗ്രഹം നല്‍കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. പ്രായക്കുറവുകൊണ്ടാകാം ഒരു പ്രത്യേകശീലം പ്രാര്‍ഥിക്കാന്‍ പോകുമ്പോള്‍ അന്നുണ്ടായിരുന്നു. ഗ്രോട്ടോയുടെ മുന്‍പിലെ കാണിക്ക വഞ്ചിയില്‍ എല്ലാ ദിവസവും കൈയിലുള്ള നാണയങ്ങള്‍ നിക്ഷേപിക്കുകയും മാതാവിനെ നോക്കി ഞാനിന്ന് പ്രെസന്റ് ആണെന്ന് പറയുകയും ചെയ്യുമായിരുന്നു. തുടരുന്ന പ്രാര്‍ഥനയുടെ അനുഭവത്തിലേക്കും പിന്നീട് ആഴങ്ങളിലേക്കും നീങ്ങുവാന്‍ ഈയൊരു ശീലം, എന്നെ സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ 2019 ഡിസംബര്‍ മാസം. ആ ക്രിസ്തുമസ് കാലത്ത് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് കെ.എസ്.ആര്‍.ടി.സി.ബസ്സില്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യാനുള്ള ഒരു സാഹചര്യമുണ്ടായി.വൈകുന്നേരം 5:30 നാണു കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഡീലക്‌സില്‍യാത്ര തുടങ്ങിയത്. രാത്രി മൂന്ന്മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നാണ് വിചാരിച്ചത്. യാത്ര ആരംഭിച്ചപ്പോള്‍ പെട്ടെന്നൊരാഗ്രഹം മനസ്സില്‍ കൂടി. കുറ്റിപ്പുറം വഴിയാണല്ലോ കടന്നു പോകുന്നത്. ബൈപ്പാസിലൂടെ കടന്നുപോകുമ്പോള്‍ യാത്രയ്ക്കിടയില്‍ കാണാന്‍ സാധിക്കുമായിരുന്ന പഴയ ആ ഗ്രോട്ടോയില്‍ നോക്കി ഒന്നു പ്രാര്‍ഥിക്കുവാന്‍ മനസ്സാഗ്രഹിച്ചു. ഗൃഹാതുരത്വമുണര്‍ത്തുന്ന പണ്ടത്തെ ആ ഓര്‍മകളിലേക്ക് മനസ്സ് പാഞ്ഞപ്പോള്‍, ഒരുവട്ടം കൂടി ആ മാതാവിന്‍ മുമ്പിലെത്തി പ്രാര്‍ഥിക്കുവാനാശിച്ചു. വഴിക്കാഴ്ചയൊക്കെ കണ്ട് ഉറങ്ങി പോകാതിരിക്കാന്‍ യാത്രയില്‍ ജപമാല ചൊല്ലി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ബൈപാസ് വഴിയുള്ള യാത്ര ട്രാഫിക് ജാമിലാവുകയും രാമനാട്ടുകര എത്തുവനായിഒന്നര മണിക്കൂര്‍ സമയം എടുക്കുകയും ചെയ്തു. ട്രാഫിക് ജാമിലുടനീളം എനിക്ക് ക്ഷമ നഷ്ടപ്പെടുവാന്‍ തുടങ്ങി. കെ.എസ്.ആര്‍.ടി.സി. യെയും മോശമായ റോഡുകളെയും ബസ് യാത്ര ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ഈ സാഹചര്യത്തെയുമൊക്കെ പഴിച്ചു കൊണ്ടേയിരുന്നു. ഏകദേശം ഒമ്പതര മണിയായപ്പോള്‍ കുറ്റിപ്പുറം എത്താറായി. മാതാവിനെ നോക്കി പ്രാര്‍ഥിക്കുവാനായി ഞാന്‍ ഉറങ്ങാതെ റെഡിയായിരുന്നു.പെട്ടെന്ന് ചര്‍ച്ചിനടുത്തുള്ള ഹോട്ടലിന്റെ മുന്‍പില്‍ ഡ്രൈവര്‍ ബസ് നിറുത്തുകയും ചെയ്തു.

ട്രാഫിക് ബ്ലോക്ക് മൂലം യാത്ര വൈകിയതു കൊണ്ട്ഇന്നത്തെ രാത്രി ഭക്ഷണം ഇവിടെ നിന്നാണെന്നും പതിനഞ്ച് മിനിറ്റ് സമയമുണ്ടെന്നും കണ്ടക്ടര്‍ അറിയിച്ചു. എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിചാടി. സീറ്റില്‍ നിന്നും എഴുന്നേറ്റ് ഗ്രോട്ടോയെ ലക്ഷ്യമാക്കി ഞാനോടി. കുറച്ചുസമയം ഗ്രോട്ടോയിലെ മാതാവിനെ നോക്കിയങ്ങനെ പ്രാര്‍ഥിച്ചു നിന്നു. അപ്പോഴാണ് ആപഴയ ശീലം ഓര്‍മ വന്നത്. എന്റെ കൈയിലുള്ള കുറച്ചു നാണയങ്ങള്‍ കാണിക്ക വഞ്ചിയില്‍നിക്ഷേപിച്ചതിനുശേഷം ഞാന്‍ പ്രെസന്റ് ആണെന്ന് പറയുകയും ചെയ്തു. ശരിക്കും എക്‌സൈറ്റഡായനിമിഷങ്ങളായിരുന്നു അത്. അതിനുശേഷം, ഹോട്ടലില്‍നിന്നും കഴിച്ച ഭക്ഷണത്തേക്കാള്‍ രുചിതോന്നിയത് ദൈവസ്‌നേഹത്തിന്റെ ഈ അനുഭവത്തിനായിരുന്നു.

തുടര്‍ന്നുള്ള യാത്രയിലുടനീളം പ്രാര്‍ഥനയില്‍തന്നെ മുഴുകി. ട്രാഫിക് ബ്ലോക്കുകളും യാത്രയിലെ ബുദ്ധിമുട്ടുകളും സമയം നഷ്ടപ്പെട്ടതുമെല്ലാം ദൈവമറിയുന്ന കാര്യങ്ങളാണ് എന്നുള്ള ഉള്‍ക്കാഴ്ചകളിലേക്ക് എന്നെ നയിച്ചു. പരിശുദ്ധ മാതാവിനെ കാണുവാന്‍ ആഗ്രഹിച്ചതും ദൈവം അതിനിടയാക്കിയതുമെല്ലാം നമ്മുടെനിത്യജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും ദൈവമൊരുക്കുന്ന വലിയ പദ്ധതിയുടെ ഭാഗമാണെന്നുളള ബോധ്യത്തിലേക്കെന്നെ നയിച്ചു.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here