ഉല്‍പത്തി പുസ്തകത്തില്‍ നമ്മള്‍ വായിക്കുന്ന ആദത്തിന്റെ കഥയില്‍ ഏകനായിരിക്കുന്ന അവന്റെ അവസ്ഥയില്‍ ഒരു കൂട്ടിന് വേണ്ടി ഹവ്വയെനല്‍കിയ സംഭവം ആശയവിനിമയമെന്നത് മനുഷ്യന് എത്രത്തോളം പ്രധാന്യമര്‍ഹിക്കുന്നതാണെന്നു മനസ്സിലാക്കിത്തരുന്നു. പരസ്പര സംസാരത്തിലൂടെ മനുഷ്യരില്‍ സന്തോഷം കണ്ടെത്തിയിരുന്ന ആ കാലത്തില്‍ നിന്ന് ഇന്നൊരുപാടു മാറി. സന്തോഷം കണ്ടെത്തുന്നത് ഇന്ന് മനുഷ്യരെക്കാളധികം യന്ത്രങ്ങളില്‍ ആണെന്നുള്ളതാണ് സത്യം. ഫോണോ സ്മാര്‍ട്ഫോണോ ഇല്ലാത്തവര്‍ ഇന്ന് വിരളമാണെന്ന കാര്യം നമുക്കറിയാം. അതിന് ഒരു പരിധിവരെസോഷ്യല്‍ മീഡിയ വഹിച്ച പങ്ക് ചെറുതല്ല.

വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പോലെയുള്ള ആപ്പുകള്‍ നമ്മെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.

നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുവിന്‍ (എഫേസോസ് 5,16)

ഫെയ്‌സ്ബുക്കിലെ ന്യൂസ് ഫീഡില്‍ ചുമ്മാ സ്‌ക്രോള്‍ചെയ്തു പോകുമ്പോള്‍ സമയം പോകുന്നത് നമ്മള്‍അറിയുക പോലുമില്ല. യൂട്യൂബില്‍ വീഡിയോകള്‍മാറി മാറി കാണുമ്പോഴും ഇതേ അവസ്ഥയാണ്.എത്ര മണിക്കൂറാണ് നമ്മളതില്‍ ചെലവഴിക്കുന്നതെന്ന് പെട്ടെന്ന് ശ്രദ്ധിക്കില്ല. സമയത്തെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഫോണില്‍ തന്നെ അലാം (alarm) വയ്ക്കുന്നത് നല്ലതാണ്. യൂട്യൂബ് പോലെയുള്ളവയില്‍ തുടര്‍ച്ചയായി അരമണിക്കൂറോ ഒരു മണിക്കൂറോ കണ്ടു കഴിഞ്ഞാല്‍ ദയവായി അല്പം സമയം വിശ്രമിക്കൂ എന്ന് മെസേജ് കാണിക്കാറുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ എത്ര മണിക്കൂര്‍ സമയം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുമെന്നു തീരുമാനിക്കേണ്ടത് അത്യാവശ്യമാണ്..

മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരുമാകും (മത്തായി 19,30)

ആര്‍ക്കും ആരുടെയും കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു വേദിയാണ് സോഷ്യല്‍ മീഡിയ. നമ്മുടെ കഴിവുകളും ക്രിയേറ്റിവിറ്റിയും പലരീതിയില്‍ നമുക്ക് സോഷ്യല്‍ മീഡിയയില്‍പ്രദര്‍ശിപ്പിക്കാവുന്നതാണ്. മറ്റുള്ളവരുടെ പ്രശംസ നമുക്ക് തരുന്ന ആത്മവിശ്വാസവും സന്തോഷവും ജീവിതത്തിന്റെ ഏറ്റവും നല്ല ഊര്‍ജം തന്നെയാണ്. എന്നാല്‍, നമ്മള്‍ ചെയ്ത കാര്യത്തിന് നമ്മളെ താഴ്ത്തിക്കെട്ടാനും ഒരുപാടാളുകള്‍ ഉണ്ടാവും. അതിനൊപ്പം നിന്നു നമ്മളെ കല്ലെറിയാന്‍ ആളുകളുണ്ടായാലും സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ചു ദൈവത്തോടൊപ്പം ചേര്‍ന്ന് മുന്നോട്ട് പോകുവാന്‍ പരിശീലിക്കുക.

അവര്‍ അറിയുന്നില്ല, ഗ്രഹിക്കുന്നില്ല, കാണാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകളും ഗ്രഹിക്കാനാവാത്തവിധം മനസ്സും അടച്ചിരിക്കുന്നു (ഏശയ്യാ 44,18)

ഏതെങ്കിലും ഷോപ്പിംഗ് സൈറ്റുകളില്‍ നമുക്കിഷ്ടപ്പെട്ട ഏതെങ്കിലും വസ്തു നോക്കുക.പിന്നീട് എപ്പോഴെങ്കിലും ഫേസ്ബുക്ക് എടുത്തു സ്‌ക്രോള്‍ ചെയ്ത് നോക്കുമ്പോള്‍ അതേ വസ്തു തന്നെ ഒരു പരസ്യം പോലെ വന്നു നമുക്കു കാണിച്ചു തരും. നമ്മുടെ ഓരോ പ്രവൃത്തിയും ദൈവം കാണുന്നതുപോലെ, നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്നതെന്തും മറ്റൊരാള്‍ കാണുന്നുണ്ടെന്ന തിരിച്ചറിവ് വേണം. നമ്മുടെ തന്നെ സ്വകാര്യവിവരങ്ങള്‍ നമ്മള്‍ പോലുമറിയാതെ വില്‍ക്കപ്പെടുന്നത് വലിയൊരു ബിസി
നസ്സ് തന്ത്രമാണ്. പരസ്യമാക്കിയാല്‍ പ്രശ്‌നമില്ല എന്നുളള കാര്യങ്ങള്‍ മാത്രമേ നമ്മള്‍ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ പങ്കുവയ്ക്കാവൂ.

സോഷ്യല്‍ മീഡിയയെ ഒരു ചില്ലുകണ്ണാടി പോലെയാണ് ഞാന്‍ കാണുന്നത്. ഒരുചില്ലിലൂടെ പുറംകാഴ്ചകള്‍ കാണുമ്പോള്‍ വല്ലപ്പോഴുമെങ്കിലും ആ ചില്ല്, കണ്ണാടിയാക്കിനമ്മളിലേക്ക് നോക്കേണ്ടതാവശ്യമാണ്. നമ്മുടെ ചുറ്റും നടക്കുന്നത് അറിയുന്നതുപോലെതന്നെ നമ്മളിലേക്കു നോക്കി നമ്മുടെ തെറ്റുകള്‍ തിരുത്തുവാനും ശരികള്‍ മനസ്സിലാക്കി മുന്നോട്ടു പോകുവാനുംനാം സന്നദ്ധരാകണം. അതിനുവേണ്ടി സര്‍വശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here