ക്രിസ്തുവിന്റെ കൂടെ സഞ്ചരിക്കുമ്പോഴും അവരാരും അവനിലായി രുന്നില്ല. അവനിലാണെന്ന് തോന്നുമ്പോഴും, മറ്റെ വിടെയോ അവര്‍ ജീവിച്ചു.

“വിശ്വാസപ്രമാണം നിനക്ക് ഒരു കണ്ണാടി പോലെയായിരിക്കട്ടെ. നീ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്നതെല്ലാം യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുണ്ടോയെന്നറിയാന്‍ നീ അതില്‍ നിന്നെത്തന്നെ നോക്കുക. ഓരോ ദിവസവും നിന്റെ വിശ്വാസത്തില്‍ സന്തോഷിക്കുകയും ചെയ്യുക” (വിശുദ്ധ അഗസ്റ്റിന്‍)

വര്‍ഷങ്ങള്‍ക്കു മുമ്പാണത് സംഭവിച്ചത്. സ്ഥിരമായി എന്നവണ്ണം ബലിയര്‍പ്പിക്കാന്‍ പോകുമായിരുന്ന ഒരു കൊച്ചു ദേവാലയമുണ്ടായിരുന്നു. അവിടത്തെ ദിവ്യപൂജയ്ക്കും, ആരാധനാ, പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും ഒരു പ്രത്യേക ആത്മീയചൈതന്യം പങ്കെടുക്കുന്ന ഏവര്‍ക്കും അനുഭവപ്പെട്ടിരുന്നു. ആ കൊച്ചു ദേവാലയത്തിലെ സമൃദ്ധമായ ആത്മീയ ചൈതന്യ ശുശ്രൂഷകള്‍ക്കു പിന്നില്‍ നിറഞ്ഞു നിന്നിരുന്ന ഒരു പാട്ടുകാരന്‍ ചേട്ടനുണ്ടായിരുന്നു. പ്രശസ്ത ഗായകനായ കെസ്റ്ററിനു സമാനമായ ശബ്ദമാധുരി അദ്ദേഹത്തിനുമുണ്ടായിരുന്നു എന്നു പറയുന്നത് ഒരു ഭംഗിവാക്കല്ല. വി. കുര്‍ബാന സ്വീകരണം കഴിഞ്ഞു മുട്ടുകുത്തുമ്പോള്‍ മനോഹരമായ സ്വരത്തില്‍, അര്‍ഥസമ്പൂര്‍ണമായ വരികള്‍ അദ്ദേഹത്തിന്റെ അനുഗൃഹീതമായ ഗാനാലാപനത്തിലൂടെ കേള്‍ക്കുന്നത് ഒരു ധ്യാനാനുഭവം പോലെ മനോഹരമായിരുന്നു. വിശ്വാസി ഹൃദയങ്ങളില്‍ ദൈവസ്‌നേഹം നിറച്ചും ദിവ്യകാരുണ്യഭക്തി പകര്‍ന്നും നിറഞ്ഞു നിന്നിരുന്ന ആ അനുഗൃഹീതനായ ഗായകന്‍ എന്നാല്‍ ഒരു ദിവസം ഏവരെയും ഞെട്ടിച്ചു കൊണ്ട് സ്വയം ജീവനൊടുക്കി.തന്നെ കീഴടക്കാനൊരുങ്ങുന്ന, മാരകമായേക്കാവുന്ന ഒരു രോഗത്തെ കുറിച്ചുള്ള ഭയവും, ജീവിതത്തിലെ മറ്റു ചില സങ്കടങ്ങളുമൊക്കെ മരണകാരണമായി പറഞ്ഞു കേട്ടു. ”മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ച ഞാന്‍ തന്നെ തിരസ്‌കൃതനാവുക” എന്ന വിശുദ്ധ ഗ്രന്ഥം തരുന്ന മുന്നറിയിപ്പ് (1 കോറി 9,27) അന്വര്‍ഥമാക്കും വിധം ഈ അള്‍ത്താര ശുശ്രൂഷകന്‍ ഇല്ലാതായി.

വി. പൗലോസ് ശ്ലീഹായുടെ ഈ വാക്കുകള്‍ ക്രിസ്തുവിനെ ഗൗരവമായി എടുക്കുന്ന ഏവര്‍ക്കുമുള്ളതാണ്. ”കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍ ജീവിക്കുവിന്‍. അവനില്‍ വേരുറപ്പിക്കപ്പെട്ടും,പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ച വിശ്വാസത്തില്‍ ദൃഢതപ്രാപിച്ചും കൊണ്ട് അനര്‍ഗളമായ കൃതജ്ഞതാപ്രകാശനത്തില്‍ മുഴുകുവിന്‍ (കൊളോ 2,6-7). ക്രിസ്തുവിനെ ഒരുപക്ഷേ വെറുതെ, വലിയ വില കൊടുക്കാതെയൊക്കെ ആര്‍ക്കും സ്വീകരിക്കാനായേക്കും. പാരമ്പര്യത്തിന്റെ പേരിലും, സഭയിലെ സ്വാധീന മഹിമയുടെ പേരിലുമൊക്കെ ഊറ്റം കൊള്ളാനുമായേക്കും. എന്നാല്‍, അവിടത്തെ സ്വന്തമാക്കാനും, അവന്റെ മനസ്സിലിടം നേടാനും ആഴമില്ലാത്ത അത്തരം ക്രിസ്തീയ ജീവിതം കൊണ്ടാവില്ല. അതു മതിയാകില്ല. അതിന് ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും, പണിതുയര്‍ത്തപ്പെട്ടും സ്വീകരിച്ച വിശ്വാസത്തില്‍ ദൃഢതപ്രാപിച്ചും കൊണ്ടുള്ള വില കൊടുക്കുന്ന ഒരു ആത്മീയ ജീവിതത്തിനു മാത്രമേ സാധിക്കൂ. വി. പൗലോസിന്റെ ഈ വാക്കുകള്‍ നമുക്ക് ശ്രദ്ധിക്കാം. ”ആത്മീയമനുഷ്യന്‍ എല്ലാ കാര്യങ്ങളും വിവേചിച്ചറിയുന്നു.അവനെ വിധിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. കര്‍ത്താവിനെ പഠിപ്പിക്കാന്‍ തക്കവിധം അവിടത്തെ മനസ്സറിഞ്ഞവന്‍ ആരുണ്ട്? ഞങ്ങളാകട്ടെ ക്രിസ്തുവിന്റെ മനസ്സറിയുന്നു” (1 കോറി 2,15-16).

ക്രിസ്തുവിന്റെ മനസ്സറിയുന്ന ക്രിസ്തീയ ജീവിതത്തിന്റെ പേരാണ് വിശുദ്ധ ജീവിതം. ദൃഢത പ്രാപിക്കാത്ത ക്രിസ്തീയ ജീവിതം വഴിയരികില്‍ വീണ് ചവിട്ടേല്‍ക്കുന്നതോ, മുള്ളുകള്‍ക്കിടയില്‍ ഞെരുങ്ങി തീരുന്നതോആയ ‘വിതക്കാരന്‍ വിതച്ച വിത്തു പോലെ’
നിഷ്ഫലമായ ഒന്നായി മാറുന്നു. മൂന്നു വര്‍ഷം കൂടെ നടന്നിട്ടും എങ്ങനെയാണ് ഒരാള്‍ക്ക് മാത്രം, മറ്റൊന്നിനും താരതമ്യം ചെയ്യാനാവാത്ത വിധം വിലയുള്ള ക്രിസ്തുവിനേക്കാള്‍, മുപ്പതു വെള്ളിക്കാശ് കൂടുതല്‍ വിലയുള്ളതായി തോന്നുന്നത്. ഒടുവില്‍ ഒരു ദാരുണാന്ത്യത്തോടെ അയാള്‍ ചരിത്രത്തിലിടം പിടിക്കുന്ന ആദ്യ ശിഷ്യനായി മാറുന്നു.

ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെടണമെന്ന ലക്ഷ്യത്തെ, ആഴത്തില്‍ തിരിച്ചറിഞ്ഞവരായിരുന്നു ഓരോ പുണ്യവാന്മാരും. മഹാവിശുദ്ധനായിരുന്ന കുരിശിന്റെ വി.യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാം, ലോക വസ്തുക്കളിലും,ലൗകിക നേട്ടങ്ങളിലും ഹൃദയം നിക്ഷേപിക്കുന്നവര്‍ക്ക് ദൈവത്തോടുള്ള രൂപാന്തരൈക്യത്തില്‍ എത്തുക അസാധ്യമാണ്. ദൈവാത്മാവിന്റെ ദാനം സ്വീകരിക്കുന്നതിന് ലോകത്തിലുള്ളതെല്ലാം വെറുത്ത് ഉപേക്ഷിക്കണം. ദൈവം നമ്മില്‍ വസിക്കണമെങ്കില്‍ മറ്റൊന്നും അവിടെ ഉണ്ടാകരുത്. വാഴ്ത്തപ്പെട്ട ചാള്‍സ് ദെ ഫൊക്കോള്‍ഡ് തന്റെയൗവനത്തില്‍ ലോക സുഖമോഹങ്ങളിലൊക്കെ മുങ്ങി ജീവിച്ച ഒരു ഫ്രഞ്ച് പട്ടാളക്കാരനായിരുന്നു. പില്‍ക്കാലത്ത് സഹാറാ മരുഭൂമിയുടെ അപ്പസ്‌തോലന്‍ എന്ന് വിളിക്കാന്‍ മാത്രം പ്രേഷിത തീക്ഷ്ണത കാണിച്ച്, രക്തസാക്ഷിത്വം വരിച്ച അദ്ദേഹം പറഞ്ഞ ഒരു മനോഹരമായ വാക്യം ‘യു ക്യാറ്റില്‍’ നമുക്ക് കാണാം. ”ദൈവമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞതിനു ശേഷം അവിടത്തേക്ക് വേണ്ടി മാത്രമായി ജീവിക്കാതിരിക്കാന്‍ എനിക്കു സാധ്യമായിരുന്നില്ല.” ആ ജീവിതത്തിന്റെ അടിസ്ഥാന ശിലയായി നിലകൊണ്ട ഒരു പ്രസ്താവനയായിരുന്നു ഈ വാക്കുകള്‍.

അതിശക്തമായ ഒരു മഹാമാരി വീശിയടിച്ച നമ്മുടെ കാലത്ത് ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെടാത്തതും, ആഴപ്പെടാത്തതുമായ ആത്മീയത ചോദ്യം ചെയ്യപ്പെടും. ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണ് വി. പത്രോസിന്റെ ജീവിതത്തെ ധ്യാനപൂര്‍വം നോക്കി കാണുന്ന ഡാനി കപ്പൂച്ചിന്റെ ചിന്തകള്‍. ”ശിഖരങ്ങള്‍ അവനിലേക്ക് ചാഞ്ഞു നില്‍ക്കുമ്പോഴും അവരുടെ വേരോട്ടങ്ങള്‍ മറ്റേതോ കരകളിലായിരുന്നു. ക്രിസ്തുവിന്റെ കൂടെ സഞ്ചരിക്കുമ്പോഴും അവരാരും അവനിലായിരുന്നില്ല. അവനിലാണെന്ന് തോന്നുമ്പോഴും, മറ്റെവിടെയോ അവര്‍ ജീവിച്ചു.

നമ്മളെ വ്യസനിപ്പിക്കേണ്ട ധ്യാന വിചാരങ്ങള്‍ അല്ലേ ഇത്? ശിഖരങ്ങള്‍ അവനിലേക്ക് ചാഞ്ഞു കാണപ്പെടുന്ന എന്റെ വേരോട്ടങ്ങള്‍ അവനില്‍ തന്നെയാണോ? ജ്വലിക്കുന്ന തിരുഹൃദയത്തിനു മുമ്പില്‍ നില്‍ക്കാം. ധ്യാനപൂര്‍വം, വി. ഗ്രന്ഥം പറയുന്നു ദൈവം അഗ്‌നിയാണ്! തീ കത്തട്ടെ ഒരിക്കല്‍ കൂടെ.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here


 

യുവജനങ്ങള്‍ക്ക് ആത്മീയ അധ്യയനങ്ങളും പരിശീലനങ്ങളും നല്‍കുന്നതില്‍ ആത്മാര്‍പ്പണം ചെയ്ത നല്ലൊരു പ്രഭാഷകന്‍ കൂടിയാണ് ലേഖകന്‍ sasiimmanuel@gmail.com