പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ്ജോ സഫിന്റെ മരണാനന്തരം വന്ന വാര്‍ത്തകളില്‍, അന്യം നിന്നു പോകുന്നസൗഹൃദത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് കൗതുകകരമായി. ഒരു നടന്‍ എന്നനിലയില്‍ മമ്മൂട്ടി ചിത്രങ്ങളെല്ലാം പരാജയപ്പെട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍, സുഹൃത്തും നിര്‍മാതാവുമായ ജൂബിലി ജോയ്, സംവിധായകന്‍ ജോഷിയും ചേര്‍ന്ന് മമ്മൂട്ടിയെന്നനടനെ ജനഹൃദയത്തില്‍ വീണ്ടുംപ്രതിഷ്ഠിക്കാന്‍ നിര്‍മിച്ച സിനിമയാണത്രേ ‘ന്യൂഡല്‍ഹി’. പ്രതിസന്ധികളുടെ സമയത്ത് കൂടെ ചേര്‍ന്നു നില്‍ക്കുന്നവരാണ് തുടര്‍ന്നുള്ള ജീവിതത്തിന് ഊര്‍ജം പകരുന്നത്.

സമൂഹത്തില്‍ ആര്‍ക്കും ഒറ്റയ്ക്ക് ജീവിക്കുവാന്‍ സാധിക്കുകയില്ല. വ്യത്യസ്തമായി ചിന്തിച്ചാല്‍ സ്വയംപര്യാപ്തത എന്നത് സ്വാര്‍ഥതയുടെയും അഹംഭാവത്തിന്റെയും മറ്റൊരു രൂപമാണെന്നു കാണാം. കഴിവുകൊണ്ടും, ബന്ധംകൊണ്ടും, സാഹചര്യംകൊണ്ടും സ്വത്തും ധനവും അധികാരവും സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്നുവരാം.പക്ഷേ, ആ വഴിത്താരകളില്‍ അറിഞ്ഞും അറിയാതെയുമുള്ള ചില കൈത്താങ്ങു നല്‍കുന്നവരാണ് നല്ല അയല്‍ക്കാരന്‍. എന്റെ കഴിവുകൊണ്ടും അറിവുകൊണ്ടും എല്ലാം സ്വന്തമാക്കി എന്നു വമ്പു പറയുന്നവര്‍ ഓര്‍ക്കാതെ പോകുന്നത് ഈ എളിയവരെയാണ്.മധ്യകേരളത്തില്‍ നിന്നും മലബാറിലേക്കുള്ള യാത്രക്കിടയിലാണ് ബാബു, തന്റെ അടുത്തിരുന്ന ഷാജിയുടെ ഹൃദയ നൊമ്പരങ്ങള്‍ ശ്രദ്ധിച്ചത്. ആകസ്മികമായി കുടുംബത്തില്‍ സംഭവിച്ച ചില കാര്യങ്ങളാല്‍ നീറുന്ന ഷാജിയുടെ മനസ്സറിയാന്‍ ബാബുവിനായി. അന്ന് വൈകിട്ടുതന്നെ ബാബു ഭാര്യ ഷാലറ്റിനോടൊപ്പം ഷാജിയുടെ വീട്ടിലെത്തി. ഷാജിയും കുടുംബവുമായി സമയം ചെലവിട്ടു. ഒന്നിച്ചു കുടുംബ പ്രാര്‍ഥനയില്‍ പങ്കെടുത്തു.പിറ്റേ ദിവസം വാട്ട്‌സാപ്പ്ഗ്രൂപ്പില്‍ ഷാജി എഴുതി. ”നാളുകളായി ഹൃദയത്തില്‍ കൊണ്ടുനടന്ന ഭാരം ഇറക്കി വയ്ക്കാന്‍ ബാബു എന്നെ സഹായിച്ചു. ശാന്തമാകാന്‍, നാളുകളായി ഒറ്റയ്ക്കു ശ്രമിച്ചുപരാജയപ്പെട്ടതാണ് ഞാന്‍.” കൂടെ നടക്കുന്നവന്‍ വീഴുമ്പോള്‍ എഴുന്നേറ്റു വരാന്‍ കൈകള്‍ നീട്ടി കൊടുക്കുമ്പോഴാണ് ബന്ധത്തിന്റെ ആഴം അറിയാന്‍ കഴിയുക.

താത്പര്യം ഉളളവരെ മാത്രം ചേര്‍ത്തു നിറുത്തിയും, വ്യത്യസ്തമായി അഭിപ്രായം പറയുന്നവരെ അകറ്റി നിറുത്തിയും നവസമൂഹം സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്നവരെയാണ് നാമിന്നു കാണുന്നത്. കാര്യം കാണാന്‍ ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ഉപയോഗം കഴിഞ്ഞാല്‍ ഉപേക്ഷിച്ചും കളയേണ്ടതല്ല ബന്ധങ്ങള്‍. ശരീരത്തിലെ അവയവങ്ങള്‍ പലതാണെങ്കിലും അവ എത്ര നിസ്സാരമാണെങ്കിലും അവയുടെ ധര്‍മങ്ങള്‍ ശരിയായി നിര്‍വഹിക്കുമ്പോഴാണ് പൂര്‍ണത കൈവരുന്നത്.പരസ്പര ആശ്രയവും ബഹുമാനവും പുലര്‍ത്തുന്ന ബന്ധങ്ങളിലാണ് ‘നല്ല അയല്‍ക്കാര്‍’ ഉണ്ടാകുന്നതും.

അസാധാരണമായ ഈ കാലഘട്ടത്തില്‍ സാധാരണ മനുഷ്യര്‍ അനുഭവിക്കുന്ന രോഗങ്ങളിലും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളിലും പ്രത്യേകിച്ച്, തീരദേശത്ത് താമസിക്കുന്നവര്‍ നേരിടുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്കിടയിലും കൈയും മെയ്യും മറന്ന് യുവജനങ്ങള്‍ ‘നല്ല അയല്‍ക്കാര്‍’ ആകുന്നതും എടുത്തു പറയേണ്ട നിസ്വാര്‍ഥ സേവനങ്ങളാണ്.

നിസ്സഹായതയുടെയും നിരാശയുടെയും മഴക്കാറുകള്‍ക്കിടയില്‍ ‘നല്ല അയല്‍ക്കാര്‍’ തെളിക്കുന്ന കൈത്താങ്ങിന്റെയും പ്രത്യാശയുടെയും പ്രകാശകിരണങ്ങള്‍ നല്ലൊരു നാളേയ്ക്കുളള പ്രതീക്ഷയായി നമ്മെ നയിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here


 

എഡിറ്റര്‍-ഇന്‍-ചീഫ്
jjadvocatesjy@gmail.com