മതബോധന സിലബസ് വിശ്വാസം ത്യജിക്കുന്നതിനു കാരണമോ ?

ഈയടുത്ത നാളില്‍ ഷെക്കെയ്‌ന ചാനലില്‍ വന്ന ഒരു ചര്‍ച്ച, വിശ്വാസം ഉപേക്ഷിച്ച്മറ്റു മതങ്ങളിലേക്കു ചേക്കേറുന്നതിന്റെ അടിസ്ഥാന കാരണം കണ്ടെത്തുകയെന്നതായിരുന്നു. പ്രത്യേകിച്ചും വസ്ത്രം ഊരിമാറ്റുന്നതു പോലെ, അനേകം പെണ്‍കുട്ടികള്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചു പോകുമ്പോള്‍ വിശ്വാസ കൈമാറ്റത്തില്‍ സഭയിലെന്തെങ്കിലും വീഴ്ച പറ്റുന്നുണ്ടോയെന്നു ചിന്തിക്കേണ്ടതുണ്ട്.

നിലവിലുള്ള മതബോധന പുസ്തകങ്ങളുടെ അപര്യാപ്തതയും ചര്‍ച്ചയില്‍ ഉയര്‍ന്നു കേട്ടു.അക്കാദമിക മികവു പുലര്‍ത്തുന്നതാണെന്ന് രചയിതാക്കള്‍ അവകാശപ്പെടുമ്പോഴും വിശ്വാസത്തെ ആഴത്തില്‍ ഹൃദയത്തിലേറ്റു വാങ്ങാന്‍ പര്യാപ്തമാണോയെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. 12 കൊല്ലം വിശ്വാസ പരിശീലനം നടത്തിയിട്ടും യേശുവിന്റെ അനന്യതയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ എവിടെയോ ഒരു കുറവുണ്ട്. സീറോ-മലബാര്‍ സഭയില്‍ 12-ാം ക്ലാസ്സിലെ പുസ്തകത്തില്‍ മതങ്ങളെപ്പറ്റിയുള്ള പാഠം പഠിക്കുന്ന ഒരു കുട്ടിക്ക് എല്ലാ മതങ്ങളും ഒരുപോലെയാണെന്ന തോന്നലേ ഉണ്ടാവുകയുള്ളൂ. ഇതിനകം ഈ പാഠം വിവാദവിഷയമായി മാറിയിട്ടുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ക്കു യോജിച്ച ഒരു പാഠപുസ്തകമാണ് ഇതെന്നു പറയാന്‍ കഴിയില്ല.

ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാന ശില ദൈവസ്‌നേഹവും പരസ്‌നേഹവും ആണെങ്കിലും പ്രായോഗികമായി പത്തു കല്പനകളുടെ അനുഷ്ഠാനമാണല്ലോ അനുദിന ജീവിതത്തെ ക്രിസ്തീയതയില്‍നിലനിറുത്തുന്നത്. ഇതിലൂടെ യേശു വിഭാവനം ചെയ്ത സ്വര്‍ഗോന്മുഖ ജീവിതത്തിലെത്തിച്ചേരാന്‍ നമുക്കു കഴിയും. എന്നാല്‍,പത്തു കല്പനകള്‍ വളരെ ലളിതമായിതാഴ്ന്ന ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നുവെന്നല്ലാതെ മുതിര്‍ന്ന ക്ലാസ്സുകളില്‍ ഇതിനെപ്പറ്റി വിശദീകരണമില്ല. ഒന്നാം പ്രമാണം വ്യക്തമായി മനസ്സിലാക്കിയ ഒരാള്‍ മറ്റു മതത്തിലേക്കു പോകാന്‍ തീര്‍ച്ചയായും മടികാണിക്കും. ആറാം പ്രമാണമായ വ്യഭിചാരംചെയ്യരുത് എന്നതിന്റെ വ്യാഖ്യാനം വിശദമായി മനസ്സിലാക്കുന്ന ഒരു വ്യക്തി വിവാഹത്തിനു മുന്‍പുള്ള ലൈംഗികത സ്വജീവിതത്തില്‍ സ്വീകരിക്കില്ല.

അതുപോലെ, എല്ലാ പാഠപുസ്തകങ്ങളും എടുത്തു നോക്കിയാല്‍ ഏതാനും ദൈവവചനങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ കൊടുത്തിട്ടുണ്ടെങ്കിലും ബൈബിളിന്റെ മഹത്വത്തെപ്പറ്റിയുള്ള പഠനം കുറവാണ്. കുട്ടികള്‍ക്കു ദൈവശാസ്ത്രമല്ല വേണ്ടത്; ദൈവാനുഭവമാണ് ഉള്ളില്‍ നിറയേണ്ടത്. മനുഷ്യ രക്ഷയ്ക്കായി ഒരേയൊരു വ്യക്തി ദൈവമായ യേശുവാണെന്നു ബോധ്യമുണ്ടാകണം.

സ്‌കൂള്‍ തലത്തിലെപ്പോലെ മാര്‍ക്ക് അടിസ്ഥാനമായ ഇന്നത്തെ പഠന രീതി മാറണം. ഈയടുത്ത നാളുകളില്‍ ദൈവജനത്തെപിടിച്ചു നിറുത്തിയത് ഡോക്ടറേറ്റുള്ള ദൈവശാസ്ത്രജ്ഞന്മാരല്ലെ എന്നോര്‍ക്കണം.സാങ്കേതികത്വം പറഞ്ഞ് സിലബസ് നവീകരിക്കാന്‍ മടി കാണിക്കുന്ന ഉത്തരവാദിത്വപ്പെട്ടവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്,സാധാരണ ഒരു വാക്‌സിന്‍ കണ്ടുപിടിക്കുന്നത് ഏഴെട്ടു വര്‍ഷത്തെ ഗവേഷണഫലമായാണ്. എന്നാല്‍, കോവിഡിന് ധൃുതഗതിയില്‍ ഏഴെട്ടു മാസങ്ങള്‍ക്കുള്ളില്‍വാക്‌സിന്‍ കണ്ടെത്തി.

കാലിന്‍ചുവട്ടില്‍ നിന്ന് മണ്ണ് ഏറെ ഒഴുകിപ്പോയി. ഇനിയെങ്കിലും വിശ്വാസത്തില്‍ സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ താമസിയാതെ അടിതെറ്റി വീഴും. ഇത് പരസ്യമായി അംഗീകരിക്കാന്‍ പോലും അധികം പേരും തയ്യാറല്ല. ഈ നിസ്സംഗത അപകടകരമാണ്. ഒരു ക്രിസ്തീയ ചാനലും കുറേ വാട്ട്‌സാപ്പ് ഗ്രൂപ്പുകളും മാത്രം ചര്‍ച്ച ചെയ്തതുകൊണ്ടു മാത്രം തീരുന്ന പ്രശ്‌നമല്ലിത്. വിഷസര്‍പ്പങ്ങള്‍ ഫണമുയര്‍ത്തി ഓരോരുത്തരുടെയും കാലുകള്‍ക്കു ചുറ്റുമുണ്ട്. യേശു മാത്രമാണ് ഏക രക്ഷകന്‍ എന്നുള്ള വിശ്വാസമാകുന്ന ചെരുപ്പു ധരിക്കാത്ത ഏവരെയും അതു കൊത്തും. സര്‍പ്പദംശനത്തില്‍നിന്നു രക്ഷ നേടാന്‍ മോശ മരുഭൂമിയിലുയര്‍ത്തിയ പിത്തള സര്‍പ്പത്തെപ്പോലെ നമ്മുടെ കുഞ്ഞുങ്ങളുടെ മുന്‍പിലേക്ക് വിശ്വാസത്തിന്റെ പിത്തള സര്‍പ്പവുമായി ഉത്തരവാദിത്വപ്പെട്ടവര്‍ ഉടന്‍കടന്നു വരണം. ഇല്ലെങ്കില്‍, പശ്ചിമേഷ്യയിലെ ചരിത്രം ഇവിടെയും ആവര്‍ത്തിക്കും.

സ്വവര്‍ഗ വിവാഹം എന്നത് സഭയിലില്ല

ഒരേ ബന്ധത്തില്‍പ്പെട്ടവരുടെ ബന്ധത്തെആശീര്‍വദിക്കാന്‍ സഭയ്ക്ക് അധികാരമില്ലെന്നും അത്തരം വിവാഹങ്ങള്‍ അന്യായമാണെന്നും വിശ്വാസ തിരുസംഘം പ്രഖ്യാപിച്ചു. സ്വവര്‍ഗ വിവാഹിതരോടുള്ള മനോഭാവത്തെപ്പറ്റി മാര്‍പാപ്പയുടെ ചില അഭിപ്രായങ്ങള്‍ ചിലരെങ്കിലും തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഇത്തരമൊരു അറിയിപ്പുണ്ടായത്. വിശ്വാസ തിരുസംഘത്തിന്റെപ്രീഫെക്ട് കര്‍ദിനാള്‍ ലൂയി ഫ്രാങ്കോ ലദാരിയ ഫെററും സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ജാക്കൊമൊ മൊറാന്ദിയും ഒപ്പുവച്ച രേഖയിലാണിതു വ്യക്തമായിരിക്കുന്നത് (ഒസ്സെര്‍വത്തോരെ റൊമാനോ – മാര്‍ച്ച് 26)

ഇത്തരം ബന്ധങ്ങളില്‍ ആശീര്‍വാദംനല്‍കാതിരിക്കുന്നത് വ്യക്തികളോടുള്ള നിഷേധപരമായ നിലപാടല്ല. അവരെ ആദരവോടെയും സഹതാപത്തോടെയും സംവേദന ക്ഷമതയോടും കൂടി അംഗീകരിക്കുകയും ആദരിക്കുകയും വേണം. വിവേചനത്തിന്റെ അടയാളങ്ങള്‍ അവരോടു കാണിക്കരുതെന്നു സാരം.

വിവാഹ ആശീര്‍വാദം കൗദാശികപരമായ ഒന്നാണ്. ദൈവിക നിയമങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തിയതിനു മാത്രമാണ് കൃപയുടെ സ്വീകരണത്തിനു യോഗ്യമായിട്ടുള്ളത്. വിവാഹ ബന്ധത്തിനു പുറത്ത് എത്രമാത്രം സുദൃഢമായ ബന്ധമാണെങ്കില്‍ക്കൂടി
ലൈംഗികത ദൈവിക പദ്ധതിക്കു നിരക്കുന്നതല്ല. സ്വവര്‍ഗത്തില്‍പെട്ട ദമ്പതികള്‍ക്കു മാത്രമല്ല, വിവാഹത്തിനു പുറത്ത്ലൈംഗിക ബന്ധം ഉണ്ടാകുന്ന എല്ലാ ബന്ധങ്ങള്‍ക്കും ഇതു ബാധകമാണ്.

വിശ്വാസ തിരുസംഘം വ്യക്തമാക്കിയ മറ്റൊരു കാര്യമിതാണ്: സ്വവര്‍ഗാനുരാഗ പ്രവണതയുള്ള എന്നാല്‍ ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട പദ്ധതികളോട് വിശ്വസ്തരായി ജീവിക്കുന്നതിനുള്ള ഇച്ഛാശക്തിപ്രകടമാക്കുന്ന വ്യക്തികള്‍ക്ക് ആശീര്‍വാദം നല്‍കാം. എന്നാല്‍, അത്തരം ബന്ധങ്ങളെഅംഗീകരിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന ഏതു രീതിയിലുള്ള ആശീര്‍വാദവുംനിയമവിരുദ്ധമാണ്. ചുരുക്കത്തില്‍, ഇത്തരം പ്രവണതകളില്‍പെട്ട വ്യക്തിയെ അല്ല,പ്രവൃത്തിയെ ആണ് സഭ എതിര്‍ക്കുന്നത്. ദൈവിക പദ്ധതിയിലേക്കു തിരിച്ചു വരാനുള്ളവ്യക്തികളെ സഭ പ്രോത്സാഹിപ്പിക്കുന്നു. അവര്‍ പുറംതള്ളപ്പെടേണ്ടവരും വെറുക്കപ്പെടേണ്ടവരും മാറ്റിനിറുത്തപ്പെടേണ്ടവരുമല്ലായെന്നു സാരം.

മേയ് 2 വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേയ്ക്ക്

കേരള ക്രൈസ്തവര്‍ ഇനിയും അനുകരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ഒന്നാണ് വിശുദ്ധ പദവിയിലേക്കുയരുന്ന വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെചരിത്രം. സുവിശേഷത്തിനു വേണ്ടി അദ്ദേഹം അനുഭവി ച്ച യാതനകള്‍ അതികഠിനമാണ്. അദ്ദേഹം ജനി ച്ച കന്യാകുമാരി ജില്ലയിലെ നട്ടാലം, മരി ച്ചു വീണ ആരുള്‍വായ്‌മൊഴിയിലെ കാറ്റാടിമല, മുട്ടിടിച്ചാന്‍ പാറ, മൃതദേഹം അടക്കം ചെയ്ത കോട്ടാറിലെ ദേവാലയം എന്നിവ സന്ദര്‍ശിക്കുന്നത് ഏറെ ആത്മീയോണര്‍വിനു സഹായകരമാണ്. 1712 ഏപ്രില്‍ 23-ന് ജനി ച്ച നീലകണ്ഠപിള്ള 1745-ല്‍ ക്രിസ്തുമതം സ്വീകരി ച്ചു. ലാസര്‍ എന്ന പേരാണ് അദ്ദേഹം സ്വീകരി ച്ചത്.

തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ഉന്നത പദവി അലങ്കരിച്ചിരുന്ന അദ്ദേ ത്തിന്റെ മതം മാറ്റം വലിയ വിവാദമാവുകയും അദ്ദേഹത്തിനെതിരെ പല കുറ്റങ്ങളും ചുമത്തുകയും ചെയ്തു. രാജകീയ പദവിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. അതികഠിനമായ പീഡനത്തിലൂടെ അദ്ദേഹത്തിനു കടന്നു പോകേണ്ടി വന്നു. ഏഴുവര്‍ഷത്തെ പീഡാനുഭവത്തിനൊടുവില്‍ തിരുനല്‍വേലിക്കടുത്തുള്ള കാറ്റാടിമലയില്‍ വ ച്ച് അദ്ദേഹം രക്തസാക്ഷിയായി. 1752 ജനുവരി 14-ന് ആണ് ഇതു സംഭവി ച്ചത്.

ക്രിസ്തീയ വിശ്വാസം നിലനിറു ത്തുവാന്‍ വേണ്ടി അദ്ദേഹം സഹി ച്ച ക്രൂരതകള്‍ വര്‍ണനാതീതമാണ്. വിശുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ചരിത്രം മനസ്സിലാക്കുന്നതും ആത്മീയ തീക്ഷ്ണത കൈവരിക്കാന്‍ ഏറെ സഹായകമാണ്. ഇനി നമ്മുടെ യാത്ര അവിടേക്കുമാകട്ടെ.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here


 

പ്രഭാഷകനും, വിവിധഗ്രന്ഥങ്ങളുടെ രചയിതാവുമാണ്
sunnykokkappillil@gmail.com