യുക്തിവാദികളുടെ പ്രഭാഷണങ്ങള്‍, സഭയെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍, സ്വതന്ത്രചിന്തകരുടെ ആശയങ്ങള്‍, കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ധ്യാനഗുരുക്കന്മാരുടെ തോന്നുംപടിയുള്ള വ്യാഖ്യാനങ്ങള്‍.. ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ച് വിശ്വാസ ജീവിതം ദുരിതപൂര്‍ണമാകാന്‍ ഇത്രയുമൊക്കെ മതിയല്ലോ.സത്യത്തില്‍ ഇതൊന്നും പുതുമയുള്ള കാര്യങ്ങളേയല്ല. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ വരവോടെ ഇതെല്ലാം നമ്മുടെ മുന്നിലേക്ക് തടയില്ലാതെ ഒഴുകിയെത്തുന്നുവെന്നു മാത്രം. വര്‍ഷങ്ങളുടെ മതപഠനവും ബൈബിള്‍ വായനയും കുര്‍ബാനയ്ക്കിടയിലുള്ള പ്രഭാഷണങ്ങളുമെല്ലാം കഴിഞ്ഞിട്ടും ആരുടെയെങ്കിലും ഇരുപതോ മുപ്പതോ മിനിട്ടുള്ള യൂട്യൂബ് വിഡിയോകൊണ്ട് നമ്മള്‍ ഇത്രയും ആടിയുലയുന്നത് എന്തുകൊണ്ടാകും ധ്യാനഗുരുക്കന്മാരുടെ തെറ്റായ തോന്നലുകള്‍ക്ക് നമ്മള്‍ ഇത്രയുംഅടിപ്പെടുന്നതെന്തുകൊണ്ടാകും ? ‘നീ എന്തു വിശ്വസിക്കുന്നുവെന്ന് നീ അറിഞ്ഞിരിക്കണം. നീ വിശ്വാസത്തില്‍ നിന്റെ മാതാപിതാക്കളുടെ തലമുറയേക്കാള്‍ ആഴത്തില്‍ വേരുറയ്ക്കണം.’ യുവജന മതബോധന ഗ്രന്ഥത്തിന്റെ (യുകാറ്റ്) മുഖവുരയിലാണ് ബനഡിക്ട് മാര്‍പാപ്പ ഈ വരികള്‍ കുറിച്ചത്. വിശ്വാസ സംബന്ധമായ അറിവില്ലായ്മയാണ് ഇവിടത്തെ പ്രശ്‌നമെന്നു തോന്നുന്നു. സത്യത്തില്‍ കത്തോലിക്കാ സഭയില്‍ ഇങ്ങനെയൊരു പ്രതിസന്ധിഉണ്ടാകാന്‍ പാടില്ലാത്തതാണ്. ശക്തമായ പാരമ്പര്യം, വിശ്വാസം സംബന്ധിച്ച വ്യക്തമായ രേഖപ്പെടുത്തലുകള്‍, ഓരോന്നും വ്യാഖ്യാനിക്കാന്‍ ആഗോളതലത്തിലുള്ളഔദ്യോഗിക സംവിധാനങ്ങള്‍.. എന്നിട്ടും അറിവിന്റെ ദാരിദ്ര്യം നാം അനുഭവിക്കുന്നു.

വിശ്വാസികള്‍ക്കിടയില്‍ വിശ്വാസത്തെക്കുറിച്ചുള്ള അറിവില്ലായ്മ പരിഹരിക്കാന്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം നടന്ന പരിശ്രമങ്ങളുടെ ഫലമായിരുന്നല്ലോ 1992-ല്‍ പുറത്തിറങ്ങിയ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (സിസിസി).
വിശ്വാസിയായിരിക്കുന്നതു യുക്തിപൂര്‍വകമോ എന്നൊരു വലിയ ചോദ്യത്തിനുള്ള ഉത്തരംകൂടിയായിരുന്നു ആ പുസ്തകം. രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം അതിന്റെ യുവജന പതിപ്പും പുറത്തിറങ്ങി. യുകാറ്റ് എന്ന പേരില്‍. ഈ രണ്ടുഗ്രന്ഥങ്ങളും നിലവിലുണ്ടെന്നയാഥാര്‍ഥ്യം സഭാ സംവിധാനങ്ങളും വിശ്വാസികളും മറന്നിട്ടുണ്ടാകുമോ എന്നതാണ് പ്രസക്തമായ ഒരു ചോദ്യം. അല്ലെങ്കില്‍ ഇവയെ കൂടുതല്‍ പൊതു സമൂഹത്തിലേക്ക് എത്തിക്കാനായി ഒരു സംവിധാനവും നമുക്കില്ലെന്നു സമ്മതിക്കേണ്ടിവരും.

ആത്മീയതയെ വൈകാരികതയുടെ മാത്രം തലത്തില്‍ കൊണ്ടുപോയി തളച്ചിട്ടതിന്റെ ഫലമായിരിക്കാം ഒരുപക്ഷേ, നമ്മള്‍ ഇന്ന് അനുഭവിക്കുന്ന ഈ പ്രതിസന്ധി. വിശ്വസിക്കുന്നതിനെക്കുറിച്ച് നമുക്ക് അറിവില്ലാതെ വരുന്നു. മഹാനായ വിശുദ്ധ ആല്‍ബര്‍ട്ട് പറയുന്നത് മനുഷ്യന്റെ ഏറ്റവും ശ്രേഷ്ഠമായ ശക്തി യുക്തിയാണെന്നും യുക്തിയുടെ ഏറ്റവും ഉന്നതമായ ലക്ഷ്യം ദൈവത്തെഅംഗീകരിക്കുകയാണെന്നുമാണ്. വിശ്വസിക്കുകയെന്നത്യുക്തിപൂര്‍വകമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ വിശ്വസിക്കാന്‍ മനസ്സാകുകയില്ല എന്ന് വിശുദ്ധ തോമസ് അക്വിനാസും പറയുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഇക്കാലത്ത് നമ്മള്‍ വിശ്വാസം സംബന്ധിച്ച പഠനം നടത്തേണ്ടത് എത്രയോ അത്യാവശ്യമായിരിക്കുന്നു.

കത്തോലിക്കനായി ജീവിക്കുമ്പോള്‍ വിശ്വാസ സത്യങ്ങളെക്കുറിച്ചുള്ള അറിവുണ്ടാകുകയും വിവിധ സാമൂഹിക, ധാര്‍മിക വിഷയങ്ങളിലുള്ള സഭയുടെ നിലപാടുകളെക്കുറിച്ച് വ്യക്തതയുണ്ടാകുകയും വേണം. വിശ്വാസി സമൂഹത്തെ ഇത്തരത്തില്‍ ഒരുക്കേണ്ട ചുമതലയില്‍നിന്ന് സഭാ സംവിധാനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകുമോ ? തീര്‍ഥാടന കേന്ദ്രങ്ങളെ കൂടുതല്‍ പോപ്പുലറൈസ് ചെയ്യാനും ധ്യാനങ്ങളെയും ധ്യാനകേന്ദ്രങ്ങളെയും മാര്‍ക്കറ്റ് ചെയ്യാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇതുകൂടി നമ്മള്‍ ഉറപ്പാക്കേണ്ടേ ? സഭയുടെവിശുദ്ധമായ പാരമ്പര്യവും ഏതു ബൗദ്ധിക തലത്തിലും ചര്‍ച്ച നടത്താന്‍ പാകത്തിനുള്ള ജ്ഞാനശേഖരങ്ങളുമെല്ലാം സെമിനാരികളുടെ ലൈബ്രറിയില്‍ പൂട്ടിവച്ചാല്‍ മാത്രം മതിയോ ?

വിശ്വാസത്തെ സംബന്ധിച്ച അറിവ് തടസ്സമില്ലാതെ വിശ്വാസിസമൂഹത്തിലേക്കും പൊതു സമൂഹത്തിലേക്കും ഒഴുക്കേണ്ട കാലമായി. സ്വാതന്ത്ര്യം നല്‍കുന്ന സത്യത്തിലേക്ക് വിശ്വാസികളെ കൈപിടിച്ചു നടത്തിയേ പറ്റൂ. എല്ലാ സംവിധാനങ്ങളും ഇതിനായി ഉണരണം. സോഷ്യല്‍മീഡിയയുംഞായറാഴ്ച പ്രസംഗവേദികളും വേദപാഠ ക്ലാസ്സുകളുമെല്ലാം അതിനായി ഉപയോഗിക്കണം. സഭയുടെ പഠനങ്ങളറിയാന്‍ ചട്ടപ്പടിയുള്ള ഏതെങ്കിലും കോഴ്‌സ് പഠിച്ചേപറ്റൂവെന്നതാകരുത് സാഹചര്യം. ചോറും കറിയും വയ്ക്കുമ്പോഴും വണ്ടിയോടിക്കുമ്പോഴും റബര്‍ ടാപ്പിങ്ങിനിടിയിലും മീന്‍പിടിക്കാന്‍ പോകുമ്പോഴും ഓഫീസിലിരിക്കുമ്പോഴുമെല്ലാം ആര്‍ക്കും അത് സാധിക്കണം. വിദ്യാഭ്യാസത്തിന്റെഏതുതലത്തില്‍ നില്‍ക്കുന്നയാളുടെ സംശയങ്ങള്‍ തീര്‍ക്കാനും സഭാ സംവിധാനത്തിനു കഴിയണം. കാരണം അത്രമാത്രം ചോദ്യങ്ങള്‍ നമുക്കുചുറ്റും ഉയരുകയാണ്. ഉത്തരങ്ങളുടെ ഭണ്ഡാരത്തെ അടക്കം ചെയ്തുവച്ചിട്ട് നമ്മള്‍ അതിനുമുകളില്‍നിന്ന് ചോദ്യങ്ങളെ നോക്കി ഭയപ്പെടുന്നു. ചോദ്യങ്ങള്‍ക്കു മുന്‍പില്‍ വീഴുന്നു. അല്ലെങ്കില്‍ചോദ്യം ചോദിക്കുന്നവരെ ദൈവം ശിക്ഷിക്കുമെന്ന്
പറഞ്ഞു തടിതപ്പുന്നു.

ചില ശുഭസൂചകമായ ചുവടുവയ്പുകളെ കണ്ടില്ലെന്നു നടിക്കുന്നില്ല. ചില വൈദികരും അല്‍മായരുമെല്ലാം വിശ്വാസസത്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായി ചില പ്ലാറ്റ്‌ഫോമുകള്‍ തുറന്നിട്ടുണ്ട്. എറണാകുളംകാരനായ ആന്റണി സച്ചിന്‍ തുടക്കമിട്ട കാത്തലിക് വൈബ്‌സ്((CATHOLIC VIBES) ) എന്ന യൂട്യൂബ് ചാനല്‍ മലയാളത്തില്‍ അത്തരത്തിലുള്ള നല്ലൊരു സാധ്യതയാണെന്നു പറയാം.

സഭയ്ക്കുവേണ്ടി നിലകൊള്ളുകയെന്നു പറഞ്ഞാല്‍ സഭയുമായി ബന്ധപ്പെട്ടവര്‍ കേസില്‍പ്പെട്ടാല്‍ അവര്‍ക്കുവേണ്ടിപ്രതിരോധം തീര്‍ക്കുക എന്നതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു കൂട്ടരുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കാണിച്ചുതരുന്നത്. വിശ്വാസ സംരക്ഷണത്തിനുള്ള എളുപ്പവഴിയായി ചിലര്‍ അതിനെ കാണുന്നുണ്ടാകും. എന്നാല്‍, സത്യം തങ്ങളുടെ ഭാഗത്തല്ലെങ്കില്‍ ആ ശ്രമം എത്രയോ പരിഹാസ്യമാണെന്ന് അവര്‍ക്കു മനസ്സിലായില്ലെങ്കിലും നാട്ടുകാര്‍ക്ക് മനസ്സിലാകും. അതുപോലെ ഒരു തയാറെടുപ്പുമില്ലാതെ സഭയുടെ വിമര്‍ശകരുമായി സംവാദത്തിലേര്‍പ്പെടുന്നതും ആത്മഹത്യാപരമാണെന്നതില്‍ സംശയമില്ല.

സോഷ്യല്‍ മീഡിയയില്‍ പുതിയ വാദങ്ങളുമായി പുതിയ ആളുകള്‍ വന്നേക്കാം. എല്ലാവര്‍ക്കും മറുപടി നല്‍കാനോ തിരുത്താനോ നമുക്കാകില്ല. ഏറ്റവും പ്രധാനം വിശ്വാസി സമൂഹത്തിന്റെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുകയെന്നതുതന്നെയാണ്. തങ്ങളുടെ മാതാപിതാക്കളേക്കാള്‍ വിശ്വാസത്തില്‍ ആഴപ്പെടുന്നവരായി ഇന്നത്തെ തലമുറയെ മാറ്റുക. അപ്പോള്‍ യുക്തിവാദികളുടെയോ സ്വതന്ത്രചിന്തകരുടെയോ വാദങ്ങള്‍ അവരെ തകര്‍ക്കില്ല. രക്ഷകന്റെ മിഷന്‍ ഈഭൂമിയില്‍ തുടരാന്‍ നമുക്ക് പഠിച്ചും പ്രാര്‍ഥിച്ചും തയാറെടുത്തേപറ്റൂ.


Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here