ഒരു ജനതയുടെ ഹൃദയത്തുടി പ്പുകള്‍ തൊട്ടറിഞ്ഞുള്ള വൈദികരുടെ സമര്‍പ്പണ യാത്രാനുഭവങ്ങള്‍. 'നാഗാലാന്‍ഡിന്റെ നാട്ടുവഴികളിലൂടെ' എന്ന കഴിഞ്ഞ ലക്കം മിഷന്‍ അനുഭവങ്ങളുടെ രണ്ടാം ഭാഗം

ഇവിടെയുള്ളവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍, ഈ ഗ്രാമങ്ങളിലേക്കുള്ളപതിവ് സന്ദര്‍ശനങ്ങള്‍ എന്നെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ കുട്ടികളെ ദൂരേക്കയക്കുവാനും ഫീസ് നല്‍കുവാനും അവര്‍ വളരെപാടുപെടുന്നുണ്ടായിരുന്നു. ഇടവകയില്‍ നിന്ന് പഠനകാര്യങ്ങള്‍ക്കായുള്ള ഇളവുകളും ഹോസ്റ്റല്‍ താമസത്തിനായുള്ള ആനുകൂല്യങ്ങളും നല്‍കിയിരുന്നു. എന്നിരുന്നാലും എല്ലാവരെയുംഇത്തരത്തില്‍ സഹായിക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നത് സങ്കടമുളവാക്കുന്നുണ്ട്.

ഇത്തരം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കായി സ്വയം സഹായ സംഘങ്ങള്‍ തുടങ്ങുകയും രൂപത സാമൂഹികസേവന കേന്ദ്രത്തിന്റെ സഹായത്തോടെ ആടുകള്‍, പന്നികള്‍ തുടങ്ങിയ കന്നുകാലികളെ വിതരണം ചെയ്യുകയും ചെയ്തു. വരുമാനം ഉണ്ടാക്കുന്നതിനുള്ള മാര്‍ഗമായി സോപ്പുപൊടി, കൂണ്‍കൃഷി തുടങ്ങിയവ ഗ്രാമീണരെ പഠിപ്പിക്കാന്‍ ഞങ്ങളുടെ സാമൂഹിക സേവന കേന്ദ്രത്തില്‍നിന്ന് റിസോഴ്‌സായിട്ടുള്ള വ്യക്തികളെ അയക്കുന്നുണ്ടായിരുന്നു. പലപ്പോഴും ഈ ഗ്രാമങ്ങളിലേക്കുള്ള ഞങ്ങളുടെ യാത്രകളില്‍ പട്ടണങ്ങളില്‍ നിന്നുള്ള ചില കുട്ടികളെയും ഞങ്ങള്‍ ഞങ്ങളോടൊപ്പം കൂട്ടി. കൂടെ പഠിക്കുന്ന കുട്ടികളുടെ യഥാര്‍ഥ ജീവിതവും ദാരിദ്ര്യവുമൊക്കെ കണ്ടു മനസ്സിലാക്കുന്നതിനായിരുന്നു അത്. അവരെ കാര്യമായി സഹായിക്കാനായില്ലെങ്കിലും ഇത്തരം കുട്ടികളോട് അനുകമ്പയോടെ വര്‍ത്തിക്കാന്‍ അവര്‍ക്കാവുമല്ലോ.പള്ളി മുന്‍കൈയെടുത്ത് ആ ഗ്രാമല്‍ ഒരു പ്രൈമറി സ്‌കൂള്‍ ആരംഭിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇത്തരം റിമോട്ടായിട്ടുള്ള ഗ്രാമങ്ങളില്‍ പഠിപ്പിക്കാന്‍ അധ്യാപകരെ കിട്ടാത്തതിനാല്‍ തുടരാനായില്ല.

ശുശ്രൂഷയ്ക്കായി ഞാന്‍ പോകുന്നമറ്റൊരു ഇടവകയില്‍ ഒരു മുത്തശ്ശിക്ക് ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് കണ്ട് ഒരു ദിവസം കുറച്ചു ചെറുപ്പക്കാരുമായി ഞാന്‍ അവരെ സഹായിക്കാന്‍ ചെന്നു.ജോലിചെയ്യുന്ന വയലിലേക്ക് ഞങ്ങളെകൊണ്ടുപോകാന്‍ അവര്‍ തയ്യാറാകാതിരുന്നതിന്റെ കാരണം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. സഹായിക്കാന്‍ ചെന്നിരിക്കുന്ന ഞങ്ങളെ സ്വീകരിക്കാനോ ഒരു നേരത്തെഭക്ഷണം നല്‍കാനോ ഉള്ളവക അവര്‍ക്ക് അവിടെനിന്ന് കിട്ടില്ലായെന്നുള്ള തിരിച്ചറിവില്‍നിന്നാണ് ഞങ്ങളെ കൂടെക്കൂട്ടാന്‍ അവര്‍ വിസമ്മതിച്ചത്. സാധാരണ ജനങ്ങളുടെ ദാരിദ്ര്യത്തിന്റെ യഥാര്‍ഥ മുഖം കാണുവാനിടയായത് അങ്ങനെയാണ്.

ഇപ്പോള്‍ ഞാന്‍ ലഘൂട്ടി എന്ന ഗ്രാമത്തിലെ ഇടവക പുരോഹിതനാണ്.കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന ഈ സംസ്ഥാനത്തെ ആദ്യത്തെ സ്ഥലമായതിനാല്‍ നാഗാലാന്‍ഡിലെ കത്തോലിക്ക വിശ്വാസത്തിന്റെ തൊട്ടില്‍ എന്നാണ് ലഘൂട്ടി അറിയപ്പെടുന്നത്. ഒരിക്കല്‍ കത്തോലിക്കാ സഭയെ കുറിച്ച് കേട്ടറിഞ്ഞ മൂന്നുപേര്‍ വളരെ താത്പര്യപൂര്‍വം മൂന്നര മണിക്കൂര്‍ യാത്ര ചെയ്തു അസമിലെ ഗോല്ഘട്ടത്തിലേക്ക് നടന്നു. യാത്ര ചെയ്ത അവര്‍ അവിടെയുള്ള കത്തോലിക്കാ മിഷണറിമാരെ കണ്ടെത്തുകയും അവിടെ നിന്ന് സ്‌നാനം സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ ഇടവകയില്‍ 1598 കത്തോലിക്കര്‍ താമസിക്കുന്നു.

ലഘൂട്ടിയിലെ എച്ച്.എസ്.എല്‍.സി.കഴിയുന്ന കുട്ടികള്‍ നന്നായി ജീവിക്കുന്നതിനും മറ്റുമായി സൗകര്യമുള്ള മറ്റു പട്ടണങ്ങളിലേക്ക് പോകുന്നതിനാല്‍
ബാക്കിയുള്ള ആളുകള്‍ നിരക്ഷരരും വിദ്യാഭ്യാസം കുറഞ്ഞവരും മാത്രമായിട്ടാണ് അവശേഷിക്കുക. മാത്രമല്ലപ്രായമായവര്‍ തങ്ങളുടെ ഈ നാടുംവീടുമൊക്കെ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് മാറി പോകുവാനും പൊതുവേ താത്പര്യം കാണിക്കാറില്ല.

ലഘൂട്ടിയെ പറ്റി കേട്ട് പരിചയമുള്ള ആളുകള്‍ പൊതുവേ ഇങ്ങോട്ട് വരാന്‍ മടി കാണിക്കുന്നുണ്ട്. കാരണം,സംസ്ഥാനത്തെ ഏറ്റവും മോശമായ റോഡാണ് ലഘൂട്ടിയിലേക്കുള്ള റോഡെന്നാണ് അവര്‍ കണക്കാക്കിയിരിക്കുന്നത്. മഴക്കാലത്ത് ഈ വഴിയുള്ള യാത്ര വലിയൊരു പേടിസ്വപ്നമാണ്. മാത്രമല്ല ഈ നാളുകളില്‍ ആരെങ്കിലും രോഗാവസ്ഥയിലായാല്‍, അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം
നല്‍കുവാനായി ആശുപത്രിയിലെത്തിക്കുക ദുഷ്‌കരവുമാണ്.

നമ്മുടെ ഇടവകയുടെ കീഴില്‍ അഞ്ചു ഗ്രാമങ്ങളാണുള്ളത് (മെകോക്ല, അക്കുക്, ചങ്ക, ന്യൂ അക്കുക്ക്, സണ്‍ഗ്ലപ്പ്). അതില്‍ അക്കുക്, ചങ്ക എന്നീ ഗ്രാമങ്ങളിലേക്ക് മഴക്കാലത്ത് വാഹനത്തില്‍ എത്തിച്ചേരാന്‍ സാധ്യവുമല്ല. അവിടേയ്ക്ക് എത്തുവാനായി ഞങ്ങള്‍ രണ്ടു മണിക്കൂര്‍ നടന്നാണ് ചെല്ലുന്നത്. വളരെ ഉള്‍നാടന്‍ഗ്രാമങ്ങളായതിനാലും യാത്രാസൗകര്യങ്ങള്‍ ഇല്ലാത്തതിനാലും പൊതുവേ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കൃഷി ചെയ്യുവാന്‍ ജനങ്ങള്‍ തയ്യാറല്ല.അതേസമയംതന്നെ മക്കളെ പഠിപ്പിക്കുവാനും നന്നായി ജീവിക്കാനുമൊക്കെ ആഗ്രഹം ഉണ്ടെങ്കിലും ഇത്തരത്തില്‍ പ്രതിബന്ധങ്ങളേറെയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഇവരെ സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും അവരുടെ ജീവിത ശൈലി കാണുമ്പോള്‍ അനുകമ്പ തോന്നും. മുള, പായ്, തടി എന്നിവ കൊണ്ട് നിര്‍മിച്ച ഒന്നോ രണ്ടോ മുറികളുള്ള വീടുകളിലാണ് ഇവരുടെ ലളിതമായ ജീവിതം. എന്നിരുന്നാലും മറ്റ് ആളുകളെ അപേക്ഷിച്ച് ഒരുകൂട്ടായ്മയില്‍ ജീവിക്കുന്ന ജീവിതശൈലിയാണ് ഇവര്‍ക്കുള്ളത്.

ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് ജീവിതമെങ്കിലും കുട്ടികളുടെ കഴിവുകള്‍കാണുമ്പോള്‍ നിശ്ചയമായും നമ്മള്‍ അത്ഭുതപ്പെടും. പള്ളിയുടെ കീഴിലുള്ള സ്‌കൂളുകളില്‍ ഈ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്താനുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എങ്കിലും ഈ കുട്ടികളെ വേണ്ട രീതിയില്‍ പ്രോത്സാഹിപ്പിക്കാനും കഴിവുകള്‍ വളര്‍ത്തി വലിയ നിലയിലെത്തിക്കാനും ആവശ്യമായ അധ്യാപകരെയോ അതിന് പറ്റുന്ന വ്യക്തികളെയോ ലഭിക്കാത്തത് വലിയൊരു പ്രശ്‌നം തന്നെയാണ്.പോരായ്മകളും കുറവുകളും മനസ്സിലാക്കി സഹിഷ്ണുതയോടെ ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഈ ജനതയെ വാര്‍ത്തെടുക്കുവാന്‍ നല്ല അധ്യാപകരെയും പരിശീലകരെയും ഇവിടെ ആവശ്യമുണ്ട്.

കത്തോലിക്കാ വിശ്വാസത്തിലേക്ക് ഇവര്‍ വന്നതോടെ ധാരാളമാളുകള്‍തീക്ഷ്ണതയുള്ളവരായി. വിശ്വാസത്തില്‍ വളരുവാനും മറ്റുമായി മിഷണറിമാരായി സേവനം ചെയ്യുവാന്‍ ആഗ്രഹമുള്ള ആളുകളെ ഇവര്‍ക്ക് ആവശ്യമുണ്ട്. ഇവര്‍ക്കുവേണ്ടി വര്‍ഷത്തിലൊരിക്കലുള്ള ധ്യാനവും മുതിര്‍ന്നവര്‍ക്കായുള്ള മതബോധനവും,കുട്ടികള്‍ക്കുള്ള പതിവ് പരിശീലന ക്ലാസ്സുകളും പുരുഷന്‍മാര്‍, സ്ത്രീകള്‍, യുവാക്കള്‍, കുട്ടികള്‍ എന്നീ എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടിയുള്ള വിവിധ മത്സരങ്ങള്‍ എല്ലാം നമ്മള്‍ ഇവിടെനടത്തുന്നുണ്ട്. ഇടവക ജനങ്ങള്‍ എല്ലാവരും ആഘോഷത്തോടെ ഒരുമിച്ചുകൂടുന്ന ഈ പരിപാടികള്‍ അവര്‍ക്ക് ഏറെ പ്രിയങ്കരമാണ്. ക്രിസ്മസ് നാളുകളില്‍ കരോളിനായി എല്ലാവരും ഒരുമിച്ചു കൂടും. ഞായറാഴ്ചകളില്‍പള്ളിയില്‍ നിറയെ ആളുകളാണ്. ജപമാല ഇവര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ഗ്രാമത്തിലെ രണ്ടു പള്ളികള്‍ പായ കൊണ്ട് നിര്‍മിച്ചവയാണ്, ആയതിനാല്‍ ഏറെ പരിതാപകരമായ അവസ്ഥയിലാണ്. മിഷണറിമാരായ ആളുകള്‍ ഇവിടെ വരുമ്പോള്‍ ഗ്രാമ സന്ദര്‍ശനങ്ങള്‍, വീട് സന്ദര്‍ശനങ്ങള്‍, സ്‌കൂളില്‍ പഠിപ്പിക്കുക, ചികിത്സ ആവശ്യമുള്ളപ്പോള്‍രോഗികളെ ആശുപത്രിയിലെത്തിക്കുക, സാധ്യമായ എല്ലാ വഴികളിലൂടെയും വിശ്വാസം വളര്‍ത്തിയെടുക്കുക എന്നിവയാണ് ചെയ്യുന്നത്.

സന്തോഷകരമായ മറ്റൊരുകാര്യം,വൈകുന്നേരങ്ങളില്‍ ഇവിടെ സന്ദര്‍ശിക്കുമ്പോള്‍ ഒരു ഭവനത്തില്‍നിന്ന് മറ്റൊരു ഭവനത്തിലേക്ക്പോകുംവഴി മിക്കവാറും എല്ലാ വീടുകളില്‍ നിന്നും ജപമാല ചൊല്ലുന്നത് കേള്‍ക്കാമെന്നതാണ്. തികച്ചും ദരിദ്രരായ ആളുകള്‍ക്ക് ചെറിയ വീടുകള്‍ വച്ചു കൊടുക്കുക, തകര്‍ന്നു താഴെ വീഴാറായി നില്‍ക്കുന്ന രണ്ടു ദേവാലയങ്ങള്‍ നന്നായി നിര്‍മിക്കുക എന്നിവയാണ് ഈ നാളുകളിലെ പ്രധാന ഒരു ദൗത്യമായി കാണുന്നത്.

നമ്മുടെ ദൗത്യവും ശുശ്രൂഷകളുമായി മുന്നോട്ടു പോകുമ്പോള്‍ ദൈവംനിരന്തരം കാണിച്ചു തരുന്ന ഒരു കാര്യം, അവന്‍ നമ്മുടെ കൂടെയുണ്ട് എന്നുള്ളതാണ്. കഷ്ടപ്പാടുകളില്‍ ഒരിക്കലും അവന്‍ നമ്മെ കൈവിട്ടിട്ടില്ല. പല രീതിയിലുള്ള എതിര്‍പ്പുകളും തടസ്സങ്ങളും നമുക്ക് മുന്നിലെത്തുമ്പോള്‍ ദൈവം കൂടെ വന്ന് ഇടപെടുകയും ആവശ്യമുള്ള കാര്യങ്ങള്‍ നമുക്കായി ക്രമീകരിക്കുകയും ചെയ്യുന്നത് അത്ഭുതത്തോടെയുംനന്ദി നിറഞ്ഞ ഹൃദയത്തോടെയുമാണ് കാണുന്നത്.

നാഗാലാന്‍ഡിന്റെ നാട്ടുവഴികളിലൂടെയുള്ള ഈ യാത്ര ഇവിടെ തീരുന്നില്ല. ക്രിസ്തുവിന്റെ പ്രകാശവുമായി മിഷണറിമാര്‍ ഇനിയും ഇതുവഴി വരും. ഈ നാടും ഈ നാടിന്റെ ഹൃദയത്തിലൂടെ മറുനാടുകളിലേക്കും അവരുടെ പാദങ്ങള്‍ സഞ്ചരിക്കും. പ്രാര്‍ഥനയില്‍ ഓര്‍ക്കണമേയെന്ന ഒരപേക്ഷ മാത്രം നിങ്ങള്‍ക്കു മുന്നില്‍ വയ്ക്കുന്നു. കര്‍ത്താവായ യേശുവിന്റെ കൃപ നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ. ആമേന്‍.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here