അരമനയ്ക്കകത്തും പുറത്തുമായി തിങ്ങിനിന്ന ജനസഞ്ചയത്തോട് ചരിത്രത്തെ രണ്ടായിപ്പിളര്‍ത്തിയ ചോദ്യമുയര്‍ന്നു: ''ഇവരില്‍ ആരെ വേണം ?''

ഏപ്രില്‍ മാസം വളരെ പ്രധാനപ്പെട്ട രണ്ട് വിശേഷ സംഭവങ്ങളില്‍കൂടിയാണ് കടന്ന് പോയത്. ഒന്ന് ഈസ്റ്ററും മറ്റൊന്ന് ഭാവി കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും. നമ്മുടെ ഈസ്റ്ററിന് തെരഞ്ഞെടുപ്പുമായി വളരെയധികം ബന്ധം ഉള്ളതായിഎനിക്ക് പലപ്പോഴും തോന്നി. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പിലാത്തോസിന്റെ അരമനമുറ്റത്ത് അരങ്ങേറിയതുപോലെ അനീതിയുടെതെരഞ്ഞെടുപ്പുകള്‍ക്ക് തന്നെയാണ് എന്നും മേല്‍ക്കൈ. മനുഷ്യത്വത്തെനിരന്തരം അപമാനിച്ച ലോക യുദ്ധങ്ങളുടെയും വിദ്വേഷത്തിന്റെ വിഷവാതമേറ്റ വംശഹത്യകളുടെയും കറുത്തിരുണ്ട നാളുകളിലൂടെചരിത്രത്തെ നടത്തിയവര്‍ ‘ബറാബാസി’ന്റെ വിമോചനപ്പോരാളികള്‍ തന്നെയായിരുന്നു. ‘ന്യായവിധികളുടെ കോടതിമുറിയാണ് ലോകചരിത്ര’മെന്ന് ഹേഗല്‍ വാദിക്കുമ്പോഴും, അത് മിക്കവാറും അന്യായവിധികളുടെ അകമ്പടിയാല്‍ അന്ധകാര ശൂന്യമായിരുന്നുവെന്നു തന്നെയാണ് ചരിത്രസാക്ഷ്യം.

റോമന്‍ പ്രത്തോറിയത്തിന്റെ പൂമുഖത്ത് ഗവര്‍ണര്‍ പന്തിയോസ്പീലാത്തോസിന്റെ ഇരുവശങ്ങളിലായി അവര്‍ നിന്നു; യേശുക്രിസ്തുവും ബറാബാസും. അരമനയ്ക്കകത്തും പുറത്തുമായി തിങ്ങിനിന്ന ജനസഞ്ചയത്തോട് ചരിത്രത്തെ രണ്ടായിപ്പിളര്‍ത്തിയ ചോദ്യമുയര്‍ന്നു, ”ഇവരില്‍ ആരെ വേണം ? ബറാബാസിനെയോ ? ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?”(മത്താ 27,17). മറുപടി ഒരു കൊലവിളിയായിരുന്നു; ക്രൂശിക്കപ്പെടാനായി ക്രിസ്തു അകത്തേക്കും വിമോചിതനായി ബറാബാസ് പുറത്തേക്കും !

ലോകചരിത്രത്തിന്റെ ഭാഗധേയങ്ങളുടെ അന്തിമ തീര്‍പ്പുകളില്‍ നിര്‍ണായകമായത് വിവിധ തെരഞ്ഞെടുപ്പുകളുടെ തലവിധി തന്നെയാണ്. ബൈബിളില്‍ ഉല്‍പത്തി പുസ്തകത്തിലെ പറുദീസനഷ്ടം മുതല്‍ വെളിപാട് പുസ്തകത്തിലെ അകത്തുനിന്നും തുറക്കുന്ന വാതില്‍മുദ്രവരെ അത് നീണ്ടുകിടക്കുന്നു (വെളി 3,20).ആത്യന്തികമായി അത് ജീവന്റെയും മരണത്തിന്റെയും തെരഞ്ഞെടുപ്പ് തന്നെയാണ് (ജെറ 21,8).

എപ്പോഴും തെരഞ്ഞെടുപ്പു മുനകളില്‍ മുറിഞ്ഞു തന്നെയായിരുന്നു ക്രിസ്തുവും. മരുഭൂമിയിലെ പരീക്ഷ യഥാര്‍ഥത്തില്‍ ഒരു തെരഞ്ഞെടുപ്പിന്റേതായിരുന്നു. അത്ഭുതങ്ങളുടെ എളുപ്പവഴിയോ, സഹനങ്ങളുടെ ദൗത്യവഴിയോ എന്ന സന്ദേഹത്തിരിവില്‍, പക്ഷേ,തീരുമാനം പിതാവിന്റെ ഹിതത്തിനൊപ്പം നില്‍ക്കാന്‍ തന്നെയായിരുന്നു. ജറുസലേമിലേക്കുള്ള അവിടത്തെ യാത്ര പലവുരു തടസ്സപ്പെടുത്തിയ ശിഷ്യ പ്രമുഖര്‍ തന്നെയാണ് മഹത്വത്തിന്റെ താബോറില്‍ തമ്പടിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതും. ദൈവരാജ്യത്തിന്റെ പരികല്‍പനകളില്‍പോലും ആധിപത്യത്തിന്റെ യജമാനഭാവത്തെ ആശ്ലേഷിച്ചവരുടെ ഇടയില്‍ കുതറി നില്‍ക്കാന്‍ അവിടന്ന് പാടുപെടുന്നിടത്തും ഒരു തെരഞ്ഞെടുപ്പിന്റെപൊള്ളലുണ്ട്. ഗത്‌സെമന്‍ തോട്ടത്തിലായിരുന്നു അതിന്റെ പാരമ്യം. കാസയുടെ കയ്പില്‍ മനംപുരട്ടവെ, ഒരു വേള മറ്റൊരു പോംവഴി അവിടന്ന് ആരാഞ്ഞുവല്ലോ.പക്ഷേ, ഒടുവില്‍ ആ തെരഞ്ഞെടുപ്പില്‍ അവിടന്ന് തന്നെ വിജയിച്ചു; കുരിശെടുത്ത് ദൗത്യം പൂര്‍ത്തീകരിച്ചു.

തെരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ അധികാരപ്പെടുത്തല്‍ പരമസ്രഷ്ടാവായ ദൈവത്തിന്റേതാണ് (ഉല്‍പ 1,8). നന്മ തിന്മകളുടെ അറിവിന്റെവൃക്ഷത്തണലില്‍ അവനെ കുടിയിരുത്തിയവനാണ്, അവിടന്ന്. അപരന്റെ സാന്നിധ്യംഎന്റെ സ്വാതന്ത്ര്യത്തെ അപഹരിക്കുന്നില്ലെന്ന തിരിച്ചറിവ് സമ്മാനിക്കുന്ന ‘ജീവന്റെവൃക്ഷത്തണലും അവന്റെ അവകാശംതന്നെയാണ്’ (ഉല്‍പ 1,9). നമ്മുടെ തെരഞ്ഞെടുപ്പുകളില്‍ വിവേക ചിന്തയിലൂടെ വെളിച്ചമുണ്ടാകട്ടെ. ജാതിമത ഭേദമെന്യേ സഹജീവികളുടെ സഹവാസത്തെ വിലമതിക്കുന്നതാകട്ടെ. സമന്വയത്തിന്റെ സത്യത്താല്‍ വിമോചിതമാകട്ടെ. കല്ലറ ഭേദിച്ചുയര്‍ത്തവന്റെ ചിരസാന്നിധ്യത്താല്‍ സന്തോഷഭരിതമാകട്ടെ.


Are you inspired by this article?

Subscribe : Print Edition | Apple Podcasts | Google podcast |  Anchor | Spotify | 

Donate Now : Click here

Send Feedback : Click here